
നിരവധി സിനിമകള്‍ക്കായി ഒരുമിച്ച മലയാളത്തിലെ ഹിറ്റ് കോമ്പോകളില്‍ ഒന്നാണ് മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ട്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകളില്‍ ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നവെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ സിനിമയ്ക്ക് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് മേജര്‍ രവി. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഓപ്പറേഷന്‍ സിന്ദൂറിന് പോലും ഞാന്‍ എന്റേതായ രീതിയില്‍ ഒരു ബഡ്ജറ്റ് ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് നോക്കുമ്പോള്‍ പലയിടത്തും നിന്ന് കൈ തട്ടി പോകുവാണ്. പിന്നെ ആ?ഗ്രഹം കൊണ്ട് മാത്രമാകില്ല ഒരു സിനിമ നടക്കുന്നത്. ആ ഒരു പ്രത്യേക സമയത്ത് ഞാന്‍ ഇന്ന വ്യക്തിക്ക് പണം കൊടുത്ത് കഴിഞ്ഞാല്‍ പടം നടക്കും. പക്ഷേ ആ സമയത്ത് കൊടുക്കാന്‍ എന്റെ കയ്യില്‍ ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ കയ്യില്‍ പണമില്ലെന്ന് മറ്റേയാള്‍ മനസിലാക്കും. അപ്പോള്‍ അദ്ദേഹം പിന്മാറും. ഇങ്ങനെയൊക്കെയുള്ള കോമ്പിനേഷന്‍ ആണത്. മോഹന്‍ലാലിനെ വച്ചു കൊണ്ട് തന്നെയാണ് ഞാന്‍ അതെഴുതിയത്. സിന്ദൂര്‍ എന്ന് പറഞ്ഞു കഴിഞ്ഞാല്‍, എങ്ങനെയാണ് ഈ സംഭവം നടന്നത് ?. അങ്ങനെയാണ് ഞാന്‍ കഥയെഴുതിയിരിക്കുന്നത്.
സാധാരണക്കാരായ ആളുകള്‍ ജീവിതം ആസ്വദിക്കാനായി കശ്മീരില്‍ പോകുന്നു. അവിടെ വച്ച് കൊല ചെയ്യപ്പെടുന്നു. ബൈസറണ്‍ വാലിയില്‍ പോകുന്ന രാവിലെ പോലും അവര്‍ക്ക് അറിയില്ല, അവരില്‍ ഒരാള്‍ തിരിച്ചു വരില്ല എന്നത്. ആ ഒരു സെന്റിമെന്റ്‌സാണ് ഞാനവിടെ വര്‍ക്കൗട്ട് ചെയ്തിരിക്കുന്നത്. അതില്‍ നിന്നാണ് ഈ കഥാപാത്രങ്ങളെ ഞാന്‍ ബില്‍ഡ് അപ് ചെയ്തിരിക്കുന്നത്. അവര്‍ക്ക് പറയാനുള്ളതും, മരിച്ചു കിടക്കുന്ന സമയത്തുള്ള കാര്യങ്ങളുമൊക്കെ തന്നെയാണ് പ്രേക്ഷകരെ കരയിപ്പിക്കുന്ന സെന്റിമെന്റ്‌സിലുള്ളത്. അതിനാണ് ഞാന്‍ ഇന്റര്‍വെല്ലും വച്ചത്. പിന്നെയുള്ളത് യുദ്ധമാണ്. എങ്ങനെയാണ് നമ്മള്‍ പാകിസ്ഥാനെ തോല്പിച്ചത് എന്നൊക്കെയുള്ള കാര്യങ്ങളുള്ളത്. പിന്നെ അവസാനമുള്ളത് ഈ കൊന്നിട്ടുള്ള നാല് പേര് എവിടെ ?. അവരെ കൊല്ലുന്നതാണ് ഓപ്പറേഷന്‍ മഹാദേവ്. ഇത് രണ്ടും കൂടി മിക്‌സ് ചെയ്താണ് ഞാനിത് എഴുതി വച്ചിരിക്കുന്നത്. അവിടെയാണ് ലാലേട്ടന്‍ വരേണ്ടത്.
ടീമും കഥയുമെല്ലാം സെറ്റാണ്. രണ്ട് ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. ലാലേട്ടന്റെ ഡേറ്റ് സെപ്റ്റംബറിലേക്ക് ഓക്കെയായിരുന്നു. ആ കറക്ട് സമയത്ത് നിര്‍മാതാവ് കൊണ്ടുപോയി ലാലേട്ടന് അഡ്വാന്‍സ് കൊടുക്കണം. ആ മൂഡില്‍ നില്‍ക്കുന്ന സമയത്ത് കൊടുത്തിരുന്നെങ്കില്‍ ജനുവരിയില്‍ നമ്മള്‍ പടം തുടങ്ങുമായിരുന്നു. ഇത് ആ സമയത്ത് അവിടെ എത്തിയില്ല. നമ്മള്‍ ചിലരെ വിശ്വസിച്ച് കഴിഞ്ഞാല്‍ പിന്നെ നമുക്ക് അവരെ വിടാനും ഒരു മനസുണ്ടാകില്ല. ഇത്രയും നാള്‍ എന്റെ കൂടെ നിന്നതല്ലേ.
വിടണ്ട. ഇല്ലെങ്കില്‍ എനിക്ക് എത്രയോ ഓഫര്‍ വന്നതാണ് വേറെ. ഞങ്ങള്‍ ചെയ്യാം. ആളെ വിട് എന്ന് പറഞ്ഞ്. പക്ഷേ ഞാനത് ചെയ്തിട്ടില്ല. ഇനി ഇപ്പോള്‍ വരുന്ന സമയത്ത് ഇതിനോടകം തന്നെ ഞാന്‍ പറഞ്ഞു കഴിഞ്ഞു മോനേ നിന്നെക്കൊണ്ട് ഇത് പറ്റില്ല. വിട്ടേക്ക് എന്ന്. നിലവില്‍ സിനിമ എന്താണെന്ന് ചോദിച്ചാല്‍ എനിക്കൊരു പിടിയുമില്ല. വരുന്ന സമയത്ത് നിങ്ങള്‍ അറിഞ്ഞാല്‍ മതി. വരുമോ ഇല്ലയോ എന്ന്. അതോ എന്നോട് കൂടി മണ്ണടിഞ്ഞ് പോകുമോ എന്ന്. അതും നമുക്കറിയില്ല. സിനിമ അങ്ങനെ പ്രവചനാതീതമായ ഒന്നാണ്,'മേജര്‍ രവി പറഞ്ഞു.