
മലയാളി താരം സ്വാസിക തമിഴിലും മികച്ച സിനിമകളുടെ ഭാഗമാവുകയാണ്. സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. എന്നാല്‍ ഇപ്പോഴുള്ള സ്ഥാനത്തേക്ക് എത്താന്‍ സ്വാസിക കഠിന പരിശ്രമം നടത്തിയിരുന്നു. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്ത് പറ്റിക്കപ്പെട്ടിരുന്നുവെന്ന് പറയുകയാണ് സ്വാസിക. ഡയറക്ടര്‍ മുരുഗദോസിന്റെ കാണാനെന്ന് പറഞ്ഞു 1 ലക്ഷം തട്ടിയെന്നും സ്വാസിക പറഞ്ഞു. ജെഎഫ്ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'പതിനാറ്, പതിനേഴ് വയസ്സില്‍ തുടങ്ങിയതാണ് ഈ യാത്ര. ആ പ്രായത്തില്‍ ഇതെല്ലാം മനസ്സിലാക്കാനും അറിയാനുമുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ആദ്യത്തെ തമിഴ് സിനിമയുടെ ഓഡിഷന് പങ്കെടുത്തപ്പോള്‍ തന്നെ ഞാന്‍ സെലക്ടായി. അപ്പോള്‍ എനിക്ക് ഒരു വാവു ഫീല്‍ ആയിരുന്നു. ഇത്രയേയുള്ളോ, റിജക്ഷന്‍സ് ഒന്നുമില്ലല്ലോ, എല്ലാം സൂപ്പറായി പോകുന്നു എന്നായിരുന്നു എന്റെ ധാരണ. സിനിമ റിലീസ് ആവുകയും ചെയ്തു.
പക്ഷേ വലിയ രീതിയില്‍ അത് റീച്ചായില്ല, അത്രയധികം റെക്കഗനേഷനും എനിക്ക് കിട്ടിയില്ല. അപ്പോഴാണ് എന്തോ ശരിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായത്. ആ പ്രായത്തില്‍ അത് എനിക്ക് വലിയ വിഷമം ആയിരുന്നു. കാരണം എന്റെ പഠനം പാതി വഴിയില്‍ ഇട്ടിട്ട്, എല്ലാവരോടും വഴക്കിട്ടാണ് ചെന്നൈയിലേക്ക് വന്നത്. എനിക്ക് വേണ്ടി അമ്മയും സംസാരിച്ചു. അച്ഛന് ഞാന്‍ അഭിനയിക്കുന്നതില്‍ അന്ന് താത്പര്യമില്ലായിരുന്നു.
തിരിച്ചു പോയാല്‍ എന്താവും എന്നറിയാതെ ദിവസവും രാത്രി ഇരുന്ന് കരഞ്ഞ കാലമായിരുന്നു അത്. ഡിപ്രഷന്‍ എന്നതിനപ്പുറം, ആ അവസ്ഥ എന്താണ് എന്ന് തിരിച്ചറിയാന്‍ പോലും പറ്റിയിരുന്നില്ല. അവസാനം കാണുന്ന ഓഡിഷന് എല്ലാം പോകാന്‍ തീരുമാനിച്ചു. പല മാനേജേഴ്സും ഞങ്ങലെ പറ്റിച്ചു, ഇന്ന സംവിധായകരെ കാണാം, അവിടെ പോകാം ഇവിടെ പോകാം എന്ന് പറഞ്ഞ് പല ഇടങ്ങളിലും കൂട്ടിക്കൊണ്ടു പോയി. മുരുഗദോസ് സാറിനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ചോദിച്ചു. 'അമ്മ അവിടെ വെച്ച് കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വര്‍ണം എല്ലാം ഊരി പണം സെറ്റാക്കി. ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ മാനേജര്‍ ഇല്ല, അവസാനം ആ ഹോട്ടല്‍ ബില്ലും ഞങ്ങള്‍ അടക്കേണ്ടി വന്നു.