Image

കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു, എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി; പാലാ നഗരസഭയില്‍ പ്രതിസന്ധി

Published on 09 July, 2026
 കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു, എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി; പാലാ നഗരസഭയില്‍ പ്രതിസന്ധി

 


പാലാ: പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് പ്രതിസന്ധി രൂക്ഷം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്ന പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരേ എല്‍ഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി. അവിശ്വാസം പാസാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

പാലാ നഗരസഭയില്‍ ഭരണപക്ഷത്തില്‍ തര്‍ക്കം ഉടലെടുത്തിട്ട് ഒന്നരമാസത്തിലേറെയായി. ഈ സമയങ്ങളിലൊന്നുംതന്നെ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ എല്‍ഡിഎഫ് അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. നഗരസഭയിലെ പ്രതിപക്ഷ നേതാവ് ബിജു പാലുപടവനാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭരണപക്ഷത്ത് ഭിന്നിച്ചുനില്‍ക്കുന്നവര്‍ ആരെങ്കിലും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.


പാലാ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ ആറ് ഭരണപക്ഷ അംഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ചെയര്‍പേഴ്‌സണില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് അനുനയ ചര്‍ച്ചയില്‍ പ്രതിസന്ധി 
വഴിമാറി. എന്നാല്‍, ഇപ്പോള്‍ വീണ്ടും ഭരണപക്ഷത്ത് പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇത് കണക്കുകൂട്ടിയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങുന്നത്.

പുളിക്കക്കണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്. എന്നാല്‍, ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഡിഎഫിന്റെ കൗണ്‍സിലര്‍മാരായി നില്‍ക്കുന്ന സമയത്തുപോലും തങ്ങള്‍ക്ക് യാതൊരുവിധ റോളും നഗരസഭയ്ക്കകത്ത് ലഭിക്കുന്നില്ലെന്നും പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ ഏകാധിപത്യ സ്വഭാവത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ആറ് അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നത്.

സ്വതന്ത്ര കൂട്ടായ്മയുടെ സഹകരണത്തോടെ നിലവില്‍ 14 പേരാണ് യുഡിഎഫ് ഭാഗത്തുള്ളത്. 12 പേരാണ് എല്‍ഡിഎഫിന്റെ ഭാഗത്തുള്ളത്. ക്വാറം തികയാന്‍ 14 പേരുടെ പിന്തുണ വേണം. അവിശ്വാസം പാസാക്കിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക