
എൻ്റെ ആദ്യത്തെ രണ്ടു ഗുരുനാഥന്മാരിലൊരാളാണ് എലിക്കുളം ആളുറുമ്പിൽ രാമകൃഷ്ണൻ നായർ സർ. വിളക്കുമാടം ഇല്ലിക്കതൊട്ടിയിൽ നാരായണപിള്ള സർ ആണ് മറ്റത്. നാരായണപിള്ള സർ ആണ് എന്നെ എഴുത്തിനിരുത്തിയതും അക്ഷരം പഠിപ്പിച്ചതും. രാമകൃഷ്ണൻ നായർ സർ ആയിരുന്നു എൻ്റെ ട്യൂഷൻ മാസ്റ്റർ. അപ്പൻ്റെ സുഹൃത്ത് ആയിരുന്ന സർ അപ്പൻ്റെ അഭ്യർത്ഥന പ്രകാരമാണ് ആറേഴു വയസ്സുണ്ടായിരുന്ന എനിക്ക് ട്യൂഷൻ എടുക്കാമെന്ന് ഏററത്. കണക്കായിരുന്നു എൻ്റെ പ്രധാന പ്രശ്നം. സർ എല്ലാ വിഷയവും പഠിപ്പിച്ചു.
സന്ധ്യയോടെ സർ വീട്ടിലെത്തും. മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിരുന്നു ഗൃഹപാഠങ്ങൾ ചെയ്യിക്കും. രാവിലെ സാറും ഞാനും വീടിനു താഴെയുള്ള പാറത്തോട്ടിലേക്ക് പോകും. അന്ന് കക്കൂസ് ഇല്ല. സാറും ഞാനും കുറച്ചപ്പുറത്തുള്ള റബ്ബർ തോട്ടത്തിലെ കാടുപിടിച്ച ഇടവഴിയുടെ മേലോരത്തെ കല്ലുകളിലിരുന്നു പാണൽക്കാടുകളെ മറയാക്കി വെളിക്കിറങ്ങും. ചിലപ്പോൾ ഞാൻ ജീവിതത്തെ പറ്റിയുള്ള എൻ്റെ മഹാസംശയങ്ങൾ അവിടെയിരുന്നു സാറിനോട് ചോദിക്കും. മരിക്കുമ്പോൾ കണ്ണ് അടക്കാതിരുന്നാൽ പോരെ, മരിക്കില്ലല്ലോ എന്നതാണ് എനിക്ക് ഓർമയുള്ള ഒരു സംശയം. സർ ചിലപ്പോൾ ഉത്തരം പറയും ചിലപ്പോൾ ചിരിക്കും.
കുളിച്ച് വീട്ടിലെത്തി രാവിലത്തെ പാഠങ്ങൾ തുടങ്ങും. പിന്നെ കാപ്പി കുടിച്ച് തോടും കുന്നും കയ്യാലയും കുത്തുകല്ലുകളും കടന്ന് സാറിൻ്റെ വേഗം വേഗം നീങ്ങുന്ന കാലടികൾക്ക് പിന്നാലെ ഞാനും സ്ലേറ്റും പുസ്തകവും ചോറ്റുപാത്രവുമായി വേഗം വേഗം പോകും. സർ യുവാവാണ്. മൂന്ന് കിലോമീറ്റർ അകലെയുള്ള ശ്രീ ദയാനന്ദ ലോവർ പ്രൈമറി സ്കൂളിലേക്കാണ് യാത്ര. രണ്ട് പേർക്കും ചെരുപ്പില്ല. സാറിൻ്റെ പരിചയക്കാരുമായി സർ കുശലപ്രശ്നം ചെയ്യുമ്പോൾ ഞാൻ അത് വാ പൊളിച്ചു കേട്ടുകൊണ്ട് നിൽക്കും. ചിലപ്പോലൊരാൾ ചോദിക്കും: ഇത് മുണ്ടാട്ടുചുണ്ടയിലെ കുഞ്ഞച്ചൻ്റെ മകനല്ലേ? ഇവനെത്രാം ക്ലാസിലാ? ഞാൻ നാണിച്ചു ഉത്തരം പറയാതെ നിൽക്കും. പറയെടാ, സർ പറയും. മൂന്നാം ക്ലാസിൽ, ഞാൻ പറയും.
സർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പ്രവർത്തകനായിരുന്നു. ഏഴ് വയസുകാരനായ എനിക്കത് അറിഞ്ഞുകൂട. സർ ആയിരുന്നു എൻ്റെ ജീവിതത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ. ഒരു കമ്മ്യൂണിസ്റ്റ് മനുഷ്യൻ. എൻ്റെ ആദർശ പുരുഷൻ. ത്യാഗിയും കെട്ടുറപ്പുള്ളവനുമായ, കമ്മ്യൂണിസത്തിൻ്റെ സുവർണകാലത്തെ കമ്യൂണിസ്റ്റുകാരൻ. എന്നെ മനുഷ്യനാക്കി മാറ്റിയ വലിയ മനുഷ്യരിലൊരാൾ.
സർ 2006 ൽ മരിച്ചു. ഞാൻ സാറിനെ അവസാനം കണ്ടപ്പോൾ എടുത്ത ചിത്രമാണിത്. വാർധക്യവും രോഗവും സാറിനെ തൻ്റെ വരാന്തയിലും മുറ്റത്തുമായി തളച്ചിട്ടിരിക്കുകയായിരുന്നു. ഈ ചെറിയ എഴുത്തുകാരന് പിന്തുടരാൻ ഭാഗ്യമുണ്ടായ ബലിഷ്ഠപാദങ്ങൾ വിശ്രമിക്കുന്നു. വാക്കുകളിലൂടെയും അവയില്ലാതെയും അദ്ദേഹമെനിക്ക് കാണിച്ചു തന്ന മാനുഷികതയുടെ പച്ചപ്പിലാണ് എൻ്റെ മനുഷ്യത്വം വേര് പിടിച്ചത്. അദ്ദേഹത്തിന് നന്ദി, വന്ദനം.