Image

നടക്കാനിറങ്ങിയ കവിത (കവിത) ജോസഫ് നമ്പിമഠം (പുസ്തക പരിചയം: ബാജി ഓടംവേലി, ഡാലസ്)

Published on 09 July, 2026
നടക്കാനിറങ്ങിയ കവിത (കവിത) ജോസഫ് നമ്പിമഠം (പുസ്തക പരിചയം: ബാജി ഓടംവേലി, ഡാലസ്)

കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ടു പിന്നിട്ടു സഞ്ചരിക്കുന്ന ജോസഫ് നമ്പിമഠത്തിൻ്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണിത്. 1975 ൽ ആദ്യമായി വെളിച്ചം കണ്ട 'പുതുയുഗപ്പിറവി' മുതൽ അടുത്തെഴുതിയ 'നടക്കാനിറങ്ങിയ കവിത' വരെയുള്ള 91 കവിതകളുടെ സമാഹാരമാണിത്.  

മലയാള ഭാഷയിലും സാഹിത്യത്തിലും ഉത്തരാധുനികത അരങ്ങുവാണിരുന്ന കാലത്താണ് കവി എഴുതിത്തുടങ്ങിയത്. ആ കാലഘട്ടത്തിൽ നിന്നു തന്നെ മലയാള കവിത അൻപതിലേറെ വർഷം മുന്നോട്ടു പോയിരിക്കുന്നു. പ്രസ്ഥാനങ്ങളുടെ കല്പടവുകൾ താണ്ടിയ രചനാശൈലി ഇന്ന് കവിതയ്‌ക്കു പുതിയ കെട്ടും മട്ടും സമ്മാനിച്ചിരിക്കുന്നു. ഈ ഒരു അന്തരീക്ഷത്തിൻ്റെ ചുറ്റളവിലിരുന്നാകണം ഈ കവിതകൾ വായിക്കേണ്ടതും വിലയിരുത്തേണ്ടതും.

വൃത്ത, താള, പ്രാസ, അലങ്കാര നിബന്ധനകളിലൂടെയും, അലങ്കാര മോടികളോടെയും തിരക്കില്ലാത്ത രാജവീധികളിൽ സഞ്ചരിച്ചിരുന്ന കവിതയുടെ കാലത്തിൽ നിന്നും, അനേകായിരം വാഹനങ്ങളും ഡ്രൈവർമാരും നിറഞ്ഞ വഴികളിലൂടെയാണിന്നത്തെ സഞ്ചാരം. ഈ കവിതകളിലും കാലത്തിൻ്റെ മാറ്റം വ്യക്തമായി ദർശിക്കാനാവും, വൃത്ത നിബദ്ധമായ കവിതയിലാണ് തുടക്കമെങ്കിലും പിന്നീട് അതിൽ നിന്നും മാറി ഉത്തരാധുനികതയുടെ ചുവടു പിടിച്ച് എഴുത്തിൽ മുന്നോട്ടു പോയി.

വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും ജോസഫ് നമ്പിമഠം ശ്രദ്ധേയനാണ്, ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും കേരളീയ സ്മൃതി ചിത്രങ്ങളും ആവാഹിക്കുന്ന ഈ കവിതകൾ ഇന്നത്തെ വായനക്കാർ ആവർത്തിച്ച് വായിക്കേണ്ടതാണ് എന്ന് ആദ്യകവിതാ സമാഹാരത്തിൻ്റെ അവതാരികയിൽ ഡോ. അയ്യപ്പപ്പണിക്കർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
നടക്കാനിറങ്ങിയ കവിത നിർവ്വചനങ്ങളിൽ ഒതുങ്ങാതെ ചിന്തയെ അതേപടി ഒഴുക്കിവിട്ട വാങ്മയവും വർണ്ണാഭവുമാണ്. പ്രവാസി നാട്ടിലെത്തുമ്പോൾ കാണുന്ന കാഴ്ചകൾ, അനുഭവിക്കുന്ന മാറ്റങ്ങൾ എല്ലാം പറയുന്ന കവിത ഒരു കാലഘട്ടത്തിൻ്റെ നേർചിത്രം കൂടിയാണ്. പ്രവാസികൾ ഓർമ്മയിൽ ജീവിക്കുന്നവരാണെന്ന് അടിവരയിടുന്നു. നടക്കാനിറങ്ങിയ കവിതകൾ വഴിയോരക്കാഴ്ചകൾ അനുവാചകർക്കു കാട്ടിത്തരുമ്പോൾ കവിയോടൊപ്പം വായനക്കാരും ആ വഴി സഞ്ചരിക്കുന്നിടത്തു കവി വിജയിക്കുന്നു.
നടക്കാനിറങ്ങിയത് കവിതയാണോ കവിയാണോ എന്ന് സംശയിക്കേണ്ടതില്ല, അയാൾത്തന്നെ കവിത - കവിതതന്നെ അയാൾ. അല്ലെങ്കിൽ സയാമീസ് ഇരട്ടകൾ പോലയോ സരൂപ ഇരട്ടകൾ പോലെയോ ഉള്ള ബന്ധമാണ് അവർക്കുള്ളത്.

ഈ സമാഹാരത്തിലെ ഏടുത്തു പറയേണ്ട ഒരു കവിതയാണ് 'മുത്തിയമ്മ' ആരാൻ്റെ ഉമ്മറത്തിണ്ണയിൽ അലസം കാലും നീട്ടിയിരുന്നു മുത്തിയമ്മ കാലത്തിനും അപ്പുറമുള്ള സ്മൃതിയിലേക്ക് ഊളിയിടുന്നു. ഇല്ലാത്ത വെറ്റിലച്ചെല്ലത്തിൽ തപ്പി, വെയിലും കാഞ്ഞു വെറും വായിൽ ചവയ്‌ക്കുന്ന മുത്തിയമ്മ ഭൂതകാലത്തിൻ്റെ നോക്കുകുത്തിയാണ്. ഓർക്കാനിഷ്ടമില്ലാത്ത വർത്തമാനത്തിൻ്റെ ചവറാണ്, ആർക്കും വേണ്ടാത്ത ജീവനാണ്. അവരെ ആട്ടിയോടിക്കുമ്പോൾ, കല്ലെറിയുമ്പോൾ, തലമുറയുടെ നിറഭേദങ്ങളിൽ കാഴ്ചകൾ നഷ്ടമാകുന്ന ആധുനിക തലമുറയുടെ അസഹിഷ്ണുത കാണുന്നുണ്ട്. അതു കണ്ട് ഉറഞ്ഞു തുള്ളുന്ന അമ്മുമ്മ നമ്മുടെ മനസ്സാക്ഷിയാവില്ലേ? മുത്തിയമ്മയിലൂടെ ഭാവനയുടെ സുഖനിദ്ര വെടിഞ്ഞു മണ്ണിലേക്കിറങ്ങി യാഥാർത്ഥ്യം വരയ്‌ക്കുന്നു കവി.

'കുബ്ബൂസ്' എന്ന കവിതയിൽ വിശന്നവൻ്റെ മുന്നിൽ കുബ്ബൂസ് ആയി വിടർന്ന ധാന്യം വായനക്കാരൻ്റെ മനസ്സിൽ ഒരു പ്രവാസിയുടെ അവസ്ഥ വരച്ചുകാട്ടുന്നു. കുബ്ബുസിൽ കണ്ണിരുപ്പുണ്ട്, ജീവിതപ്പുളിയുണ്ട്, ദുരിതങ്ങളുടെ ആടുജീവിതവുമുണ്ട്. പ്രവാസികളുടെ കണ്ണിലൂടെ, ഭാഷയുടെ ശക്തിയോടെ ഒരു കവിത വിരിയുമ്പോൾ കുബ്ബുസ് ഒരു പ്രതീകമാണ്. അവർ കാണുന്ന സ്വപ്നങ്ങളാണ്. ആ പാതയിൽ ജനസംസ്‌കാരത്തെ, അവയിലെ ദുരന്തങ്ങളെ സംഘർഷങ്ങളെ മുഴുവൻ ചിമിഴിനുള്ളിൽ ഒതുക്കിവയ്‌ക്കുന്നുണ്ട്.
അമേരിക്കൻ കവയത്രി എമ്മ ലാസറസിൻ്റെ 'ദി ന്യൂ കൊളോസസ്സ് '  എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ കവിയുടെ നിലപാടുകളുടെ പ്രഖ്യാപനമാണ്. ' എൻ്റെ ശവകുടീരത്തിൽ നിന്ന് കരയരുത് ' എന്ന മേരി എലിസബത്ത് ഫ്രൈയുടെ കവിതയുടെ വിവർത്തനവും, 'The Pied Piper of Hamelin' എന്ന പ്രശസ്തമായ നാടോടിക്കഥയുടെ കാവ്യാവിഷ്ക്കാരവും 'ഹാംലെനിലെ എലികൾ' എന്ന പേരിൽ ഈ സമാഹാരത്തിലുണ്ട്.

ഈ സമാഹാരത്തിൽ, ഹൈക്കുകവിത, കുറുങ്കവിത, എസ്. എം. എസ്. കവിത, കുഞ്ഞിക്കവിത, ഹാസ്യകവിത തുടങ്ങി വിവിധ വിഭാഗത്തിൽപ്പെടുന്ന കവിതകളും ഉണ്ട്. എഴുപതിലധികം കുഞ്ഞിക്കവിതകൾ ക്യാപ്സൂൾ കവിതകൾ എന്ന പേരിൽ തന്നെയുണ്ട്. ഓരോ ക്യാപ്സ്യൂൾ കവിതകളും ചുരുങ്ങിയ വാക്കുകളിൽ വലിയ ദർശനങ്ങളാണ് പങ്കുവെയ്‌ക്കുന്നത്.

ഹാസ്യവും കുറുംകവിതയും നമ്പിമഠത്തിന് നന്നായി വഴങ്ങും. ജീവിച്ച കാലത്തു കല്ലെറിഞ്ഞവർ റീത്തുമായി വരുമ്പോൾ ചവിട്ടാൻ വയ്യാത്ത അവസ്ഥയിലെ ശവത്തെ കാണാം. മലയാളിയല്ലേ ജന്മവാസനയല്ലേ കഴിയുമോ പാരവെക്കാതിരിക്കുവാൻ എന്ന് മലയാളി നേതാവിനെക്കുറിച്ചും, പാര തന്നെ ജീവിതം, പാര തന്നെയമൃതം, പാര തന്ത്രം മലയാളിക്ക് രതിയേക്കാൾ സുഖകരം എന്ന് പ്രായശ്ചിത്തത്തിലും നിരീക്ഷിക്കുന്നു. ഒരിക്കലും കവിത എഴുതരുതെന്ന് നമ്പമഠം പറയുന്നുണ്ട്. അത് കവിത നിന്നെ കൈപിടിച്ച് എഴുതിക്കും വരെ കവിത എഴുതരുതെന്നാണ്.

പ്രമേയങ്ങളിൽ വികാരങ്ങൾ ഒരുക്കിവയ്‌ക്കുവാനും വിചാരങ്ങളെ ഒതുക്കുവാനുമുള്ള ശ്രമം കാണാം. കവിതകളെ തൻ്റേതായ കാഴ്ചപ്പാടിലൂടെ ലളിത സുന്ദര ഭാവത്തിൽ വരയ്‌ക്കുന്നു. അനായാസം വൈവിധ്യം നിറഞ്ഞ വിഷയങ്ങളെ തെരഞ്ഞെടുക്കുകയും അവയെ കൃത്യമായി അവതരിപ്പിക്കുന്ന ശൈലി അഭിനന്ദനം അർഹിക്കുന്നു. കവിത പ്രകടമാക്കുന്ന സന്ദേശം ഈ കാവ്യസമാഹാരത്തെ വ്യതിരിക്തമാക്കുകയും അനുവാചകർക്ക് വായനയിലൂടെ ചില ചിന്തകൾക്കു തിരിയിടാനും സാധിക്കുന്നു.  
കവിതയിൽ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളുടെ വിശദീകരണവും, സന്ദർഭങ്ങളുടെ ഓർമ്മപ്പെടുത്തലും, കഥാഭൂമികയുടെ സൂചനയും, കഥാപാത്രങ്ങളുടെ നാൾവഴിയും, വിശദമായ പിൻകുറിപ്പിലൂടെ അനുബന്ധമായി എഴുത്തുകാരൻ തന്നെ നൽകിയിരിക്കുന്നത് കവിത കൂടുതൽ ജനകീയമാകുവാൻ സഹായിക്കും. കവിതയിൽ പരാമർശിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളുടെ സൂചന അവരെ കണ്ടെത്തി വായിക്കുവാനായിട്ട് പ്രേരണയാകുമെന്ന കാര്യത്തിൽ സംശയമില്ല.

"ഒരു പൂവു വിരിയുന്നു. ഒരു കവിത ജനിക്കുന്നു. ബോധപൂർവമായ ഒരുദ്ദേശവും പ്രത്യേകിച്ചില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതെപ്പറ്റി വ്യാമോഹമൊന്നുമില്ലാതെ, പൂമൊട്ടിന് വിരിഞ്ഞേ കഴിയൂ, തൊട്ടാവാടിച്ചെടിക്ക് വാടിയെ കഴിയൂ, തിരമാലയ്‌ക്ക് ആഹ്ളാദത്തോടെ സ്വയം ഉയർന്നടിച്ചു ചിതറിയേ കഴിയൂ അതുപോലെ തന്നെ അത്രമേൽ സ്വാഭാവികമായി, ആത്മാർത്ഥമായി ഞാൻ എഴുതുന്നു" എന്ന സുഗതകുമാരിയുടെ വാക്കുകൾ തനിക്കും ചേരുമെന്ന് നമ്പിമഠം സാക്ഷ്യപ്പെടുത്തുന്നു.

ഒരു പ്രവാസിയുടെ തൂലികത്തുമ്പിൽ വിരിഞ്ഞ ഈ കവിതകളിൽ മലയാണ്മയുടെ ജീവകോശങ്ങൾ ഭദ്രചൈതന്യമാർന്നും ജീവകോശങ്ങൾക്ക് നവരൂപം കല്പിച്ചു പുത്തൻ കാവ്യലോകം തീർക്കുന്നു എന്നും വിശ്വവീക്ഷണമുള്ള ഒരു കേരളീയൻ്റെ ആത്മോദീരണങ്ങളെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വചനങ്ങൾക്ക് ശ്രദ്ധാലുക്കളെ ആകർഷിക്കാതിരിക്കാനാവില്ല എന്ന് ആമുഖത്തിൽ കവി പ്രൊ. വി. മധുസൂദനൻ നായർ പറയുന്നുണ്ട്.

മലപ്പുറത്തുനിന്നുള്ള മുഖം ബുക്സാണ് 248 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൽ വിവിധ കാലഘട്ടത്തിൽ രചിച്ച  91 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. "Always be a poet even in prose" എന്ന ചാൾസ് ബോദ് ലെയറിൻ്റെ വാക്കുകൾ പോലെയുള്ള ഒരു ശൈലിയാണ് നമ്പിമഠത്തിൻ്റെ എഴുത്തിനുള്ളത്. 'കവിതയുടെ സായാഹ്ന സഞ്ചാരം' എന്ന പേരിൽ  വിശദമായ അവതാരിക എഴുതിയിരിക്കുന്നത് ഡോ. അജയ് നാരായണനാണ്.  വില 400 രൂപ.    

ജോസഫ് നമ്പിമഠം

ചങ്ങനാശ്ശേരിക്കു സമീപം വടക്കേക്കര എന്ന ഗ്രാമത്തിൽ ജനനം.  ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം. 1978 മുതൽ 1984 വരെ കെ. എസ്. ആർ. ടി. സിയിൽ ജോലി ചെയ്തു. 1985 മുതൽ അമേരിക്കയിലെ ഡാലസിൽ താമസം. വിവിധ ആശുപത്രികളിൽ റേഡിയോളജി വിഭാഗത്തിൽ ജോലി ചെയ്തു. ഇപ്പോൾ ഹൂസ്റ്റണിലെ മിസൂറി സിറ്റിയിൽ വസിക്കുന്നു. 
ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെയും, ലിറ്റററി അസോസിയേഷൻ നോർത്ത് അമേരിക്കയുടെയും (ലാന) സെക്രട്ടറി, പ്രസിഡൻ്റ് തുടങ്ങി വിവിധ ചുമതലകൾ വഹിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
നിസ്വനായ പക്ഷി (കവിത), ഉഷ്ണമേഖലയിലെ ശലഭം (കഥ), കൊച്ചുകാര്യങ്ങളുടെ തമ്പുരാൻ എന്ന അരുന്ധതി നക്ഷത്രം (ലേഖനം), തിരുമുറിവിലെ തീ (കവിത), മലയാള കവിത അമേരിക്കയിൽ (സമ്പാദകൻ), അമേരിക്കൻ മലയാളി കവിതകൾ (സമ്പാദകൻ), നമ്പിമഠം കവിതകൾ (കവിത), നടക്കാനിറങ്ങിയ കവിത (കവിത) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൊക്കാനാ സാഹിത്യ പുരസ്‌ക്കാരം, ലാന സാഹിത്യ പുരസ്‌ക്കാരം, ഇമലയാളി കവിതാ പുരസ്‌ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  
പിതാവ് :- തോമസ് ദേവസ്യ നമ്പിമഠം. മാതാവ് :- അന്നമ്മ ദേവസ്യ. ഭാര്യ :- റോസമ്മ. മക്കൾ :- വിനോദ്, റീന, ജിജോ. email : jnambimadam@hotmail.com

Join WhatsApp News
ജോസഫ് നമ്പിമഠം 2026-07-09 15:43:13
"നടക്കാനിറങ്ങിയ കവിത" യെ പുസ്തക പരിചയത്തിൽ ചേർത്തതിനു ശ്രീ ബാജി ഓടംവേലിയോട് നന്ദി അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക