Image

വയനാട് മണ്ണിടിച്ചിലിൽ 5 മരണം, ഒമ്പതു പേരെ കാണാതായി; നിരവധി പേർ കുടുങ്ങി കിടക്കുന്നു; മലവെള്ളപ്പാച്ചിലിൽ ആളുകൾ ഒലിച്ചുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Published on 07 July, 2026
വയനാട് മണ്ണിടിച്ചിലിൽ 5 മരണം, ഒമ്പതു പേരെ കാണാതായി; നിരവധി പേർ കുടുങ്ങി കിടക്കുന്നു; മലവെള്ളപ്പാച്ചിലിൽ  ആളുകൾ ഒലിച്ചുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

 

വയനാട് മേപ്പാടി തുരങ്കപാതയ്ക്ക് സമീപം മീനാക്ഷിപ്പാലത്തിന് അടുത്തായി ഉണ്ടായ മണ്ണിടിച്ചിലിൽ   അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്, തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 9 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുരന്തത്തിന്റെ അതിഭീകരമായ ആഘാതം വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലത്തിന് സമീപത്തുള്ള ഒരു കടയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മലമുകളിൽ നിന്നും കൂറ്റൻ മൺതിട്ടകളും വെള്ളവും അതിശക്തമായി താഴേക്ക് പതിക്കുന്നതും, നിമിഷനേരം കൊണ്ട് മീനാക്ഷിപ്പാലം കവിഞ്ഞ് മണ്ണും ചെളിയും റോഡിലേക്ക് കുതിച്ചൊഴുകി വരുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

കൺമുന്നിൽ ദുരന്തം പാഞ്ഞെത്തുന്നത് കണ്ട് ആളുകൾ ജീവനും കൊണ്ട് ചിതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ മലവെള്ളപ്പാച്ചിലിന്റെ അതിശക്തമായ ഒഴുക്കിൽപ്പെട്ട് ചില ആളുകൾ ചെളിവെള്ളത്തിലൂടെ ഒലിച്ചുപോകുന്നതും, റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മണ്ണും ചെളിക്കുമൊപ്പം തെന്നി നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എൻഡിആർഎഫ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് 70 ഓളം പേരാണ് തെരച്ചിൽ നടത്തുന്നത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കാനാണ് ശ്രമം.

മുഖ്യമന്ത്രി ഉടന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തും.പ്രിയങ്ക ഗാന്ധി എംപി വയനാട് കലക്ടറുമായി ഫോണിൽ സംസാരിച്ച് തുരങ്കപാതയിലെ അപകടത്തിന്റെ വിവരങ്ങൾ തേടി. തുരങ്കപാതയുടെ നിർമാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയതു കൊണ്ടാണ് ദുരന്തമുണ്ടായതെന്ന് മന്ത്രി ടി.സിദ്ദിഖ്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; കൊങ്കൺ കമ്പനിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി ടി. സിദ്ദിഖ്

കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കൂറ്റൻ മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന വൻ മൺകൂനകൾ കുത്തിയൊലിച്ചെത്തിയതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. നേരത്തെ നൽകിയ അപകട മുന്നറിയിപ്പുകൾ പൂർണമായി അവഗണിച്ച കമ്പനി അധികൃതരുടെ നടപടിയാണ് ഇത്തരമൊരു വൻ ദുരന്തത്തിന് വഴിവെച്ചതെന്നും മന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു.

​ഇന്ന് രാവിലെയോടെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്കപാതയിലെ നിർമാണ തൊഴിലാളികളുമായി എത്തിയ ബസിന് മുകളിലേക്കും തൊഴിലാളികൾ വിശ്രമിച്ചിരുന്ന താൽക്കാലിക ഷെഡുകളിലേക്കുമാണ് കുന്നിടിഞ്ഞു വീണത്. നിരവധി വാഹനങ്ങളും നിർമാണ ഉപകരണങ്ങളും പൂർണമായി മണ്ണിനടിയിലായിട്ടുണ്ട്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന നിരവധി തൊഴിലാളികളും മറ്റ് പ്രദേശവാസികളും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

​ദുരന്തമേഖലയിൽ നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും തകർന്ന പാലവും രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടുതൽ യന്ത്രസാമഗ്രികളും എൻ.ഡി.ആർ.എഫ് അടക്കമുള്ള വിദഗ്ധ സംഘങ്ങളും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയവരെ എത്രയും വേഗം പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും നാട്ടുകാരും.  

മേപ്പാടി  ദുരന്തം: തിരച്ചിലിന് കെഡാവര്‍ നായകളും മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും 
സുല്‍ത്താന്‍ ബത്തേരി: വയനാട് മേപ്പാടിയിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് വിവിധ ദൗത്യസംഘങ്ങളും സേനയും നാട്ടുകാരുമെല്ലാം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ ഡി ആര്‍ എഫ് ) 70 അംഗങ്ങളടങ്ങുന്ന രണ്ട് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ ഡി ആര്‍ എഫ് ഓപറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെടുക്കാനാണ് ശ്രമം. തിരച്ചില്‍ ത്വരിതവും ഫലപ്രദവുമാക്കുന്നതിനായി രണ്ട് കെഡാവര്‍ നായ്ക്കളെ സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കെഡാവര്‍ നായ്ക്കളെയും മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ‘മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ ദൗത്യസംഘം ഉപയോഗിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക