Image

നവതരംഗ സുവിശേഷം (കവിത: ജയൻ വർഗീസ്)

Published on 08 July, 2026
നവതരംഗ സുവിശേഷം (കവിത: ജയൻ വർഗീസ്)

അധ്വാനിക്കുന്നവർ 
ക്കാശ്വാസമേകുവാൻ 
ഭാരം ചുമക്കുമ്പോൾ 
തുണയാകുവാൻ 
കൊട്ടാരക്കെട്ടുകൾ 
വിട്ടൊഴിഞ്ഞവരുടെ 
ഇഷ്ട സഖാവായി 
ഞാൻ മാറണം

വയലിലെ താമര 
വിരിയിച്ചൊരഴകിന്റെ 
കരളിലെ മധുവുണ്ടൊ
രളിയാകണം 
അരമന പ്രൗഡിയി
ലധികമായ്‌ അതിലൂറും
കവിതയെ കണ്ടു 
ഞാൻ കവിയാകണം !

ബലി വേദിയിൽ കട്ട - 
ച്ചോരയിൽ പിടയുന്ന 
സഹ ജീവിയിൽ കരൾ 
കനലാവണം 
അതിലൂടെ ദൈവത്തെ 
വില പേശി വിൽക്കുന്നോർ -
ക്കടിയേകാൻ ഞാൻ ചാട്ട 
ചരടാവണം !

അപരന്റെ കരയലിൽ 
ഇടനെഞ്ചു പിടയുന്ന 
കരുതലായ് കനിവായി 
ഞാൻ മാറണം 
ഇരുവസ്ത്രമുണ്ടെങ്കി
ലതിലൊന്നു നഗ്നന്റെ 
ഉടലിനെ പൊതിയുന്ന 
ദയയാവണം !

അതിരുകളിൽ ചോര 
ചിതറുന്ന കടലുകൾ
അപരന്റെ ജീവന്റെ 
തുണയാവണം ! 
മതിലുകൾ പൊളിയണം 
മനുഷ്യാഭിലാഷങ്ങൾ 
ചിറകടിച്ചൊരു പുലർ 
കതിരാവണം ! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക