Image

30 കോടി പറഞ്ഞ സിനിമ 230 കോടിയൊക്കെയായി, ഞാനറിയാതെ ബജറ്റ് കൂട്ടി, ഇനി ആ പടം നടക്കില്ല; മേജര്‍ രവി

Published on 09 July, 2026
 30 കോടി പറഞ്ഞ സിനിമ 230 കോടിയൊക്കെയായി, ഞാനറിയാതെ ബജറ്റ് കൂട്ടി, ഇനി ആ പടം നടക്കില്ല; മേജര്‍ രവി

 

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, പിക്കറ്റ് 43 തുടങ്ങി മലയാള സിനിമയില്‍ പട്ടാള സിനിമകള്‍ക്ക് പുതിയ മുഖം നല്‍കിയ സംവിധായകനാണ് മേജര്‍ രവി. ഒരിടവേളയ്ക്ക് ശേഷം മേജര്‍ രവി സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഓപറേഷന്‍ റാഹത്. തമിഴ് താരം ശരത് കുമാര്‍ ആയിരുന്നു സിനിമയില്‍ നായകന്‍. ചിത്രത്തിന്റെ പൂജയും ഗ്ലിപ്‌സും പുറത്തു വിട്ടിരുന്നു. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ് നിര്‍മിക്കാന്‍ ഒരുക്കിയിരുന്നത്.

എന്നാല്‍ ഇനി ഈ സിനിമ നടക്കാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് മേജര്‍ രവി. താന്‍ അറിയാതെ സിനിമയുടെ ബജറ്റ് കൂടിയതാണ് കാരണം എന്ന മേജര്‍ രവി പറഞ്ഞു. 30 കോടി ബജറ്റ് ഇട്ടിരുന്ന സിനിമ 230 കൊടിയിലേക്ക് ഉയര്‍ത്തിയെന്നും ഇത്രയും തുക ചെലവഴിക്കാന്‍ ആവില്ലെന്നും അത് നടക്കില്ലെന്നും താന്‍ പറഞ്ഞുവെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. മകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം.

'ഓപറേഷന്‍ റാഹത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ സുഹൃത്ത് തന്നെയാണ് അതിന്റെ പ്രൊഡ്യൂസര്‍. 20- 30 കോടിക്ക് തുടങ്ങിയ ചിത്രം നമ്മളറിയാതെ ബജറ്റ് കൂടി. ആ ആര്‍ട്ടിസ്റ്റ് വേണം, ഈ ആര്‍ട്ടിസ്റ്റ് വേണം എന്നൊക്കെ പറഞ്ഞിട്ട്. ഒടുവില്‍ 230 കോടിയൊക്കെയായി ബജറ്റ്. നടക്കില്ല മോനേ എന്ന് ഞാന്‍ പറഞ്ഞു. ഈ സംഖ്യ പേപ്പറില്‍ എഴുതാനും ഇന്റര്‍വ്യൂവില്‍ പറയാനുമൊക്കെ പറ്റും.

അക്ഷയ് കുമാറിനെയടക്കം മീറ്റ് ചെയ്യിപ്പിച്ചു. അക്ഷയ് കുമാറിന് 80 കോടി കൊടുക്കണം. 230 കോടി എന്നൊക്കെ പറയുമ്പോള്‍ അത് നടക്കാന്‍ പോകുന്നില്ല. ഇത് വര്‍ക്കൗട്ട് ആവുമോ ഇല്ലയോ എന്നത് ആദ്യമേ നമ്മള്‍ ചിന്തിക്കണം. ഓപറേഷന്‍ സിന്ദൂര്‍ പോലും, നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ ഒരു 100 കോടിയുടെ പടം ഉണ്ടാവും. എന്റെ സ്വാധീനം വച്ച് പല സ്ഥലത്തുനിന്നായി കൊണ്ടുവരുന്ന കാര്യങ്ങളാണ് അവ. പട്ടാള സിനിമയില്‍ അതാണ് ഞാന്‍ ചെയ്യുന്നത്. ഓപറേഷന്‍ റാഹത്തിലുള്ള എന്റെ പ്രതീക്ഷ ഞാന്‍ വിട്ടിരിക്കുന്നു', മേജര്‍ രവി പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക