
പ്രയാഗ്‌രാജ് മഹാ കുംഭമേളയിലെ വൈറല്‍ താരം മോണാലിസയ്ക്ക് തിരിച്ചടി. കേരളത്തിലെ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതയായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. രണ്ട് പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുക കൂടി ചെയ്തതോടെയാണ് പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞു.
വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മധ്യപ്രദേശ് പോക്‌സോ കോടതി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലെ അജ്ഞാത കേന്ദ്രത്തില്‍ തുടരുന്ന ഫര്‍മാനും പെണ്‍കുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കൊല്ലം മാര്‍ച്ച് 11-ാം തീയതി കേരളത്തില്‍ വച്ച് കാമുകനെ വിവാഹം ചെയ്തതോടെയാണ് മോണാലിസയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്നത്. വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ കേസെടുക്കാന്‍ ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പ്രഥം ദുബൈയുടെ പരാതിയിലാണിത്. ദേശീയ പട്ടിക ജാതി കമ്മീഷന്‍ മധ്യ പ്രദേശ്, കേരള പോലീസ് മേധാവിമാരെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ച് വരുത്തിയിരുന്നു. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയതിന് പിന്നാലെ, രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും അറിയിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.
വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അവര്‍ ഹാജരാക്കിയത് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കുന്ന വ്യാജ രേഖകളാണെന്നും മോണാലിസയുടെ മാതാപിതാക്കളും പ്രഥം ദുബൈയും പറയുന്നു. അതേസമയം വിവാഹം നടന്ന സമയത്ത് മൊണാലിസക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്നും നടപടികളെല്ലാം പൂര്‍ണ്ണമായും നിയമപരമാണെന്നുമാണ് കേരള പൊലീസിന്റെ വാദം. പക്ഷേ, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ഇതിനായുള്ള ശ്രമം തുടരുകയാണെന്നും മധ്യപ്രദേശ് പൊലീസ് പട്ടിക വര്‍ഗ കമ്മീഷനെ അറിയിക്കും. രേഖകള്‍ സംഘടിപ്പിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്.
തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ക്ഷേത്രത്തില്‍ വച്ചാണ് മോണാലിസ ഭോസ്ലെയും കാമുകന്‍ മുഹമ്മദ് ഫര്‍മാനും വിവാഹിതരായത്. ഇതിന് മുമ്പ് വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയുണ്ടായി. പൂവാറില്‍ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് താരം പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് പോലീസ് മൊണാലിസയെ ഫര്‍മാനൊപ്പം അയയ്ക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും തമ്മില്‍ ആറുമാസമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇരുവരും രക്ഷപെട്ട് കേരളത്തിലെത്തിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളുടെ ബന്ധത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് ഇവര്‍ കേരളം തിരഞ്ഞെടുത്തത്. എന്നാല്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എ.എ റഹീം എം.പി ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്ത് നവദമ്പദികളെ ആശീര്‍വദക്കുകയും ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രായപൂര്‍ത്തി പ്രശ്നത്തില്‍പ്പെട്ട വൈറല്‍ താരവും ഭര്‍ത്താവും ഒളിവില്‍ പോയതോടെ ഇവരുടെ കല്യാണം നടത്തിക്കൊടുത്ത സി.പി.എം നേതാക്കളും വെട്ടിലായി. വിഷയത്തില്‍ പോക്സോ കേസെടുത്തതാണ് സി.പി.എം നേതാക്കള്‍ക്ക് വിനയായത്. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന ആരോപണം ഉയര്‍ന്നുവെങ്കിലും പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് അനുസരിച്ച് പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുകയായിരുന്നു.
നിലവില്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോാ നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന് പുറമേ ഇയാള്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തുമെന്ന് കാട്ടി എസ്.ടി കമ്മിഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉദയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രകാശിന്റെ വാദം. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സി.പി.എം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകുമെന്നും വിലയിരുത്തപ്പെടുന്നു.
മോണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍.സി.എസ്.ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി. കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ഹോസ്പിറ്റല്‍ റെക്കോര്‍ഡുകള്‍ പ്രകാരം 2009 ഡിസംബര്‍ 30-നാണ് ജനിച്ചതെന്നും കണ്ടെത്തി. 2026 മാര്‍ച്ച് 11-ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ മോണാലിസയ്ക്ക് 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കണ്ടെത്തലുണ്ട്. ഈ സംഭവത്തിന് പിന്നില്‍ ചില സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
മോണാലിസ ഇപ്പോള്‍ ഗര്‍ഭിണിയാണത്രേ. അവള്‍ ഗര്‍ഭിണിയാണെന്നും പോലീസിനു മുന്നില്‍ ഉടന്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാനാണ് വ്യക്തമാക്കിയത്. ഇരുവരുടെയും മൊഴിയെടുക്കാന്‍ മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയിരുന്നു. അത് അറസ്റ്റിലേയ്ക്കും കടക്കുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഫര്‍മാനെതിരെ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡി.എസ്.പിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഫര്‍മാന്‍ അറിയിച്ചത്. മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയിലെ പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.