Image

ആര്‍.കെ. ശേഖര്‍ - നിഴലായ് സംഗീതമായ് (എന്‍റെ സംഗീത വഴികള്‍-10: എസ് രാജേന്ദ്ര ബാബു)

Published on 10 July, 2026
ആര്‍.കെ. ശേഖര്‍ - നിഴലായ് സംഗീതമായ് (എന്‍റെ സംഗീത വഴികള്‍-10: എസ് രാജേന്ദ്ര ബാബു)

നാല്‍പത്തിമൂന്ന് വര്‍ഷത്തെ ദൈര്‍ഘ്യമേ ആര്‍കെ ശേഖറിന്‍റെ ജീവിതവൃത്തത്തിനുണ്ടായിരുന്നുള്ളു (1933-1976). ചെയ്തു തീര്‍ത്തവയിലധികവും മലയാള ചിത്രങ്ങളായിരുന്നു. ചൊട്ട മുതല്‍ ചുടല വരെ, (പഴശ്ശിരാജ 1964) എന്ന ആദ്യഗാനം മുതല്‍ മനസ്സു മനസ്സിന്‍റെ കാതില്‍- (ചോറ്റാനിക്കര അമ്മ 1976) എന്ന അവസാന ഗാനം വരെ നൂറ്റിമുപ്പതോളം ഗാനങ്ങള്‍.

കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുമ്പോഴും നമ്മുടെ ചലച്ചിത്ര സംഗീതരംഗം സജീവമാണ്. എങ്കിലും അറുപതുകളുടെ മധ്യം മുതല്‍ രണ്ടായിരം മധ്യം വരെയുള്ള കാലഘട്ടം ചലച്ചിത്ര സംഗീതത്തിന്‍റെ വസന്തകാലമായാണ് കണക്കാക്കപ്പെടുന്നത്. ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരുമെല്ലാം സമുന്നത നിലവാരത്തോടെ സമ്മേളിച്ചിരുന്നതിനൊപ്പം ജീവിതഗന്ധികളായ ചിത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഒത്തു ചേര്‍ന്നപ്പോഴാണ് അങ്ങനെ സംഭവിച്ചത്. പി ഭാസ്കരന്‍, വയലാര്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ കാവ്യപ്രതിഭകള്‍ ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ രാഘവന്‍ ജി ദേവരാജന്‍, എംകെ അര്‍ജുനന്‍ തുടങ്ങിയ സംഗീതപ്രതിഭകളുമായി സംവദിച്ചതോടെ ചലച്ചിത്ര സംഗീതത്തിന്‍റെ വസന്തകാലം പൂത്തുലയുകയായി. ഇവര്‍ക്കൊപ്പം നിഴല്‍പോലെ സഞ്ചരിച്ചും അവരുടെ സൃഷ്ടികള്‍ക്ക് ആകര്‍ഷകമായ പശ്ചാത്തല സംഗീതമൊരുക്കിയും ആസ്വാദക ഹൃദയങ്ങളില്‍ ചിരകാലപ്രതിഷ്ഠ നേടിയ ഒരു കലാകാരനുണ്ട്, രാജഗോപാല കുലശേഖരന്‍ എന്ന ആര്‍കെ ശേഖര്‍.

ആര്‍ കെ ശേഖര്‍ 

നാല്‍പത്തിമൂന്ന് വര്‍ഷത്തെ ദൈര്‍ഘ്യമേ ആര്‍കെ ശേഖറിന്‍റെ ജീവിതവൃത്തത്തിനുണ്ടായിരുന്നുള്ളു (1933-1976). ചെയ്തു തീര്‍ത്തവയിലധികവും മലയാള ചിത്രങ്ങളായിരുന്നു. ചൊട്ട മുതല്‍ ചുടല വരെ, (പഴശ്ശിരാജ 1964) എന്ന ആദ്യഗാനം മുതല്‍ മനസ്സു മനസ്സിന്‍റെ കാതില്‍- (ചോറ്റാനിക്കര അമ്മ 1976) എന്ന അവസാന ഗാനം വരെ നൂറ്റിമുപ്പതോളം ഗാനങ്ങള്‍. ചിത്രങ്ങള്‍ മിക്കതും ബോക്സ് ഓഫീസ് പരാജയങ്ങളായതിനാല്‍ തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കാതെപോയി. പക്ഷെ തനിക്ക് അനായാസം വഴങ്ങുന്ന പശ്ചാത്തല സംഗീത സംവിധാനം ആര്‍കെ ശേഖറെ മലയാളത്തിലെ തിരക്കുള്ള മ്യൂസിക് അസിസ്റ്റന്‍റ് ആക്കി. പിന്നീട് അന്ത്യം വരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

തമിഴ്നാട്ടിലെ വെല്ലൂര്‍ ആണ് ആര്‍.കെ. ശേഖറിന്‍റെ ജന്മസ്ഥലം. കുട്ടിക്കാലം മുതല്‍ ഹാര്‍മോണിയത്തില്‍ പ്രകടിപ്പിച്ചിരുന്ന അസാമാന്യ പാടവം തമിഴ് നാടക രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായകമായി. പാശ്ചാത്യ സംഗീതമുള്‍പ്പെടെയുള്ള സംഗീതത്തിന്‍റെ ഇതര മേഖലകള്‍ സ്വായത്തമാക്കാന്‍ ഈ കാലഘട്ടം അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. എം ബി ശ്രീനിവാസന്‍റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശം. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും അവഗാഹമുണ്ടായിരുന്ന എംബിഎസുമായുള്ള സഹകരണം തനിക്കു വളര്‍ന്നു വികസിക്കാനുള്ള തട്ടകമായതോടെ ചലച്ചിത്ര സംഗീത രംഗം അനായാസമായി കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ശേഖര്‍ സ്വായത്തമാക്കി.

ആര്‍ കെ ശേഖര്‍ ,ദേവരാജന്‍ ,മാധുരി 

ജന്മം കൊണ്ട് തമിഴനാണെങ്കിലും മലയാള ചിത്രങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ സംഗീത സപര്യ. മലയാള സംഗീതത്തിന്‍റെ സുവര്‍ണഘട്ടത്തില്‍ പ്രമുഖരായ സംഗീത സംവിധായകര്‍ക്കെല്ലാം ആര്‍കെ ശേഖറായിരുന്നു സഹായി. ദേവരാജന്‍ മാസ്റ്റര്‍ തന്‍റെ റെക്കോഡിംഗിന് മ്യൂസിക് കണ്ടക്ടറായാണ് ശേഖറിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്. മാസ്റ്റര്‍ ചിട്ടപ്പെടുത്തുന്ന ഗാനത്തിന്‍റെയും പശ്ചാത്തല സംഗീതത്തിന്‍റെയും നൊട്ടേഷന്‍ എടുത്ത് വാദ്യകലാകാരന്മാരെ പരിശീലിപ്പിച്ച് റെക്കോഡിംഗ് കണ്ടക്ട് ചെയ്യുക മാത്രമായിരുന്നു ശേഖറിന്‍റെ ചുമതല. മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സംഗീതത്തിന് ഒരിക്കല്‍ ശേഖര്‍ അനുവാദമില്ലാതെ ചില വ്യതിയാനങ്ങള്‍ വരുത്തി. റിഹേഴ്സല്‍ സമയത്ത് ആ മാറ്റം ശ്രദ്ധയില്‍ പെട്ട മാസ്റ്റര്‍ കോപാകുലനായി ടീമില്‍ നിന്ന് ശേഖറെ എന്നെന്നേക്കുമായി ഒഴിവാക്കുകയായിരുന്നു. ഞാന്‍ ചിട്ടപ്പെടുത്തുന്ന സംഗീതം മികച്ചതാണെങ്കിലും അല്ലെങ്കിലും അതിന്‍റെ ഉത്തരവാദിത്തം എന്നില്‍ തന്നെ ഇരിക്കട്ടെ. മറ്റൊരാള്‍ അതു പങ്കിടുന്നത് എനിക്കിഷ്ടമല്ല, അതായിരുന്നു മാസ്റ്ററുടെ നിലപാട്. പിന്നീട് ജോണ്‍സണ്‍ ദേവരാജന്‍ മാസ്റ്ററുടെ സഹായിയായി. എന്നാല്‍ ദക്ഷിണാ മൂര്‍ത്തി, കെ രാഘവന്‍, ബാബുരാജ്, എംകെ അര്‍ജുനന്‍, എടി ഉമ്മര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കുന്ന ചുമതല ശേഖര്‍ തുടര്‍ന്നു. വ്യത്യസ്തവും വിഭിന്നങ്ങളുമായിരുന്നു ഈ സംഗീതസംവിധായകരുടെ ശൈലി. കര്‍ണാടക സംഗീതത്തിന്‍റെ രാഗഭാവങ്ങള്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഗാനങ്ങളെ തഴുകുമ്പോള്‍ ശുദ്ധമായ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ അകമ്പടിയാകും ബാബുരാജിന്‍റെ ഗാനങ്ങളുടെ പ്രത്യേകത. നാടന്‍പാട്ടുകളുടെ ലാളനമേറ്റവയാണ് കെ രാഘവന്‍റെ ഗാനങ്ങളെങ്കില്‍ ശാസ്ത്രീയ സംഗീതത്തിന്‍റെയും ലളിത സംഗീതത്തിന്‍റെയും ആനുപാതിക മിശ്രണത്തിലാകും എംകെ അര്‍ജുനന്‍റെ ഗാനങ്ങള്‍ പിറക്കുക. ഈ വിഭിന്ന രുചികള്‍ ശ്രോതാവിന് വ്യത്യസ്തമായി ആസ്വദിക്കാന്‍ പര്യാപ്തമായ വിധത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിയ ശേഖറിന്‍റെ വൈദഗ്ധ്യം സംഗീത പ്രവര്‍ത്തകര്‍ക്ക് എക്കാലത്തെയും വിസ്മയമായിരുന്നു.

അര്‍ജുനന്‍ ,ആര്‍ കെ ശേഖര്‍ ,സംവിധായകന്‍ വേണു,പി ജയചന്ദ്രന്‍ 

പലരുടെയും അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിക്കുമ്പോഴും സ്വതന്ത്രമായി പശ്ചാത്തല സംഗീത സംവിധാനം ഏറ്റെടുത്ത് നിര്‍വഹിക്കാനും തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ തിരക്ക് വര്‍ദ്ധിച്ചു. പറഞ്ഞുറപ്പിക്കുന്ന തുകയില്‍ ജോലി തീര്‍ക്കും. ചെലവു കഴിച്ചുള്ള സംഖ്യയാവും അദ്ദേഹത്തിന്‍റെ പ്രതിഫലം. ഒരേസമയം വിവിധ ചിത്രങ്ങള്‍ക്ക് മൂന്നു സ്റ്റുഡിയോകളില്‍ വരെ അദ്ദേഹത്തിന്‍റെ റെക്കോഡിംഗ് നടന്നിട്ടുണ്ട്. തന്‍റെ മോറീസ് മൈനര്‍ കാറില്‍ സ്റ്റുഡിയോകള്‍ തോറും പാഞ്ഞുനടന്ന് അദ്ധ്വാനിക്കുമ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ അദ്ദേഹം സമയം കണ്ടെത്തിയില്ല. സമ്പാദിച്ച പണമെല്ലാം കോടമ്പാക്കത്തും പരിസരത്തും ഭൂമി വാങ്ങാനാണ് അദ്ദേഹം വിനിയോഗിച്ചത്. ഇന്ന് അദ്ദേഹത്തിന്‍റെ നാലു മക്കളും അച്ഛന്‍ വാങ്ങിയിട്ട ഭൂമിയിലാണ് വീട് വച്ച് താമസിക്കുന്നത്. സ്വയം ഇല്ലാതായിക്കൊണ്ട് അമിതാദ്ധ്വാനം ചെയ്യുന്നത് സുഹൃത്തുക്കള്‍ പലവിധത്തില്‍ വിലക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആമാശയത്തില്‍ അര്‍ബുദം ബാധിച്ചതറിയാതെ കൂടെക്കൂടെ ഉണ്ടാകുന്ന കലശലായ വേദന കടിച്ചമര്‍ത്തി അദ്ദേഹം കര്‍ത്തവ്യനിരതനായി. പണത്തോടുള്ള അമിതമായ ആഗ്രഹമാണ് ഇതിനു കാരണമെന്ന് വ്യാഖ്യാനിച്ചവരും ഇല്ലാതില്ല. തൊഴില്‍ ഇല്ലാതെ വിഷമിച്ചിരുന്ന വാദ്യകലാകാരന്മാരെ പകുതി വേതനത്തിന് സഹകരിപ്പിച്ചിരുന്നത് ഈ ധനമോഹത്തിന്‍റെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഐവി ശശിയുടെ ആദ്യചിത്രമായ ഉത്സവത്തിന്‍റെ (1975) പശ്ചാത്തല സംഗീതം കോണ്‍ട്രാക്ടില്‍ ചെയ്തതാണ്. റെക്കോഡിംഗ് വേളയില്‍ ആര്‍കെ ശേഖര്‍ വേദന സഹിക്കാനാവാതെ തലയിണ വയറ്റില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. ചികിത്സ തേടാന്‍ അദ്ദേഹം തയാറായിരുന്നില്ല. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വളരെ വൈകിയിരുന്നു. 1976 സെപ്തംബര്‍ 30-ന് അദ്ദേഹം നമ്മോട് വിടപറഞ്ഞു.

എം കെ അര്‍ജുനന്‍ ,എ ആര്‍ റഹ്മാന്‍ 

നാടകരംഗത്ത് വര്‍ഷങ്ങളോളം ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി പ്രവര്‍ത്തിച്ചിരുന്ന എംകെ അര്‍ജുനന്‍ തന്‍റെ ആദ്യത്തെ സിനിമയ്ക്കായി മദിരാശിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ സഹായിയായി ദേവരാജന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചത് ആര്‍കെ ശേഖറെ ആയിരുന്നു. കറുത്ത പൗര്‍ണമിയില്‍ (1968) ആരംഭിച്ച കൂട്ടുകെട്ട് ഉറച്ച സൗഹൃദമായി നാമ്പിട്ട് സഹോദരതുല്യമായ ബന്ധമായി വളര്‍ന്നത് അവരുടെ ഹൃദയൈക്യത്തിന്‍റെ ഒളിമങ്ങാത്ത അനുഭവങ്ങളാണ്. സ്വതന്ത്ര സംഗീത സംവിധാനത്തിനായി അക്കാലത്ത് ശേഖറെ സമീപിച്ച നിര്‍മ്മാതാക്കളോട് ചിത്രം അര്‍ജുനന്‍ ചെയ്യട്ടെ, ഞാന്‍ ഒപ്പമുണ്ടാകുڈമെന്നു പറഞ്ഞ് അവരെ സമ്മതിപ്പിച്ചത് ആ ഹൃദയബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.

ശേഖറിന്‍റെ നിര്യാണത്തിനു ശേഷം അനാഥമായ കുടുംബത്തെ അര്‍ജുനന്‍ മാസ്റ്റര്‍ അങ്ങേയറ്റം സഹായിച്ചു. ജോണ്‍സണ്‍ ആയിരുന്നു പിന്നീട് മാസ്റ്ററുടെ അസിസ്റ്റന്‍റ്. ഓരോ റെക്കോഡിംഗ് കഴിയുമ്പോഴും ശേഖറിനു നല്‍കിവന്നിരുന്ന വേതനം അദ്ദേഹത്തിന്‍റെ അഭാവത്തിലും  കൃത്യമായി മാസ്റ്റര്‍ വീട്ടിലെത്തിച്ചു. തമിഴ് ഗാനമേള സംഘങ്ങള്‍  ശേഖറിന്‍റെ വീട്ടിലെത്തി കീ ബോര്‍ഡ് വാടകയ്ക്ക് എടുക്കുന്നതില്‍ നിന്നും തുഛമായ വരുമാനം ആ കുടുംബത്തിനു ലഭിച്ചിരുന്നു. എന്‍റെ സഹോദരി ലതിക തമിഴ് ഗാനവേദികളില്‍ തിരക്കിലായിരുന്ന കാലത്ത് ശേഖറിന്‍റെ വീട്ടില്‍ നിന്ന് കീ ബോര്‍ഡ് എടുക്കാന്‍ സംഘത്തോടൊപ്പം എനിക്കും പോകേണ്ടി വന്നിട്ടുണ്ട്. പുതിയ വരുമാന മാര്‍ഗം കണ്ടെത്താന്‍ മാസ്റ്ററിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ശേഖറിന്‍റെ മകന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാനമേള സംഘത്തിലെ ഗായികയും ലതികയായിരുന്നു. കീ ബോര്‍ഡില്‍ പ്രാവീണ്യം നേടാനുള്ള എല്ലാ പ്രോത്സാഹനവും അര്‍ജുനന്‍ മാസ്റ്റര്‍ ദിലീപിന് ഒരുക്കിക്കൊടുത്തു. മാസ്റ്റര്‍ സംഗീതം നല്‍കിയ ജംബുലിംഗം (1982) എന്ന ചിത്രത്തില്‍ ലതികയും സംഘവും പാടിയ മുല്ലപ്പൂ കൊണ്ടുവായോ എന്ന ഗാനത്തിനു കീ ബോര്‍ഡ് വായിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് വാദ്യകലാകാരനായി ദിലീപ് രംഗപ്രവേശം ചെയ്തു. എല്ലാവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു കീ ബോര്‍ഡില്‍ അസാമാന്യ വൈദഗ്ധ്യം കാട്ടിയ ദിലീപിന്‍റെ വളര്‍ച്ച. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള പ്രമുഖരായ സംഗീത സംവിധായകര്‍ക്ക് ദിലീപ് അവിഭാജ്യ ഘടകമായി മാറി. പില്‍ക്കാലത്ത് ദിലീപ് എആര്‍ റഹ്മാനായതും സംഗീതലോകം പിടിച്ചടക്കിയതും ഇന്ത്യന്‍ സംഗീത ചരിത്രത്തിന്‍റെ സുവര്‍ണ അദ്ധ്യായം.

എം ബി ശ്രീനിവാസന്‍ 

ആര്‍.കെ. ശേഖറിന്‍റെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്‍റെ കുടുംബം ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ സാഹചര്യം കോടമ്പാക്കത്തെ സംഗീത കലാകാരന്മാര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. നിരാലംബമായ കുടുംബത്തിന്‍റെ ആത്മീയ യാത്രയില്‍ പല മതവിശ്വാസങ്ങളിലൂടെയും സഞ്ചരിച്ച് ഒടുവില്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് കുടുംബവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഉല്‍ക്കടമായ മതവിശ്വാസത്തിന് വിധേയയായിക്കഴിഞ്ഞ ശേഖറിന്‍റെ ഭാര്യ കസ്തൂരി പിന്നീട് കരീമാ ബീഗം എന്ന പേര് സ്വീകരിച്ച് മക്കളോടൊപ്പം ഇസ്ലാം മതത്തില്‍ ചേര്‍ന്നപ്പോള്‍ വിവാഹിതയായിരുന്ന മൂത്ത മകള്‍ കാഞ്ചന ആശയക്കുഴപ്പത്തിലായി. വര്‍ഷങ്ങള്‍ നീണ്ട ചാഞ്ചല്യത്തിനൊടുവില്‍ ഭര്‍ത്താവ് ജി വെങ്കടേഷ്, മക്കള്‍ പ്രകാശ് കുമാര്‍, ഭവാനി എന്നിവരെ ഉപേക്ഷിച്ച് കാഞ്ചന ഇസ്ലാം മതവിശ്വാസിയായി അമ്മയോടൊപ്പം താമസമായി. മകന്‍ ജിവി പ്രകാശ് ഇന്ന് ദേശീയ പുരസ്കാര ജേതാവായ സംഗീത സംവിധായകനും ഗായകനും നടനുമാണ്.

കുടുംബത്തിന് താങ്ങും തണലുമായി നിന്ന അര്‍ജുനന്‍ മാസ്റ്ററോട് ഇസ്ലാം മതവിശ്വാസം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി കരീമാ ബീഗത്തിന് നന്ദികേട് കാട്ടേണ്ടി വന്നു. അന്യമതസ്ഥനായ വ്യക്തി കുടുംബത്തിലുള്ളത് ഐശ്വര്യവും ദൈവാനുഗ്രഹവും നിലനില്‍ക്കാന്‍ തടസ്സമാണെന്നും ഒന്നുകില്‍ അയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയോ അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് പുറത്തുപോവുകയോ മാത്രമാണ് പരിഹാരമെന്നും മതപുരോഹിതന്‍ കരീമാ ബീഗത്തെ ഉപദേശിച്ചു. എംകെ അര്‍ജുനന്‍ എന്ന പേര് ഈ വൈകിയവേളയില്‍ ഉപേക്ഷിക്കാന്‍ വിഷമമാണെന്നും താന്‍ പുറത്തു പോകാമെന്നും അറിയിച്ച് അര്‍ജുനന്‍ മാസ്റ്റര്‍ ശേഖര്‍ കുടുംബത്തില്‍ നിന്ന് വേദനയോടെ പടിയിറങ്ങി.

കോടമ്പാക്കത്തെ സുബ്ബരായ നഗറില്‍ എആര്‍ റഹ്മാന്‍റെ കുടുംബവും സഹോദരങ്ങളും താമസിക്കുന്ന കെട്ടിടങ്ങളുടെയും സ്റ്റുഡിയോ കോംപ്ലക്സിന്‍റെയും ഓരോ കല്ലിലും അര്‍ജുനന്‍ മാസ്റ്ററുടെ വിരല്‍പ്പാടുകളുണ്ടാകും. മാസ്റ്റര്‍ ഒരു മികച്ച കെട്ടിടനിര്‍മ്മാണ വിദഗ്ധനായിരുന്നുവെന്നത് അധികമാരും അറിയാത്ത യാഥാര്‍ത്ഥ്യമാണ്. അദ്ദേഹത്തിന്‍റെ പൂര്‍ണമായ മേല്‍നോട്ടത്തിലാണ് അവയെല്ലാം ഉയര്‍ന്നുപൊങ്ങിയത്. എല്ലാം തന്‍റെ ആത്മമിത്രത്തിന്‍റെ കുടുംബത്തിനു വേണ്ടി മാത്രം. കൂടെ പിറക്കാതെപോയ സഹോദരനാണ് എംകെ അര്‍ജുനന്‍ എന്ന് ആര്‍കെ ശേഖര്‍ പറയാറുണ്ടായിരുന്നു. ഏതായാലും മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ കൂടെപ്പിറപ്പ് ആയിരുന്ന രാജഗോപാല കുലശേഖരന്‍ എന്ന ആര്‍കെ ശേഖറെ മലയാളിക്ക് നന്ദിപൂര്‍വമല്ലാതെ സ്മരിക്കാനാവില്ലല്ലോ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക