
ആതിഥേയര്‍ എന്ന ലേബലില്‍ ഫിഫ ലോകകപ്പ് 2026 ല്‍ മത്സരങ്ങള്‍ ഇല്ലാതെ യോഗ്യത നേടിയ മൂന്നു ടീമുകളാണ് മെക്‌സിക്കോയും യു.എസും കാനഡയും. മൂന്നു ടീമുകളും പ്രീക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ വാക്ക് ഓവർ അല്ലായിരുന്നു അവരുടേതെന്ന് വ്യക്തമാക്കപ്പെട്ടു. മെക്‌സിക്കോ ആകട്ടെ നാലു മത്സരങ്ങളും വിജയിച്ചാണ് റൗണ്ട് ഓഫ് 16 ല്‍ സ്ഥാനം നേടിയത്. ഇപ്പോള്‍ പ്രീ ക്വാര്‍ട്ടറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആതിഥേയരെല്ലാം പുറത്തായിക്കഴിഞ്ഞു.
2022 ലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ എതിരില്ലാത്ത മൂന്നു ഗോളിന് കാനഡയെ തോല്‍പിച്ചതില്‍ അത്ഭുതമില്ല. മെക്‌സിക്കോ ആകട്ടെ ഇംഗ്ലണ്ടിനോട് പൊരുതിതോല്‍ക്കുകയായിരുന്നു(2-3). മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്‌റ്റേഡിയത്തില്‍ 1966നു ശേഷം മെക്‌സിക്കോയുടെ മൂന്നാം പരാജയം മാത്രമല്ലായിരുന്നത്. ഇംഗ്ലണ്ട് പ്രതിരോധ താരം ജാറെല്‍ ക്വാന്‍സാ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായിട്ടും 'യെസ് വി ക്യാന്‍' എന്ന് ആര്‍ത്ത ഗ്യാലറികള്‍ക്കും ഇംഗ്ലണ്ടിന്റെ വിജയം തടയാനായില്ല. 1986 ല്‍ ഇതേ സ്റ്റേഡിയത്തില്‍ മറഡോണ 'ദൈവത്തിന്റെ കൈ' കൊണ്ടു നേടിയ ഗോളില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ട് ഈ സ്റ്റേഡിയത്തില്‍ കളിച്ചത് ആദ്യമായാണ്. അന്നു ക്വാര്‍ട്ടറില്‍ ആയിരുന്നു പരാജയം.
കാനഡയ്ക്കു പുറമെ മെക്‌സിക്കോയും പരാജയപ്പെട്ടിട്ടും യു.എസ്. പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ആദ്യ നാലു മത്സരങ്ങളില്‍ മൂന്നു ഗോള്‍ അടിച്ച് യു.എസ്. കുതിപ്പിനു വഴിയൊരുക്കിയ ഫൊലാറിന്‍ ബഗോഗന്റെ സസ്‌പെന്‍ഷന്‍ ഒഴിവാക്കാന്‍ ഫിഫയോട് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് തന്നെ അഭ്യർഥിച്ചതും വിജയ പ്രതീക്ഷയുടെ ഭാഗമായിരുന്നു. ബോസ്‌നിയന്‍ താരം താരിക് മഹ്‌റാമോവിച്ചിനെ വീഴ്ത്തിയതിനാണ് ബഗോഗന്‍ ചുവപ്പു കാര്‍ഡ് കണ്ടത്. ആ സസ്‌പെന്‍ഷന്‍ മാറ്റിവയ്ക്കുവാന്‍ താന്‍ തന്നെ അഭ്യര്‍ത്ഥിച്ചതായി ട്രമ്പ് സമ്മതിക്കുകയും ചെയ്തു.
ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയെ ട്രമ്പ് സ്വാധീനിച്ചു എന്ന് ബെല്‍ജിയവും യുവേഫയും ആരോപിക്കുമ്പോള്‍ താന്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണു ചെയ്തതെന്ന് ഡോണള്‍ഡ് ട്രമ്പ് വ്യക്തമാക്കി. എന്തായാലും ഫിഫയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന ആരോപണം ശക്തമാണ്. ബഗോഗന്‍ ലെഫ്റ്റ് വിങ് ഫോര്‍വേഡായി ഇറങ്ങിയിട്ടും യു.എസ്. ബല്‍ജിയത്തിനോട് ദയനീയമായി തോറ്റു(1-4). ടില്‍മാന്‍ ആണ് യു.എസിന്റെ ആശ്വാസ ഗോള്‍ നേടിയത്.
സിയാറ്റിലില്‍ നടന്ന മത്സരത്തില്‍ 57 ശതമാനം സമയം പന്ത് നിയന്ത്രിച്ച യു.എസ്. രണ്ടു തവണമാത്രമാണ് ലക്ഷ്യത്തിലേക്ക് പന്ത് തട്ടിയത്. മറിച്ച് ബല്‍ജിയം ഏഴു തവണ ഗോള്‍വലയത്തിനു നേരെ പന്ത് പായിച്ചു. യു.എസ്. ഗോളി മാറ്റ് ഫ്രീസിന് കനത്ത സമ്മര്‍ദ്ദം നേരിടേണ്ടിവന്നു. 2014 ല്‍ യു.എസ്. ബല്‍ജിയത്തോട് തോറ്റാണു പുറത്തായതെങ്കിലും അന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടി രുന്നു. അന്ന് പ്രീക്വാര്‍ട്ടറില്‍ യു.എസ്. തോറ്റത് 1-2നാണ്. 2022ലും യു.എസ്. പുറത്തായത് പ്രീക്വാർട്ടറില്‍ ആണ്. അന്ന് നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ടു.
പത്തു കളിക്കാരുമായി ബോസ്‌നിയയ്‌ക്കെതിരെ റൗണ്ട് ഓഫ് 32ല്‍ നേടിയ വിജയം യു.എസിനു പ്രതീക്ഷ നല്‍കിയിരുന്നു. എന്തായാലും ബല്‍ജിയം യു.എസിനെതിരായ വിജയം ആഘോഷിക്കുകയാണ്. അവരുടെ ആഘോഷം യു.എസ്. പ്രസിഡന്റിനെ ലക്ഷ്യമിട്ടാണു താനും. ട്രോളുകള്‍ക്കും പഞ്ഞമില്ല. സ്വാതന്ത്ര്യത്തിൻ്റെ 250 വർഷം ആഘോഷിക്കുന്ന യു.എസിന് ലോകകപ്പ് ആവേശമായിരുന്നു. ഫുട്‌ബോളില്‍ ലോകശക്തികളല്ലെങ്കിലും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം കണക്കുകൂട്ടിയിരുന്നു.
അര്‍ജന്റീന-ഈജിപ്ത്, സ്വിറ്റ്‌സര്‍ലന്‍ഡ് - കൊളംബിയ, മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈന്‍ അപ്പ് വ്യക്തമാകും. സ്വന്തം രാജ്യത്തിന്റെ സാന്നിധ്യം ഇല്ലാത്തത് യു.എസ്. കാണികളെ നിരാശപ്പെടുത്തും.