
ഷിക്കാഗോ: ചെറിയ തുടക്കത്തിൽ നിന്ന് വളർച്ചയുടെ പടവുകൾ കയറി കാൽ നൂറ്റാണ്ട് പിന്നിടുന്ന ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷം വിശ്വാസികളുടെ വലിയ പ്രാതിനിധ്യം കൊണ്ടും സഭാപിതാക്കന്മാരുടെ മഹനീയ സാന്നിധ്യം കൊണ്ടും വർണാഭവും അനുഗൃഹീതവുമായി.
മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ കൊച്ചുകേരളം സൃഷ്ടിച്ചു ഒത്തു കൂടിയ വിശ്വസി സമൂഹം രൂപതയുടെ ഈ വളർച്ചക്ക് പിന്നിലെ പ്രേരക ശക്തിയായി പ്രവർത്തിച്ച ബിഷപ്പ് എമെറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും സാഹ്‌ളാദം കൊണ്ടാടി.

ഒരു വർഷം നീണ്ടു നിന്ന രജത ജൂബിലിയുടെ സമാപനം കുറിക്കുന്ന നാല് ദിവസത്തെ കൺവെൻഷൻ രൂപതയ്ക്ക് ഊടും പാവും നൽകി മുന്നോട്ടു നയിച്ച മാർ അങ്ങാടിയത്തിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു.
തുടർന്ന് ഇന്ത്യയുടെ അപ്പസ്തോലനായ വി. തോമ്മാ ശ്ലീഹായെ അധികരിച്ചുള്ള 'ദിദിമോസ്' എന്ന നാടകശില്പം ഹൃദയഹാരിയായി. ഇവിടെ ഇത്തരമായൊരു കലാസൃഷ്ടി അവതരിപ്പിച്ചത് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിന്നീട് എടുത്തു പറയുകയും ചെയ്തു. അമേരിക്കൻ കലാകാരന്മാരും ഇതിൽ പങ്കെടുത്തു.

ആധ്യാത്മിക പുനരുദ്ധാരണത്തിനും സാംസ്‌കാരിക ആഘോഷത്തിനും സാമൂഹ്യ നിർമാണത്തിനും അവസരം ഒരുക്കുന്ന കൺവെൻഷന്റെ ഉദ്‌ഘാടന ചടങ്ങിൽ ഷിക്കാഗോ ആർച്ച് ബിഷപ്പ് കാർഡിനൽ ബ്ലേയ്‌സ് ജെ. കുപ്പിച് പ്രാരംഭ പ്രഭാഷണം നടത്തി. സീറോ മലബാർ രൂപതയ്ക്ക് ആരംഭം മുതൽ നൽകിയ പിന്തുണയും സഹായങ്ങളും അദ്ദേഹം അനുസ്മരിച്ചു. തന്റെ മുൻഗാമി കാർഡിനൽ ഫ്രാൻസിസ് ജോർജ് ആണ് ബെൽവുഡ് പള്ളിയും മറ്റും നൽകിയത്. അന്നത്തെ ആ സാഹചര്യത്തിൽ നിന്ന് സീറോ മലബാർ സഭ കൈവരിച്ച നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. അതിന്റെ മുഖ്യ ശില്പി മാർ അങ്ങാടിയത്താണ്. ബിഷപ് മാർ ജോയി ആലപ്പാട്ടും ആ പാത പിന്തുടരുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യക്ഷത വഹിച്ച രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പറഞ്ഞു: നമ്മൾ 25 വർഷത്തെ അനുഗ്രഹങ്ങൾ ആഘോഷിക്കുമ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കൃതജ്ഞതയും മുന്നോട്ടു നോക്കുമ്പോൾ ഏറെ പ്രത്യാശയുമുണ്ട്.

ഈ ജൂബിലി കഴിഞ്ഞ കാലത്തിന്റെ അനുഗ്രഹങ്ങൾ ഓർമ്മിക്കാൻ മാത്രമുള്ളതല്ല. യുഎസിലെ സിറോ മലബാർ ദൗത്യത്തിനുള്ള സമർപ്പണം പുതുക്കാനുള്ള അവസരം കൂടിയാണ്.
കുടുംബങ്ങൾ, യുവജനങ്ങൾ, പുരോഹിതന്മാർ, സുഹൃത്തുക്കൾ -- എല്ലാവരെയും ഈ അനുഗൃഹീത കൂട്ടായ്മയിലേക്ക് ഊഷ്മളമായി ക്ഷണിക്കുന്നു. ഈ അവസരം സമൂഹത്തിന്റെ ആഹ്ളാദത്തിനും ആധ്യാത്മിക വളർച്ചയ്ക്കും സാംസ്‌കാരിക അഭിമാനത്തിനും അവസരമാവട്ടെ-അദ്ദേഹം പറഞ്ഞു.
മുഖ്യ പ്രസംഗം നടത്തിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അമേരിക്കയിൽ റീ-ഇവാഞ്ചലൈസേഷനും സമയമായെന്ന് ചൂണ്ടിക്കാട്ടി. നമ്മുടെ ഇവിടെയുള്ള കുട്ടികൾ വൈദികരാകുന്നത് അഭിമാനകരമാണ്. ലത്തീൻ സഭ നമ്മെ സഹായിച്ചത് പോലെ അവരെയും സഹായിക്കാൻ ഇതുവഴി നമുക്കാകും.

മാർ ജേക്കബ് അങ്ങാടിയത്തിന്റെ സൗമ്യതയും വിശ്വസദാർഢ്യവും രൂപതയുടെ വളർച്ചക്ക് പിന്നിൽ മുഖ്യഘടകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനം ഉദ്ഘാടനം ചെയ്ത കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, വിശുദ്ധ പത്രോസിന്റെ പാരമ്പര്യത്തെ പോലെ തന്നെ പ്രധാനമാണ് വി. തോമ്മാശ്ലീഹായുടെ പാരമ്പര്യവുമെന്നു ചൂണ്ടിക്കാട്ടി. അതിൽ നാം അഭിമാനം കൊള്ളുകയും ആ പാരമ്പര്യം പിന്തുടരുകയും വേണം.
മെത്രാൻ സമിതി പ്രസിഡന്റ്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്‌റൂസ് താഴത്ത് ബൈബിൾ പ്രകാരം ജൂബിലി 50 വര്ഷത്തിലാണെന്നു ചൂണ്ടിക്കാട്ടി. ഇവിടെ 25 വർഷമാണ് ആഘോഷിച്ചത്. ആഘോഷിക്കുവാനുള്ള നേട്ടങ്ങൾ കൈവരിച്ച രൂപതയാണിതെന്ന് അദ്ദേഹം അഭിനന്ദിച്ചു.

ഷിക്കാഗോ രൂപതയും മാർ അങ്ങാടിയതും രണ്ട് അത്ഭുതങ്ങളാണെന്നാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വിശേഷിപ്പിച്ചത്. അമേരിക്കയിലെ സഭയുടെ വളർച്ച അത്ഭുതാവഹമായിരുന്നു. അതിനു നേതൃത്വം കൊടുത്ത അങ്ങാടിയത്ത് പിതാവാകട്ടെ പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ക്ഷമയുടെയും വ്യക്തിയാണ്
കാനഡയിൽ മിസ്സിസാഗാ ബിഷപ്പ് മാർ ജോസ് കല്ലുവേലി കാനഡയിൽ രൂപതയ്ക്ക് സാധ്യത ഉണ്ടാക്കിയ അപ്പസ്‌തോലിക്ക് വിസിറ്റേറ്റർ ആയിരുന്ന മാർ അങ്ങാടിയത്തിനോട് നന്ദി പറഞ്ഞു.
സീറോ അഥവാ സുറിയാനി പാരമ്പര്യം സീറോ മലബാർ സഭയെയും സീറോ മലങ്കര സഭയെയും ഒന്നിപ്പിക്കുന്നതായി ഫിലിപ്പോസ് മാർ സ്തെപ്പാനോസ് ചൂണ്ടിക്കാട്ടി.

മറുപടി പ്രസംഗത്തിൽ മാർ അങ്ങാടിയത്ത് തനിക്കു തുണയായി നിന്ന എല്ലാവര്ക്കും പേരെടുത്തു നന്ദി പറഞ്ഞു.
ന്യു യോർക്ക് റോക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ പ്രസംഗിക്കുകയും ബിഷപ്പുമാർക്ക് ബഹുമതി പത്രം സമർപ്പിക്കുകയും ചെയ്തു.
ഫാ. ജോൺ മേലേപ്പുറം സ്വാഗതം ആശംസിച്ചു.
ബീന വള്ളിക്കളം ആയിരുന്നു എം.സി.
ജിബി പാറക്കൽ (പി.എസ.ജി ഗ്രൂപ്പ്) ആണ് സമ്മേളനത്തിന്റെ മുഖ്യ സ്പൊൺസർ.

രാത്രി നടന്ന താളലയം പരിപാടി അത്യന്തം ഹൃദ്യമായി. നൂറിൽപരം കാലാകാരന്മാർ ചെണ്ടയും കൊമ്പും കുഴലുമായി ഉയർത്തിയ നാദവിസ്മയത്തിനു നടൻ ജയറാം, സ്റ്റീഫൻ ൻ ദേവസി എന്നിവർ നേതൃത്വം നൽകി. അനുഗൃഹീതമായ ഈ സദസിൽ വരാൻ കഴിഞ്ഞത് തന്റെ ഗുരുജനങ്ങളുടെ അനുഗ്രഹം കൊണ്ടാണെന്ന് ജയറാം പറഞ്ഞു. തന്റെ എല്ലാ നേട്ടങ്ങളുടെ പിന്നിലും അത് തന്നെ ആയിരുന്നു. പ്രിയപ്പെട്ട ഗുരു ആബേൽ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു താൻ-അദ്ദേഹം പറഞ്ഞു.
വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന കൺവെൻഷനിൽ ചർച്ചകളും വർക്ഷോപ്പുകളും ഉണ്ടാവും. വിശ്വാസം, സംസ്കാരം, കൂട്ടായ്മ എന്നിവയിലാണ് ഊന്നൽ.
details to follow