Image

ന്യൂജേഴ്‌സിയിൽ 'നാമം' സെന്റർ സ്ഥാപിക്കും; 'നാമം എക്സലൻസ് അവാർഡ് 2026' ഓഗസ്റ്റ് 2-ന്

Published on 07 July, 2026
ന്യൂജേഴ്‌സിയിൽ  'നാമം' സെന്റർ സ്ഥാപിക്കും; 'നാമം എക്സലൻസ് അവാർഡ് 2026' ഓഗസ്റ്റ് 2-ന്

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനാറ് വർഷമായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നാമം (നോർത്ത് അമേരിക്കൻ മലയാളി ആൻഡ്   അസോസിയേറ്റഡ് മെംബേർസ്), തങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നായ 'നാമം എക്സലൻസ് അവാർഡ് 2026' ഓഗസ്റ്റ് 2-ന് ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട് പാലസിൽ സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിനൊപ്പം സമൂഹത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പ്രത്യേക കോഫി ടേബിൾ ബുക്കിന്റെ പ്രകാശനവും നടക്കും. കലാപരിപാടികളും ആദരവ് സമ്മേളനവും ഉൾപ്പെടുന്ന വിപുലമായ ആഘോഷമായിരിക്കും ചടങ്ങ്.

ഇ-മലയാളി, പ്രവാസി ചാനലുകൾക്ക്  നൽകിയ പ്രത്യേക അഭിമുഖത്തിൽ നാമം പ്രസിഡന്റ് പ്രദീപ് മേനോൻ, സ്ഥാപക പ്രസിഡന്റ് മാധവൻ നായർ, സെക്രട്ടറി ബിന്ദു സത്യൻ, ട്രഷറർ സിറിയക്ക് എബ്രഹാം, ലൈഫ് മെമ്പർ ദേവസി പാലാട്ടി എന്നിവർ സംഘടനയുടെ പതിനാറ് വർഷത്തെ വളർച്ചയും ഭാവിദിശയും വിശദീകരിച്ചു.

നാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് എക്സലൻസ് അവാർഡ് എന്ന് പ്രസിഡന്റ് പ്രദീപ് മേനോൻ പറഞ്ഞു. ശാസ്ത്രം, ആരോഗ്യരംഗം, വിദ്യാഭ്യാസം, സാമൂഹിക സേവനം, യുവജന നേതൃത്വം, വിദ്യാർത്ഥി നേട്ടങ്ങൾ, കല, സംരംഭകത്വം തുടങ്ങി സമൂഹത്തിന് മാതൃകയായ വ്യക്തികളെ കണ്ടെത്തി ആദരിക്കുകയാണ് ലക്‌ഷ്യം.
"അംഗീകാരം ലഭിക്കേണ്ട നിരവധി പേർ സമൂഹത്തിലുണ്ട്. അവർക്ക് യഥാർത്ഥ ബഹുമതി നൽകുകയും അവരുടെ പ്രവർത്തനങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഈ അവാർഡിന്റെ ലക്ഷ്യം. ഇത് വെറും പുരസ്കാരദാനമല്ല, സമൂഹത്തിന് പ്രചോദനമാകുന്ന വ്യക്തികളെ ഉയർത്തിക്കാട്ടുന്ന ഒരു വേദിയാണ്," അദ്ദേഹം പറഞ്ഞു. അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം പൂർണമായും സുതാര്യവും സ്വതന്ത്രവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അപേക്ഷകരുടെ വ്യക്തിവിവരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, ശുപാർശകൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ പ്രൊഫൈൽ സ്വതന്ത്ര ജഡ്ജിംഗ് പാനൽ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നത്. സംഘടനയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികൾ ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി അവാർഡിന്റെ വിശ്വാസ്യതയും നിലവാരവും ഉറപ്പാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

ഇത്തവണത്തെ എക്സലൻസ് അവാർഡിന്റെ മറ്റൊരു പ്രത്യേകത, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കോഫി ടേബിൾ ബുക്ക് ആണെന്ന് ഭാരവാഹികൾ അറിയിച്ചു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ഈ പ്രത്യേക പതിപ്പിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളുടെ ജീവിതരേഖ, കുടുംബപശ്ചാത്തലം, നേട്ടങ്ങൾ, സമൂഹത്തിന് നൽകിയ സംഭാവനകൾ എന്നിവ ഉൾപ്പെടുത്തും. ഒരു കുടുംബസ്മരണിക പോലെ തലമുറകൾ സൂക്ഷിച്ചുവയ്ക്കാവുന്ന പ്രസിദ്ധീകരണമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അവാർഡ് പരിപാടിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും, ഈ വർഷം ഏറ്റവും വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘടനയുടെ തുടക്കത്തെക്കുറിച്ച് സ്ഥാപക പ്രസിഡന്റ് മാധവൻ നായർ  വിശദീകരിച്ചു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളെ ഒരുമിപ്പിച്ച് സമൂഹത്തിന് ദീർഘകാലം പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പാക്കുക എന്ന ആശയത്തിലാണ് നാമം രൂപീകരിക്കപ്പെട്ടത്. അഞ്ച് വർഷവും പത്ത് വർഷവും മുന്നിൽ കണ്ടുള്ള വികസനപദ്ധതികളോടെയാണ് സംഘടനയുടെ തുടക്കം. ഇന്ന് പതിനാറ് വർഷങ്ങൾ പിന്നിടുമ്പോൾ നാമം ഒരു പുതിയ വളർച്ചാഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ഇപ്പോൾ ആരംഭിക്കുന്നത് നാമത്തിന്റെ രണ്ടാംഘട്ട വികസനമാണ്. സംഘടനയുടെ ഭാവിയെ മുൻനിർത്തിയുള്ള വലിയ മാറ്റങ്ങളാണ് ഇനി നടപ്പാക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി അംഗത്വം വ്യാപിപ്പിക്കുക, എല്ലാ ഭരണനടപടികളും ഡിജിറ്റയിസ് ചെയ്യുക, ഓൺലൈൻ സേവനങ്ങൾ ശക്തിപ്പെടുത്തുക, പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുക തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ നാമത്തിന് നൂറിലധികം ലൈഫ് മെമ്പർമാരും നൂറുകണക്കിന് സാധാരണ അംഗങ്ങളുമുണ്ട്. ഓരോ പ്രധാന പരിപാടിയിലും 800 മുതൽ 900 വരെ ആളുകളുടെ പങ്കാളിത്തം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രൈ-സ്റ്റേറ്റ് മേഖലയാണ് പ്രധാന പ്രവർത്തനമേഖലയെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അംഗത്വത്തിന് അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാമത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വന്തമായ ഒരു കമ്മ്യൂണിറ്റി സെന്റർ സ്ഥാപിക്കുകയാണെന്ന് അദ്ദേഹം  പറഞ്ഞു.
അവിടെ കുട്ടികൾക്ക് പഠനസഹായം, യുവജന പരിശീലനം, വനിതാ ശാക്തീകരണ പരിപാടികൾ, മുതിർന്നവർക്കുള്ള സംഗമങ്ങൾ, സാഹിത്യ-സാംസ്കാരിക കൂട്ടായ്മകൾ, സമൂഹസേവന പ്രവർത്തനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ നടത്താനാണ് ലക്ഷ്യം.

ഇതിന്റെ ആദ്യപടിയായി  മാധവൻ നായരുടെ ഓഫീസിന്റെ മുകൾ നിലയിൽ നാമത്തിനായി ഒരു ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.  

പത്ത് വർഷത്തിനുള്ളിൽ 250 ലൈഫ് മെമ്പർമാരും 2,000-ലധികം സാധാരണ അംഗങ്ങളും ഉൾപ്പെടുന്ന ശക്തമായ ദേശീയ സംഘടനയായി നാമത്തെ വളർത്തുകയാണ് ദീർഘകാല ദർശനമെന്നും അദ്ദേഹം പറഞ്ഞു.

ഇത് മലയാളികൾക്ക് മാത്രമായി പരിമിതപ്പെടുന്ന സംഘടനയല്ല എന്നതാണ് നാമത്തിന്റെ പ്രത്യേകതകളിലൊന്ന്. മലയാളി കുടുംബങ്ങളുമായി ബന്ധപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലെയും മറ്റു ഭാഷാ സമൂഹങ്ങളിലെയും ആളുകൾക്കും അംഗത്വം നൽകുന്ന രീതിയാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്.
ന്യൂജേഴ്സി പോലുള്ള ബഹുസാംസ്കാരിക സമൂഹത്തിൽ എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിച്ച് സാമൂഹിക ഐക്യം വളർത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

എക്സലൻസ് അവാർഡ് മാത്രമല്ല, വർഷം മുഴുവൻ വിവിധ പരിപാടികളാണ് നാമം സംഘടിപ്പിക്കുന്നത്. ഓണാഘോഷം, കുടുംബസംഗമം, പിക്‌നിക്, യുവജന പരിപാടികൾ, സംഗീത-നൃത്ത മത്സരങ്ങൾ, ക്രിക്കറ്റ്, വേദിക് മാത്തമാറ്റിക്സ് ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹസേവന പദ്ധതികൾ തുടങ്ങി ഒൻപതിലധികം പ്രധാന പരിപാടികൾ ഓരോ വർഷവും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

2022-മുതൽ  നാമത്തിന്റെ ഭാഗമായ സെക്രട്ടറി ബിന്ദു സത്യൻ, സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായത് സമൂഹസേവന രംഗത്ത് കൂടുതൽ സജീവമാകാൻ സഹായിച്ചതായി പറഞ്ഞു.

സംഘടനയുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

നാമത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ സമൂഹത്തിന്റെ പിന്തുണയാണെന്ന് അവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പതിനാറ് വർഷത്തിനിടെ നിരവധി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതും അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 2-ന് നടക്കുന്ന 'നാമം എക്സലൻസ് അവാർഡ് 2026' പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനാഘോഷമാക്കി മാറ്റാൻ എല്ലാ കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം വേണമെന്നും സംഘാടകർ അഭ്യർഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക