Image

രാജൻ പുല്ലമ്പലം എഴുതിയ കത്ത് (ചെറുകഥ: വിശ്വനാഥന്‍ പി.വി)

Published on 08 July, 2026
രാജൻ പുല്ലമ്പലം എഴുതിയ കത്ത് (ചെറുകഥ: വിശ്വനാഥന്‍ പി.വി)

“രാജൻ പുല്ലമ്പലം” അയച്ച കത്ത് കണ്ടു ദേവൻ ഞെട്ടി. ദേവൻ മാത്രമല്ല,
അടുത്തടുത്ത ദിവസങ്ങളിലായി കത്തുകൾ കിട്ടിയ രാജൻ്റെ നാലഞ്ചു
കൂട്ടുകാർക്കും അതുതന്നെയായിരുന്നു അനുഭവം. ദേവൻ നാലാമത് ഒരിക്കൽ
കൂടി കത്ത് വായിച്ചു

“സുഹൃത്തെ, പലപ്പോഴായി നീ സഹായിച്ചിട്ടുള്ള മൂവായിരത്തി ഇരുന്നൂറു
രൂപ എനിക്കിതുവരെ മടക്കിത്തരുവാൻ സാധിച്ചിട്ടില്ല. നിനക്കുമാത്രമല്ല,
രാജേഷ്, സോമൻ, ജയൻ, ഗോപൻ…..ഇവരുടെയൊന്നും കടം വീട്ടാൻ
എനിക്കായില്ല. ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങളുടെ കടം വീട്ടാൻ
സാധിക്കുമെന്നും തോന്നുന്നില്ല. എന്നെന്നും ഒരു കടക്കാരനായി ഇങ്ങനെ
തുടരുന്നതിൽ യാതൊരർത്ഥവുമില്ല. അതുകൊണ്ട്, ഈ വരുന്ന പതിനഞ്ചാം
തീയതി വ്യാഴാഴ്ച ഞാൻ ആത്മഹത്യ ചെയ്യുകയാണ്. കടം പറ്റിയ തുക
ബാക്കി നിൽക്കുമെങ്കിലും മനസ്സിലെ സ്നേഹം പതിന്മടങ് മടക്കി
നൽകിയാണ് ഞാൻ പോകുന്നത് എന്ന് വിശ്വസിക്കുമല്ലോ. സ്‌കൂൾ കാലം
മുതൽ എന്നെ ചേർത്തുപിടിച്ച കൂട്ടുകാരാണ് നിങ്ങൾ. പലപ്പോഴായി
എന്നിലേക്ക്‌ വന്നു പോയ മറ്റുള്ളവരെപ്പോലെ അല്ല. എന്തെങ്കിലും തെറ്റ്
എൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം.”

ആത്മഹത്യാ കുറിപ്പ് എന്ന് കേട്ടിട്ടുണ്ടെങ്കിലും, ഇങ്ങനെയൊന്ന്, ഏഴെട്ടു
ദിവസം മുമ്പേ ഒരുവൻ്റെ ആത്മഹത്യാ വിവരം അറിയിക്കുന്നത്, ദേവന്
ചിന്തിക്കാൻ പോലുമായില്ല. അതും പലപ്പോഴായി, തിരികെ പ്രതീക്ഷിക്കാതെ,
അഞ്ഞൂറും ഇരുന്നൂറുമെല്ലാമായി അറിഞ്ഞു സഹായിച്ചിട്ടുള്ളതു
സൂചിപ്പിച്ചുകൊണ്ട്. മൂവായിരത്തി ഇരുന്നൂറു രൂപ എന്നൊരു കണക്ക്
ദേവൻ്റെ മനസ്സിൽ പോലുമില്ല. സോമനും ജയനുമൊന്നും ഒരിക്കലും
അങ്ങിനെ ചിന്തിക്കില്ല എന്നും ദേവനറിയാം. എങ്കിലും കത്തെഴുതിയത്
പുല്ലമ്പലം ആയതുകൊണ്ട് ദേവൻ ഭയന്നു.

പുല്ലമ്പലം പാതി വട്ടനാണെന്ന് നാട്ടുകാർക്കെല്ലാമറിയാം. മുഴുവട്ടാണെന്നും
ചിലർ പറയാറുണ്ട്. അതുകൊണ്ടുതന്നെ എട്ടു പത്ത് ദിവസം കഴിഞ്ഞ്
ആത്മഹത്യ ചെയ്യും എന്നവൻ എഴുതിയതിൽ ഞെട്ടിയെങ്കിലും, ദേവന്
അത്ഭുതം തോന്നിയില്ല.

രാജൻ്റെ സ്‌കൂൾ കാലം തൊട്ടു തന്നെ കൂട്ടുകാർ അവൻ്റെ പ്രത്യേക
സ്വഭാവം അറിയുന്നതാണ്. ഒന്നും പ്രവചിക്കാനാവാത്ത ഒരുവൻ.
പഠിത്തത്തിൽ കേമനല്ലെങ്കിലും സുന്ദരമായ കയ്യക്ഷരം. ചിത്രം
വരക്കുന്നതുപോലെ. നാടൻ പാട്ടുകളും കവിതകളും മറ്റൊരു ഭ്രമം.
എന്നിട്ടും സ്‌കൂൾ കാലം ഒമ്പതാം ക്ലാസ്സോടെ നിറുത്തി. വീട്ടിലെ
ചുറ്റുപാടെന്നു കാരണം പറയാമെങ്കിലും അവൻ്റെ താല്പര്യങ്ങളും വേറെ
പലതുമായിരുന്നു.

തീരെ പ്രതീക്ഷിക്കാതെ അവൻ്റെ അവതാരം പുതിയ വഴികളിലായത്
പെട്ടെന്നായിരുന്നു. നാട്ടിലുള്ള ഒരു ക്ലൂബ്ബ്കാരാണ് അവനെ ഉത്സവപ്പറമ്പിലെ
ഒരു നാടകത്തിനു ആദ്യം കൂടെകൂട്ടിയത്. ചെറുകിട നാടക രചനയും നാടൻ
കവിതയുമൊക്കെയായി നാട്ടിൽ പല കൂട്ടുകളിലും പെട്ടെങ്കിലും ഒരു
സുപ്രഭാതത്തിൽ പുല്ലമ്പലം നാട് വിടുകയായിരുന്നു.

പലതരം ചെറുകിട ദിവസപ്പണികളുമായി നാട്ടിൽ തുടർന്ന കാലമെല്ലാം
അവനെ പഴയ കൂട്ടുകാർ കൂടെക്കൂട്ടി. പ്രത്യേകിച്ചും ദേവൻ ഉൾപ്പെടുന്ന
ചെറു സംഘം. നല്ല നിലയിൽ എത്തിയിട്ടും അവരെല്ലാം “പുല്ലമ്പല”ത്തിനെ
അവരിലൊരുവനായിത്തന്നെ ചേർത്തുപിടിച്ചു. അവൻ ചോദിക്കാതെ
അവനെ പലവട്ടം സഹായിച്ചു..

പിന്നീടുള്ളകാലം ഇടയ്ക്കു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും
ചെയ്യുന്ന പുല്ലമ്പലത്തിൻ്റെ ഓരോ വരവും അവർ ഒരുമിച്ച് ആഘോഷിച്ചു.
അവൻ്റെ മാറി മറിയുന്ന ചിന്തകൾക്കിടയിൽ ചൊല്ലുന്ന നാടൻ
കവിതകളും പാട്ടുകളും പലവട്ടം ആസ്വദിച്ചു. രാജൻ പുല്ലമ്പലം എന്ന
പേരിൽ അവൻ്റെ കവിതകൾ ഒരു നാൾ പുസ്തകമായി വരും എന്ന്
അവൻ പാതി കാര്യമായും പാതി തമാശയായും പറയുമ്പോൾ, അവൻ
എല്ലാവർക്കും അത്ഭുതം തന്നെയായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രാമത്തിലെ ഉത്സവകാലത്ത് മാത്രമാണ്
തുടർച്ചയായി പുല്ലമ്പലത്തിനെ ഗ്രാമത്തിൽ കാണുന്നത്. വയസ്സായ, ബുദ്ധി
കുറവുള്ള അമ്മയും, അലഞ്ഞു തിരിയുന്ന പുല്ലമ്പലത്തിനെ ഒരിക്കലും
പ്രതീക്ഷിച്ചിരുന്നില്ല. ഉത്സവത്തിന് അമ്പലത്തിലെ രാത്രി വിളക്കിനു വലിയ
തീവെട്ടി പിടിക്കുന്നതിനായി ഏതു നാട്ടിലാണെങ്കിലും മീനം ഒന്നിന് അവൻ
നാട്ടിൽ എത്തും, ഒരവകാശം പോലെ. ഉത്സവം കഴിയുമ്പോഴേക്കും
തീവെട്ടിയിൽ നിന്നൊലിച്ചിറങ്ങിയ എണ്ണയും, ചൂടുമെല്ലാം അവനെ ഒന്ന്
കൂടി കറുപ്പിക്കും. ഒരു കൈ ഇടുപ്പിൽ കുത്തി, തീവെട്ടിയുടെ ചുവടുഭാഗം
തൻ്റെ കാലിൽ ഉടക്കി മേളം കണ്ടു നിൽക്കുന്ന പുല്ലമ്പലം ഉത്സവ
സമയത്തെ സ്ഥിരം കാഴ്ചയാണ്. ഉത്സവം കഴിയുന്നതോടെ വന്നപോലെ
തന്നെ പുല്ലമ്പലം അപ്രത്യക്ഷനാവും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി
അവൻ്റെ വരവിനുള്ള ചിട്ട അതാണ്.

അപ്രതീക്ഷിതമായി വന്ന കത്ത് ദേവനെ ഞെട്ടിച്ചത് അവൻ്റെ
പ്രവചനാതീതമായ സ്വഭാവം കൊണ്ടുതന്നെയാണ്. അവൻ എല്ലാക്കാലവും
അങ്ങിനെയായിരുന്നുവെന്നും ദേവനറിയാം. സ്‌കൂളിൽ പഠിക്കുന്നകാലത്ത്
ശ്രീരാമനെ ഭജിച്ചു കൈ വിരിച്ച് ചാടിയാൽ പറക്കാനാവും എന്ന് ഒരുത്തൻ
പറഞ്ഞത് കേട്ട് മരത്തിനു മുകളിൽനിന്നു ‘പറന്നു’ താഴെ വീണതും,
സ്ഥിരമായി ഒരു കാലിനു ചട്ടുണ്ടായതും കൂട്ടുകാർക്കെല്ലാം ഓർമയുള്ള

പഴയ കഥയാണ്. പിന്നീട് ഒരിക്കൽ അതിനെക്കുറിച്ച്‌ കവിത എഴുതിയും
അവൻ അവരെയെല്ലാം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒന്ന് രണ്ടു വർഷം മുമ്പേ ഉത്സവത്തിന് സോപാന സംഗീതം അരങ്ങിൽ
നടക്കുമ്പോൾ സ്റ്റേജിൽ കലാകാരനെ തടഞ്ഞതും അതേ പാട്ട് അതിലും
നന്നായി പാടി തുടങ്ങിയതും അടുത്തകാലത്തെ ഭ്രാന്ത്. അന്ന് കമ്മറ്റിക്കാരുടെ
ഉന്തും തള്ളും മാത്രമായി അതവസാനിച്ചത് അവനെ ഇഷ്ടപ്പെട്ടിരുന്ന
കൂട്ടുകാരുടെ സ്നേഹം കൊണ്ടു മാത്രമാണ്.

ഇതെല്ലാമാണെങ്കിലും അവനെ ഇഷ്ട്ടപ്പെടാതിരിക്കാൻ ദേവനുൾപ്പടെയുള്ള
കൂട്ടുകാർക്ക് സാധിച്ചിരുന്നില്ല. താടിയും മുടിയും വളർത്തിയ
പ്രാകൃതനായും, ഒരു രോമം പോലും ഇല്ലാതെ തല മുണ്ഡനം ചെയ്തു
കാവി വസ്ത്രത്തിലും, കൈലി ഉടുത്ത് ഷാപ്പിലും അവൻ പലപ്പോഴും
പ്രത്യക്ഷപ്പെടുമ്പോൾ കൂടെയുള്ളവരുടെ നിമിഷങ്ങൾ സന്തോഷിപ്പിച്ചാണ്
അവൻ പിന്നീട് അപ്രത്യക്ഷമാവുക. അവൻ എങ്ങിനെ ജീവിക്കുന്നു,
എവിടെ മറയുന്നു എന്നതെല്ലാം അവനു മാത്രം അറിയുന്ന രഹസ്യമാക്കി…

ഒന്ന് കൈ നീട്ടിയാൽ ഭക്ഷണത്തിനോ എന്തെങ്കിലും അത്യാവശ്യത്തിനോ
എന്നറിഞ് കൂട്ടുകാർ അവനെ പലപ്പോഴും സഹായിച്ചു. ഓരോ വട്ടവും,
അതുവരെയുള്ള അവരുടെ സഹായത്തോടു കൂടി അതും കൂടി ചേർത്ത്
അവൻ്റെ മനസ്സിലുള്ള കണക്കുപുസ്തകത്തിലെ തുക അവരോടു
പറയുമ്പോൾ ആരും അത് കാര്യമാക്കിയിരുന്നില്ല.

അവസാനം അമ്പത് രൂപ നൽകുമ്പോൾ അവൻ പറഞ്ഞത് ദേവൻ
ഒരിക്കൽക്കൂടി ഓർത്തു “ ഇപ്പൊ മൂവായിരത്തി ഇരുന്നൂറായി…എന്നെങ്കിലും
പുല്ലമ്പലം അത് തിരിച്ചു തരും” എന്ന്. കഴിഞ്ഞ പത്തിരുപതു വർഷം
കൊണ്ട് കടംകൊണ്ട തുകയുടെ കണക്കാണ് അവൻ തെറ്റിക്കാതെ പറയുന്നത്.
അതും ഒരു കണക്കു ബുക്ക് പോലുമില്ലാതെ എന്നത് ദേവൻ ചിരിച്ചു
തള്ളുകയായിരുന്നു.

ഒരു ഭ്രാന്തൻ മനസ്സിൽ നിന്നുമുള്ള കത്താണ് എന്നതാണ് ദേവനെ
പരിഭ്രമിപ്പിച്ചത്. അവനെ അവസാനം നേരിട്ട് കണ്ടത് ഉത്സവനാളിലാണ്.
എവിടെയെങ്കിലും ഉത്സവപ്പറമ്പിലോ വെടിക്കെട്ടുകാരുടെ കൂടെയോ
കറങ്ങുകയാവും എന്നും ദേവൻ ഊഹിച്ചു. അവനെഴുതിയ കത്തുപ്രകാരം
അവനിനി നാല് ദിവസം കൂടിയേ ജീവിച്ചിരിക്കൂ എന്നതാണ് ദേവനെ
കൂടുതൽ അലട്ടിയത്. ‘ഇവനെ എവിടെ പോയി തിരക്കും ? ആരോടെങ്കിലും
കത്ത് വന്ന കാര്യം പറയാൻ പറ്റുമോ ? ഇതേ പോലെ വേറെ
ആർക്കെങ്കിലും കത്ത് കിട്ടിയിരിക്കുമോ ? പോലീസിനോടെങ്ങനെ പറയണം?’
നൂറു കൂട്ടം ചിന്തകളാണ് ദേവൻ്റെ മനസ്സിൽ ഉയർന്നത്.

രാജേഷിൻ്റെ തമാശയോടെയുള്ള സംസാരമാണ് തനിക്കു കിട്ടിയതുപോലുള്ള
കത്ത് അടുത്ത കൂട്ടുകാർക്കെങ്കിലും കിട്ടിയിട്ടുണ്ട് എന്നത് ദേവനെ
ബോധ്യപ്പെടുത്തിയത്. “നിനക്ക് തരാനുള്ള അറുനൂറ്ററുപത് നൽകാൻ
പുല്ലമ്പലത്തിനാവില്ല. ക്ഷമിക്കണം. ഒരു കടക്കാരനായി പുല്ലമ്പലം
മടങ്ങുകയാണ്, കൂടുതൽ കടക്കാരനാവാതെ. വരുന്ന പതിനഞ്ചാം തീയതി
ഞാൻ ആത്മഹത്യ ചെയ്യും. പൈസയുടെ കടം ബാക്കി നിൽക്കുമെങ്കിലും
മനസ്സിൽ സ്നേഹം മാത്രം കൂടെ കൊണ്ട് പോകും. എന്നോട് നിങ്ങൾ
എല്ലാവരും ക്ഷമിക്കണം”. പുല്ലമ്പലത്തിൻ്റെ ഭാഷയിൽ “കടം”കൊണ്ട
തുകയൊഴിച്ച് രാജേഷിനുള്ള കത്തിൽ എല്ലാം തനിക്കു കിട്ടിയ കത്ത്
പോലെയെന്ന് അതോടെ ദേവന് ബോദ്ധ്യമായി.

താമസിയാതെ അടുത്ത കൂട്ടുകാരെല്ലാം പരസ്പരം പറഞ്ഞു വിവരം
അറിഞ്ഞു. പുല്ലമ്പലം ആത്മഹത്യ ചെയ്യുമെന്നും അത് പതിനഞ്ചാം
തീയതിയെന്നതും അവർ ഭയന്നു. എന്ത് ചെയ്യണം എന്നറിയാതെ കൂട്ടുകാർ
കുഴങ്ങി. അവനെ കണ്ടുപിടിക്കാനുള്ള വഴി എല്ലാവരും ചിന്തിച്ചു.

പുല്ലമ്പലത്തിൻ്റെ സ്വഭാവം നന്നായറിയുന്ന അവരുടെ മുന്നിലേക്ക് ഒരു
വഴിയും തെളിഞ്ഞില്ല. എങ്കിലും പല ഇടങ്ങളിലും രഹസ്യമായും
പരസ്യമായും അവർ അന്വേഷിച്ചു. പോലീസിൽ സൂചിപ്പിക്കാം എന്ന്
ചിലരെങ്കിലും അഭിപ്രായപ്പെട്ടു.

ഒന്ന് രണ്ടു ദിവസങ്ങൾ നീങ്ങി. പക്ഷെ പുല്ലമ്പലത്തതിനെ ആരും
കണ്ടെത്തിയില്ല. പുല്ലമ്പലം ആരുടെ മുന്നിലും പ്രത്യക്ഷപ്പെട്ടില്ല.

ബുധനാഴ്ചയായതോടെ ഒരു കൂട്ടായ തീരുമാനം പോലെ കത്തുകിട്ടിയ
രണ്ടുപേർ പഞ്ചായത്ത് പ്രെസിഡണ്ടിനെ വിവരം അറിയിച്ചു. “നിങ്ങൾക്കും
അവൻ്റെ ഭ്രാന്തു പകർന്നോ?” എന്ന അയാളുടെ ചോദ്യത്തോടെ അവർ
അടുത്ത ദിവസത്തിനായി മനസ്സിനെ തയ്യാറാക്കി. ഒറ്റക്കും ഒളിഞ്ഞും
കേട്ടറിഞ്ഞ ഗ്രാമവാസികളും ആ വാർത്ത ഉൾക്കൊള്ളുവാൻ തയ്യാറായി.

പതിനഞ്ചാം തീയതി രാവിലെ അമ്പലത്തിൽ നിർമാല്യത്തിന് തൊഴുതു
നിൽക്കുന്ന പുല്ലമ്പത്തെ ആദ്യം കണ്ടത് മാരാര് വേണുവാണ്. അതോടെ
അവൻ്റെ ഫോണിലൂടെ അടുത്ത കൂട്ടുകാർക്കെല്ലാം സന്ദേശങ്ങൾ പാഞ്ഞു.
സൂര്യൻ ഉദിച്ചതോടെ ആൽത്തറയിൽ ബീഡി വലിച്ച് താടിയും തടവി ഒരു
സന്യാസിയെപ്പോലെ വിശ്രമിച്ചിരുന്ന പുല്ലമ്പലത്തിനു മുന്നിൽ അവരിൽ
ചിലർ എത്തി.

തന്നെക്കാണാൻ എത്തിയ കൂട്ടുകാരുടെ മുന്നിൽ ഒന്നും
സംഭവിക്കാത്തതുപോലെ പുല്ലമ്പലം ലോഹ്യം പറഞ്ഞു. ചില കവിതകൾ
ഈണത്തിൽ ചൊല്ലി. കൂട്ടത്തിൽ താനയച്ച കത്ത് കിട്ടിയിരുന്നുവോ എന്നും
മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാതെ അവൻ കൂട്ടുകാരോട് ചോദിച്ചു.
എല്ലാവർക്കും കടക്കാരനായുള്ള ജീവിതത്തിനെക്കുറിച്ച് അവൻ എഴുതിയ
കവിതയിലെ രണ്ടു വരികൾ- തീരാത്ത കടമാണ് ജീവിതം,
തീർക്കാനെനിക്കായി സമയം- ഓരോരുത്തർ വരുമ്പോഴും ഉറക്കെ ചൊല്ലി.

അതോടെ അവൻ പറഞ്ഞത് ചെയ്യും എന്ന് എല്ലാവരും ഉറപ്പിച്ചു. അവനെ
എങ്ങിനെ അതിൽ നിന്നും തടയാം എന്നത് അവരവരുടെ രീതിയിൽ
ചിന്തിച്ചു. അവനെ കെട്ടിയിട്ടാലോ എന്നുപോലും ചിലർ അഭിപ്രായം
പറഞ്ഞു.

അവൻ്റെ മുന്നിലെത്തിയ ഓരോരുത്തരും അവരുടേതായ രീതിയിൽ
അവനോട് ഭ്രാന്തു ചിന്തിക്കരുതെന്ന് പറഞ്ഞു. അവൻ വെറുതെ പറഞ്ഞതല്ലേ
എന്നും പ്രതീക്ഷയോടെ അവനോടു ചോദിച്ചു. എന്തെന്ന്
മനസ്സിലാക്കാനാവാത്ത ചിരിയായിരുന്നു അവൻ്റെ മറുപടി. ഇടയ്ക്കു
“തീരാത്ത കടമാണ് ജീവിതം” അവൻ ആവർത്തിച്ചു.

അവർ നൽകിയ തുകയൊന്നും അവരുടെ ഒരു കണക്കു പുസ്തകത്തിലും
ഒരിക്കലും സ്ഥലം പിടിച്ചിട്ടില്ല എന്നും അതെല്ലാം അവനോടുള്ള ഇഷ്ടം
മാത്രമാണെന്നും എത്തിയവരെല്ലാം അവർക്കറിയാവുന്ന രീതിയിൽ അവനെ
പറഞ്ഞു ബോധിപ്പിക്കുവാൻ ശ്രമിച്ചു. ചിലപ്പോഴൊക്കെ അവൻ
നിറകണ്ണുകളോടെ അവർ പറയുന്നത് സ്വീകരിച്ചു. അടുത്ത നിമിഷം,
അവിടെ എത്തിയിട്ടില്ലാത്ത ഓരോ പേരുകൾ പറഞ്ഞു അവരോടെല്ലാം നൂറു
രൂപയുടെയും മുന്നൂറു രൂപയുടെയും കടക്കാരനാണ് താൻ എന്നത്
ആവർത്തിച്ചു. ആരുടയും കടക്കാരനായി ജീവിതം തുടരരുതെന്ന അവൻ്റെ
പുതിയ തത്വവും കവിതയും വീണ്ടും വീണ്ടും അവൻ പാടി.

പലതും ഭയന്നും, അവൻ അസുഖകരമായ കാഴ്ച തങ്ങൾക്കു നൽകും എന്ന്
ഉറപ്പായതോടെയും, എല്ലാവർക്കും വേണ്ടി ദേവൻ മുന്നിട്ടിറങ്ങി. എല്ലാ
കടങ്ങളും ഒരിക്കലും ആരും മടക്കി ചോദിക്കുകയില്ലായെന്നും, എല്ലാ
കണക്കും അവനു മറക്കാം എന്നും, അവരോടു സ്നേഹമുണ്ടെങ്കിൽ
പറയുന്നത് ഉൾക്കൊള്ളണം എന്നും ഉള്ളിൻ്റെ ഉള്ളിൽ നിന്നും അവൻ്റെ
ഏറ്റവും അടുത്ത സുഹൃത്തായ ദേവൻ പറയുമ്പോൾ പുല്ലമ്പലം ഒരു
കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു. തങ്ങളുടെ കടം ഓർത്ത് ജീവിതം
അവസാനിപ്പിക്കരുതെന്നും, ഇനിയും തങ്ങൾ കൂടെയുണ്ടാവുമെന്നും, അത്
തങ്ങളുടെ സ്നേഹമാണെന്നും എല്ലാവർക്കും വേണ്ടി ദേവൻ അവനോട്
പറഞ്ഞു. അവൻ ഏറെ നേരം അവരുടെ മുന്നിൽ കണ്ണുനീരോടെ നിന്നു.

അവൻ്റെ മനസ്സിൽ എന്തെല്ലാം ചിന്തകളാവും എന്ന് കൂട്ടുകാർ ഭയന്നു.
മുഖത്തുനിന്ന് ഒന്നും വായിച്ചെടുക്കാനാവുന്നില്ലെങ്കിലും അവർ പറഞ്ഞത്
അവൻ സ്വീകരിച്ചു എന്നവരുടെ മനസ്സു വിശ്വസിച്ചു. അന്നേ ദിവസം
അവൻ്റെ ചിന്തകളെ പൂർണമായി മാറ്റാതെ അവനെ ഒറ്റയ്ക്ക് വിടാൻ
കൂട്ടുകാർ ഭയന്നു. അവർ മാറി മാറി അവൻ്റെ കൂടെ നിന്നു. കടയിൽ
നിന്നും ചായയും വടയും ഭക്ഷണവുമൊക്കെ അവൻ്റെ മുന്നിൽ എത്തി.

വൈകുന്നേരത്തോടെ, അവൻ്റെ ഓർമയിലെ കണക്കുപുസ്തകത്തിലെ ഏല്ലാ
കടക്കാരുടെയും കടം സ്നേഹം മാത്രമാണെന്നും അതൊന്നും ഒരിക്കലും
ആരും തിരിച്ചു പ്രതീക്ഷിക്കുന്നില്ല എന്നും അവനെ അവർ ഒരു വിധം
ബോദ്ധ്യപ്പെടുത്തി. സൂര്യാസ്തമയത്തോടെ തൻ്റെ കൂട്ടുകാരുടെ നിറഞ്ഞ
സ്നേഹമായിരുന്നു ഓരോ സഹായവും എന്ന് പുല്ലമ്പലം സ്വയം അറിഞ്ഞു.
അവൻ്റെ മനസ്സു നിറഞ്ഞു. അവരോടെല്ലാമുള്ള നന്ദി ഒരു കവിതയിലൂടെ
അവൻ ഉറക്കെ ചൊല്ലി. അവൻ്റെ മനസ്സ് സന്തോഷം കൊണ്ട്
നിറഞ്ഞിരുന്നുവന്ന് അവൻ്റെ മുഖം അവർക്കു തെളിവ് നൽകി.
നാളുകളായി ഒറ്റക്കുകഴിയുന്ന അമ്മയുടെ അടുത്തേക്ക് അവരെല്ലാവരും
അവനെ നിർബന്ധിച്ച് പറഞ്ഞയച്ചു.

വെള്ളിയാഴ്ച ഗ്രാമത്തിൽ വീണ്ടും സൂര്യോദയമുണ്ടായി. കിഴക്കുദിച്ച
സൂര്യരശ്മികൾ പുല്ലമ്പലത്തിൻ്റെ വീട്ടു മുറ്റത്തും അരിച്ചരിച്ചു കയറി.

മനസ്സിലെ ആകാംഷ ദേവനെയും കൂട്ടരെയും രാവിലെതന്നെ
പുല്ലമ്പലത്തിൻ്റെ വീട്ടു മുറ്റത്തെത്തിച്ചു. പാതി ബോധത്തിൽ കിടക്കുന്ന
അമ്മയല്ലാതെ വേറാരും അവിടെയുണ്ടായിരുന്നില്ല. തങ്ങൾക്കെന്നപോലെ
പോലെ പുല്ലമ്പലത്തിൻ്റെ വടിവൊത്ത കരികൊണ്ടുള്ള അക്ഷരം ചുമരിൽ
അവർ കണ്ടു .

“ഇന്നെനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസം. ആരോടും ഒരു
ബാദ്ധ്യതയുമില്ലാതെ പുല്ലമ്പലത്തിൻ്റെ ജീവിതത്തിലെ ആദ്യ ദിവസം.
ഇനിയും ഇത് തുടർന്നാൽ പുതിയ കടങ്ങളും ബാധ്യതകളും ഉറപ്പായും
എന്നെ തേടിവരും. ഒരു കടക്കാരനാവാതെ, ആരോടും ബാദ്ധ്യതയില്ലാതെ
പുല്ലമ്പലത്തിനു മടങ്ങുവാൻ ഏറ്റവും നല്ല ദിവസം. പ്രിയ സുഹൃത്തുക്കളെ
പുല്ലമ്പലം മടങ്ങുന്നു. ഒരു കടവും ബാക്കി ഇല്ലാതെ, ഉള്ളു നിറയെ0
എല്ലാവരുടെയും സ്നേഹത്തോടെ…”

വീടിനു മുന്നിലെ ഇടവഴിയിലൂടെ പുല്ലമ്പലം എവിടെക്കായിരിക്കും
രാത്രിയുടെ ഏതോ യാമത്തിൽ നടന്നു മറഞ്ഞത് എന്നറിയാതെ കൂട്ടുകാർ
വിങ്ങി. മീനം ഒന്നിന് പുല്ലമ്പലം വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അവരിൽ
ചിലർ വിശ്വസിച്ചു. പുല്ലമ്പലത്തിൻ്റെ യാത്രാമൊഴി ആവില്ല അവൻ
കുറിച്ചതെന്ന് അവർ മനസ്സിനെ വിശ്വസിപ്പിച്ചു…

മീനം ഒന്നിന് വേണ്ടി കണ്ണുകളെയും പുല്ലമ്പലത്തിൻ്റെ നാടൻ പാട്ടുകൾക്കും
കവിതകൾക്കുമായി കാതുകളെയും അവർ കാത്തിരിക്കാൻ സമാധാനിപ്പിച്ചു…

അപ്പോഴും ഒരു വിങ്ങൽ പോലെ “തീരാത്ത കടമാണ് ജീവിതം,
തീർക്കാനെനിക്കായി സമയം” എന്ന അവൻ്റെ ശബ്ദം ചിലരുടെയെങ്കിലും
ഉള്ളിൻ്റെ ഉള്ളിൽ ഒരു നോവായി മുഴങ്ങിക്കൊണ്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക