
നടി ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. അൻസിബയുടെ പരാതിയിന്മേൽ പാലാരിവട്ടം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കേസെടുക്കത്തക്ക കുറ്റകൃത്യങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ലക്ഷ്മി പ്രിയ നൽകിയ അഭിമുഖം പരിശോധിച്ച ശേഷം, കേസുമായി മുന്നോട്ട് പോകാൻ താല്പര്യമുണ്ടെങ്കിൽ അൻസിബയ്ക്ക് കോടതിയെ സമീപിക്കാമെന്ന് പൊലീസ് മറുപടി നൽകി.
യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നായിരുന്നു അൻസിബയുടെ പ്രധാന ആരോപണം. തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും വേണ്ടി ലക്ഷ്മി പ്രിയയും ശ്വേതാ മേനോനും ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിലെ പരാമർശങ്ങൾ തന്റെ അന്തസ്സിനെ മുറിപ്പെടുത്തുന്നതാണെന്നും താരം ചൂണ്ടിക്കാട്ടി.
ശ്വേതാ മേനോൻ തിരുവനന്തപുരത്തെ ഒരു പി.ആർ ഏജൻസിയുമായി കരാറുണ്ടാക്കി തനിക്കെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നുവെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, പൊലീസിന്റെ നിയമനടപടികളിൽ ഇത് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലാത്ത സാഹചര്യത്തിലാണ് പരാതിയിൽ കേസെടുക്കാതെ മറുപടി നൽകിയിരിക്കുന്നത്.