
ഒടുവിൽ
അവരെല്ലാം
ആ പകലിന്റെ
ക്ഷീണമൊട്ടാകെ
ചൂടു കട്ടൻകാപ്പിയിൽ
ഊതിയാറ്റിക്കൊണ്ടിരിക്കുമ്പോഴാണ്
നീ കേറിച്ചെല്ലുക ,
ആർക്കും നിന്നെയറിയില്ല.
പക്ഷേ
അറിയുമായിരുന്ന ആൾ
ബാക്കി വെച്ച ചിലതൊക്കെ
അവിടെയുണ്ട്.
ചുവപ്പുകസേരകൾക്കിടയിൽ
ചുവരോട് ചേർന്ന്
ഒരു കുറ്റിച്ചൂല്,
നീല പുതച്ച
മേൽക്കൂരയ്ക്കു
താഴെ അവിടമിപ്പോൾ
മുറ്റം പോലെ തോന്നില്ല.
പക്ഷേ ഇന്നലെ
വൈകുന്നേരം ആ ചൂല്
ഇതിലൂടെ ഓടി നടന്നിരുന്നു.
ചൂലു പിടിച്ച കൈയ്യിൽ
ചോപ്പുകുപ്പിവളകൾ
കലമ്പുമെന്നായിരിക്കും
നിന്നോടു പറഞ്ഞിരിക്കുക.
ശരിക്കുമത് ചളുങ്ങി നേർത്ത
രണ്ടു സ്വർണവളകളായിരുന്നു.
നീയിനിയതു
ഒരിക്കലുമറിയില്ല.
ചവിട്ടുപടികൾക്കടുത്ത്
ചിതറിക്കിടക്കുന്ന
ചെരിപ്പുകളിലൊരു ജോഡി ,
ഏതോ രാജകുമാരിയുടെ
കണ്ണാടിച്ചെരുപ്പുകളെന്നൊക്കെ
നീ എത്രയോവട്ടം
സങ്കല്പിച്ചിരിക്കും.
നിന്നെക്കണ്ട്
മേൽത്തൊലിയിളകിയ അവ
നാണിച്ചു ചൂളിക്കിടക്കും,
ഉടമസ്ഥയില്ലാതായിട്ടും .
ഉൾമുറികളിലെമ്പാടും
പുക പുറത്തു പോകാത്ത
അടുക്കളയ്ക്കുള്ളിലെന്നോണം
വിങ്ങിക്കെട്ടി
കണ്ണു നീറ്റുന്ന
ഒരുപാട് ശേഷിപ്പുകളുണ്ട്.
ഭാഗ്യവശാൽ
ഒരപരിചിതനെ ആരും
അകത്തേക്കു ക്ഷണിക്കുകയില്ല.
അതു കൊണ്ടു തന്നെ
നിന്റെയെത്രെയോ
സുന്ദരസങ്കല്പങ്ങൾ
തകരാതെയുമിരിക്കും.
ആരെന്നോ എവിടുന്നെന്നോ
ചോദ്യങ്ങളില്ലാതെ
നിനക്കൊരു കസേര കിട്ടും.
ചിലപ്പോൾ
ഒരു ഗ്ലാസ് കട്ടൻകാപ്പിയും.
ആ ദിവസത്തിന്റെ
അലട്ടലുകളെക്കുറിച്ച്
പിന്നെയും പിന്നെയും
ലഹരിയോടെയുരുവിടുന്ന
ചെറുപ്പക്കാരിലൊരാൾ
അയാളെ എങ്ങുനിന്നോ
വിളിച്ചു കൊണ്ടുവരും.
നിന്റെ ആശ്വാസവാക്കുകൾ
കേൾക്കാൻ വേണ്ടി
ഏറ്റവും ദുഃഖഭരിതമായ
ഭാവത്തോടെ
അയാളടുത്തിരിക്കും.
നീയൊന്നും പറയാതാവുമ്പോൾ
അയാൾ തന്നെ
പറഞ്ഞുതുടങ്ങും.
ഇത്രയൊക്കെയേയുള്ളൂ
മനുഷ്യന്റെ കാര്യം,
ഇന്നലെവരെ
ഒരു കുഴപ്പോമില്ലാതെ....
ഒരാവശ്യവുമില്ലാതെ
നീ ആശ്വസിക്കപ്പെടും.
മറ്റേതോ ദുഖാന്വേഷി
വരുമ്പോൾ
നിന്റെ കൈയ്യിലൊന്നമർത്തി
അയാളെഴുന്നേറ്റു പോവും.
വയലുകൾക്കിടയിലൂടെ
ആ വീട്ടിലേക്കുള്ള
പച്ചവഴി
അവളെത്ര തവണ
വാക്കുകൾ കൊണ്ടു
വരച്ചുകാട്ടിയിരുന്നു.
ഒരടഞ്ഞ കർക്കിടകത്തിൽ
ദൂരെ നിന്നാർത്തലച്ചു വരുന്ന
പെരുമഴയ്ക്കൊപ്പമായിരിക്കണം
അവൾ മാത്രമുള്ള ആ
വീട്ടിലേക്കോടിക്കയറേണ്ടതെന്ന്
എത്ര തവണ
കൊതിപ്പിച്ചിരുന്നു.
നിറയെ തൂണുകളുള്ള
വരാന്തയിലിരുന്ന്
അവളപ്പോൾ നിനക്ക്
തല തുവർത്തിത്തരും.
പച്ചവഴിയോ , വയലുകളോ
തൂണുകളുള്ള പൂമുഖമോ
കാണാതെ
അവളുടെ വീടിതു തന്നെയോ
എന്ന് പലതവണ
ശങ്കിച്ചിട്ടാണ് നീ
പടി കടന്നു വന്നത്.
കാപ്പി തീരുന്നതുവരെ
നിനക്കവിടെയിരിക്കാം.
ഗ്ലാസ് നിലത്തുവെച്ച്
ആരോടെന്നില്ലാതെ
തല കുലുക്കി
നീയിറങ്ങുന്നു .
ആരും ശ്രദ്ധിക്കുന്നില്ല.
വേറൊരിക്കലായിരുന്നെങ്കിൽ
ഈ വരവിൽ
നീ പ്രണയത്തിന്റെ
രാജകുമാരനായേനെയെന്ന്
വെറുതെയോർക്കുന്നു.
എങ്ങനെയായിരുന്നു
എപ്പോഴായിരുന്നു
ഒന്നും നീ ചോദിച്ചില്ല ,
ഒന്നും അറിഞ്ഞതുമില്ല.
അവൾ പറഞ്ഞ നുണകളുടെ
സ്ഥടികച്ചീളുകൾ നിന്നെ
മുറിപ്പെടുത്തും.
വരേണ്ടിയിരുന്നില്ല ,
അവൾ മരിച്ചതായി
അറിയേണ്ടിയിരുന്നുമില്ല.