Image

എഐ പ്രത്യാഘാതങ്ങളെക്കുറിച്ച് കമലഹാസന്‍; പിന്തുണച്ച് മകള്‍ ശ്രുതി ഹാസന്‍!

Published on 08 July, 2026
 എഐ പ്രത്യാഘാതങ്ങളെക്കുറിച്ച് കമലഹാസന്‍; പിന്തുണച്ച് മകള്‍ ശ്രുതി ഹാസന്‍!

 

വെള്ളിത്തിരയില്‍ സാങ്കേതികവിദ്യകൊണ്ട് വിസ്മയങ്ങള്‍തീര്‍ക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മിത ബുദ്ധി (എഐ) യുടെ അമിത ഉപയോഗത്തില്‍ മുന്നറിയിപ്പുമായി രംഗത്ത്. അടുത്തിടെ, ഹോളിവുഡ് റേഞ്ചിലുള്ള എഐ വിദ്യകള്‍ പഠിക്കാന്‍ അമേരിക്കയില്‍ പോയിവന്നതിനുശേഷമാണ് കമല്‍ഹാസന്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞത്. ചെന്നൈയിലെ കോളജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവേയാണ് ഉലകനായകന്‍ കടുത്ത യാഥാര്‍ഥ്യം തുറന്നുപറഞ്ഞത്. അപ്പായുടെ മാസ് ഡയലോഗിന് സോഷ്യല്‍ മീഡിയയില്‍ ഫുള്‍ സപ്പോര്‍ട്ടുമായി മകള്‍ ശ്രുതി ഹാസനും എത്തിയതോടെ സംഭവം ചര്‍ച്ചയായി മാറി.

എഐ ടൂളുകളെ അനാവശ്യമായി ആശ്രയിക്കുന്നത് നമ്മുടെ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നു എന്നാണ് കമല്‍ വളരെ ലളിതമായി വിഥ്യാര്‍ഥികളോടു പറഞ്ഞത്. നമ്മള്‍ കൗതുകത്തിനുവേണ്ടി ചാറ്റ്ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ചോദിക്കുന്ന ഓരോ ചോദ്യവും പ്രോസസ് ചെയ്യാന്‍ വലിയ തോതില്‍ വൈദ്യുതിയും ജലവും ആവശ്യമുണ്ട്. നിങ്ങള്‍ ഓരോ തവണ ചാറ്റ്ജിപിടിയോട് ചോദ്യം ചോദിക്കുമ്പോഴും ഒരു ഗ്ലാസ് വെള്ളം വീതം പാഴാകുന്നുണ്ടെന്ന് ഓര്‍ക്കുക! കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്തോറും കൂടുതല്‍ വെള്ളം പാഴാകും. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം എഐ ഉപയോഗിക്കുക. ബാക്കി സംശയങ്ങള്‍ നിങ്ങളുടെ അടുത്തുള്ള സുഹൃത്തുക്കളോട് ചോദിച്ച് മനസിലാക്കൂ. എഐയേക്കാള്‍ കൂടുതല്‍ അറിവുള്ള മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാം അറിയാമെന്ന ഭാവം തനിക്കില്ല, കാരണം ചാറ്റ്ജിപിടി അല്ലല്ലോ! അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ല- കമല്‍ഹാസന്‍ പറഞ്ഞു.

ഉലകനായകന്റെ പ്രസംഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് ശ്രുതി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. വെറുതെ സപ്പോര്‍ട്ട് മാത്രമല്ല, എഐ സാങ്കേതികവിദ്യയുടെ അമിത ഉപയോഗം പ്രകൃതിയിലെ ജലസ്രോതസുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയും ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എഐ നിര്‍മിത ആര്‍ട്ടുകള്‍ക്കും ഉള്ളടക്കങ്ങള്‍ക്കും പിന്നാലെ പോകാതെ, മനുഷ്യന്റെ യഥാര്‍ഥ കഴിവിനും നൈപുണ്യത്തിനും പ്രാധാന്യം നല്‍കണമെന്നാണ് ശ്രുതിയുടെ പക്ഷം.

നിങ്ങള്‍ ഇപ്പോഴും യഥാര്‍ഥ മനുഷ്യനെ വിലമതിക്കുന്നുവെങ്കില്‍ ഫോളോ ചെയ്യൂ, എഐയേക്കാള്‍ മുകളില്‍ എന്ന കിടിലന്‍ അടിക്കുറിപ്പോടെയാണ് ശ്രുതി വിഷയം ആരാധകരിലേക്ക് എത്തിച്ചത്.
എന്തായാലും സിനിമയില്‍ പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഉലകനായകന്‍ തന്നെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയത് സിനിമാ-സാങ്കേതിക ലോകത്ത് വലിയ ചര്‍ച്ചയായി. സാങ്കേതികവിദ്യയാകാം, പക്ഷേ അത് മനുഷ്യനെയും പ്രകൃതിയെയും വിഴുങ്ങുന്നതാകരുത് എന്ന താരത്തിന്റെ വാക്കുകള്‍ വിസ്മരിക്കാന്‍ കഴിയില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക