
വല്ലപ്പോഴും മാത്രമേ മുകൾ നിലയിലെ മുറിയിൽ പോകാറുള്ളൂ . ഒരുപാട് ഓർമ്മകളുള്ള മുറി. മൂത്ത മകൻ വിഷ്ണുവിന്റെ വിവാഹമായപ്പോൾ അദ്ദേഹം പഴയ വീടിന്റെ ഹാൾ വിശാലമാക്കി മുകളിലും താഴെയും രണ്ടു പുതിയ വലിയ മുറികൾ കൂട്ടിച്ചേർത്തു. എല്ലാം എന്തിനായിരുന്നു എന്ന് ചോദിച്ചാൽ എന്ത് പറയാനാണ്?
അന്നും ഇന്നും ഉത്തരമില്ല.അദ്ദേഹം ഒരിക്കൽ പോലും ഈ മുറിയിൽ കിടന്നിട്ടില്ല. ഇപ്പോൾ വല്ലപ്പോഴുമൊരിക്കൽ രാത്രി ആ AC പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി മാത്രം ഞാൻ പടികൾ കയറി അവിടെത്തും. പത്തു മിനിറ്റ് AC ഓൺ ചെയ്തു നോക്കും. പിന്നെ നിർത്തി ഫാനിട്ടു കിടന്നുറങ്ങും. വാതിൽ തുറന്നിട്ടാൽ കാണുന്ന ആ പച്ചമരങ്ങൾക്കുമപ്പുറം മൂവാറ്റുപുഴയാർ ഒഴുകുന്നുണ്ട്. അതിനു മീതെ കാണുന്നത് പുലരിയിലെ ആകാശം. നേരം പുലരുമ്പോൾ തന്നെ ഞാൻ താഴെക്കിറങ്ങും.
എന്നും ഭൂമിയുടെ ഗന്ധമാണിഷ്ടം. കാറ്റിന്റെയും മഴയുടെയും തണുപ്പാണിഷ്ടം. എന്നോ ജീവിച്ച ജീവിതം പോലെ ഒരു മറയാൽ മൂടിയ ആ മരങ്ങൾക്കപ്പുറം കാണാൻ പറ്റാത്ത കാഴ്ചയായി ആഴങ്ങളിൽ ആരും കാണാത്ത ചുഴികൾ ഒളിപ്പിച്ച ഒരു പുഴ മനോഹരമായി ഒഴുകുന്നുണ്ടെന്നുണ്ടെന്ന് ആശ്വസിക്കാനാണിഷ്ടം.
ചിലപ്പോൾ ജീവിതം അങ്ങനെയാണ്. എന്നോ അതി മനോഹരമായിരുന്നതെല്ലാം ഒരു മറയ്ക്കുള്ളിൽ അകപ്പെട്ട് ഒരു സ്വപ്നം പോലെ മാഞ്ഞു പോയെന്നു വരാം...അതിവിശാലമായ ഒരു ആകാശത്തിന് കീഴിൽ ഈ പ്രപഞ്ചത്തിൽ ഒരു ജീവകണം മാത്രമായി തനിച്ചാക്കപ്പെടാം.
അപ്പോൾ അരികിൽ ഇല്ലെങ്കിലും ഏറ്റവും പ്രിയപ്പെട്ട ഒരാളെ സ്വപ്നം കാണുക. ഒരു പക്ഷിയെപ്പോലെ സ്വപ്നങ്ങളിൽ ചിറക് വീശി പറക്കുക... കാണാത്ത ആകാശങ്ങളെ കിനാവിൽ കീഴടക്കുക. കേൾക്കാത്ത ശബ്ദത്തെ മനസ്സിലെ മൗനസംഗീതമാക്കുക. കൈക്കുമ്പിളിൽ അലച്ചാർക്കുന്ന ഒരു കടലിനെ ഒതുക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഭേദം അവശേഷിക്കുന്ന ഒരിറ്റു ദാഹജലമെങ്കിലും വാർന്നു പോകാതെ സൂക്ഷിക്കുന്നതല്ലേ?