
ചിക്കാഗോ: ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന് വര്‍ണാഭമായ തുടക്കം. ജൂലൈ 9 വൈകുന്നേരം കൺവൻഷൻ സെന്ററിൽ, രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് തുടക്കം കുറിച്ചത്.

ചിക്കാഗോ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ജൂബിലി കണ്‍വന്‍ഷന്‍ നടക്കുന്നത്. കൺവൻഷന്റെ ഓപ്പണിങ് സെറിമണിയിൽ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചിക്കാഗോ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പുഃനസുവിശേഷവല്ക്കരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനുള്ള അവസരമാണ് രജതജൂബിലിയെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. അമേരിക്കയിലെ ലത്തീന്‍ രൂപതകളുടെ സഹകരണത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കൊണ്ട് ദൈവമഹത്വത്തിനുവേണ്ടി ചെയ്ത വലിയ കാര്യങ്ങള്‍ക്ക് രൂപതയെ മാര്‍ തട്ടില്‍ അഭിനന്ദിച്ചു.

ചിക്കാഗോ ആർച്ച്ബിഷപ് കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച് മുഖ്യപ്രഭാഷണം നടത്തി. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആഘോ ഷിക്കുന്ന ജൂലൈ മാസത്തില്‍ തന്നെയാണ് ചിക്കാ ഗോ രൂപതയുടെ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതെന്നുള്ളത് പ്രസക്തമാണെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേർത്തു.

മതാന്തര സംവാദത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, കാനഡയിലെ മിസിസാഗ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്:
വിവിധ സാംസ്കാരിക പ്രോഗ്രാമുകളും ഓപ്പണിങ് സെറിമണിയോടനുബന്ധിച്ചു വേഡിറ്റിൽ നടന്നു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന യേശുവിന്റെ കാലത്തെ ജറുസലേമിനെ പുനഃരവതരിപ്പിച്ച ‘ജെറുസലേം കംസ് എലൈവ്’ പ്രോഗ്രാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ആളുകള്‍, സംസ്‌കാരം എന്നിവ തൊട്ടനുഭവിച്ച് സുവിശേഷത്തിന്റെ കാലത്തേക്കുള്ള ആ യാത്ര കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

വിശുദ്ധ തോമാശ്ലീഹായിലൂടെ പകരപ്പെട്ട വിശ്വാസവും ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുക എന്ന ക്രിസ്തു ഭരമേല്പ്പിച്ച ഉത്തരവാദിത്വവും വരുംതലമുറകളിലേക്ക് പകരണമെന്ന ആഹ്വാനം ചെയ്യുന്ന രംഗാവിഷ്‌കാരമായ ‘ഫ്രം ക്രോസ് ടു ദ നേഷന്‍സ്’ കാണികളെ ആകര്‍ഷിച്ചു.

മക്കോർമിക് പ്ലേസിനെ ഉത്സവപ്പറമ്പാക്കി 'താളവിസ്മയം':
മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ യുഎസ്എ സിൽവർ ജൂബിലി കൺവെൻഷന് ആവേശം പകർന്ന് സിനിമാ താരം ജയറാമും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ഒന്നിച്ചണിനിരന്ന 'താളവിസ്മയം' മെഗാ ഷോ. രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി മാറിയ ഈ സാംസ്കാരിക സന്ധ്യ അമേരിക്കൻ മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യ-ശ്രാവ്യ വിരുന്നായി.

പ്രശസ്ത പെർക്കഷനിസ്റ്റ് കൂടിയായ നടൻ ജയറാമിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വമ്പൻ ചെണ്ടമേളമാണ് കാണികളെ ആവേശത്തിലാഴ്ത്തിയത്. പരമ്പരാഗത ചെണ്ടമേളത്തിന്റെ തനത് താളത്തിനൊപ്പം സ്റ്റീഫൻ ദേവസിയുടെ വേഗതയേറിയ കീബോർഡ് സംഗീതം കൂടി ചേർന്നപ്പോൾ വെസ്റ്റേൺ-ഫ്യൂഷൻ സംഗീതത്തിന്റെ അപൂർവ്വ അനുഭവം വേദിയിൽ പിറന്നു.

അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറായിരത്തോളം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ ലൈവ് ആയി കാണാനുള്ള സംവിധാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ലിങ്ക് :
https://www.youtube.com/live/JZDlXb_U3s4?si=JbCpxJDTwVRSMene