Image

വയനാട് മണ്ണിടിച്ചിൽ ദുരന്തം; തുരങ്കപാത നിർമ്മാണം നിർത്തിവെച്ചു

Published on 08 July, 2026
വയനാട് മണ്ണിടിച്ചിൽ ദുരന്തം; തുരങ്കപാത നിർമ്മാണം നിർത്തിവെച്ചു

തിരുവനന്തപുരം: അപകടസാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷം മാത്രമേ വയനാട് ഇരട്ട തുരങ്ക പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. അപകടസാധ്യതയുള്ള എല്ലാ ഘടകങ്ങളും പുനഃപരിശോധിക്കുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഇന്ന് ചേർന്ന കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മേപ്പാടി കള്ളാടിയിൽ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കിടെ ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെടുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി. ഡി. സതീശൻ ദുരന്തത്തെക്കുറിച്ചും ദുരന്തസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ദുരന്തസ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായെന്ന പ്രാഥമിക റിപ്പോർട്ടുകളും പരിശോധിക്കും. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശിച്ച പരിസ്ഥിതി മാനദണ്ഡങ്ങൾ കരാറുകാർ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും പ്രത്യേക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

 മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം;  ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിഡിസതീശന്‍. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട്ടിലെ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തി. കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി.

തുരങ്ക പാത വികസനം തടസപ്പെടുത്താൻ നടക്കുന്ന വികസന വിരുദ്ധനാണ് താൻ എന്നാണ് നേരത്തെ സിപിഎം ആരോപിച്ചത്. അന്ന് പരിസ്ഥിതി ആഘാത പഠനം അടക്കം നടത്തണമെന്ന് താൻ പറഞ്ഞിരുന്നു. മണ്ണ് പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. അന്ന് മണ്ണ് പരിശോധനാ വിദഗ്‌ധൻ എന്നാണ് തന്നെ കളിയാക്കിയത്. നിലവിൽ എന്ത് സംഭവിച്ചുവെന്ന് പരിശോധനയ്ക്ക് വിധേയമാക്കും. കേന്ദ്രം നിർമ്മാണത്തിന് അനുമതി കൊടുത്തപ്പോൾ 50 നിബന്ധനകൾ പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മണ്ണ് നീക്കം ചെയ്യാത്തതിൽ ഗുരുതര പാളിച്ചകൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.

അതേസമയം കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എംഡി ഇംമ്രാന്‍, ബിക്രം സിങ് റാണാ, രാഹുല്‍ ശര്‍മ്മ, രാകേഷ്‌, അന്‍സാരി എന്നിവര്‍ക്കായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിന് സമീപം കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങളെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിച്ചത്.

സ്‌പോര്‍ട് ലൊക്കേഷന്‍ ക്യാമറയും ഡ്രോണ്‍ കാമറയും തെരച്ചിലായി ഉപയോഗിക്കുന്നുണ്ട്. കഡാവര്‍ നായകളും സേവനവും സ്ഥലത്ത് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ഇന്നലെ അപകടത്തില്‍ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്

മണ്ണിടിച്ചില്‍ ദുരന്തം: തിരച്ചില്‍ തുടരുന്നു, അഞ്ചുപേരെ ഇനിയും കണ്ടെത്താനായില്ല
മേപ്പാടി : വയനാട് മേപ്പാടിയിലെ കള്ളാടിയില്‍ തുരങ്ക നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരെ ഇനിയും കണ്ടെത്താനായില്ല. കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ രാത്രി ഏറെ വൈകിയും തുടര്‍ന്നെങ്കിലും വിഫലമായി. ദേശീയ ദുരന്തനിവാരണ സേന, വയനാട്ടിലേതിനു പുറമെ, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അഗ്നിരക്ഷാ സേനകള്‍, കണ്ണൂര്‍ കെ എ പി നാല് പോലീസ് സേന എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.

മണ്ണൊലിച്ചിറങ്ങിയതിനെ തുടര്‍ന്ന് ഇവിടുത്തെ വൈദ്യുതി നിലച്ചിരുന്നു. ഇത് പിന്നീട് പുനസ്ഥാപിച്ചു. മണ്ണിനൊപ്പം വന്ന കൂറ്റന്‍ പാറകളും ഇടക്കിടെ പെയ്യുന്ന മഴയും ജലപ്രവാഹവും തിരച്ചിലിന് പ്രതിസന്ധിയുണ്ടാക്കി.

രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും നാലു സോണുകളായി തിരിച്ച് പരിശോധന നടത്തുമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. മണ്ണിടിച്ചിലില്‍ പരുക്കേറ്റ് മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു.

തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനായി 66 അംഗ എന്‍ ഡി ആര്‍ എഫ് ടീം, ഫയര്‍ ആന്‍ഡ് റസ്‌ക്യു, പോലീസ്, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ എന്നിവയുടെ സേവനം ലഭ്യമാക്കുന്നുണ്ട്. മരിച്ചവരുടെ മൃതദേഹം വിമാനമാര്‍ഗം അവരവരുടെ നാട്ടിലെത്തിക്കുമെന്നും കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട റോഡ് ഗതാഗതം അടിയന്തരമായി പുനസ്ഥാപിക്കുമെന്നും മന്ത്രി സിദ്ദീഖ് വ്യക്തമാക്കി. കാണാതായവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണ് മുന്‍ഗണനയെന്ന് സ്ഥലത്തെത്തിയ മന്ത്രി എ പി അനില്‍കുമാറും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക