
ഷിക്കാഗോ: രൂപതാ ജൂബിലി വർഷം കഴിഞ്ഞകാലത്തെ ദൈവാനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കാനും, വർത്തമാനകാലത്ത് ആത്മീയ നവീകരണം കൈവരിക്കാനും, ഭാവിയിലേക്കുള്ള സഭാദൗത്യം പുതുഉത്സാഹത്തോടെ ഏറ്റെടുക്കാനുമുള്ള വിശുദ്ധ അവസരമാണെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്. ഷിക്കാഗോയിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷനിൽ 'ദി സ്പിരിറ്റ് ആൻഡ് കീ പോയിന്റ്സ് ഓഫ് എ ഡയസെസൻ ജൂബിലി ഇയർ ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജൂബിലി വർഷത്തിന്റെ ആത്മാവ് ആറു പ്രധാന ഘടകങ്ങളിലൂടെയാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞകാലത്തോടുള്ള കൃതജ്ഞത, വർത്തമാനകാലത്തെ ആത്മീയ നവീകരണം, സുവിശേഷവത്കരണത്തിനുള്ള പുതുആഹ്വാനം, സഭൈക്യവും കൂട്ടായ്മയും, കരുണയുടെയും ജീവകാരുണ്യത്തിന്റെയും പ്രവർത്തനങ്ങൾ, ഭാവിയിലേക്കുള്ള പ്രത്യാശ എന്നിവയാണ് ജൂബിലി വർഷത്തിന്റെ അടിസ്ഥാന സവിശേഷതകളെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചയിൽ റോമൻ കത്തോലിക്കാ സഭ നൽകിയ പിന്തുണ പ്രത്യേകം അനുസ്മരിച്ച ബിഷപ്പ്, രൂപത സ്ഥാപിക്കുന്നതിന് മുമ്പ് വിശുദ്ധ കുർബാന അർപ്പിക്കാൻ നിരവധി ദേവാലയങ്ങൾ ലഭ്യമാക്കിയതും, പിന്നീട് രൂപത നിലവിൽ വന്നപ്പോൾ പല ബിഷപ്പുമാരും കുറഞ്ഞ ചെലവിൽ ദേവാലയങ്ങൾ കൈമാറിയതും നന്ദിയോടെ സ്മരിച്ചു.
2001 മാർച്ച് 13-ന് അമേരിക്കയിലെ സീറോ മലബാർ രൂപത പ്രഖ്യാപിച്ച വേളയിൽ അന്നത്തെ ഷിക്കാഗോ ആർച്ച് ബിഷപ്പായ കർദിനാൾ ഫ്രാൻസിസ് ജോർജ് പറഞ്ഞ "You have got what you needed to be yourselves"(നിങ്ങൾക്ക് നിങ്ങളായി നിലകൊള്ളാൻ ആവശ്യമായതൊക്കെയും ലഭിച്ചിട്ടുണ്ട്) എന്ന വാക്കുകൾ ഉദ്ധരിച്ച അദ്ദേഹം, ഇന്ന് അമേരിക്കയിലെ സീറോ മലബാർ സഭ സ്വന്തം കാലിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.
ജൂബിലി വർഷം വിശ്വാസികളെ പ്രാർത്ഥനയിലൂടെയും തീർഥാടനങ്ങളിലൂടെയും ധ്യാനങ്ങളിലൂടെയും കരുണയുടെ പ്രവൃത്തികളിലൂടെയും ദൈവത്തോടും സഹോദരങ്ങളോടും കൂടുതൽ അടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരികയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ സേവിക്കുകയും ചെയ്യുന്നത് സഭയുടെ പ്രധാന ദൗത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തരം കൺവൻഷനുകളും കൂട്ടായ്മകളും വിവിധ ഇടവകകളെയും ശുശ്രൂഷകളെയും ഒരുമിപ്പിച്ച് സഭൈക്യം ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബൈബിളിലെ ജൂബിലി പാരമ്പര്യം അനുസരിച്ച് നീതി, കാരുണ്യം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്ക് പുതുജീവൻ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രൂപത സ്ഥാപിതമായതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏകദേശം 40 ലക്ഷം ഡോളർ വിതരണം ചെയ്യാൻ കഴിഞ്ഞത് സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂബിലി വർഷം ഒരു യാത്രയുടെ സമാപനം മാത്രമല്ല, കൂടുതൽ വലിയ ദൗത്യയാത്രയുടെ തുടക്കമാണെന്ന് പറഞ്ഞ ബിഷപ്പ്, "ഇനിയും നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്" എന്നും വിശ്വാസികളെ ഓർമ്മിപ്പിച്ചു. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിച്ച അദ്ദേഹം, ഷിക്കാഗോ നഗരത്തിന്റെ ആതിഥ്യം ആസ്വദിച്ചുകൊണ്ട് ആത്മീയോത്സവത്തിൽ സജീവമായി പങ്കെടുക്കാൻ ആഹ്വാനം ചെയ്തു.