
കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനിയുടെ ഓഹരി എം എസ് സി ക്ക് വില്‍ക്കാന്‍ ചര്‍ച്ച നടന്നത് മുഖ്യമന്ത്രി വി.ഡി സതീശന്റ അറിവോടെയാണെന്ന് ആരോപിച്ച് സിപിഎം നേതാവ് എം.വി ജയരാജന്‍. മുഖ്യമന്ത്രിയാകും മുമ്പ് വി ഡി സതീശന്റെ മംഗലാപുരം ചാര്‍ട്ടേഡ് വിമാനയാത്രയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയും ഡീലും അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം മനസ്സിലാവുന്നതാണ്. ഒരുകൂട്ടം മാധ്യമസ്ഥാപനങ്ങളെയും കുറച്ച് സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളെയും കൂടെ നിര്‍ത്തിയാല്‍ എല്ലാ കൊള്ളരുതായ്മകളും അവര്‍ വെളുപ്പിച്ചോളും എന്നാണ് പുതിയ മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ്! പ്രബുദ്ധരായ കേരള ജനതയേയാണ് 'വിഡി സതീശനും ടീമും' വെല്ലുവിളിക്കുന്നത് എന്ന് ഓര്‍ത്താല്‍ നന്ന്! -ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മുഖ്യമന്ത്രീ,
താങ്കളുടെ കൈകള്‍
ശുദ്ധമല്ല!
മുഖ്യമന്ത്രിയാകും മുമ്പ് വി ഡി സതീശന്റെ മംഗലാപുരം ചാര്‍ട്ടേഡ് വിമാനയാത്രയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയും ഡീലും അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം മനസ്സിലാവുന്നതാണ്. ഒരുകൂട്ടം മാധ്യമസ്ഥാപനങ്ങളെയും കുറച്ച് സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളെയും കൂടെ നിര്‍ത്തിയാല്‍ എല്ലാ കൊള്ളരുതായ്മകളും അവര്‍ വെളുപ്പിച്ചോളും എന്നാണ് പുതിയ മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ്! പ്രബുദ്ധരായ കേരള ജനതയേയാണ് 'വിഡി സതീശനും ടീമും' വെല്ലുവിളിക്കുന്നത് എന്ന് ഓര്‍ത്താല്‍ നന്ന്!
മെയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരുന്നത്. അതിനുശേഷം ജൂണ്‍ ഒന്നിന് ഇക്കണോമിക് ടൈംസ് 'വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഓഹരി എം എസ് സി ക്ക് വില്‍ക്കാന്‍ ചര്‍ച്ച' എന്ന തലക്കെട്ടിലും, ജൂണ്‍ മൂന്നിന് 'അദാനി കമ്പനിയില്‍ എം എസ് സിക്ക് ഓഹരി പങ്കാളിത്തം പരിഗണനയില്‍' എന്ന തലക്കെട്ടിലും അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്ന റിപ്പോര്‍ട്ട് പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ വന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടില്ലേ? ഇന്ന് നിയോഗിച്ചതുപോലെ അന്ന് തന്നെ ഓഹരി കൈമാറ്റം തടയാന്‍ എംപവേര്‍ഡ് കമ്മിറ്റിയെ നിയോഗിക്കേണ്ടതായിരുന്നില്ലേ? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2015 ആഗസ്റ്റ് 17ന് അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറിലെ 5(3) ക്ലോസ് പ്രകാരം ഓഹരി കൈമാറുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണം എന്നുള്ള വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ ചര്‍ച്ചകളും നടപടികളും നീങ്ങുന്നത് എന്നത് വ്യക്തമായതല്ലേ?
എന്നിട്ടും എന്തുകൊണ്ട് ഒരു നോട്ടീസ് പോലും അന്ന് കൊടുത്തില്ല? മാത്രമല്ല, ഓഹരി കൈമാറ്റത്തിന് എം എസ് സി കമ്പനിയുമായി ധാരണയുണ്ടാക്കി എന്ന് മാത്രമല്ല സെബിക്ക് കത്തെഴുതുകയും ചെയ്തില്ലേ? അപ്പോഴെങ്കിലും സെബിയോട് ഇതിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിക്കൂടെ?
കേന്ദ്ര സര്‍ക്കാരിലേക്ക് കത്തെഴുതിക്കൂടെ? നിയമനടപടികള്‍ ആരംഭിച്ചുകൂടെ?
ഈ ചോദ്യങ്ങളെല്ലാം ഉയര്‍ന്നു വരുന്നതിന് കാരണം സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തു എന്ന ചോദ്യം താങ്കള്‍ ഉന്നയിച്ചതുകൊണ്ടാണ്. താങ്കള്‍ തെറ്റ് ചെയ്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ അദാനിക്ക് അനുകൂലമായി സര്‍ക്കാരിന്റെ താല്പര്യം സംരക്ഷിക്കാതെ അങ്ങ് തെറ്റ് ചെയ്തിട്ടുണ്ട്. അതാണ് സത്യം.
എം.വി. ജയരാജന്‍