Image

സമീപത്തു കെട്ടിടം അപകടനിലയിൽ: ന്യൂ യോർക്കിൽ ഇന്ത്യയുടെ യുഎൻ ആസ്ഥാനം ഒഴിപ്പിച്ചു (പിപിഎം)

Published on 08 July, 2026
സമീപത്തു കെട്ടിടം അപകടനിലയിൽ: ന്യൂ യോർക്കിൽ ഇന്ത്യയുടെ യുഎൻ ആസ്ഥാനം ഒഴിപ്പിച്ചു (പിപിഎം)

സമീപത്തു നിർമാണത്തിലുളള കെട്ടിടം വീഴാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നതിനെ തുടർന്നു ന്യൂ യോർക്കിൽ ഇന്ത്യയുടെ യുഎൻ കാര്യാലയം ചൊവാഴ്ച്ച ഒഴിപ്പിച്ചു.

ഫൈസർ ഔഷധ നിർമാണ കമ്പനിയുടെ ആസ്ഥാനമായിരുന്ന 27 നില കെട്ടിടത്തിനു ചെരിവുണ്ടായി എന്നാണ് കണ്ടെത്തിയത്. സമീപത്തുള്ള സ്കൂൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്നു മേയർ സോഹ്രാൻ മാംദാനി അറിയിച്ചു.

ഗ്രാൻഡ് സെൻട്രൽ ടെർമിനലിനു സമീപം അപകടനിലയിലായ കെട്ടിടത്തിൽ ഇന്ത്യൻ മിഷനിലെ ജീവനക്കാർക്കു താമസസൗകര്യമുണ്ട്. ഓഫിസുകളും കോൺഫറൻസ് സൗകര്യങ്ങളുമുണ്ട്.

ഇന്ത്യൻ മിഷന്റെ കെട്ടിടത്തിനു ഭീഷണിയില്ലെന്നു അധികൃതർ അറിയിച്ചു. ഒഴിപ്പിക്കൽ മുൻകരുതൽ മാത്രമാണ്.

ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നു മാംദാനി പറഞ്ഞു. കെട്ടിട നിർമാണ തൊഴിലാളികളെയും ഒഴിപ്പിച്ചിട്ടുണ്ട്. നഗരവാസികൾ ഈ മേഖല ഒഴിവാക്കണം.

ഇഷ്ടിക വീഴുന്നു എന്ന് രാവിലെ 8 മണിയോടെ ആരോ വിളിച്ചു പറഞ്ഞെന്നു ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു. ടൈംസ് സ്ക്വയറും ഗ്രാൻഡ് സെൻട്രൽ ടെർമിനലും സ്ഥിതി ചെയ്യുന്ന 42 സ്ട്രീറ്റിൽ ഇഷ്ടിക ഉൾപ്പെടെയുള്ള കെട്ടിട ഭാഗങ്ങൾ വീണു. 

നഗരത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നാവേണ്ട ഈ കെട്ടിടം 235 ഈസ്റ്റ്, 42 സ്ട്രീറ്റ് എന്നിവയ്ക്കു സമീപമാണ്. 2027ൽ പണി തീർക്കണം എന്നതാണ് ലക്‌ഷ്യം.

കെട്ടിടത്തിന്റെ 21ആം നിലയിൽ ഒരു സ്റ്റീൽ ബീമിനു തകരാറുണ്ടെന്നു ഫയർ ഉദ്യോഗസ്ഥർ പറയുന്നു. രണ്ടു സപ്പോർട് കോളങ്ങൾ വീഴാൻ സാധ്യതയുണ്ട്. മുകളിലത്തെ പല ഫ്ലോറുകളിലും അപകട സാധ്യതയുണ്ട്.  

ഒട്ടേറെ ഹോട്ടലുകളും ഓഫിസുകളും പ്രവർത്തിക്കുന്ന മേഖലയിൽ 9 ബഹുനില കെട്ടിടങ്ങൾ ഒഴിപ്പിച്ചുവെന്നു അധികൃതർ പറഞ്ഞു. 
നാനൂറോളം കുട്ടികൾ പഠിക്കുന്ന കെന്നഡി ഇന്റർനാഷണൽ സ്കൂൾ ഒഴിപ്പിച്ചതായി മാംദാനി അറിയിച്ചു.

Nearby building crack: India’s UN Mission building evacuated

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക