Image

തെലുങ്കില്‍ റൊമാന്റിക് ചിത്രാവുമായി വീണ്ടും ദുല്‍ഖര്‍, 'ശ്രീ ശ്രീ' ഫസ്റ്റ്‌ലുക്ക് പുറത്ത്

Published on 10 July, 2026
 തെലുങ്കില്‍ റൊമാന്റിക് ചിത്രാവുമായി വീണ്ടും ദുല്‍ഖര്‍, 'ശ്രീ ശ്രീ' ഫസ്റ്റ്‌ലുക്ക് പുറത്ത്

 

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനംചെയ്ത് എസ്എല്‍വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 'ശ്രീ ശ്രീ'. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. 'ലവ് വില്‍ സ്പാര്‍ക് എഗെയ്ന്‍' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്എല്‍വി സിനിമാസ് നിര്‍മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ 41-ാം ചിത്രമായ 'ശ്രീ ശ്രീ' ഒരു ഫീല്‍ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാന്‍- പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌കൂള്‍ യൂണിഫോമില്‍ ഇരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഹെഗ്‌ഡെ എന്നിവരെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ രവി നെലകുടിറ്റി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വമ്പന്‍ ബജറ്റിലും കാന്‍വാസിലും, ഉയര്‍ന്ന സങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്. മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ വലിയ ഹിറ്റുകളുമായി തിളങ്ങി നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ഇത് കൂടാതെ, ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'ഐ ആം ഗെയിം', പവന്‍ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന വരാനിരിക്കുന്ന റിലീസുകള്‍.

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിര്‍മാതാവ്: സുധാകര്‍ ചെറുകുരി, ബാനര്‍: എസ്എല്‍വി സിനിമാസ്, സഹനിര്‍മാതാവ്: ഇഷാന്‍ സക്‌സേന, സി.ഇ.ഒ: വിജയ് കുമാര്‍ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിങ്: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്: ഫസ്റ്റ്ഷോ, പി.ആര്‍.ഒ: ശബരി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക