Image

ശൂന്യസ്ഥലവും താഴ്വരകളും (സിക്കിം യാത്ര 8: സുഭാഷ്‌ വലവൂര്‍)

Published on 09 July, 2026
ശൂന്യസ്ഥലവും താഴ്വരകളും (സിക്കിം യാത്ര 8: സുഭാഷ്‌ വലവൂര്‍)

ഹിമാലയത്തിലെ അതിർത്തിപ്രദേശങ്ങളിൽ എവിടെപ്പോയാലൂം ഒരു സീറോ പോയിന്റ് കണ്ടേയ്ക്കാം.
സീറോ പോയിന്റ് എന്നു പറഞ്ഞാൽ മലമ്പാതയിൽ സാധാരണ പൗരന്മാർക്ക് സഞ്ചരിക്കാനുള്ള അവകാശം
അവിടെ അവസാനിക്കുന്നു എന്നാണ്. പട്ടാളക്കാർക്കുമാത്രമേ അതിനപ്പുറം കടക്കാൻ അനുവാദമുള്ളൂ.
കാശ്മീരാവട്ടെ ഹിമാചലാകട്ടെ സിക്കിമാവട്ടെ. മഞ്ഞിന്റെ നേരനുഭവവും വെണ്മയുടെ ദൃശ്യഭംഗിയും
ഹിമാച്ഛാദിത ഗിരിനിരകളുടെ ദൂരക്കാഴ്ചയുമൊക്കെ നൽകുന്നതാവും അത്തരം സ്ഥലങ്ങളൊക്കെ. ലാചുങ്ങിലും
അത്തരം ഒരു സീറോ പോയിന്റുണ്ട്. ഞാൻ ചെല്ലുന്നതിന്റെ രണ്ടുദിവസം മുൻപുവരെ അങ്ങോട്ടേയ്ക്ക് ആരെയും
കടത്തിവിടുന്നുണ്ടായിരുന്നില്ല. മഞ്ഞുവീഴ്ചയിൽ വഴികളൊക്കെ അടഞ്ഞുപോയിരുന്നു. എന്നാൽ ഞാൻ ചെന്ന
ദിവസം പട്ടാളക്കാർ യാത്ര അനുവദിച്ചു. പൂർണ്ണമായും പട്ടാളമേഖലയിലൂടെ വേണം യാത്ര.
ഏതാണ്ട് പതിനയ്യായിരത്തി മുന്നൂറടി(15300 feet) ഉയരത്തിലാണ് യൂംസാംഡോങ് എന്നു നാട്ടുകാർ
വിളിക്കുന്ന ഇവിടുത്തെ സീറോ പോയിന്റ്. ലാചുങ് നദിയുടെ കരയിലൂടെയാണ് നമ്മുടെ യാത്ര. അങ്ങോട്ടുള്ള
യാത്രയിൽ രണ്ടു മനോഹരങ്ങളായ താഴ്വരകൾ കാണാം. ഫൂനി താഴ്വരയും യുംതാങ് താഴ്വരയും.
'റോഡോഡെൻഡ്രോൺ' മരങ്ങളുടെ ഒരു വലിയ സങ്കേതത്തിലൂടെയാണ് വാഹനം കടന്നുപോകുന്നത്. മൂന്നു
നിറങ്ങളിലുള്ള റോഡോഡെൻഡ്രോൺ പൂക്കളാണ് കണ്ടത്. ചുവപ്പും പിങ്ക് നിറവും പിന്നെ അപൂർവ്വം
മഞ്ഞയോടടുത്ത നിറവും. എന്നാൽ ഇരുപതിലധികം ഇനങ്ങളുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
പോകന്ന വഴികൾ പലയിടത്തും ഉരുളൻ കല്ലുകൾ കാണാം. മലയിടിച്ചിൽ നടന്നയിടങ്ങളിൽ യാത്ര
സാഹസികമായി തോന്നി. ഒരിടത്ത് അൽപ്പനേരം കാത്തുനിൽക്കേണ്ടി വന്നു. തലേദിവസം വീണ കൂറ്റൻ
പാറക്കല്ലുകൾ പൊട്ടിച്ചുകളയുന്ന പട്ടാളക്കാരെ അവിടെ കണ്ടു.

ആദ്യത്തെ താഴ്വര രാവിലെയുള്ള ചെറുവെളിച്ചത്തിൽ അതി മനോഹരമായി കാണപ്പെട്ടു.
താഴ്വരയിൽ ഇറങ്ങിനടന്നപ്പോൾ ലാചുങ് നദിയിൽ ഒരു പാലം കണ്ടു. ആരെയും സമീപത്തൊന്നും കണ്ടില്ല.
ധൈര്യം സംഭരിച്ച് അതു കടന്നുചെന്നപ്പോൾ മുകളിൽ നിന്ന് ഒഴുകിവന്നുകൊണ്ടിരുന്ന ഒരു നീർച്ചോലയിൽ
രണ്ടു ദിവസം മുൻപത്തെ മലയിടിച്ചിലിൽ വീണുകിടക്കുന്ന പാറകൾ തടസ്സമായി കിടക്കുന്ന കാഴ്ചയാണ്
കണ്ടത്. ആ പാറകളിൽ കൂടി ചാടിച്ചാടി മറുഭാഗത്തെത്തിയപ്പോൾ ഒരു ചെറിയ കെട്ടിടം കണ്ടു. അതിന്റെ
അടുത്തേയ്ക്കു വലിഞ്ഞുകയറിചെന്നപ്പോഴാണ് അതിന്റെ തിട്ടയിലെ ഒരു കുഴലിലൂടെ വരുന്നത് ഒരു ചൂടു
നീരുറവയിലെ ജലമാണെന്ന് തിരിച്ചറിഞ്ഞത്. ദിശാസൂചിയോ അടയാളങ്ങളോ പരിസരത്തൊന്നും
ഇല്ലായിരുന്നതിനാൽ ഭാഗ്യം കൊണ്ടുമാത്രമാണ് ചൂടുനീരുറവ തിരിച്ചറിയാൻ കഴിഞ്ഞത്. നീർച്ചാലുകടക്കാൻ
തോന്നിയില്ലായിരുന്നെങ്കിൽ ചൂടുനീരുറവ കണ്ടെത്തില്ലായിരുന്നു.

വടക്കൻ സിക്കിമിലെ താഴ്വരകളെയും 'വാലി ഓഫ് ഫ്ളവേഴ്സ്' എന്നാണ് വിളിക്കുന്നത്.
ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ളവേഴ്സ് ആണ് ആ പേരിൽ പൊതുവേ അറിയപ്പെടുന്നതെങ്കിലും
ഇവിടെയും താഴ്വര പ്രദേശം മുഴുവൻ ഫെബ്രുവരി മുതൽ നാലുമാസത്തിലേറെ പൂക്കൾ കൊണ്ടു
നിറയുമെന്നതിനാലാണ് ആ പേര് കിട്ടിയത്. എല്ലായിടവും കുറെയൊക്കെ പൂക്കൾ ഉണ്ടാകാറുണ്ടെങ്കിലും
ഫൂനി വാലിയ്ക്കും യുംതാങ് വാലിയ്ക്കും ഇടയ്ക്കുള്ള താഴ്വരയെയാണ് വാലി ഓഫ് ഫ്ളവേഴ്സ് എന്നു
വിശേഷിപ്പിക്കുന്നത്.

ലാചുങ്ങിൽ നിന്നു സീറോ പോയിന്റിലേയ്ക്ക് വരുമ്പോൾ മൂന്നു താഴ്വരകളാണ് കാണുക. ലാചുങ്
റിവർ വാലി, ഫൂനി വാലി, യുംതാങ് വാലി എന്നിവയാണവ.യുംതാങ് താഴ്വര കണ്ടു കൊതി തീർന്നിരുന്നില്ല. ഇനി താമസിച്ചാൽ സീറോ പോയിന്റിൽ എത്താൻ കഴിയില്ലെന്ന ദീപന്റെ വാക്കുകൾ തള്ളിക്കളയാൻ കഴിയില്ലായിരുന്നു. നല്ല
ആൾത്തിരക്കുണ്ടായിരുന്നതുകൊണ്ട് സാവധാനം ഉയരങ്ങളിലേക്ക് നീങ്ങി. തലേദിവസത്തെ മഞ്ഞുവീഴ്ച ആ
പ്രദേശത്തെയാകെ വെണ്മകൊണ്ട് നിറച്ചിരുന്നു. ഷൂ കടംവാങ്ങി പുതയുന്ന മഞ്ഞിൽ കുറേനേരം നടന്നു.
അത്രയും ഉയരത്തിൽ പാചകം ബുദ്ധിമുട്ടായതുകൊണ്ട് നേരത്തേ തയ്യാറാക്കിയ ചായയും ചെറിയ
ആഹാരവും ഒരു സ്ത്രീ അടിവാരത്തിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടു വെച്ചിട്ടുണ്ടായിരുന്നു. ചായ കഴിച്ചു.
കുറച്ചുനേരം തങ്ങിയശേഷം ഫോട്ടോയെടുത്തു മടങ്ങി. വാസ്തവത്തിൽ കുറച്ചുദൂരംകൂടി മുകളിലേയ്ക്ക് കയറാൻ
അനുവാദമുണ്ടായിരുന്നെങ്കിലും മഞ്ഞ് കാരണം ആർക്കും മുന്നോട്ടു പോകാനായില്ല. മഞ്ഞിന്റെ പതുപതുപ്പിൽ
തുള്ളിച്ചാടുകയും വീഴുമ്പോൾ എണീറ്റ് വീണ്ടും ചാടുകയും ചെയ്യുന്ന കുട്ടികളുടെ കാഴ്ച്ച വർദ്ധിച്ച തണുപ്പിലും
അന്തരീക്ഷത്തെ ആഹ്ലാദകരമാക്കി. അൽപ്പനേരം മഞ്ഞുരുട്ടിക്കളിക്കുകയും ചെയ്തു.
അവിടെ നിന്നു ചുറ്റും നോക്കുമ്പോൾ അസാമാന്യമായ സൗന്ദര്യമാണ് ഹിമാലയത്തിന് തോന്നിയത്.
മേഘങ്ങളും സൂര്യപ്രകാശവും ചേർന്നുകൊണ്ടുള്ള വ്യത്യസ്തമായ പാറ്റേണുകളാണ് ഭംഗിയുടെ ഒരടിസ്ഥാനം.
സമയം പോകെപ്പോകെ നീലയും പച്ചയും കൂടിച്ചേർന്ന് നിമ്നോന്നതങ്ങളെ മനോഹരമാക്കുമ്പോൾ
വെണ്മേഘങ്ങൾ ആകാശത്തെയും പ്രതിബിംബം വഴി ജലരാശിയേയും അണിയിച്ചൊരുക്കി
നിർത്തുന്നുണ്ടായിരുന്നു. സന്ധ്യയ്ക്ക് ചുവപ്പുരാശികൂടി പകർന്നാടുമ്പോൾ അനിർവചനീയമായ
ദൃശ്യപ്പൊലിമയാണ് അവിടെയുണ്ടാവുകയെന്ന് ദീപൻ പറഞ്ഞു.

പലയിടത്തും ഉരുളൻ കല്ലുകളിൽക്കൂടി കുലുങ്ങിക്കുലുങ്ങിയുള്ളതാണെങ്കിലും ലക്ഷ്യം പോലെത്തന്നെ
യാത്രയും മനോഹരമാണ്. താഴ്വരയുടെ തുടക്കഭാഗത്തുള്ള കഫെറ്റേരിയയിൽ ഇറങ്ങി മാഗ്ഗി ഓർഡർ ചെയ്ത്
പുറത്തുനിൽക്കുമ്പോൾ വളരെ ആഹ്ലാദത്തോടെ സൗഹൃദം പങ്കിടുന്ന ഡ്രൈവർമാരെ കാണാമായിരുന്നു.
സിക്കിമിൽ അനുഭവപ്പെട്ട ഒരു കാര്യം നമ്മുടെ നാട്ടിലെപ്പോലെ അഞ്ചുമിനിട്ടിൽ പത്തു തെറി പറയുന്ന
ഡ്രൈവർമാരെ കാണാനില്ല എന്നുള്ളതാണ്. വഴിയിൽ തടസ്സം വന്നാലോ പരിചയക്കുറവുള്ള ഡ്രൈവർമാർ
യാത്രയ്ക്ക് തടസ്സമായാലോ ഇടുങ്ങിയവഴിയിൽ ഒന്നു തട്ടിയാലോ ആരും ബഹളം വെയ്ക്കുകയോ
ചീത്തവിളിക്കുകയോ ഇല്ല. പരസ്പരം സഹായിക്കുന്ന രീതിയാണ് കണ്ടത്. ഒരുപക്ഷെ ആ ഭൂപ്രകൃതിയിൽ അങ്ങനെയായില്ലെങ്കിൽ ജീവിതം അസഹ്യമാവും എന്നതുകൊണ്ടാവാം. എന്തായാലും സിക്കിമിലെ യാത്രയുടെ സൗന്ദര്യം കൂട്ടുന്നത് മനുഷ്യ സൗഹൃദത്തിന്റെ
സൗന്ദര്യം കൂടി ചേർന്നാണെന്ന് തോന്നിപ്പോയി. 

എന്റെ മുൻപിൽ നിന്ന ദീപന്റെ ഒരു കൂട്ടുകാരൻ തല മുണ്ഡനം ചെയ്തയാളായിരുന്നു. അയാളെ 'കട്ടപ്പാ' എന്നു വിളിച്ചുകൊണ്ട് തമാശ പറയുമ്പോൾ അയാളുൾപ്പെടെ എല്ലാവരും അതൊക്കെ ആസ്വദിക്കുന്നത് കാണാമായിരുന്നു. സിനിമകൾ എങ്ങനെയാണ് സാർവ്വലൗകികമായിത്തീരുന്നതെന്നത്ഭുതപ്പെട്ടു. ഇന്ത്യയുടെ തെക്കേയറ്റത്തെ ഭാഷയിലെ ഒരു സിനിമ വടക്ക് ഹിമാലയത്തിലും ആഘോഷിക്കപ്പെടുന്നു. കേരളത്തിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ വന്ന
'ഫിലിമിസ്ഥാൻ' എന്ന സിനിമയെക്കുറിച്ച് ഓർത്തുപോയി.മനുഷ്യർ തമ്മിൽ മാത്രമല്ല മൃഗങ്ങളോടും അവരുടെ പെരുമാറ്റം സൗഹൃദത്തോടെയാണ്.
           
മണ്ണിടിഞ്ഞതുകാരണം ഞങ്ങളുടെ കാർ ഒരു സ്ഥലത്തു നിർത്തിയിട്ടപ്പോൾ കുരങ്ങന്മാർ കാറിനു മുകളിൽ
കയറി. കഴിക്കാനെന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ചാണ് അവർ വരുന്നതെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ ഞാൻ
എന്റെ കൈയിലുണ്ടായിരുന്ന മാൽകിൻസ് ബിസ്കറ്റ് കൊടുത്തു. അതിനിടയിൽ ഒരു വികൃതിക്കുരങ്ങ് കാറിന്റെ
വശത്തുണ്ടായിരുന്ന ഏരിയൽ വളച്ചു പിടിച്ചു. ഡ്രൈവർ ചിരിച്ചുകൊണ്ട് എടാ ഒടിച്ചുകളയാതെടാ എന്നൊക്കെ
പറഞ്ഞു. വണ്ടി നീങ്ങി ഒരു സ്ഥലത്തെത്തിയപ്പോൾ വളഞ്ഞുപോയ ഏരിയൽ ചിരിച്ചുകൊണ്ട് പിടിച്ച്
നേരെയാക്കി. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഈ സമയം ചെവിപൊത്തേണ്ടിവന്നേനെ.

ശൂന്യസ്ഥലവും താഴ്വരകളും (സിക്കിം യാത്ര 8: സുഭാഷ്‌ വലവൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക