Image

ഡോ. ആനി ജോര്‍ജും, സുജ തോമസും അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു

പോൾ ഡി പനക്കൽ Published on 11 July, 2026
ഡോ. ആനി ജോര്‍ജും, സുജ തോമസും അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു

നഴ്സിംഗ് രംഗത്ത് തിളങ്ങുന്ന ഡോ. ആനി ജോര്‍ജും  സുജ തോമസും അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ (എ എ എൻ) ഫെല്ലോ ആയി  തെരഞ്ഞെടുക്കപ്പെട്ടു.  നഴ്സിംഗ് പ്രൊഫെഷനിൽ അമേരിക്കയിലെ ഏറ്റവും ഉന്നത ബഹുമതികളിൽ ഒന്നാണ് അമേരിക്കൻ അക്കാദമിയിലെ ഫെല്ലോഷിപ്പ്.  ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് നഴ്സിംഗ് രംഗത്ത് നയരൂപീകരണത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഈ സംഘടനയിൽ ഫെല്ലോ ആയുള്ള തെരഞ്ഞെടുപ്പ് നഴ്സിംഗ് പാണ്ഡിത്യത്തിന്റെ കൊടുമുടിയായാണ് അറിയപ്പെടുന്നത്.  അമേരിക്കയിലെ മുപ്പത്തിയൊന്പത് സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിൽ നിന്നും മറ്റു പതിനേഴു രാജ്യങ്ങളിൽ നിന്നുമായി ആരോഗ്യരംഗത്ത് റിസേർച്, ക്ലിനിക്കൽ പ്രാക്ടീസ്, പോളിസി, എജുക്കേഷൻ എന്നീ ശാഖകളിലെ നേതൃത്വത്തിലൂടെ പുരോഗതിക്കായി നൂതനമായ മാറ്റങ്ങൾ വരുത്തിയ സമുന്നതരായ ഇരുന്നൂറ്റി എഴുപത്തിഅഞ്ചു പേരെയാണ് ഈ വര്ഷം അമേരിക്കൻ അക്കാദമി ഓഫ് നഴ്സിംഗ് ഫെല്ലോ ആയി അവരോധിക്കുന്നത്. 

ലോകത്തെ ഏറ്റവും വിദഗ്ദ്ധരായ നഴ്സുമാരെ തിരിച്ചറിഞ്ഞു അവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രാപ്തി എല്ലാവര്ക്കും ലഭ്യമാക്കുന്നതിനുമുള്ള നയവികസനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന എ എ എൻ ഒക്ടോബറിൽ വാഷിങ്ടൺ ഡി സിയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സുജയെയും ആനിയെയും എഫ് എ എ എൻ ക്രെഡൻഷ്യൽ നൽകി ആഗോള നഴ്സിങ്ങിലെ ഏറ്റവും വിശിഷ്ടരായ ചെറിയ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യും.    ക്ലിനിക്കൽ പ്രാക്ടിസിൽ  വരുത്തിയ തെളിവു സഹിതമുള്ള പരിണാമങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വം, സംസ്ഥാന-ദേശീയ നയങ്ങളിൽ വരുത്തിയ സ്വാധീനം, നഴ്സിങ്ങിന്റെ അറിവുമണ്ഡലത്തിൽ നേടിയ പുതുമ, കമ്മ്യൂണിറ്റി-സാമൂഹികാരോഗ്യത്തിൽ വരുത്തിയ പുരോഗമനം എന്നീ വിഷയങ്ങളിൽ തങ്ങൾ ചെയ്ത കാര്യങ്ങളെ വളരെ കര്ശനമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് അമേരിക്കൻ അക്കാദമി ഓഫ് നഴ്സിംഗ് അപേക്ഷകരെ ഫെല്ലോ അംഗങ്ങളായി   തെരഞ്ഞെടുത്തത്.  

അമേരിക്കൻ ആരോഗ്യരംഗത്തെ നയങ്ങളിൽ ആണ്  അമേരിക്കൻ അക്കാദമി ഓഫ് നഴ്സിംഗ് കേന്ദ്രീകരിക്കുന്നതെങ്കിലും അതിന്റെ അംഗങ്ങളായ ഫെല്ലോകൾ  വേൾഡ് ഹെൽത് ഓർഗനൈസഷൻ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ്, എന്നീ സ്ഥാപനങ്ങളുമായി പ്രവർത്തിച്ച് ഔദ്യോഗിക നയ പ്രഖ്യാപനങ്ങൾക്കും ആഗോളതലത്തിൽ ആരോഗ്യരംഗത്തെ ഭാവി നടപടികൾക്കുള്ള രൂപപ്പെടുത്തലിനും മാരകമായ പകർച്ചവ്യാധികൾക്കുള്ള പരിഹാരം കണ്ടെത്തുന്നതിനും സജീവമായി  ഉൾപ്പെടുന്നവരാണ്.  നേതൃത്വത്തിൽ പ്രവർത്തിച്ച് തങ്ങളുടെ ഔദ്യോഗിക ചട്ടക്കൂടിനു പുറത്തു വിശിഷ്ടവും അസാമാന്യവും നൂതനവും താൽക്കാലികതയ്ക്കതീതവുമായ ഫലങ്ങൾ സ്ഥാപിച്ച അപേക്ഷകരിൽ നിന്ന് വളരെ കര്ശനമായ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ഫെല്ലോയെ തെരഞ്ഞെടുക്കുക. നാല്പത്തഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി മൂവായിരത്തി അറുന്നൂറിലധികം നഴ്സിംഗ് നേതാക്കൾ അക്കാദമിയിലുണ്ട്. അമേരിക്കയിൽ 0.06 ശതമാനം നഴ്സുമാർക്കു മാത്രമേ (പതിനായിരത്തിൽ ആറു നഴ്സുമാർ) എഫ് എ എ എൻ ലഭിച്ചിട്ടുള്ളൂ.  നോർത്ത് വെൽ ഹെൽത്ത് സിസ്റ്റം മുൻ റിസർച്ച് ആൻഡ് എവിഡൻസ് പ്രാക്ടീസ് വൈസ് പ്രസിഡന്റ് ഡോ. ലില്ലി തോമസും ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷൻ ജെക്കോബി ആൻഡ് നോർത്ത് സെൻട്രൽ ബ്രോങ്ക്സ് ഒക്കുപ്പേഷണൽ ഹെൽത് അസ്സോസിയേറ്റ് ഡിറക്ടറും നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ മുൻ പ്രെസിഡന്റുമായ ഡോ. സോളിമോൾ കുരുവിള എന്നീ മലയാളികൾ  ഈ ബഹുമതിക്ക് മുൻപ് അർഹമായിട്ടുണ്ട്.
മാഗ്ലൂരിലെ ഫാ. മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്സിംഗ് ശിക്ഷണം നൽകി പുറത്തു വിട്ട നഴ്സുമാരാണ്, തെളിയിക്കപ്പെട്ട പ്രവർത്തനഫലങ്ങളിലൂടെ ഭാവിയിലേക്കുള്ള പ്രചോദനം നൽകുന്ന,  ദാര്ശനികതയും പാണ്ഡിത്യവും അർപ്പണവും തെളിയിച്ച സുജയും ആനിയും.  

ആഗോള തലത്തിൽ തന്നെ സവിശേഷമായ മികവു തെളിവു സഹിതം പ്രകടിപ്പിച്ച ചെറിയൊരു കൂട്ടം നഴ്സ് നേതാക്കന്മാരിൽ പെടുന്ന ഡോ. ആനി ജോർജിനെയും സുജ തോമസിനെയും പ്രത്യേകമായി തുടർന്നുള്ള ലിഖിതങ്ങളിലൂടെ പരിചയപ്പെടുത്താം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക