
ഓഗസ്റ്റ, മെയ്ൻ: മെയ്ൻ സംസ്ഥാനത്തെ യു.എസ്. സെനറ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്നറിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണം രാഷ്ട്രീയരംഗത്ത് വലിയ ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്ലാറ്റ്നർ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, മുൻ ഗവർണർ സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ ഡോ. നിരവ് ഷായുടെ പേര് പകരക്കാരനായി ശക്തമായി ഉയർന്നുവരുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2021-ൽ താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നാരോപിച്ച് മെയ്ൻ സ്വദേശിനി ജെന്നി റാസിക്കോട്ട് രംഗത്തെത്തിയതോടെയാണ് വിവാദം രൂക്ഷമായത്. ആരോപണം പ്ലാറ്റ്നർ ശക്തമായി നിഷേധിച്ചു. "ഇത് ഗുരുതരവും അസത്യവുമായ ആരോപണമാണ്. പരസ്പര സമ്മതമില്ലാത്ത പെരുമാറ്റത്തിൽ ഏർപ്പെട്ടുവെന്ന ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണ്," എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ, പ്ലാറ്റ്നർ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡോ. നിരവ് ഷാ ഉൾപ്പെടെ നിരവധി ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തി. മെയ്ൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഷെന്ന ബെല്ലോസും ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി പ്ലാറ്റ്നർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
മെയ്ൻ നിയമപ്രകാരം പ്ലാറ്റ്നറിന് ജൂലൈ 13 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. അങ്ങനെ സംഭവിച്ചാൽ ജൂലൈ 27-നകം ഡെമോക്രാറ്റിക് പാർട്ടി പുതിയ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കേണ്ടിവരും. നവംബറിൽ റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസിനെ നേരിടാനാണ് പുതിയ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക.
കോവിഡ്-19 മഹാമാരിക്കാലത്ത് മെയ്ൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഡയറക്ടറായി പൊതുജനാരോഗ്യ ബ്രീഫിംഗുകളിലൂടെ ശ്രദ്ധേയനായ ഡോ. നിരവ് ഷാ പിന്നീട് യു.എസ്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. അടുത്തിടെ നടന്ന ഡെമോക്രാറ്റിക് ഗവർണർ പ്രൈമറിയിൽ രണ്ടാം സ്ഥാനത്തെത്തിയ ഷാ, സംസ്ഥാനതലത്തിലുള്ള ജനപ്രീതിയും മിതവാദ നിലപാടുകളും കാരണം പാർട്ടിക്ക് യോജിച്ച സമവായ സ്ഥാനാർത്ഥിയാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുൻ മെയ്ൻ സെനറ്റ് പ്രസിഡന്റ് ട്രോയ് ജാക്സണും സാധ്യതാ സ്ഥാനാർത്ഥികളുടെ പട്ടികയിലുണ്ട്. കൂടാതെ ഷെന്ന ബെല്ലോസ്, മുൻ ഹൗസ് സ്പീക്കർ സാറാ ഗിഡിയോൺ, ഗവർണർ ജാനെറ്റ് മിൽസ്, പ്രതിനിധി ജറേഡ് ഗോൾഡൻ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.
അതേസമയം, ആരോപണങ്ങളെ തുടർന്ന് പ്ലാറ്റ്നറിനുള്ള നിരവധി രാഷ്ട്രീയ പിന്തുണകളും സാമ്പത്തിക സഹായങ്ങളും പിൻവലിക്കപ്പെട്ടിട്ടുണ്ട്. റോ ഖന്ന ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണ പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്.
2026-ലെ യു.എസ്. സെനറ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഈ സീറ്റ് തിരിച്ചുപിടിക്കാനുള്ള മികച്ച അവസരങ്ങളിലൊന്നായാണ് ഡെമോക്രാറ്റുകൾ മെയ്‌നിനെ കാണുന്നത്. അതിനിടെയാണ് ഈ വിവാദം പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്.