
ഒരു വിദ്യാഭ്യാസ വിദഗ്ധനും ബിസിനസ് വ്യക്തിത്വവും തമ്മിലുള്ള ബന്ധം അറിവും പ്രയോഗവും തമ്മിലുള്ള സമന്വയമാണ്. വിദ്യാഭ്യാസ വിദഗ്ധന്‍ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കി ചിന്തയെ ബലപ്പെടുത്തുകയും ഭാവിയെ രൂപപ്പെടുത്തുന്ന ആശയങ്ങള്‍ക്ക് അടിത്തറ പാകുകയും ചെയ്യുമ്പോള്‍ ഒരു വ്യവസായ പ്രമുഖന്‍ ആ സിദ്ധാന്തങ്ങളെ യാഥാര്‍ത്ഥ്യമാക്കുകയും അറിവിനെ ഉല്‍പ്പന്നങ്ങളാക്കി ലോകത്തിന്റെ മാര്‍ക്കറ്റിലെത്തിച്ച് വിപണനം ചെയ്യുകയും ചെയ്യുന്നു. ഇരുവരും വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. അറിവ് നേടുന്നതോടൊപ്പം അതിന്റെ പ്രയോഗ വല്‍ക്കരണമാണ് ജീവിത വിജയത്തിനടിസ്ഥാനം. ഇവിടെ, വിദ്യാഭ്യാസ വിദഗ്ധനും ബിസിനസ് വ്യക്തിത്വവും ഒരാള്‍ തന്നെയാവുമ്പോള്‍, പരസ്പര പൂരകമാവുമ്പോള്‍ നേട്ടത്തിന് ഇരട്ടി മധുരമുണ്ട്.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഡോ. വിന്‍സെന്റ് കുട്ടമ്പേരൂര്‍ ആണ് ഇങ്ങനെ രണ്ട് വഴികളിലൂടെ സഞ്ചരിച്ച് വിജയം എന്ന ഒരൊറ്റ ലക്ഷ്യം സാക്ഷാത്കരിച്ചിരിക്കുന്നത്. ഈ കര്‍മ ഭൂമിയില്‍ അനുകരണീയവും പ്രശംസാര്‍ഹവുമായ നേട്ടങ്ങള്‍ കൈവരിച്ച ഒട്ടേറെ വ്യക്തിത്വങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരിക്കലും പ്രശസ്തി ആഗ്രഹിക്കാത്ത അവര്‍ തങ്ങളുടെ ജീവിത നിയോഗവുമായി സമൂഹത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അടുത്തറിയുമ്പോള്‍ മാത്രമാണ് അവരുടെ കഴിവും മഹത്വവുമൊക്കെ നമുക്ക് ഒരത്ഭുതമായി മാറുന്നത്. തന്റെ നിരന്തര പഠനത്തിലൂടെയും ബിസിനസിലൂടെയുമൊക്കെ ചില അത്ഭുതങ്ങള്‍ കാട്ടിയ വ്യതിത്വമാണ് ഡോ. വിന്‍സെന്റ് കുട്ടമ്പേരൂരിന്റേത്.

വിസ്‌കോണ്‍സിന്‍ സ്റ്റേറ്റില്‍ ബുക്ക്ഫീല്‍ഡിലെ 'വി.കെ ഡെവലെപ്‌മെന്റ് കോര്‍പറേഷന്റെ' ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. വിന്‍സെന്റ് കുട്ടമ്പേരൂര്‍ തന്റെ അക്കാദമിക് നേട്ടങ്ങളുടെ അടിത്തറയില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ലാന്‍ഡ് ഡെവലപ്പറും കമ്മ്യൂണിറ്റി ബില്‍ഡറുമാണ്. സിംഗിള്‍ ഫാമിലി സബ് ഡിവിഷനുകള്‍, കോണ്ടമിനിയങ്ങള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സീനിയര്‍ ഹൗസിങ് പ്രോജക്ടുകള്‍, ഓഫീസ്-കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍, ഹോസ്പിറ്റലുകള്‍, നേഴ്‌സിങ് ഹോമുകള്‍, ഹോട്ടലുകള്‍, ഗോള്‍ഫ് കോഴ്‌സ് കമ്മ്യൂണിറ്റികള്‍ തുടങ്ങിയ ലോകോത്തര നിലവാരമുള്ള മള്‍ട്ടി ഡെവലെപ്‌മെന്റ് പ്രോജക്ടുകളുടെ നിര്‍മാണ നിര്‍വഹണത്തില്‍ വൈദഗ്ധ്യം നേടിയ വ്യവസായിയാണ് ഡോ. വിന്‍സെന്റ് കുട്ടമ്പേരൂര്‍.
അറിവ് അല്ലെങ്കില്‍ ജ്ഞാനം ആണ് ഒരു മനുഷ്യന്റെ കരുത്ത് എങ്കില്‍ ആ വഴിയിലൂടെ സഞ്ചരിച്ചാണ് ഡോ. വിന്‍സെന്റ് കുട്ടമ്പേരൂര്‍ അമേരിക്കയിലെത്തിയത്. ഒരുപാട് പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള പ്രശസ്തമായ ചങ്ങനാശേരി എസ്.ബി കോളേജില്‍ നിന്ന് 1960-ല്‍ ഫിസിക്‌സ് ബിരുദം നേടിയ ഡോ. വിന്‍സെന്റ് 1964-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിട്രോയിറ്റില്‍ നിന്ന് ഫിസിക്‌സില്‍ മാസ്റ്റര്‍ ഓഫ് സയല്‍സ് ബിരുദം സ്വന്തമാക്കിയതിന് ശേഷം 1978-ല്‍ മില്‍വോക്കിയിലെ മാര്‍ക്വെറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ പി.എച്ച്.ഡി കാന്‍ഡിഡേറ്റ് യോഗ്യതയും നേടി. 2007-ല്‍ മില്‍വോക്കി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിന്റെ 'ഡോക്ടര്‍ ഓഫ് എഞ്ചിനീയറിങ്' ഓണററി ബഹുമതിയും ഡോ. വിന്‍സെന്റിന് ലഭിച്ചു.
ടെക്‌സസ് എം ആന്റ് എം യൂണിവേഴ്‌സിറ്റി, കാന്‍സസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഓക്ക്‌റിഡ്ജ് അസോസിയേറ്റഡ് യൂണിവേഴ്‌സിറ്റീസ്, ആര്‍ഗോണ്‍ നാഷണല്‍ ലബോറട്ടറീസ്, യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിന് (മാഡിസണ്‍ ആന്റ് മില്‍വോക്കി), മാര്‍ക്വെറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അറിവിന്റെ അദമ്യമായ അന്വേഷണത്തിന്റെ ഭാഗമായി ഡോ. വിന്‍സെന്റ് ബിരുദാനന്തര പഠനങ്ങള്‍ നടത്തി. അക്കാദമിക് ജീവിതത്തിലെ വിജയത്തിന്റെ അളവുകോല്‍ വ്യക്തിയുടെ അറിവിലുണ്ടാകുന്ന ആഴവും സമൂഹത്തിന് നല്‍കിയ സംഭാവനകളുമാണെന്ന് ഡോ. വിന്‍സെന്റ് വിശ്വസിക്കുന്നു. പഠനം ഒരു നിര്‍ബന്ധിത പ്രവര്‍ത്തനമെന്ന നിലയില്‍ കാണാതെ, അതിനെ ജീവിതത്തിന്റെ ഭാഗമാക്കി സ്വീകരിക്കുമ്പോഴാണ് യഥാര്‍ത്ഥ അക്കാദമിക് വളര്‍ച്ച സാധ്യമാകുന്നതെന്ന് ഇദ്ദേഹം തെളിച്ചു.
മില്‍വോക്കി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട് മെന്റില്‍ പ്രൊഫസറായും ലോക്ക് ലാന്‍ഡ് കോളേജില്‍ (ഇപ്പോള്‍ ലേക്ക് ലാന്‍ഡ് യൂണിവേഴ്‌സിറ്റി) ഇന്‍സ്ട്രക്ടറും അസിസ്റ്റന്റ് പ്രൊഫസറുമായി സേമനമുഷ്ഠിച്ചിട്ടുള്ള ഡോ. വിന്‍സെന്റിന്റെ കണ്ടെത്തലുകള്‍ പഠനാര്‍ഹമാണ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ ഡോ. വിന്‍സെന്റ് അതേപടി സ്വീകരിക്കുന്നതില്‍ ഒതുങ്ങാതെ, അവയെ വിശകലനം ചെയ്യുകയും മനസില്‍ ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിലൂടെയാണ് ശാസ്ത്ര ലോകത്തിന് അദ്ദേഹത്തിന്റെ വക വിലപ്പെട്ട കണ്ടത്തലുകള്‍ പ്രയോജനകരമായത്. ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കണമെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ സുപ്രധാനമായ ചില കണ്ടെത്തലുകള്‍.
ഇന്‍ഡസ്ട്രിയല്‍ റേഡിയോഗ്രാഫിയില്‍ ഹൈ എനര്‍ജി എക്‌സ്‌റേകള്‍ ഉപയോഗിക്കുന്നത് വസ്തുക്കളെ റോഡിയോ ആക്ടീവ് ആക്കുമെന്നും ഇത് പ്രസ്തുത മേഖലയിലെ തൊഴിലാളികള്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം 1974-ല്‍ കണ്ടെത്തി. ഈ പഠനം 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തി'ന് കൈമാറുകയും റേഡിയേഷന്‍ ബാധിച്ചവര്‍ക്ക് 40 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഡോ. വിന്‍സെന്റിന്റെ കണ്ടെത്തല്‍ കാരണമാവുകയും ചെയ്തു. ക്ഷമയോടെയുള്ള പരിശ്രമം അറിവിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും മികച്ച ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നതിന് തെളിവാണിത്.
അറിവും അനുഭവവും സമൂഹത്തിത്തിന്റെ ഗുണപരമായ മാറ്റത്തിനുവേണ്ടി വിനിയോഗിക്കുന്ന ഡോ. വിന്‍സെന്റ് ന്യൂക്ലിയര്‍ മെഡിസിനെ ആസ്പദമാക്കി ഗ്രന്ഥം രചിച്ചിട്ടുണ്ട്. പരിസ്ഥിതി മനിനീകരണത്തെക്കുറിച്ച് വിയന്ന, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും അദ്ദേഹം ശ്രദ്ധേയനായി. പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്ററുകള്‍ ഉപയോഗിച്ചുള്ള ഹൈ എനര്‍ജി ഫിസിക്‌സ് ഗവേഷണത്തിലും ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ഉപയോഗിച്ചുള്ള ലോ എനര്‍ജി ഫിസിക്‌സ് പഠനങ്ങളിലും ഡോ. വിന്‍സെന്റ് വ്യാപൃതനായിരുന്നു.
സംരംഭകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം സാമ്പത്തിക മേഖലയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഡോ. വിന്‍സെന്റിന്റെ വി.കെ ഡെവലെപ്‌മെന്റ് കോര്‍പറേഷന്‍ വിസ്‌കോണ്‍സിന്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഏകദേശം 5-6 ബില്യണ്‍ ഡോളറിന്റെ നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വിസ്‌കോണ്‍സിനിലെ ഏറ്റവും സമ്പന്നമായ സബേര്‍ബുകളില്‍ ഒന്നായ ബുക്ക്ഫീല്‍ഡ് നഗരത്തിലെ ടാക്‌സ് ബെയ്‌സ് 10 ശതമാനവും പ്രസന്റ് പ്രയറില്‍ 14 ശതമാനവും വര്‍ധിപ്പിക്കാന്‍ ഡോ. വിന്‍സെന്റിന്റെ പ്രോജക്ടുകള്‍ സഹായകരമായി. ആമസോണ്‍, ടാര്‍ഗെറ്റ്, കോസ്റ്റ്‌കോ, വാള്‍മാര്‍ട്ട്, ജെ.സി പെന്നീസ് തുടങ്ങിയ ലോകത്തിലെ വമ്പന്‍ കമ്പനികള്‍ ഈ പ്രദേശങ്ങളിലേയ്‌ക്കെത്താന്‍ അദ്ദേഹത്തിന്റെ നിര്‍മാണ പദ്ധതികള്‍ വഴിയൊരുക്കുകയും ചെയ്തു.
ഒരു സംരംഭകന്റെ ജീവിതം വെറും ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലുകളില്‍ ഒതുങ്ങുന്ന ഒന്നല്ലെന്നും അത് ദീര്‍ഘവീക്ഷണവും ധൈര്യവും കഠിനാധ്വാനവും ആത്മസമര്‍പ്പണവും ചേര്‍ന്ന ഒരു സൃഷ്ടിപരമായ യാത്രയാണെന്നും തന്റെ ജീവിതംകൊണ്ട് വരച്ചുകാട്ടുകയാണ് ഡോ. വിന്‍സെന്റ് കുട്ടമ്പേരൂര്‍. ഒരു ബിസിനസോ ഒരു വ്യവസായമോ ഒരുദിവസം കൊണ്ട് ഉയര്‍ന്നുവരുന്നില്ല. തുടര്‍ച്ചയായ പരിശ്രമവും പ്രതിസന്ധികളെ നേരിടാനുള്ള മനോവീര്യവും അതിനാവശ്യമാണ്. പരാജയങ്ങള്‍ സ്വാഭാവികമായി സംഭവിച്ചാലും പിന്മാറാതെ മുന്നോട്ട് പോകാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍ എന്ന് തന്റെ നേതൃപരമായ കഴിവുകളിലൂടെ ഡോ. വിന്‍സെന്റ് സമര്‍ത്ഥിക്കുന്നു.
പ്ലസന്റ് പ്രയറില്‍ 500 മില്യണ്‍ ഡോളറിന്റെ 705 വീടുകളുള്ള ഒരു വന്‍ ഹൗസിങ് പ്രോജക്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഡോ. വിന്‍സെന്റിന്റെ പ്രസ്ഥാനം. സാങ്കേതിക രംഗത്തും അദ്ദേഹം സജീവമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ 'വിക്കി റിയല്‍റ്റി' എന്ന ഫിന്‍ടെക് കമ്പനിയുടെ ചെയര്‍മാനായും കര്‍മരംഗത്ത് ഊര്‍ജസ്വലനായി തുടരുകയാണ് ഡോ. വിന്‍സെന്റ് കുട്ടമ്പേരൂര്‍. മെഡിക്കല്‍ കോളേജ് ഓഫ് വിസ്‌കേണ്‍സിന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗവും പാപ്പല്‍ ഫൗണ്ടേഷന്‍ അംഗവുമാണ് ഡോ.വിന്‍സെന്റ്. മികവിന്റെ ആദരവായി പുരസ്‌കാരങ്ങളും ഡോ. വിന്‍സെന്റിന്റെ തൊപ്പിയിലെ പൊന്‍ തൂവലുകളാണ്. അക്കാദമിക്, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളിലെ സേവന മികവിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നും നോര്‍ത്ത് അമേരിക്കന്‍ എസ്.ബി ആന്റ് അസംപ്ഷന്‍ അലുമിനി അസോസിയേഷനില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ജീവിതം സംഭവ ബഹുലമായ ഒരു ദീര്‍ഘ യാത്രയാണ്. ഈ യാത്രയില്‍ വിജയവും പരാജയവും ഒരുപോലെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാരാണ്. ഒരാളുടെ യഥാര്‍ത്ഥ വിജയം സമ്പത്ത്, സ്ഥാനമാനങ്ങള്‍, പ്രശസ്തി എന്നിവയില്‍ മാത്രം അളക്കാന്‍ കഴിയില്ല. മറിച്ച്, ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടുകയും, തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും, മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്ന രീതിയില്‍ മുന്നേറുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ വിജയം. ഡോ. വിന്‍സെന്റിന്റെ ജീവിത വിജയത്തിന് കാരണം നിതാന്ത പരിശ്രമം, കഠിനാധ്വാനം, ലക്ഷ്യബോധം, ആത്മവിശ്വാസം, പ്രതിബദ്ധത തുടങ്ങിയവയാണ്. ഒപ്പം കുടുംബത്തിന്റെ പിന്തുണയും സമൂഹത്തിന്റെ പ്രോത്സാഹനവുമുണ്ട്. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലുപരി യഥാര്‍ത്ഥ മനുഷ്യനായി വളരുന്നതും സമൂഹത്തിന് നല്ലൊരു മാതൃകയാകുന്നതുമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. ഡോ. വിന്‍സെന്റ് ഈ വിജയത്തിന്റെ ശരിയായ അര്‍ത്ഥം കണ്ടെത്തിയ മാതൃകാ സ്ഥാനീയനാണ്.