Image

ഹരിത മുഖ്യമന്ത്രി (അച്യുതം-9: മാങ്ങാട് രത്‌നാകരൻ)

Published on 08 July, 2026
ഹരിത മുഖ്യമന്ത്രി (അച്യുതം-9: മാങ്ങാട് രത്‌നാകരൻ)

ഇപ്പോൾ കേരളത്തിലുള്ള ഒമ്പതുലക്ഷത്തോളം ഹെക്ടർ വനങ്ങളിൽ രണ്ടു ലക്ഷത്തോളം ഹെക്ടർ അച്യുതമേനോന്റെ സംഭാവനയാണെന്നു പറയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. എന്തെന്നാൽ ഇവ ഒരു പൈസപോലും നഷ്ടപരിഹാരം നൽകാതെയാണ് സർക്കാരിലേക്ക് മുതൽക്കൂട്ടിയത്.''

മാർക്‌സിസവും പരിസ്ഥിതിയും തമ്മിൽ മോരും മുതിരയും പോലെ  ചേരാത്തവയാണെന്നായിരുന്നു നീണ്ടകാലം നിലനിന്ന സങ്കല്പം. മാർക്‌സ് മനുഷ്യനെയാണ് കേന്ദ്രസ്ഥാനത്തുനിർത്തിയതെന്നും പ്രകൃതി മനുഷ്യനു ചൂഷണം ചെയ്യാനുള്ളതാണെന്നുമാണ് 'സ്റ്റാലിനിസ്റ്റ് മാർക്‌സിസ്റ്റ്' ചിന്തകന്മാർ സ്ഥാപിച്ചുകൊണ്ടിരുന്നത്. പഴയ സോവിയറ്റ് യൂണിയന്റെ വികസനസങ്കല്പങ്ങളിൽ പ്രകൃതിക്കും പരിസ്ഥിതിക്കും യാതൊരു സ്ഥാനവുമുണ്ടായില്ല. പക്ഷേ, ശരീരം കൊണ്ടും ആത്മാവുകൊണ്ടും തലച്ചോറുകൊണ്ടും നമ്മൾ പ്രകൃതിയുടെ ഭാഗമാണെന്നായിരുന്നു മാർക്‌സിന്റെയും എംഗൽസിന്റെയും വ്യക്തവും കൃത്യവുമായ നിലപാട്. വളരെ വൈകിയാണ് മാർക്‌സിസ്റ്റ് പണ്ഡിതന്മാർ മാർക്‌സിന്റെ രചനകളിലെ പരിസ്ഥിതിദർശനം അന്വേഷിക്കുന്നതും വീണ്ടെടുക്കുന്നതും.

അച്യുതമേനോന്‍ പ്രസംഗിക്കുന്നു 

സി.അച്യുതമേനോനെക്കുറിച്ചുള്ള ഈ പംക്തിയിൽ ഇങ്ങനെയൊരു മുഖവുരയെഴുതാൻ കാരണമുണ്ട്. അച്യുതമേനോന്റെ ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ വീക്ഷിക്കുന്ന ഒരു ജീവചരിത്രം, 'അച്യുതമേനോൻ ഹരിത മുഖ്യമന്ത്രി' (പ്രഭാത് ബുക്ക് ഹൗസ്, 2018) ഈയിടെ വായിക്കാനിടയായി. പ്രമുഖ ശാസ്ത്രസാഹിത്യകാരനും, കേരളത്തിലെ വനങ്ങളുടെ ചരിത്രകാരനുമായ സി.കെ.കരുണാകരനാണ് ഗ്രന്ഥകാരൻ. വനംവകുപ്പിൽ ജോലിചെയ്തിരുന്ന കരുണാകരൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായാണ് വിരമിച്ചത് (1991). അതുകൊണ്ടുതന്നെ താൻ പ്രതിപാദിക്കുന്ന വിഷയങ്ങളെക്കുറിച്ച്, കൃത്യമായ കണക്കുകളോടെയും വിശദാംശങ്ങളോടെയും ആധികാരികമായാണ് അദ്ദേഹം എഴുതുന്നത്.

പ്രകൃതിയെക്കുറിച്ച് അഗാധമായ ആത്മീയ കാഴ്ചപ്പാടുണ്ടായിരുന്ന മഹദ്‌വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ''പ്രകൃതിയിൽ മനുഷ്യന്റെ ആവശ്യത്തിനായുള്ള എല്ലാമുണ്ട്, അത്യാർത്തിക്കായുള്ളതില്ല,'' എന്നായിരുന്നു ഗാന്ധിജിയുടെ വിഖ്യാതമായ അഭിപ്രായം. പക്ഷേ, ഗാന്ധിജി ഭരണാധികാരിയായിരുന്നില്ല. ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ അധികാരത്തിലേറിയവരാകട്ടെ, പുരോഗതിയെയും വികസനത്തെക്കുറിച്ചുള്ള ചിന്തയിൽ പരിസ്ഥിതിക്ക് കാര്യമായ പ്രാധാന്യം നൽകിയതുമില്ല. രാജ്യത്തിന്റെ പ്രകൃതിയും പരിസ്ഥിതിയും ശോഷിക്കുകയായിരുന്നു ഇതിന്റെ ആത്യന്തിക ഫലം.

അച്യുതമേനോൻ കേരളത്തിലെ വനമേഖലയ്ക്കും പരിസ്ഥിതിക്കും നൽകിയ വലിയ സംഭാവനകൾ ഗ്രന്ഥകാരൻ ആമുഖത്തിൽത്തന്നെ അടിവരയിട്ടു പറയുന്നു. ''സ്വകാര്യവനങ്ങൾ ദേശസാൽക്കരിച്ചതും കണ്ണൻദേവൻ മിച്ചഭൂമി ഏറ്റെടുത്തതും അച്യുതമേനോന്റെ സ്വന്തം പരിശ്രമം മൂലമാണെന്നുള്ള വസ്തുത അവിതർക്കിതമാണ്. ഇവ രണ്ടുംകൂടിയുള്ള വിസ്തൃതി രണ്ടുലക്ഷം ഹെക്ടറോളം ഉണ്ട്. അങ്ങനെ ഇപ്പോൾ കേരളത്തിലുള്ള ഒമ്പതുലക്ഷത്തോളം ഹെക്ടർ വനങ്ങളിൽ രണ്ടു ലക്ഷത്തോളം ഹെക്ടർ അച്യുതമേനോന്റെ സംഭാവനയാണെന്നു പറയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. എന്തെന്നാൽ ഇവ ഒരു പൈസപോലും നഷ്ടപരിഹാരം നൽകാതെയാണ് സർക്കാരിലേക്ക് മുതൽക്കൂട്ടിയത്.''

അച്യുതമേനോനും സുഹൃത്തുക്കളും 

എന്നുമാത്രമല്ല, ക്രാന്തദർശിത്വത്തോടെ സംസ്ഥാനത്ത് ആദ്യമായി ഒരു വനഗവേഷണസ്ഥാപനത്തിന് അച്യുതമേനോൻ രൂപം നൽകുകയും ചെയ്തു. പരിസ്ഥിതിയെക്കുറിച്ച് ഇപ്പോഴത്തെപ്പോലെ ശാസ്ത്രജ്ഞരും പൊതുജനങ്ങളും ബോധവാന്മാരല്ലാതിരുന്ന എഴുപതുകളിലാണ് ഒരു ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സ്ഥാപനം രൂപീകരിക്കുന്നതെന്ന് ഓർക്കണം (ഇന്നത്തെ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയൺമെന്റ്, KSCSTE).

ഇക്കാര്യത്തിൽ അച്യുതമേനോനിൽ ബാല്യകാലം തൊട്ട് അന്തർലീനമായിരുന്ന പ്രകൃതിസ്‌നേഹമാണ് പ്രവർത്തിച്ചതെന്ന് ഗ്രന്ഥകാരൻ എഴുതുന്നു. ഏതു പുതിയ പദ്ധതി ആവിഷ്‌കരിക്കുമ്പോഴും അവ സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് അച്യുതമേനോൻ ആ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു.

അച്യുതമേനോന് പ്രകൃതിയോടുണ്ടായിരുന്ന ഈ സഹജാവബോധം തുടർന്നുവന്ന മുഖ്യമന്ത്രിമാർക്കോ മന്ത്രിമാർക്കോ ഉണ്ടായിരുന്നില്ല. എന്തിന്ന്, തന്റേതന്നെ പാർട്ടിയിലെ സർവാദരണീയരായ നേതാക്കന്മാർ പോലും പരിസ്ഥിതിക്ക് രണ്ടാംസ്ഥാനം മാത്രമേ നൽകിയിരുന്നുള്ളൂ.

പി.കെ.വാസുദേവൻ നായർ വൈദ്യുതിവകുപ്പ് മന്ത്രിയായിരിക്കെയാണ് സൈലന്റ് വാലി പദ്ധതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. അത്യപൂർവമായ മഴക്കാടാണ് അതെന്നും സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടേയും ആവാസകേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടി പദ്ധതി ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരും ഇതേ ആവശ്യം ഉന്നയിച്ചു. അപ്പോഴും പി.കെ.വിയും കെ.എസ്.ഇ.ബിയും പദ്ധതിക്കു പിന്നിൽ ഉറച്ചുനിൽക്കുകയാണു ചെയ്തത്. പദ്ധതിക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും എതിരായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഇടപെടൽ കാരണമാണ് സൈലന്റ്‌വാലി ഇന്നും നിത്യഹരിതവനമായി നിലനിൽക്കുന്നതുതന്നെ.

ഇ എം എസ് 

പൊതുജീവിതത്തിലെ തികഞ്ഞ ആർജ്ജവവും സത്യസന്ധതയും പ്രകടിപ്പിച്ചിരുന്ന പി.കെ.വാസുദേവൻ നായർ ആത്മകഥയിൽ എഴുതി: ''ഞങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ആരും ചോദ്യം ചെയ്തില്ല. എന്നാൽ പിന്തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ ഞങ്ങളുടെ നിലപാട് ശരിയായിരുന്നില്ല എന്നുകാണാം. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് എന്നെപ്പോലുള്ള മന്ത്രിമാർക്ക് വേണ്ടത്ര അവബോധം അന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പരിസ്ഥിതിയുടെ പേരിൽ സൈലന്റ്‌വാലി പദ്ധതി ഉപേക്ഷിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടും നടപ്പിലാക്കണമെന്ന് ഞങ്ങൾ വാശിപിടിക്കാനിടയായത്.'' (പി.കെ.വിയുടെ ആത്മകഥ', പ്രഭാത് ബുക്ക്ഹൗസ്, തിരുവനന്തപുരം, 2010)

കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയും മാർക്‌സിസ്റ്റ് ചിന്തകനുമായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ പരിസ്ഥിതി ചിന്തകൾ കൂടി, അച്യുതമേനോന്റെയും പി.കെ.വിയുടെയും വിവേകപൂർണമായ കാഴ്ചപ്പാടുമായി തട്ടിച്ചുനോക്കുന്നതു നന്നായിരിക്കും. ആദ്യ മന്ത്രിസഭയിൽ ഇ.എം.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായിരുന്ന സുബ്രഹ്‌മണ്യശർമ്മ എന്ന ശർമ്മാജി അയച്ച ഒരു കത്തിൽ (7-09-1996) ഉന്നയിച്ച പരിസ്ഥിതി സംബന്ധമായ ചോദ്യങ്ങൾക്ക് ഇ.എം.എസ്. ഇങ്ങനെ മറുപടി നൽകി:

''പരിസ്ഥിതിപ്രശ്‌നം പ്രധാനമാണെന്ന നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. പക്ഷേ പരിസ്ഥിതിയാണ് ഏകപ്രശ്‌നം എന്ന പരിസ്ഥിതിവാദികളുടെ നിലപാട് എനിക്കു സ്വീകാര്യമല്ല. ആ നിലപാട് നിമിത്തമാണ് കേരളത്തിലെ വൈദ്യുതിപ്രശ്‌നം ഇത്ര മൂർച്ഛിച്ചിട്ടുള്ളത്. സൈലന്റ്‌വാലി തൊട്ട് പരിസ്ഥിതിവാദക്കാർ നടത്തിയിരുന്ന പ്രക്ഷോഭങ്ങൾ നമ്മുടെ വികസനത്തെ പിറകോട്ടടിച്ചിട്ടുണ്ടെന്ന ഉറച്ച അഭിപ്രായമാണ് എനിക്കുള്ളത്. അവരുടെ നിലപാടിനോട് ഒത്തുകൊണ്ടുള്ള ഒരു കേരളവികസനമാതൃകയാണ് നിങ്ങൾ നിർദ്ദേശിക്കുന്നത്. അതിനോട് ഞാൻ പൂർണമായും വിയോജിക്കുന്നു. ('ശർമ്മാജി 1916-1997', ബാലവിഹാർ, തിരുവനന്തപുരം, 2011).

പുനലൂര്‍ രാജന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക