
ഹൂസ്റ്റൺ: അമേരിക്കൻ കുടിയേറ്റ-കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജൻസിയായ (ICE) ഉദ്യോഗസ്ഥൻ ട്രാഫിക് പരിശോധനയ്ക്കിടെ നടത്തിയ വെടിവെപ്പിൽ മെക്സിക്കൻ പൗരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ടെക്സാസിലെ ഹൂസ്റ്റണിൽ നടന്ന സംഭവത്തിൽ 52-കാരനായ ലോറെൻസോ സാൽഗാഡോ അറൗഹോയാണ് മരിച്ചത്.
രാവിലെ 6.50ഓടെ ലക്ഷ്യമിട്ട കുടിയേറ്റ നിയമനടപടിയുടെ ഭാഗമായി സാൽഗാഡോ അറൗഹോയുടെ വാഹനം തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്നാണ് ഐസിഇ-യുടെ വിശദീകരണം. മെക്സിക്കൻ സ്വദേശിയായ അദ്ദേഹം നിയമവിരുദ്ധമായി അമേരിക്കയിൽ താമസിച്ചിരുന്നുവെന്നും ഏജൻസി ആരോപിച്ചു.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വാഹനം ഉദ്യോഗസ്ഥരുടെ നേരെ ഓടിച്ചുകയറ്റാൻ ശ്രമിച്ചതിനാൽ സ്വയംരക്ഷാർത്ഥമാണ് ഉദ്യോഗസ്ഥൻ വെടിയുതിർത്തതെന്ന് ഐസിഇ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഏറ്റെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ മരിച്ചയാളുടെ മകൻ റൊണാൾഡോ സാൽഗാഡോ, അച്ഛൻ അന്ന് രാവിലെ തൊഴിലാളികളെ കണ്ടെത്താനായി പുറത്തുപോയതാണെന്ന് പ്രാദേശിക മാധ്യമമായ ടെലിമുണ്ടോ ഹൂസ്റ്റണിനോട് പറഞ്ഞു.
വെടിയേറ്റ സാൽഗാഡോ അറൗഹോയുടെ വയറിന് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഐസിഇ-യുടെ വിശദീകരണം ചോദ്യം ചെയ്ത് ടെക്സാസ് സിവിൽ റൈറ്റ്സ് പ്രോജക്ട് രംഗത്തെത്തി. വെടിവെപ്പിനെക്കുറിച്ച് പൂർണ സുതാര്യത ഉറപ്പാക്കണമെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വംശീയ വിവേചനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഹൂസ്റ്റണിനെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ കോൺഗ്രസ് അംഗം സിൽവിയ ഗാർഷ്യയും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, ആശയവിനിമയ രേഖകൾ, മറ്റ് തെളിവുകൾ എന്നിവ സംരക്ഷിച്ച് വിശദമായി പരിശോധിക്കണമെന്ന് അവർ പറഞ്ഞു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചില ദൃക്‌സാക്ഷികളും പ്രാദേശിക മാധ്യമപ്രവർത്തകരും വെടിവെപ്പിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അവയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ വർഷം നടന്ന മറ്റ് ചില ഐസിഇ വെടിവെപ്പ് സംഭവങ്ങളിലും ഉദ്യോഗസ്ഥർ നൽകിയ ആദ്യ വിശദീകരണങ്ങളും പിന്നീട് പുറത്തുവന്ന വീഡിയോ തെളിവുകളും തമ്മിൽ വൈരുധ്യമുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ഹൂസ്റ്റൺ സംഭവം അമേരിക്കയിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.