Image

വംശഹത്യയുടെ പാഠങ്ങളും അധിനിവേശത്തിന്റെ ക്രൂരതയും (അഷ്റഫ് കാളത്തോട്)

Published on 09 July, 2026
വംശഹത്യയുടെ പാഠങ്ങളും അധിനിവേശത്തിന്റെ ക്രൂരതയും (അഷ്റഫ് കാളത്തോട്)

മനുഷ്യചരിത്രം എക്കാലത്തും ഓർമ്മപ്പെടുത്തുന്നത് ക്രൂരമായ ചില ആവർത്തനങ്ങളെക്കുറിച്ചാണ്. എല്ലാ കാലത്തും മനുഷ്യരുടെ മേൽ അധീശത്വം നടത്തുന്നത് മതങ്ങളും ആദർശങ്ങളുമാണ്; എല്ലാവരും തങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് വലുതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ 'ആര്യൻ മേൽക്കോയ്മ' എന്ന വംശീയവെറിയുടെയും കൂട്ടക്കൊലകളുടെയും ഭീകരതകൾ അനുഭവിച്ചറിഞ്ഞ ലോകം, ഇനിയൊരു വംശഹത്യക്കും വംശീയ അടിച്ചമർത്തലിനും ഈ മണ്ണ് സാക്ഷിയാവില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചതാണ്. എന്നാൽ, ദശാബ്ദങ്ങൾക്കിപ്പുറം മധ്യപൂർവേഷ്യൻ ഭൂപ്രദേശങ്ങളിൽ അരങ്ങേറുന്ന കുടിയൊഴിപ്പിക്കലുകൾക്കും രക്തച്ചൊരിച്ചിലുകൾക്കും മുന്നിൽ നിശ്ശബ്ദരാകേണ്ടിവരുന്നത് ആധുനിക അധിനിവേശ രാഷ്ട്രീയത്തിന്റെ വഞ്ചനാത്മക മുഖമാണ് വെളിപ്പെടുത്തുന്നത്.

ഇന്ന് ഫലസ്തീൻ മണ്ണിൽ പുകയുന്ന ചോരയുടെയും കണ്ണീരിന്റെയും യാഥാർത്ഥ്യം മനസ്സിലാക്കണമെങ്കിൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് അവിടുത്തെ ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ സമവാക്യങ്ങൾ എങ്ങനെ കീഴ്മേൽ മറിഞ്ഞു എന്ന് നിഷ്പക്ഷമായി പരിശോധിക്കേണ്ടതുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ ജൂതന്മാർക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങളും വേട്ടയാടലുകളും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ജൂതന്മാർക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന ആശയത്തോടെ 'സീയോണിസ്റ്റ് പ്രസ്ഥാനം' രൂപപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഫലസ്തീൻ എന്ന പ്രദേശം പ്രധാനമായും 80% ശതമാനത്തിലധികം വരുന്ന അറബ് ജനവിഭാഗങ്ങൾ (മുസ്ലിങ്ങളും ക്രിസ്ത്യാനികളും) സമാധാനപരമായി അധിവസിച്ചിരുന്ന ഒരു മണ്ണായിരുന്നു. അന്ന് അവിടെ ജൂതന്മാർ വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമായിരുന്നു. എന്നാൽ യൂറോപ്പിലെ അടിച്ചമർത്തലുകൾ സഹിക്കാനാവാതെ പതിനായിരക്കണക്കിന് ജൂതന്മാർ ഫലസ്തീൻ മണ്ണിലേക്ക് കുടിയേറാൻ തുടങ്ങി. തുടർന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിൽ ഹിറ്റ്ലറുടെ വംശീയ ഭ്രാന്തിന്റെ ഇരകളായി 60 ലക്ഷത്തോളം ജൂതന്മാർ കൊലചെയ്യപ്പെട്ടപ്പോൾ (Holocaust), രക്ഷപ്പെട്ട ലക്ഷക്കണക്കിന് ജൂതന്മാർക്ക് അഭയം നൽകാൻ ലോകരാഷ്ട്രങ്ങൾ തയാറാവുകയും പീഡിപ്പിക്കപ്പെട്ട ആ ജനവിഭാഗത്തിന് സ്വന്തമായി ഒരു രാജ്യം വേണമെന്ന വാദം ശക്തമാവുകയും ചെയ്തു.

മാനവികതയുടെ അടിസ്ഥാനത്തിൽ അഭയമൊരുക്കുക എന്നതിലുപരി, കൊളോണിയൽ താൽപ്പര്യങ്ങളോടെ 1917-ൽ ബ്രിട്ടൻ നടപ്പിലാക്കിയ 'ബാൽഫോർ പ്രഖ്യാപനവും' (Balfour Declaration) 1947-ലെ ഐക്യരാഷ്ട്രസഭയുടെ വിഭജന നിർദ്ദേശവും ആ മണ്ണിലെ യഥാർത്ഥ അവകാശികളായ ഫലസ്തീനികളുടെ മേൽ അടിച്ചേൽപ്പിച്ച വലിയ അനീതിയായിരുന്നു. അന്നത്തെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം ആകെ ജനസംഖ്യയുടെ പകുതിയോളം മാത്രം വന്നിരുന്ന ജൂതന്മാർക്ക് 55% ഭൂമിയും, ഭൂരിപക്ഷമുണ്ടായിരുന്ന ഫലസ്തീനികൾക്ക് 45% ഭൂമിയും മാറ്റിവെക്കാൻ നിർദ്ദേശിച്ചു. ഇതിനെ അറബ് ലോകം അനീതിയായി കണ്ട് എതിർത്തപ്പോൾ, ജൂത നേതൃത്വം ഇത് അംഗീകരിച്ചു.

1948-ൽ ഇസ്രായേൽ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടതോടെ ഇസ്രായേലും അയൽപക്കത്തെ അറബ് രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായി. ഈ യുദ്ധം അതൊരുകൂട്ടം മനുഷ്യർക്ക് സുരക്ഷിതത്വം നൽകിയെങ്കിലും നൂറ്റാണ്ടുകളായി അവിടെ ജീവിച്ചിരുന്ന ഫലസ്തീനികൾക്ക് അത് 'നക്ബ' (മഹാദുരന്തം) ആയി മാറി.

7 ലക്ഷത്തിലധികം ഫലസ്തീനികളാണ് സ്വന്തം വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുകയോ ജീവനുംകൊണ്ട് ഓടിപ്പോവുകയോ ചെയ്യേണ്ടിവന്നത്. നൂറുകണക്കിന് ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കപ്പെട്ടു. സ്വന്തം നാട്ടിൽ ഭൂരിപക്ഷമായിരുന്ന ഒരു ജനത, ഒറ്റരാത്രികൊണ്ട് സ്വന്തം മണ്ണിൽ അന്യരും ന്യൂനപക്ഷവുമായി തീർന്നു.

തുടർന്ന് വന്ന കുടിയേറ്റ നിയമങ്ങളിലൂടെയും (Law of Return) സൈനിക അധിനിവേശത്തിലൂടെയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ജൂതന്മാരുടെ ആഗമനം പ്രോത്സാഹിപ്പിക്കപ്പെടുകയും, അങ്ങനെ ഇസ്രായേലിലെ ജൂത ജനസംഖ്യ വേഗത്തിൽ ഉയർന്ന് 77 ലക്ഷത്തോളമുള്ള ഭൂരിപക്ഷ ജനതയായി വളരുകയും ചെയ്തു. അന്ന് ഇസ്രായേൽ അതിർത്തിക്കുള്ളിൽ ശേഷിച്ച ഫലസ്തീനികൾ ഇന്ന് 18 ലക്ഷം മാത്രം വരുന്ന ഇസ്രായേലി അറബ്/മുസ്ലിം ന്യൂനപക്ഷമായി ചുരുങ്ങുകയും ചെയ്തു.

ഒരു ഭരണകൂടത്തിന്റെ സുരക്ഷയും നിലനിൽപ്പും മറ്റൊരു ജനതയെ നിരന്തരം അടിച്ചമർത്തുന്നതിലും, ഉപരോധങ്ങളിലൂടെയും മതിലുകളിലൂടെയും ബന്ധനസ്ഥരാക്കുന്നതിലുമാണ് അധിഷ്ഠിതമെങ്കിൽ, അവിടെയൊരിക്കലും ശാശ്വതമായ ശാന്തി പുലരില്ല. ഒരു മനുഷ്യന്റെ ജീവന്റെ വില തീരുമാനിക്കേണ്ടത് അവന്റെ മതമോ വംശമോ അതിർത്തികളോ നോക്കിയല്ല. മനുഷ്യത്വം തന്നെയാണ് ഏതൊരു ചിന്തയ്ക്കും മതത്തിനും മുകളിലാവേണ്ടത്.

ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ പേരിൽ ആയാലും, ക്രൂരമായി ഒരു മനുഷ്യന്റെ കഴുത്തറത്ത് കൊല്ലുന്നവരും നിരപരാധികളെ ബോംബിട്ട് കൊല്ലുന്നവരും ആരായിരുന്നാലും ഒരുപോലെ രാക്ഷസീയതയുടെ വക്താക്കളാണ്. വംശീയതയുടെ വിഷം കലർത്തി ചിന്തിക്കുമ്പോൾ മാത്രമാണ് ഇത്തരം ക്രൂരതകൾ ന്യായീകരിക്കപ്പെടുന്നത്.

ജനിച്ച വംശത്തിന്റെയോ വിശ്വസിക്കുന്ന മതത്തിന്റെയോ പേരിൽ ഒരു ജനതയുടെ പ്രാഥമിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് മാനവികത നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്.

അക്രമത്തിന്റെയും പ്രതികാരത്തിന്റെയും വഴികളിലൂടെ ഒരുകാലത്തും ശാശ്വത സമാധാനം പുലരില്ല. ഹിറ്റ്ലറുടെ ആര്യൻ വംശീയതയുടെ പേരിൽ പീഡിപ്പിക്കപ്പെട്ടത് ജൂതരായിരുന്നുവെങ്കിൽ, ഇന്ന് അതേ ജോലി അവർ ഏറ്റെടുത്തിരിക്കുന്നുവെന്നത് ചരിത്രത്തിന്റെ വലിയൊരു വൈരുധ്യമാണ്. അന്ന് യൂറോപ്പിൽ വംശഹത്യ നേരിട്ട ഒരു ജനവിഭാഗത്തിന് അഭയം നൽകുകയും രാജ്യം സ്ഥാപിക്കുകയും ചെയ്തപ്പോൾ, ഇരിക്കാൻ സ്ഥലം കൊടുത്ത അറബികളുടെ പ്രദേശങ്ങൾ കീഴടക്കി ഒടുവിൽ അടിച്ചമർത്തുന്ന നിലയിലേക്കെത്തിച്ചതാണ് ഇന്നത്തെ പോരാട്ടങ്ങളിലേക്ക് നയിച്ചത്. ഒരുകാലത്ത് വംശഹത്യയുടെയും അടിച്ചമർത്തലിന്റെയും ഇരകളായിരുന്നവർ, പിൽക്കാലത്ത് അധികാരം കൈവരുമ്പോൾ മറ്റൊരു ജനതയോട് അതേ അടിച്ചമർത്തൽ ആവർത്തിക്കുന്നത് ചരിത്രത്തിലെ വലിയൊരു ദുരന്തമാണ്.

മറ്റൊരു ജനതയുടെ സ്വാതന്ത്ര്യവും ജീവിതവും കവർന്നെടുത്തുകൊണ്ട് ഒരു രാഷ്ട്രത്തിനും സുരക്ഷിതത്വം ഉറപ്പാക്കാനാകില്ല. ദശാബ്ദങ്ങളായി തുടരുന്ന അനധികൃത അധിനിവേശത്തിന് അന്ത്യം കുറിക്കുകയും, ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും സ്വയംനിർണ്ണയാവകാശവും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ ലോക നേതൃത്വം തയ്യാറായില്ലെങ്കിൽ, അധിനിവേശത്തിന്റെ ചോരപ്പാടുകൾ മനുഷ്യരാശിയുടെ മനസ്സാക്ഷിയെ വേട്ടയാടിക്കൊണ്ടേയിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക