
ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ രജതജൂബിലി വിശ്വാസത്തിന്റെ വിജയഗാഥയാണെന്നും, സെന്റ് തോമസ് അപ്പസ്തലനിൽ നിന്ന് ലഭിച്ച അപ്പസ്തോലിക പാരമ്പര്യം വരുംതലമുറകളിലേക്ക് കൈമാറുക ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമാണെന്നും കർദിനാൾ മാർ ജോർജ് കൂവക്കാട്. ഷിക്കാഗോയിൽ നടന്ന സീറോ മലബാർ രജതജൂബിലി കൺവെൻഷനിൽ 'ഫെയ്ത്ത്, ട്രഡീഷൻ ആൻഡ് ദി ലെഗസി ഓഫ് സെന്റ് തോമസ്: എ 25 ഇയർ ജേർണി ഓഫ് എ വൈബ്രന്റ് കമ്മ്യൂണിറ്റി' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെത്തിയ ആദ്യകാല സീറോ മലബാർ കുടുംബങ്ങൾ കാഴ്ചയാലല്ല, വിശ്വാസത്താലാണ് മുന്നോട്ട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ആ വിശ്വാസം ദൃശ്യമായ യാഥാർഥ്യമായി മാറിയിരിക്കുന്നു എന്നും വിശുദ്ധ പിതാവിന്റെയും റോമൻ സഭയുടെയും പേരിൽ നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
25 വർഷം മുമ്പ് ഏതാനും വിശ്വാസികൾ മാതൃഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനപ്പുറം, സെന്റ് തോമസിൽ നിന്ന് ലഭിച്ച ജീവിക്കുന്ന വിശ്വാസപാരമ്പര്യം മക്കൾക്ക് കൈമാറണമെന്ന ആഗ്രഹത്തോടെയാണ് ഈ സമൂഹത്തിന് അടിത്തറ പാകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
രൂപതയുടെ വളർച്ചയിൽ ആദ്യ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെയും ഇപ്പോഴത്തെ ബിഷപ്പായ മാർ ജോയ് ആലപ്പാട്ടിന്റെയും സംഭാവനകൾ പ്രത്യേകം പ്രശംസിച്ച കർദിനാൾ, "ഈ രണ്ട് ആത്മീയ പിതാക്കന്മാരെ ബന്ധിപ്പിക്കുന്നത് ഈ വിശ്വാസസമൂഹത്തോടുള്ള അചഞ്ചലമായ സ്നേഹമാണ്," എന്ന് അഭിപ്രായപ്പെട്ടു.

സീറോ മലബാർ രൂപത സ്ഥാപിച്ചതിന്റെ ലക്ഷ്യം മലയാളഭാഷയിൽ ആരാധന നടത്തുക മാത്രമായിരുന്നില്ലെന്നും, സെന്റ് തോമസിന്റെ അപ്പസ്തോലിക പാരമ്പര്യം സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്നതായിരുന്നു സഭയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സെന്റ് പത്രോസിന്റെ പാരമ്പര്യം പോലെ തന്നെ സെന്റ് തോമസിന്റെ പാരമ്പര്യവും കത്തോലിക്കാ സഭയ്ക്ക് അമൂല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറഞ്ഞതുപോലെ, "കിഴക്കും പടിഞ്ഞാറും എന്ന രണ്ട് ശ്വാസകോശങ്ങളിലൂടെയാണ് സഭ ശ്വസിക്കുന്നത്" എന്ന് ഉദ്ധരിച്ച അദ്ദേഹം, സെന്റ് തോമസിന്റെയും സെന്റ് പത്രോസിന്റെയും പാരമ്പര്യങ്ങൾ പരസ്പരം മത്സരിക്കുന്നവയല്ല, മറിച്ച് ഒരേ വിശ്വാസത്തിന്റെ വ്യത്യസ്ത സൗന്ദര്യങ്ങളാണെന്ന് പറഞ്ഞു.
ഷിക്കാഗോ അതിരൂപതാധ്യക്ഷൻ കർദിനാൾ ബ്ലേസ് ക്യൂപ്പിച്ചിന്റെ സാഹോദര്യപരമായ സഹകരണത്തിനും ആതിഥ്യത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇന്നത്തെ ലോകത്ത് വിശ്വാസം തലമുറകളിലേക്ക് കൈമാറുന്നത് വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മക്കളെ പ്രാർഥിക്കാൻ പഠിപ്പിക്കുന്ന മാതാപിതാക്കളും, ശനിയാഴ്ചകൾ പോലും ത്യജിച്ച് മതബോധനം നടത്തുന്ന അധ്യാപകരും, ദൂരം താണ്ടി വിശുദ്ധ കുർബാനയ്ക്കെത്തുന്ന കുടുംബങ്ങളും, സമർപ്പിത ജീവിതം നയിക്കുന്ന സന്യാസിനികളും വിശ്വാസത്തിന്റെ ജ്വാല കാത്തുസൂക്ഷിക്കുന്നവരാണെന്ന് പറഞ്ഞു.
അമേരിക്കൻ മണ്ണിൽ സീറോ മലബാർ സഭയിൽ നിന്ന് ഉയർന്നുവരുന്ന വൈദിക-സന്യാസവിളികൾ ഈ വിശ്വാസത്തിന്റെ ജീവനുള്ള സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. "മരിച്ചുകൊണ്ടിരിക്കുന്ന ഒരു വൃക്ഷം പുതിയ കൊമ്പുകൾ പുറപ്പെടുവിക്കുകയില്ല. ഇവിടെ വളരുന്ന വൈദിക-സന്യാസവിളികൾ, നിങ്ങൾ സമുദ്രം കടന്ന് കൊണ്ടുവന്ന വിശ്വാസം ഈ മണ്ണിൽ ആഴത്തിൽ വേരൂന്നിയെന്നതിന്റെ തെളിവാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിശ്വാസപാരമ്പര്യം ഒരു തലമുറയിൽ അവസാനിപ്പിക്കാതെ സംരക്ഷിക്കാനും പ്രാർഥിക്കാനും അടുത്ത തലമുറയ്ക്ക് കൈമാറാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
സെന്റ് തോമസ് അപ്പസ്തോലന്റെ ധൈര്യമാണ് ഓരോ സീറോ മലബാർ വിശ്വാസിയുടെയും പാരമ്പര്യമെന്ന് ഓർമിപ്പിച്ച കർദിനാൾ, വിശ്വാസത്തിൽ സുഖം തേടുന്നവരാകാതെ, ആവശ്യമെങ്കിൽ അതിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു.
തുടർന്ന് അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത കർദിനാൾ മാർ ജോർജ് കൂവക്കാട്, "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന സെന്റ് തോമസിന്റെ വിശ്വാസപ്രഖ്യാപനം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഓരോ വിശ്വാസിയുടെയും ഹൃദയപ്രാർഥനയാകട്ടെയെന്ന് ആശംസിച്ച് സമാപിച്ചു.