
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നീറ്റല്‍ ബാക്കി നില്‍ക്കെ വയനാട് വീണ്ടുമൊരു പ്രകൃതിക്ഷോഭത്തിന്റെ ദുരന്ത ഭൂമിയായി മാറിയിരിക്കുന്നു. മേപ്പാടിക്ക് സമീപം കള്ളാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചതായാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. 5 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ കള്ളാടിയില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായത്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനായി പാറ പൊട്ടിക്കുന്നതിനിടെ മുകളില്‍ നിന്ന് വന്‍തോതില്‍ മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. മുപ്പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മീനാക്ഷി പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ വാഹനങ്ങളും നിര്‍മാണ സാമഗ്രികളും പൂര്‍ണമായും മണ്ണിനടിയിലായി.
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിരക്ഷാസേന, ദ്രുതകര്‍മ സേന എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് മാറ്റിയാല്‍ മാത്രമേ കൂടുതല്‍ പേരെ പുറത്തെടുക്കാന്‍ സാധിക്കൂ. പ്രദേശത്തെ റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തുരങ്കപാത നിര്‍മാണ മേഖലയില്‍ കൂട്ടിയിട്ടിരുന്ന മണ്ണ് മുന്‍കൂട്ടി നീക്കം ചെയ്യണമെന്ന് നേരത്തെ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കരാറുകാര്‍ നിര്‍ദേശം അവഗണിക്കുകയാണുണ്ടായത്.
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ചുമതല. മണ്ണിടിച്ചിലിന് പിന്നില്‍ കരാറുകാരുടെ കടുത്ത അനാസ്ഥയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. കരാറുകാരെ ദുരന്തത്തില്‍ പ്രതി ചേര്‍ത്താണ് മുഖ്യമന്ത്രി വി.ഡി സതീശനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറും പ്രതികരിച്ചത്. നിര്‍മാണവുമായി ബന്ധപ്പെട്ട മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് ഇപ്പോള്‍ ദുരന്തമായി ഇടിഞ്ഞിറങ്ങിയത്. കനത്ത മഴ പെയ്താല്‍ മണ്ണിടിഞ്ഞ് അപകടമുണ്ടാകുമെന്ന് പലതവണയായി മുന്നറിയിപ്പ് നല്‍കിയിട്ടും കരാറുകാര്‍ അവഗണിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേരളത്തെ നടുക്കിയ ഈ അപകടം ഒരു മനുഷ്യ നിര്‍മിത ദുരന്തമാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.
മണ്ണ് വലിയ തോതില്‍ കൂന കൂട്ടിയിട്ടിരിക്കുന്നത് അപകടമാണെന്ന് പ്രദേശം സന്ദര്‍ശിച്ച പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെങ്കിലും ആ സമയത്ത് വേണ്ട പരിഹാരം ചെയ്യാന്‍ തയ്യാറായില്ല. പിന്നീട് മഴ കനത്തപ്പോള്‍ മണ്ണ് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച വന്നുവെങ്കിലും മഴ സമയത്തെ മണ്ണ് നീക്കം കൂടുതല്‍ അപകടം വരുത്തിവയ്ക്കുമെന്ന് മനസിലാക്കി അതില്‍ നിന്നും പിന്‍തിരിഞ്ഞു. ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കഴിഞ്ഞ മാസം 20-ാം തീയതി തന്നെ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും യോഗം ചേര്‍ന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മന്ത്രിയുടെയോ ദുരന്തനിവാരണ അതോറിറ്റിയുടെയോ ജില്ല കളക്ടറുടെയോ നിര്‍ദേശം കരാറുകാര്‍ അവഗണിക്കുകയായിരുന്നു.
നിര്‍മാണ കമ്പനിയുടെ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന കണ്ടെയ്‌നറുകള്‍, തൊഴിലാളികളുമായി വന്ന ബസ്, കാറുകള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ എന്നിവ പൂര്‍ണ്ണമായും മണ്ണിനടിയിലായി. അപകടത്തില്‍പ്പെട്ടവരില്‍ ചിലരെ നാട്ടുകാരുടെ നേതൃത്വത്തില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. 225 മില്ലി മീറ്റര്‍ മഴ അപകട പ്രദേശത്ത് പെയ്തിരുന്നു. ചെളി കലര്‍ന്ന മണ്ണാണ് ഇവിടെ. നല്ല രീതിയില്‍ മഴ പെയ്താല്‍ ഈ മണ്ണ് ഇടിഞ്ഞു വീഴുമെന്ന് ദുരന്തനിവാരണ അതോറിറ്റി പ്രദേശം സന്ദര്‍ശിച്ച ശേഷം ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ കരാറുകാര്‍ ഈ മണ്ണ് നീക്കം ചെയ്യാതിരുന്നത് ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കേരളത്തില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് വയനാട്. പശ്ചിമഘട്ടത്തിന്റെ ചരിവുകളില്‍ സ്ഥിതി ചെയ്യുന്ന ഈ മലയോര മേഖലയില്‍ എന്തുകൊണ്ടാണ് തുടര്‍ച്ചയായി ഇത്രയും വലിയ ദുരന്തങ്ങള്‍ സംഭവിക്കുന്നത് എന്ന ചോദ്യം എല്ലാ ദരന്തങ്ങളുണ്ടാവുമ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. ഇതിന് പിന്നില്‍ ഭൂമിശാസ്ത്രപരവും പ്രകൃതിദത്തവുമായ ചില പ്രധാന കാരണങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കുത്തനെയുള്ള ചരിവുകളുംവയനാടിന്റെ ഭൂപ്രകൃതിയില്‍ ഭൂരിഭാഗവും കുത്തനെയുള്ള മലഞ്ചെരുവുകളാണ്. കനത്ത മഴ പെയ്യുമ്പോള്‍ മണ്ണിലേക്ക് ഇറങ്ങുന്ന വെള്ളം, മണ്‍പാളികളുടെ ഭാരം വര്‍ദ്ധിപ്പിക്കുകയും താഴെയുള്ള പാറക്കെട്ടുകളില്‍ നിന്ന് മണ്ണ് വേര്‍പെട്ട് പെട്ടെന്ന് താഴേക്ക് പതിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
ഭൂഗര്‍ഭ ഘടനയനുസരിച്ച് വയനാട് 'സീസ്മിക് സോണ്‍ 3-ല്‍ പെടുന്ന പ്രദേശമാണ്. മിതമായ തോതിലുള്ള ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള ഈ മേഖലയിലെ ഭൂഗര്‍ഭ പാളികളിലുണ്ടാകുന്ന നേരിയ ചലനങ്ങള്‍ പോലും മലഞ്ചെരുവുകളിലെ മന്നിന്റെയും പാറകളുടെയും സ്ഥിരതയെ ദോഷകരമായി ബാധിക്കാറുണ്ട്. വയനാടിനെ പിടിച്ചുലച്ച വലിയ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും പുതിയൊരു പ്രതിഭാസമല്ല. പതിറ്റാണ്ടുകളായി ഈ പ്രദേശം ഇത്തരം ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍, കാപ്പിക്കളം ഉരുള്‍പൊട്ടല്‍, വാളന്തോട് ദുരന്തം, ചൂരല്‍മല-മുണ്ടക്കൈ-പുഞ്ചിരിമറ്റം എന്നീ ഗ്രാമങ്ങളെ പാടേ തുടച്ചുനീക്കിയ മഹാദുരന്തം തുടങ്ങിയവ വയനാടിനെ വല്ലാതെ പിടിച്ചുലച്ചവയാണ്. വലനാട്ടിലെ ആ വലിയ ഉരുള്‍ പൊട്ടലില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 298 പേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെങ്കിലും യഥാര്‍ത്ഥ മരണസംഖ്യ ഇതിലും വളരെ ഉയര്‍ന്നതാണെന്ന് പ്രാദേശികവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കനത്ത മഴയോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും പശ്ചിമഘട്ടത്തിന്റെ തനതായ ഭൂപ്രകൃതിയും വയനാടിനെ അതീവ പരിസ്ഥിതി ലോല പ്രദേശമാക്കി മാറ്റുന്നു. ശാസ്ത്രീയമായ പഠനങ്ങളും മുന്‍കരുതലുകളും മാത്രമാണ് ഭാവിയിലെ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം.