Image

ചരടാട്ടപ്പാവ ( കവിത : ലീലാമ്മ തോമസ് ബോട്സ്വാന )

Published on 10 July, 2026
ചരടാട്ടപ്പാവ ( കവിത : ലീലാമ്മ തോമസ് ബോട്സ്വാന )

 

ചരടുകൾ
കണ്ണിൽ പതിയുന്നില്ല.

എന്നാൽ,
ഓരോ ചലനത്തിന്റെയും പിന്നിൽ
ഒരു അദൃശ്യ ഇച്ഛയുടെ
നിശ്ശബ്ദ വിരലുകൾ
അനങ്ങിക്കൊണ്ടിരിക്കുന്നു.

ചുണ്ടുകൾ ചലിക്കുന്നു;
പക്ഷേ വാക്കുകൾ
മുളയ്ക്കുന്നത്
മറ്റൊരാളുടെ മനസ്സിൽ
വിതച്ച വിത്തുകളിൽ നിന്നാണ്.

കാലുകൾ മുന്നോട്ട് നീങ്ങുന്നു,
പാതയറിയുന്നത്
അവനല്ല.

മുഖത്ത് വിരിയുന്ന പുഞ്ചിരി
ഹൃദയത്തിന്റേതല്ല;
അത്
മുഖംമൂടികളുടെ
നീണ്ട പരിശീലനമാണ്.

ഹൃദയം മാത്രം
നിശ്ശബ്ദതയുടെ ഇരുണ്ട അറയിൽ
സ്വന്തം ശബ്ദം നഷ്ടപ്പെട്ട്
തേങ്ങിക്കിടക്കുന്നു.

സ്വപ്നങ്ങൾക്കുപോലും
അനുമതി ചോദിക്കേണ്ടി വരുന്ന
പരതന്ത്ര ജീവിതം.

ചിന്തകൾക്ക്
ചിറകു മുളയ്ക്കും മുമ്പേ
ചരടുകൾ കെട്ടിയിടപ്പെടുന്നു.

ഇച്ഛകൾക്ക്
ജന്മം കിട്ടും മുമ്പേ
അവയുടെ അവസാനം നടക്കുന്നു.

അങ്ങനെ,
ചരടാട്ടപ്പാവയായി
സ്വന്തം ആത്മാവിന്റെ
മുഖംപോലും മറന്നൊരു സ്ത്രീ,

ജീവിതത്തെ
ജീവിക്കുകയല്ല

മറ്റൊരാളുടെ ഇംഗിതങ്ങൾക്ക്
വേദിയൊരുക്കി
അഭിനയിച്ചുതീർക്കുകയാണ്.

പിന്നെ

ഒരു ദിവസം,

കാലത്തിന്റെ വിരലുകൾ
അദൃശ്യ ചരടുകളെ
നിശ്ശബ്ദമായി മുറിച്ചെറിയുമ്പോൾ,

ആദ്യമായി
അവൻ തിരിച്ചറിയും,

സ്വാതന്ത്ര്യം
ആരും ദാനം ചെയ്യുന്ന
കരുണയല്ല;

സ്വന്തം മനസ്സാക്ഷിയുടെ
വിളി കേട്ട്
ഒരു ചുവടെങ്കിലും
സ്വയം വെയ്ക്കാനുള്ള
ധൈര്യമാണ്.

വീഴേണ്ടിവന്നാലും
സ്വന്തം തീരുമാനത്തിന്റെ
മണ്ണിലേക്കാകട്ടെ ആ വീഴ്ച.

കാരണം,

ചരടുകളില്ലാതെ വീഴുന്ന
ഒരു മനുഷ്യൻ,

ചരടുകളിൽ തൂങ്ങി ജീവിക്കുന്ന
ആയിരം ജീവിതങ്ങളെക്കാൾ
സ്വതന്ത്രനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക