
റൈനുവിന് ഒട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല.
ജനാല തുറന്നിട്ടിരിക്കുകയാണ്. പുറത്ത് നിലാവിൻ്റെ മങ്ങിയ വെളുപ്പ്. വെളുപ്പിലനങ്ങുന്ന കറുത്ത നിഴലുകളിലേക്ക് നോക്കി നിൽക്കുമ്പോൾ റൈനുവിന് കവികളെ ഓർമ്മവന്നു. ഈ കാഴ്ച്ച ഏതൊരാളേയും എഴുതാൻ പ്രേരിപ്പിക്കും.
ലാൽ ഗാഢമായ ഉറക്കത്തിലാണ്. ഏറെ നാൾക്കുശേഷം വിഷമിറക്കിയതിൻ്റെ ആലസ്യത്തിലാണയാൾ. വിഷമിറക്കുക എന്നത് അയാളുടെ മാത്രം പ്രയോഗമാണ്. അയാളുടെ ചിന്തയിൽ പുരുഷകേസരികൾക്ക് ഈയൊരു ഊർജ്ജോൽപാദനത്തിന് ഒട്ടും പരിശ്രമം ആവശ്യമില്ലെങ്കിലും ആവശ്യത്തിലധികം സ്‌റ്റോർ ചെയ്ത് കഴിഞ്ഞാൽ പിന്നെയതൊരു വലിയ ഭാരവും ബാധ്യതയുമാണ്. കൃത്യസമയത്ത് ഉപയോഗിച്ച് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് വിഷസമാനമായ സ്വഭാവമുണ്ടാവാൻ സാധ്യതയുണ്ട്.
"നിങ്ങൾ സ്ത്രീജനങ്ങൾക്ക് ഞങ്ങളുടെ ഈയവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല. ഭൂരിഭാഗം പീഢനങ്ങളും ഇത്തരം വിഷസമാനമയ അവസ്ഥയിൽ സ്വയമറിയാതെ ചെയ്തുപോകുന്നതാണ്. ഈ വിഷബോംബ് നിർവീര്യമാക്കാൻ നിങ്ങളെപ്പോലുള്ളവർ കനിയേണ്ടതുണ്ട്. നട്ടെല്ലില്ലാത്തവൻ എന്ന് പരിഹസിക്കുന്നവരുണ്ടോ ഇത് മനസ്സിലാക്കുന്നു. പാവം അവൻ! ഈ വിഷമിറക്കലിന് വേണ്ടിയാണ് നട്ടെല്ല് എളുപ്പം വളയാനും കുനിയാനും പാകത്തിൽ മൃദുവാക്കി വയ്ക്കുന്നത്."
വിഷമിറക്കിവെയ്ക്കേണ്ടതിലേക്കായി റൈനുവിൻ്റെ അപ്പോയ്ൻ്റ്മെൻ്റിനപേക്ഷിക്കുന്ന സമയത്തൊക്കെ ബാബുലാൽ ഈ ഡയലോഗ് ആവർത്തിക്കാറുണ്ട്. ഈയൊരു കാര്യത്തിൽ സ്ത്രീ ശരീരത്തേയും കൂട്ടത്തിൽ അവളുടെ മാനസികാവസ്ഥയേയും ഒരുപോലെ പരിഗണിക്കുന്ന ഒരാളാണ് ബാബുലാൽ എന്നതിനാൽ ജൈവികമായ ഉത്തേജനങ്ങൾ ഉണ്ടോകുന്ന സമയത്ത് തൻ്റേയും കൂടി ആവശ്യമെന്ന നിലയ്ക്ക് റൈനു അയാളുടെ ആവശ്യം അംഗീകരിക്കാറുണ്ട്.
ഇന്നും അയാൾ നിരാശപ്പെടുത്തിയില്ല. കൊടുമുടികൾ കയറിയിറങ്ങി തളർന്ന് കിടക്കുമ്പോൾ അയാളിലെ അച്ഛനിൽ നിന്നുയർന്ന ആത്മഗതവും നെടുവീർപ്പുമാണ് ഹൃദയത്തിലെവിടേയോ തട്ടി പ്രതിഫലിച്ച് നിലാവിലെ നിഴലുകൾ പോലെ കെട്ടുപിണയുന്ന ചിന്തകളിലഭിരമിച്ച് ഉറക്കമില്ലാതിരിക്കാൻ റൈനുവിനെ പ്രേരിപ്പിച്ചത്.
ആദി അബ്രോഡിലേക്ക് പോയിട്ടിപ്പോൾ വർഷം പത്തായിരിക്കുന്നു. റൈനുവിൻ്റെ പ്രേരണയുള്ളതിനാലാണ് ആദിയതിന് മുതിർന്നത് എന്ന കുറ്റപ്പെടുത്തൽ ലാൽ ഇപ്പോഴും നിർത്തിയിട്ടില്ല. ആദിയുടെ കാര്യത്തിൽ ലാൽ പ്രകടിപ്പിക്കുന്ന പിന്തിരിപ്പൻ ചിന്താഗതിയും ആ ചിന്താഗതിയെ ന്യായീകരിച്ചു കൊണ്ടുള്ള കുറ്റപ്പെടുത്തലുമാണ് റൈനുവിനെ അയാളിൽ നിന്നകറ്റി.
എത്ര പുരോഗമനം പറഞ്ഞാലും സ്വന്തം കാര്യമെത്തുമ്പോൾ ഓരോ പുരുഷനും പഴഞ്ചൻമാരാകുന്നത് എന്തുകൊണ്ടായിരിക്കും! ആദിയുടെ അവസ്ഥ എന്താണയാൾ മനസ്സിലാക്കാത്തത്? എത്രയധികം ശ്രമിച്ചു അയാളെ അതൊന്ന് ബോധ്യപ്പെടുത്താൻ .
" നിൻ്റെ സ്വന്തം മോളായിരുന്നെങ്കി നീയിത് പറയുമായിരുന്നോ....?.”
ആ ചോദ്യം അയാൾക്കെങ്ങനെ ചോദിക്കാൻ തോന്നി എന്നത്ഭുതപ്പെട്ടു. പിന്നെ അയാളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ ശ്രമിച്ചു. എങ്കിലും യാഥാർത്ഥ്യം അതെപ്പോഴാണെങ്കിലും ഉൾക്കൊണ്ടല്ലേ പറ്റൂ. ആദിയെ സൈക്യാട്രിസ്‌റ്റിനെ കാണിക്കാൻ കൊണ്ടുപോയത് റൈനുവിൻ്റെ അറിവോടെയായിരുന്നില്ല. അച്ഛൻ്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ആ കുഞ്ഞ് അച്ഛനോടൊപ്പം പോയി. ഇത് പരിഹരിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥയാണെങ്കിൽ പരിഹരിക്കപ്പെടട്ടെയെന്ന് ആദിയും വിചാരിച്ച് കാണണം.
വർഷങ്ങൾക്ക് മുൻപ് ലാലിൻ്റെ ജീവിതത്തിലേക്ക് കയറാനാഗ്രഹിച്ചത് പോലും ആദിയോടുള്ള സ്‌നേഹം കൊണ്ടായിരുന്നു. ഡേ കെയറിൽ അവളോളം ശാന്തശീലയായ മറ്റൊരു കുട്ടിയുണ്ടായിരുന്നില്ല. കൊച്ചിനെ കൊണ്ടാക്കാനും കൊണ്ടുപോകാനുമായി തത്രപ്പെട്ടോടി വരുന്ന ലാലിനോടുള്ള സഹതാപവും കൂടിയായപ്പോൾ ആഗ്രഹം തീരുമാനമായി. റൈനുവിൻ്റെ അപ്പന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. " ഒരു കൊച്ചുള്ള ഒരാളോ!" എന്ന് ഒച്ചയെടുത്തെങ്കിലും പെട്ടെന്ന് തന്നെ നിശബ്‌ദനായി. ഉള്ളിൽ സൂക്ഷിക്കുന്ന ഒരു കുറ്റബോധം അതിപ്പോഴും പൂർണമായും ഇല്ലാതായിട്ടില്ല. അതായിരിക്കും കാരണം.
ആദി സാധാരണ കുട്ടികളെപ്പോലെ പൊട്ടുകുത്താനും കണ്ണെഴുതാനും താൽപര്യം കാണിച്ചില്ല. കൊലുസോ മാലയോ ആവശ്യപ്പെട്ടില്ല. ആഡംഭരമുള്ള ഒരു വസ്ത്രവും ഇഷ്‌ടപ്പെട്ടില്ല. മിതമായ ഈ ജീവിതരീതിയെ പ്രോൽസാഹിപ്പിച്ചു അഭിനന്ദിച്ചു. ലാൽ അതിലഹങ്കരിക്കുക പോലും ചെയ്തു.
"കണ്ടോ ? ഇതുപോലൊരു കൊച്ചിനെ എവിടെ കാണാൻ കിട്ടും. " ആദിയെ മടിയിലിരുത്തി കൊഞ്ചിച്ചുകൊണ്ടയാൾ പറയും.
പക്ഷേ അവളിലെ ചില മാറ്റങ്ങൾ സംശയത്തോടെയാണ് റൈനു നോക്കിക്കണ്ടിരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അരമറഞ്ഞ് കിടന്നിരുന്ന മുടി ക്യാൻസർ രോഗികൾക്കെന്ന് പറഞ്ഞ് മുറിച്ച് ചെറുതാക്കിയത്. മുടിയോട് അവൾക്കെന്നും അലർജിയായിരുന്നു. ഇടയ്ക്കൊക്കെ ലാലിൻ്റെ ഷർട്ടെടുത്തിടുക, മുണ്ടെടുത്തുടുക്കുക മീശ വരച്ച് കളിക്കുക എന്നിങ്ങനെയുള്ള വിക്രിയകളും.
പ്രായം ചെല്ലുംതോറും മാറ്റങ്ങൾ പ്രകടമായി വന്നു. മൃദുവായി മാറേണ്ട കൈകാലുകൾ ദൃഢമായതും കൂടി കണ്ടപ്പോൾ സംശയം കൂടി. ലാലിനോടെങ്ങനെ പറയും എന്നായിരുന്നു അപ്പോഴൊക്കെ. ആദിയോട് നേരിട്ട് സംസാരിച്ചു. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവൾ റൈനുവിനോടാണ് കാണിച്ചിരുന്നത്.
"അമ്മാ…. എനിക്ക് മുടിവെട്ടണം. "
"അമ്മാ… എനിക്കീ ചുരിദാറും ഉടുപ്പുമൊന്നും ഇടാനിഷ്ടല്ല …. "
"എനിക്കറിയില്ല. എനിക്ക് പെൺകുട്ടികളോടാണ് താൽപര്യം തോന്നുന്നത്. ഈ വീഡിയോസിലൊക്കെ കാണണപോലെ ഞാനൊരു ട്രാൻസാണോ അമ്മാ…..”
ആദി സ്വയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾക്ക് ബുദ്ധിയുണ്ട് . പക്വതയും. അച്ഛൻ്റെ സങ്കടം കണ്ട് വളർന്നവളാണ്. അമ്മയെ കാണണം എന്ന് അവളിതേവരെ ആവശ്യപ്പെട്ടിട്ടില്ല. മകളെ കാണാൻ അനുവാദം ചോദിച്ച അമ്മയെ "എൻ്റെ അച്ഛനും അമ്മയും എനിക്കൊപ്പമുണ്ട്. നിങ്ങളാരാ … ? എന്ന് ആട്ടിപ്പായിച്ചവളാണ്.
സാധാരണക്കാരനായ ഒരച്ഛനെപ്പോലെ മകളുടെ പഠനവും വിവാഹവുമായിരുന്നു ബാബുലാലിൻ്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നത്. അയാൾക്ക് ഒന്നും ഉൾകൊള്ളാനായില്ല മുടി മുറിക്കാൻ അനുവദിച്ചില്ല. പെൺവസ്ത്രങ്ങൾ ധരിക്കണമെന്ന് വാശിപിടിച്ചു. എല്ലാം ആധിയുടെ കുറുമ്പായി വ്യാഖ്യാനിച്ചു. നീയങ്ങനെ നടന്നാൽ താനും പുരുഷവേഷം ഉപേക്ഷിച്ച് സാരിയുടുത്ത് നടക്കുമെന്ന് പ്രഖ്യാപിച്ചു. നിനക്ക് അങ്ങനെയൊരു സ്വാതന്ത്ര്യമുണ്ടെങ്കിൽ തനിക്കുമതുണ്ടെന്ന് വാദിച്ചു.
ലാൽ ഒരു ഡിപ്രഷൻ മൂഡിലേക്ക് പോകുന്നത് കണ്ട് ആദി നിശബ്ദയായി. അച്ഛനോടൊപ്പം അങ്ങനെയാണ് ആദി ഒരു മാനസികാരോഗ്യവിദഗ്ദനെ കാണാൻ പോകുന്നത്. പക്ഷേ സ്വന്തം സ്വത്വം ആദിയുടെ ഉള്ളിലിരുന്ന് വീർപ്പുമുട്ടി. ആയിടെയാണ് അവളുടെ മുറിയിൽനിന്ന് കവിതാരൂപത്തിലുള്ള ഒരു കത്ത് കണ്ടെടുക്കുന്നത്. കത്തെന്ന് പറയാൻ പറ്റില്ല. ഇരുന്നൂറ് പേജുള്ള ക്ലാസിക്ക് നോട്ട് ബുക്കിലേ എല്ലാ പേജിലും ആവർത്തിച്ചെഴുതിയ ഒരൊറ്റ കവിത.
അപകടമൊളിഞ്ഞിരിക്കുന്ന വരികൾ. റൈനുവിൻ്റെ മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ആ വഴിയിലൂടെയാണ് ആദി ഒരു സ്‌റ്റഡിവിസയിൽ അബ്രോഡിലേക്ക് പറന്നത്.
"ഹായ്…. " വാട്സപ്പിൽ മെസ്സേജ് . ഈ നേരത്ത് മെസേജിടാൻ സാധ്യതയുള്ള രണ്ട് പേരയുള്ളൂ. ഒന്ന് ആദി. മറ്റൊരാൾ പ്രിയസുഹൃത്തായ യുകെക്കാരി. രണ്ടാൾക്കുമിപ്പോൾ ഉറങ്ങാനുള്ള സമയമായിട്ടില്ല. റൈനു ഫോണെടുത്ത് നോട്ടിഫിക്കേഷൻ ബാർ താഴോട്ട് സ്ക്രോൾ ചെയ്തു. ഫെജിയാണ്.
"നാളെ എണീക്കുമ്പത്തന്നെ എന്നെയൊന്ന് വിളിക്കണേ." എന്ന മെസ്സേജ് കണ്ണീരിമോജിയോടെ വന്നു കിടക്കുന്നു. റൈനു മെസ്സേജ് വായിച്ച് ആലോചനയിലാണ്ടു.
ആലേങ്ങാട് സ്‌കൂളിലെ പഠനം ഏഴാം ക്ലാസോടെ അവസാനിച്ചു. തുടർപഠനം പുതുക്കാട് സെൻ്റ് ആൻ്റണീസിലായിരുന്നു. അവിടെ വച്ച് കിട്ടിയ കൂട്ടാണ് ഫെജി ഫ്രാൻസിസ്.. പണക്കാരിയാണ്. കളർ ഡ്രസ്സിടാൻ പറ്റുന്ന ദിവസങ്ങളിൽ ഫെജിയുടെ ഡ്രസ്സ്കോഡ് കാണാൻ സ്‌കൂൾ മൊത്തം കാത്തിരിക്കും. അവളുടെ അപ്പൻ ഒരു കോൺട്രക്ടറായിരുന്നു. സമ്പത്തിലെന്നപോലെ പഠിത്തത്തിലും പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ. ഡിഗ്രിക്കാലം വരെ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ അവളുടെ കല്യാണം കഴിഞ്ഞു. അവൾ Uk യിലേക്ക് പോയ ശേഷം ആ കോൺഡാക്റ്റ് അറ്റുപോയി.
വാട്സപ്പും ഫെയ്സ്ബുക്കും വന്നശേഷമാണ് എറെക്കാലമായി മുറിഞ്ഞുപോയ ആ സൗഹൃദം പുനസ്ഥാപിക്കപ്പെട്ടത്. അതിനും നിമിത്തമായത് ആദിയാണ്. ആദിയോട് പറയുന്ന കഥകളിൽ ഭൂരിഭാഗവും സ്വന്തം അനുഭവങ്ങളിലൂന്നിയുള്ളതായിരുന്നു. അതിൽ ഫെജിയെക്കുറിച്ചും പറയാറുണ്ട്. പണ്ടും ഇപ്പോഴും ഫേയ്മസായ ഫെജിയുടെ തറവാട്ടു പേരിൽ നിന്നാണ് ആദി ഫെജിയുടെ കുടുംബക്കാരിയായ കുട്ടിയെയും അതിലൂടെ ഫെജിയുടെ കോൺഡാക്റ്റ് നമ്പറും കണ്ടുപിടിച്ചത്.
സ്വർണ്ണക്കൂട്ടിലടക്കപ്പെട്ട പെൺകുട്ടിയുടെ ദയനീയമായ കഥയാണ് ഫെജിക്ക് പറയാനുണ്ടായിരുന്നത്. ഒരോ കഥയ്ക്കൊപ്പവും ഫെജി "ഇച്ചായന് തിരക്കല്ലേ. എന്തെല്ലാം ബിസ്‌നസുകളാ …..” എന്ന് ന്യായീകരിക്കുന്നത് കാണുമ്പോൾ ആദ്യമൊക്കെ കലിയിളകാറുണ്ട്. പിന്നെ അതവളുടെ നിസ്സഹായാവസ്ഥയായി മനസ്സിലാക്കുകയായിരുന്നു. ഈയിടെയാണ് അവളുടെ ഒരാഗ്രഹം പുറത്തുവന്നത്. ഈ സ്വർണ്ണക്കൂട്ടിൽ നിന്ന് പുറത്ത് ചാടി ആകാശത്തിലെ സർവ്വസ്വാതന്ത്ര്യവുമനുഭവിച്ച് തിരിച്ച് കൂട്ടിൽ തന്നെ ചേക്കേറണം.
"ഒടുക്കത്തെ മോഹമായിപ്പോയി. കൈ നനയാതെ മീൻപിടിക്കാൻ പറ്റില്ല . " എന്ന് കളിയാക്കിയെങ്കിലും അവൾ സീരിയസ്സായിരുന്നു. അതവളുടെ ആഗ്രഹമായിരുന്നില്ല. അത്യാവശ്യമായിരുന്നു.
"നല്ല കാലത്തൊന്നും ഇല്ലാതിരുന്ന ഇളക്കാണ് ഇപ്പോ മനസ്സിനും ശരീരത്തിനും. ഞാനെന്താ ചെയ്യേണ്ടന്ന് നീ പറഞ്ഞ് തരണം. ഇവടെ ജിമ്മില് ഒരു പെങ്കൊച്ചിനെ പരിചയപ്പെട്ടു. അവൾക്കെന്നോട് വല്ലാത്തൊരു അടുപ്പം. എന്നെക്കൊണ്ട് കറങ്ങാനൊക്കെ പോകും. പക്ഷേ പെണ്ണല്ലേ. എന്നാലും ആ സ്‌നേഹം കണ്ടപ്പോ മനസ്സൊന്ന് ചാഞ്ചാടി. പിന്നെയങ്ങ് ഒഴിവാക്കി വിട്ടു."
മെനോപ്പസ് സമയത്ത് ഈസ്ട്രജൻ കുറയുകയും ടെസ്‌റ്റോസ്റ്റെറോൺ കൂടുകയും ചെയ്യുന്നതിനാൽ ചിലർക്ക് ഹൈപ്പർ സെക്‌ഷ്വാലിറ്റി എന്ന ഒരവസ്ഥയുണ്ടായേക്കാം എന്ന് എവിടയോ വായിച്ചതോർത്തു. ആഗ്രഹമല്ല അഭിനിവേശമാണവൾക്ക്. പലരെയും കണ്ടുമുട്ടുന്നതും ഭയംകൊണ്ട് ഒഴിവാക്കുന്നതുമായ കഥകളാണെല്ലാം. ഒരുപക്ഷേ ഫാമിലി ലൈഫ് ആ രീതിയിൽ ഒട്ടും സക്സസ് അല്ലാത്തതുകൊണ്ടുമായിരിക്കാം.
"ഒരു കോൾബോയ് …..? നിങ്ങൾക്കവിടെ ഈസിയായിരിക്കില്ലേ “
"ഇല്ല. അത് റിസ്‌ക്കാണ്. പിന്നെ ഒട്ടും അടുപ്പമില്ലാതെ പെട്ടെന്ന് …. അത് പറ്റില്ല. എനിക്ക് പേടിയാണ്. ഇവിടെ സെയ്ഫല്ല. “
" എന്നാ ഫെയ്സ്ബുക്കീന്ന് ഏതെങ്കിലും കോന്തൻമാരെ സെലക്റ്റ് ചെയ്യ്. കൊറച്ച് പ്രേമിച്ചോ. നാട്ടി വന്ന് വേറെ ഏതേലും സ്‌റ്റേറ്റി വച്ച് കണ്ടാമതി. സ്ഥലം സമയം ഒക്കെ നമ്മള് റെഡിയാക്കണം. അവർക്ക് അതിന് അവസരം കൊടുക്കരുത്. "
"നാട്ടിലോ …. എനിക്ക് പേടിയാ. വീട്ടില് ആരെങ്കിലും അറിഞ്ഞാ … “
"എന്നാ പോയി ചാവ്. അല്ല പിന്നെ… “
കഴിഞ്ഞ ആഴ്ച്ച ദേഷ്യപ്പെട്ട് ഫോൺ വെച്ചതിന് ശേഷം പിന്നെ വിളിയൊന്നും ഉണ്ടായിരുന്നില്ല. ഈ കാര്യത്തിൽ അവൾക്ക് തൻ്റെ സഹായം കൂടിയേ തീരൂ. അവളെ കേൾക്കാനെങ്കിലും. മനസ്സിലാക്കാനെങ്കിലും.
ബാബുലാൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവിൽ ഒരു കുട്ടിയെപ്പോലെ കൈകൾ തുടകൾക്കിടയിൽ തിരുകി വളഞ്ഞുകൂടി കിടപ്പായി. അയാളേറ്റവും ആസ്വദിച്ചുറങ്ങുന്ന ഒരു പൊസിഷനാണത്. ആ സമയത്ത് ചിരിക്കുന്നത് കാണാം. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ. ബോധമാണ് പലപ്പോഴും മനുഷ്യരെ സ്വാർത്ഥരാക്കുന്നത്. എങ്കിൽ ബോധമില്ലായ്മയാണോ ശരിക്കും നല്ലത്.
മൂന്ന് വയസ്സുമുതൽ ആദിയെ കാണാൻ തുടങ്ങിയതാണ്. ആദിയെന്നും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായിരുന്നു. ഡേകെയറിൽ രണ്ട് വയസ്സുകാരായ കുട്ടികളെയും കൊണ്ടുവരാറുണ്ട്. ആ പ്രായത്തിൽ അവർ ശാന്തരായിരിക്കും. ക്യൂട്ടായിരിക്കും. ആർക്കും എടുത്തോമനിക്കാൻ തോന്നുന്നത്ര. മൂന്നര നാല് വയസ്സാവുമ്പോഴേക്കും ആ ശാന്തരായ കുട്ടികൾ അഗ്രസ്സീവായി പെരുമാറുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്. ചില അമ്മമാർ അവരുടെ മാറ്റത്തെ പറ്റി പറഞ്ഞ് കരയുകവരെ ചെയ്യാറുണ്ട്. ചുറ്റുപാടുകളറിയാനും മനസ്സിലാക്കാനും മാത്രം അവരുടെ ബോധവും ബുദ്ധിയും വികസിക്കുന്നതിനനുസരിച്ചാണ് ഈ മാറ്റങ്ങൾ പ്രകടമാകുന്നത്. അപ്പോൾ ശരിക്കും പ്രശ്‌നം എവിടെയാണ് ?
ലാലിനിപ്പോഴും ആദിയുടെ മാറ്റം ഉൾക്കൊള്ളാനായിട്ടില്ല. മകളെ മകനായിക്കാണാൻ അച്ഛൻ്റെ മനസ്സ് പാകമാകുന്നത് വരെ ഇന്ത്യയിലേക്കില്ലെന്ന നിലപാടിലാണ് ആദി. അവിടെ സ്വാതന്ത്ര്യമുണ്ട്. വേഷവും ഭാവവും കണ്ട് പരിഹസിക്കുന്നവരില്ല. ആദിയെ കാണണം എന്നാഗ്രഹമുണ്ടെങ്കിലും റൈനു അത് പുറത്ത് കാണിക്കാറേയില്ല. മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് ബലിയാടാവേണ്ടവരല്ലല്ലോ മക്കൾ.
" താനിപ്പോഴും ലാലിനെ കാണാൻ പോകുന്നു. എങ്കിപ്പിന്നെ എന്തിനാ ഡൈവോഴ്‌സായത്?"
"മായയുടെ എപ്പോഴുമുള്ള സംശയമാണ്. മറ്റെവിടേക്കെങ്കിലും പോകുന്നതിലും നല്ലത് അങ്ങോട്ട് പോകുന്നതാണല്ലോ." ഈ മറുപടി ഒരിക്കലും ദഹിക്കാറില്ലവൾക്ക്.
മനുഷ്യരെ മനുഷ്യരായി അവരവരുടേതായ അവസ്ഥയിൽ മനസ്സിലാക്കാൻ പാകത്തിൽ ഈ ലോകമെന്ന് വളരാനാണ്?
മായ അത്തിക്കാവിലെത്തിക്കാണും. അരുതെന്ന് സ്വയം വിലക്കുന്ന ഒരുകൂട്ടം ചിന്തകളുടെ തടവിലാണവൾ . അതിൽ നിന്ന് പുറത്തുകടന്ന് സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഈ യാത്രകൊണ്ട് സാധിച്ചാൽ മതിയായിരുന്നു.
തുടരും.....