
ഇന്ത്യന്‍ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്‌കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പന്‍ താരനിരയും ബഡ്ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഇന്ത്യന്‍ വിതരണാവകാശം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.
250 കോടിയ്ക്കാണ് ധര്‍മ പ്രൊഡക്ഷന്‍സ് രാമായണ സ്വന്തമാക്കിയത് എന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ഓവര്‍സീസ് വിതരണാവകാശം വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സിനാണ്. നവംബറില്‍ ദീപാവലി റിലീസായിട്ടാണ് രാമായണ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ രാമനായി അഭിനയിക്കാന്‍ രണ്‍ബീര്‍ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തില്‍ 75 കോടിയാണ് നടന് ലഭിക്കുക. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്.
രാവണനായി അഭിനയിക്കുന്ന കന്നഡ സൂപ്പര്‍ താരം യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ഭാഗങ്ങളില്‍ നിന്നുമായി 100 കോടിയാണ് യഷിന് ലഭിക്കുക. ഹനുമാന്‍ ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.