Image

ചരിത്രത്തെ അതിജീവിച്ച ദൃശ്യവിസ്മയങ്ങൾ (മരണത്തിലും മായാത്ത ഫ്രെയിമുകൾ: കുര്യൻ കെ തോമസ്)

Published on 07 July, 2026
ചരിത്രത്തെ അതിജീവിച്ച ദൃശ്യവിസ്മയങ്ങൾ (മരണത്തിലും മായാത്ത ഫ്രെയിമുകൾ: കുര്യൻ കെ തോമസ്)

2026 ജൂലൈ 9. ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജ് ഇടുക്കി വെണ്ണിയാനി മലയിലെ ഉരുൾപൊട്ടലിൽ ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്...    

പ്രകൃതിയുടെയും മനുഷ്യന്റെയും രൗദ്രഭാവപ്പകർച്ചകൾക്കു നടുവിലേക്ക് ക്യാമറകളുമായി നിർഭയം പാഞ്ഞെത്തി ചരിത്രത്താളുകളിലെ രക്തംപുരണ്ട അനശ്വര ചിത്രങ്ങളായി മാറിയ മാധ്യമപ്രവർത്തകരുടെ അതിജീവനപ്പോരാട്ടങ്ങളിലൂടെ ഒരു തീർത്ഥയാത്ര...

ജൂലൈ 9. കേരളത്തിന് ദുഃഖകരമായ ആ മൺസൂൺ ദിനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം. പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജ് ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്. ഇടുക്കി വെണ്ണിയാനി മലയിലെ ഉരുൾപൊട്ടലിന്റെ ഭീകരത സ്വന്തം ക്യാമറയിൽ പകർത്തുന്നതിനിടയിലാണ് പ്രകൃതി ആ ധീരനായ ഫോട്ടോ ജേർണലിസ്റ്റിന്റെ ജീവൻ കവർന്നത്.

വിക്ടർ ജോർജ്ജ്

പ്രകൃതി വിനാശകരമായ താണ്ടവമാടുമ്പോൾ മനുഷ്യൻ ജീവനുംകൊണ്ട് സുരക്ഷിത ഇടങ്ങളിലേക്ക് ഓടിയൊളിക്കാറാണ് പതിവ്. എന്നാൽ  ആ മരണവഴികളിലേക്ക്, കയ്യിലൊരു ക്യാമറയുമായി ധീരതയോടെ പാഞ്ഞുകയറുന്ന ചില മനുഷ്യരുണ്ട്. പ്രകൃതിയുടെ ഭീകരതയെയും മനുഷ്യന്റെ ആക്രമണവാസനയെയും ലെൻസിലൂടെ പകർത്തി അവർ ജനങ്ങൾക്കു മുന്നിലെത്തിക്കുന്നു.

മരണത്തിന്റെ വിളിപ്പുറത്ത് നിൽക്കുമ്പോഴും പ്രാണനേക്കാൾ പ്രിയപ്പെട്ട ക്യാമറകളെ നെഞ്ചോട് ചേർത്തുപിടിച്ച്, അവസാന ശ്വാസംവരെ ദൃശ്യങ്ങൾ പകർത്തിയ ധീരരായ ഫോട്ടോ ജേണലിസ്റ്റുകൾ ചരിത്രത്തിലുണ്ട്. ക്യാമറയ്ക്കു പിന്നിൽനിന്ന് പ്രപഞ്ചത്തിലെ അതിജീവന പോരാട്ടങ്ങൾ കറുപ്പിൽ വെളുപ്പിൽ നിറങ്ങളിൽ കാട്ടിക്കൊടുക്കുന്നതിനിടയിൽ  സ്വന്തം ജീവൻ ബലിനൽകിയവരുടെ പട്ടികയിൽ കേരളത്തിന്റെ വിക്ടർ ജോർജ്ജുമുണ്ട്.

പ്രകൃതിയുടെയും മനുഷ്യന്റെയും ഭയപ്പെടുത്തുന്ന രൗദ്രഭാവപ്പകർച്ചകളിൽപെട്ട്, തങ്ങളുടെ പ്രിയപ്പെട്ട ക്യാമറകളുമായി ചരിത്രത്തിന്റെ താളുകളിൽ അമരന്മാരായി മാറിയ ആ ധീരരായ മാധ്യമപ്രവർത്തകരുടെ ഓർമ്മകളിലൂടെ ഒരു യാത്ര...

മഴ മനുഷ്യൻ പ്രകൃതി അതിജീവനം; ഒരു വിക്ടർ ജോർജ്ജ് മഴച്ചിത്രം (ഇറ്റ്സ് റെയിനിങ്,ആൻ ആൽബം ഓഫ് റെയിൻ ബൈ വിക്ടർ  ജോർജ്ജ്, മലയാള മനോരമ, 2002)
 

ഒരു പെരുമഴക്കാലത്തിന്റെ തോരാദുഖം      

2001 ജൂലൈ 9.  ഇടുക്കി വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പകർത്താൻ പോയ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജ് പ്രകൃതിയുടെ രൗദ്രഭാവപ്പകർച്ചയിൽ മണ്ണിൽ മറഞ്ഞ ഇരുണ്ടദിനം.

പ്രകൃതി വിതച്ച നാശങ്ങൾ താണ്ടി  മികച്ച ദൃശ്യങ്ങൾക്കായി മലമുകളിലേക്ക് കയറി. സുഹൃത്തുക്കൾ വിലക്കിയിട്ടും നിക്കോൺ ക്യാമറയുമായി വിക്ടർ മലമുകളിലേക്ക് നടന്നു.മലമുകളിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കെ അപ്രതീക്ഷമായി രണ്ടാമതും മലയിടിഞ്ഞു.  പാറക്കൂട്ടങ്ങളും മണ്ണും പാഞ്ഞടുക്കുമ്പോൾ മരണത്തിന് തൊട്ടുമുൻപുള്ള സെക്കൻഡിലും വിക്ടർ മലവെള്ളപ്പാച്ചിലിന്റെ രൗദ്രത ക്യാമറയിൽ പകർത്തി കൊണ്ടിരിക്കെ ആ ഫോട്ടോഗ്രാഫറെ മഴതന്നെ മണ്ണിന്റെ ആഴങ്ങളിലേക്ക് ഒഴുക്കി കൊണ്ടുപോയി. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ ജൂലൈ 11 നാണ് മൃതദേഹം കണ്ടെടുത്തത്.

കായിക-സാഹിത്യ രംഗങ്ങളിൽ സ്വാഭാവികത നിറഞ്ഞ കാൻഡിഡ് ചിത്രങ്ങളിലൂടെ വിക്ടർ  ശ്രദ്ധേയനായി. 'ഇറ്റ്സ് റെയ്നിങ്' എന്ന ചിത്രപുസ്തകത്തിലെയും മനോരമ ഓൺലൈനിലെയും മഴച്ചിത്രങ്ങളിൽ മനുഷ്യനും പ്രകൃതിയും തമ്മിലെ സഹവാസവും അതിജീവനവുമാണ് മുഖ്യവിഷയം. മഴയെ കേവലമൊരു പ്രകൃതി പ്രതിഭാസമെന്നതിനപ്പുറം ജൈവിക സാന്നിദ്ധ്യമായി അദ്ദേഹം ദൃശ്യവൽക്കരിച്ചു.

മഴയും വേരോടെ മറിഞ്ഞ മരവും വൃദ്ധനും അയാളുടെ കാറ്റുപിടിച്ച കുടയും നോക്കിനിൽക്കുന്ന സ്കൂൾ കുട്ടികളും; വിക്ടർ ജോർജ്ജിന്റെ മറ്റൊരു മഴച്ചിത്രം (ഇറ്റ്സ് റെയിനിങ്,  ആൻ ആൽബം ഓഫ് റെയിൻ ബൈ വിക്ടർ ജോർജ്ജ്, മലയാള മനോരമ, 2002)
 

വിക്ടർ ചിത്രങ്ങൾക്ക് ഡിജിറ്റൽ യുഗത്തിലെ ചിത്രങ്ങളേക്കാൾ സാങ്കേതിക പരിമിതികൾ സ്വാഭാവികം. ആധുനിക സൗകര്യങ്ങൾ  ഇല്ലാതിരുന്ന കാലഘട്ടത്തിൽ 36 ചിത്രങ്ങൾക്കായ ഫിലിം റോളും ഒരു കറുത്ത കുടയുംകൊണ്ട് അദ്ദേഹം സൃഷ്ടിച്ച ദൃശ്യങ്ങളുടെ ആത്മാവും കർത്തവ്യബോധവും സാങ്കേതികവിദ്യകൾക്കും അപ്പുറമായിരുന്നു.  പരിമിതികൾ ചിത്രങ്ങളുടെ മൂല്യം കുറയ്ക്കുന്നില്ല, ചിത്രകാരന്റെ പ്രതിഭയെ പ്രതിഫലിപ്പിക്കുന്നു. കാൽനൂറ്റാണ്ടായി ഓരോ പെരുമഴക്കാലത്തും വിക്ടർ മലയാളിയുടെ മനസ്സിൽ വിങ്ങുന്ന ഒരോർമ്മ.

മൗണ്ട് സെന്റ് ഹെലൻസ് ദുരന്ത സ്മൃതിയിൽ…

റോബർട്ട് ലാൻഡ്സ്ബർഗും റീഡ് ടർണർ ബ്ലാക്ക്ബേണും 1980 മെയ് 18 നു നടന്ന മാരകവും വിനാശകരവുമായ മൗണ്ട് സെന്റ് ഹെലൻസ്  അഗ്നിപർവ്വത സ്ഫോടനത്തിൽ മരിച്ച ഫോട്ടോ ജേർണലിസ്റ്റുകളാണ്. അമേരിക്കയിൽ വാഷിങ്‌ടൺ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പുകയുന്നതും സുഷുപ്തമല്ലാത്തതുമായ ഒരു അഗ്നിപർവ്വതമാണ്(Active Volcano) മൗണ്ട് സെന്റ് ഹെലൻസ്.

റിച്ചർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 57 മനുഷ്യജീവനുകൾ പൊലിഞ്ഞു. ആയിരക്കണക്കിന് വന്യമൃഗങ്ങൾ ചത്തൊടുങ്ങുകയും വൻതോതിൽ മണ്ണിടിച്ചിലും വനനശീകരണവും ഉണ്ടാവുകയും ചെയ്തു.

സെന്റ് ഹെലൻസ് അഗ്നിപർവ്വത സ്ഫോടനത്തിൽ മരിച്ച റോബർട്ട് ലാൻഡ്സ്ബർഗും (1931-1980) മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹം എടുത്ത സ്ഫോടനത്തിന്റെചിത്രങ്ങളും (നാഷണൽ ജിയോഗ്രാഫിക് 1981 ജനുവരി ലക്കം പ്രസിദ്ധീകരിച്ചത്) 
 

ഈ സ്ഫോടനത്തിന്റെ അപൂർവ്വ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ജീവൻ വെടിഞ്ഞ റോബർട്ട് എമേഴ്സൺ ലാൻഡ്സ്ബർഗ് ആ ഫിലിമുകൾ തലമുറകൾക്കുവേണ്ടി സംരക്ഷിച്ചതിലൂടെ മാധ്യമ ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്. 1931 നവംബർ 13 നു വാഷിംഗ്ടൺ നഗരത്തിൽ സിയാറ്റിനിൽ ജനിച്ച അദ്ദേഹംപ്രകൃതിയും ഭൂമിശാസ്ത്ര മാറ്റങ്ങളും ചിത്രങ്ങളാക്കുന്നതിൽ സമർത്ഥനായിരുന്നു.

സെന്റ് ഹെലൻസ് അഗ്നിപർവ്വതത്തിൽ ചലനങ്ങളും പുകയലകളും കണ്ടുതുടങ്ങിയതു മുതൽ ലാൻഡ്സ്ബർഗ് പ്രദേശം നിരന്തരം സന്ദർശിക്കുകയും മാറ്റങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. 1980 മെയ് 18 രാവിലെ സെന്റ് ഹെലൻസ് പർവതത്തിൻ്റെ മുകളിൽനിന്ന് 6.4 കിലോമീറ്റർമാത്രം അകലെ കാറിൽ ക്യാമ്പ് ചെയ്ത് ചിത്രങ്ങൾ എടുത്തു. 8.32 നു ശക്തിയോടെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ചുട്ടുപഴുത്ത ചാരവും വിഷവാതകങ്ങളും (Pyroclastic flow) തന്റെ നേരെ പാഞ്ഞടുക്കുന്നത് കണ്ടു. ഓടി രക്ഷപ്പെടാൻ സമയമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭയചകിതനാകാതെ ക്യാമറ ഉയർത്തി ആഞ്ഞടിക്കുന്ന ഭീമാകാരമായ ചാരമേഘങ്ങളുടെ ചിത്രങ്ങൾ ഒന്നൊന്നായി പകർത്തി. അവസാന നിമിഷത്തിനുമുമ്പ് ക്യാമറയിലെ ഫിലിം ശ്രദ്ധയോടെ റോൾചെയ്ത് ക്യാമറയ്ക്കൊപ്പം ബാഗിലാക്കി ബാക്ക്‌പാക്കിനുള്ളിൽ സുരക്ഷിതമായി വെച്ചു. ചുട്ടുപഴുത്ത ചാരചൂടിൽ ഫിലിം ഉരുകിപ്പോകാതിരിക്കാൻ ബാഗിനു മുകളിൽ കമഴ്ന്നുകിടന്നു ഫിലിമുകൾക്ക് കവചംതീർത്തു. ചാരമേഘങ്ങൾ മൂടി, വിഷവാതകം ശ്വസിച്ചു കടുത്ത ചൂടിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി.

മൗണ്ട് സെന്റ് ഹെലൻസ് സ്ഫോടനത്തിൽ ജീവൻ വെടിഞ്ഞറീഡ് ബ്ലാക്ക്ബേൺ (1952-1980)
 

മരണം മുന്നിൽ നിൽക്കുമ്പോഴും ലാൻഡ്സ്ബർഗ് മഹാവിനാശത്തിന്റെ നാലു ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. പർവ്വതമുകളിൽനിന്നും പുകയും ചാരവും പുറത്തേക്ക് തള്ളുന്ന സ്ഫോടനത്തിന്റെ പ്രാരംഭ ഘട്ടമായിരുന്നു ആദ്യചിത്രം. പൈറോക്ലാസ്റ്റിക് പ്രവാഹത്തിന്റെ തുടക്കത്തിൽ, അഗ്നിപർവ്വതത്തിന്റെ വശങ്ങൾ തകരുമ്പോൾ (ലാറ്ററൽ ബ്ലാസ്റ്റ്) സംഭവിക്കുന്ന ചൂടുവാതകങ്ങളും ചാരവും പാറക്കഷ്ണങ്ങളുംചേർന്ന ഭീമൻ മേഘപടലത്തിങ്ങളുടെ അതിവേഗ വ്യാപനമായിരുന്നു രണ്ടാമത്തെ ചിത്രം. ലാൻഡ്സ്ബർഗ് നിന്ന ദിശയിലേക്കു പടർന്നു പന്തലിച്ചു വരുന്ന ഭീകരമായ ചാരമേഘമായിരുന്നു മൂന്നാമത്തെ ചിത്രം. അവസാനചിത്രം എടുക്കുമ്പോൾ പുകയോടൊപ്പം തൊട്ടടുത്തുവരെ എത്തിയിരുന്ന ചാരപടലങ്ങൾ ലെൻസിൽ പടരാൻ തുടങ്ങിയിരുന്നു. അഗ്നിപർവ്വത സ്ഫോടനത്തിന്റെ തീവ്രതയും വേഗതയും കൃത്യമായി മനസ്സിലാക്കാൻ പിൽക്കാല ജിയോളജി പഠനങ്ങൾക്ക് സഹായകരമായ ഈ ചിത്രങ്ങളും 'മൗണ്ട് സെന്റ് ഹെലൻസ്' എന്ന തലക്കെട്ടോടെ മുഖലേഖനവും നാഷണൽ ജിയോഗ്രാഫിക് മാഗസിൻ (ജനുവരി 1981, വാല്യം 159, ലക്കം 1) പ്രസിദ്ധീകരിച്ചു.

ലാൻഡ്സ്ബർഗിനെപ്പോലെ ഈ സ്ഫോടനത്തിൾ കൊല്ലപ്പെട്ട മറ്റൊരു ഫോട്ടോ ജേർണലിസ്റ്റാണ് റീഡ് ബ്ലാക്ക്ബേൺ. 1952 ഓഗസ്റ്റ് 11 നു വാഷിംഗ്ടൺ ഡിസിയിൽ ജനിച്ച് ജേണലിസത്തിൽ ബിരുദം നേടി  വാഷിംഗ്ടണിലെ വാൻകൂവർ ആസ്ഥാനമായ 'ദി കൊളംബിയൻ'   പത്രത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി. പിന്നെ നാഷണൽ ജിയോഗ്രാഫിക് മാഗസിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയ്ക്കുംവേണ്ടി (USGS)  ചിത്രങ്ങൾ പകർത്തി.

മൗണ്ട് സെന്റ് ഹെലൻസിന്റെ ആകാശകാഴ്ച, വിനാശകരമായ പൊട്ടിത്തെറിക്ക് ഏതാണ്ട് അഞ്ച് ആഴ്ചമുമ്പ് 1980 ഏപ്രിൽ ആദ്യം എടുത്ത ചിത്രം
 

1980 കളുടെ തുടക്കത്തിൽ മൗണ്ട് സെന്റ് ഹെലൻസ് സജീവമായപ്പോൾ അതിന്റെ  വ്യോമദൃശ്യങ്ങളും ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും പകർത്താൻ അദ്ദേഹവും നിയോഗിക്കപ്പെടുന്നു. തന്റെ ദൗത്യം  പൂർത്തിയാക്കി മെയ് 17 നു മടങ്ങേണ്ട അദ്ദേഹം കുറച്ചുദിവസങ്ങൾകൂടി അവിടെ തുടരാൻ സ്വയം തീരുമാനിച്ചു. അഗ്നിപർവ്വതത്തിന്റെ വടക്കേ ചരിവിൽ 13 കിലോമീറ്റർ അകലെയുള്ള കോൾഡ് വാട്ടർ ക്രീക്കിലായിരുന്നു ക്യാമ്പ്.

1980 മെയ് 18 രാവിലെ 8.32 പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിന്റെ 'ലാറ്ററൽ ബ്ലാസ്റ്റ്' ബ്ലാക്ക്ബേൺ നിന്നിരുന്ന ഭാഗത്തേക്കായിരുന്നു.  കാറിനുള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനത്തിന്റെ ചാര, വിഷവാതക പ്രളയം (Pyroclastic flow) കാറിനെ മൂടിക്കളഞ്ഞു. നാല് ദിവസങ്ങൾക്കുശേഷം ചാരത്തിൽ മുങ്ങിയനിലയിൽ കണ്ടെത്തിയ കാറിന്റെ ഉള്ളിൽ സ്റ്റീയറിംഗിൽ പിടിച്ചു പർവതത്തിനു വിപരീത ദിശയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച അവസ്ഥയിൾ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ചാരത്തിനടിയിൽനിന്നു കണ്ടെടുത്ത ക്യാമറയ്‌ക്കുള്ളിലെ ഫിലിം പൂർണ്ണമായും കത്തിനശിച്ചുപോയിരുന്നു. അല്ലായിരുന്നെങ്കിൽ അവ ന്യൂസ് ഫോട്ടോഗ്രഫി, ഭൂകമ്പ ഗവേഷണ ചരിത്രത്തിലെ അമൂല്യ ചിത്രങ്ങളായി മാറുമായിരുന്നു. ഇതേ ദുരന്തത്തിൽ മരിച്ച ലാൻഡ്സ്ബർഗ് തന്റെ ശരീരംകൊണ്ട് കാത്തുസൂക്ഷിച്ച ഫിലിമിന്റെ ചരിതപരമായ പ്രാധാന്യം.

മൗണ്ട് സെന്റ് ഹെലൻസ് പൊട്ടിത്തെറിക്കുശേഷം ഏതാണ്ട് 10 മൈൽ അകലെ കണ്ടെത്തിയ റീഡ് ബ്ലാക്ക്ബേണിന്റെ കാർ

സംഭവംനടന്നു 33 വർഷങ്ങൾക്കുശേഷം 2013-ൽ പത്രത്തിന്റെ സ്റ്റുഡിയോയിലെ ഒരു പഴയ ബോക്സിൽ ഡവലപ്പ് ചെയ്യാത്ത ഒരു റോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം കണ്ടെത്തി. കഴുകിയെടുത്തപ്പോൾ പത്രലോകത്തിന് ലഭിച്ചത് ബ്ലാക്ക്ബേൺ മരണത്തിന് അഞ്ചാഴ്ചമുൻപ് പർവ്വത്തിന്റെ മുകളിൽ വിമാനത്തിൽ നിന്നെടുത്ത പുകയുന്ന അഗ്നിപർവ്വതത്തിന്റെ സ്ഫോടനത്തിനു തൊട്ടുമുമ്പുള്ള  അപൂർവ്വചിത്രങ്ങൾ ആയിരുന്നു.

മരണത്തിലും ക്യാമറ കഴുത്തിൽ തൂക്കി…

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിനൽകേണ്ടി വന്ന മറ്റൊരു ക്യാമറാമാനായിരുന്നു ഷഫാത് സിദ്ദിഖി. 2014 സെപ്റ്റംബർ 7 നു കാശ്മീരിലുണ്ടായ വൻപ്രളയം റിപ്പോർട്ട് ചെയ്യുകയായിരുന്നു 'ദൈനിക് ജാഗരൺ' പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ഷഫാത്. ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലൈഓവറിൽനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ കാൽവഴുതി താഴെ കുത്തിയൊഴുകുന്ന പ്രളയജലത്തിലേക്ക് വീഴുകയായിരുന്നു. അദ്ദേഹം ഒഴുക്കിൽപ്പെട്ട വിവരം ആദ്യദിവസങ്ങളിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. അഞ്ചു ദിവസങ്ങൾക്കുശേഷം സെപ്റ്റംബർ 12 നു ലാൻഡ്സ്ബർഗിന്റെ അവസാന നിമിഷങ്ങളെ ഓർമ്മിപ്പിക്കുംവിധം കഴുത്തിൽ തുങ്ങിക്കിടന്ന ക്യാമറയുമായി മൃതദേഹം കണ്ടെത്തി. ഈ ന്യൂസ് ഫോട്ടോഗ്രാഫറുടെ 20 വർഷത്തെ കരിയറിൽ എടുത്ത ചിത്രങ്ങളിൽ  ഫയൽ ചെയ്യാൻ കഴിയാതെപോയ ഏക ചിത്രദൗത്യവും ഇതായിരുന്നു.

കൊടുങ്കാറ്റ് കവർന്ന മാധ്യമക്കണ്ണുകൾ; മൈക്ക് മക്കോർമിക്കും (1982-2018) ആരോൺ സ്മെൽറ്റ്‌സറും (1982-2018)


കൊടുങ്കാറ്റ് കവർന്ന മാധ്യമക്കണ്ണുകൾ  

ഫിലിപ്പ് ആരോൺ സ്മെൽറ്റ്സറും മൈക്ക് മക്കോർമിക്കും അമേരിക്കയിലെ നോർത്ത് കരോലിനയിൽ വീശിയടിച്ച 'അൽബർട്ടോ' കൊടുങ്കാറ്റ് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. മൈക്ക് മക്കോർമിക് അമേരിക്കൻ വാർത്താചാനലായ ‘WYFF ന്യൂസ് 4’  ടീമിലെ  പ്രമുഖ വാർത്താവതാരകനും റിപ്പോർട്ടറും. ആരോൺ സ്മെൽറ്റ്സർ നാലുതവണ എമ്മി അവാർഡ് നേടിയ ഫോട്ടോ ജേർണലിസ്റ്റ്.

2018 മെയ് 28 നു പോൾക്ക് കൗണ്ടിയിലെ ഹൈവേ 176 ൽ ആയിരുന്നു അപകടം. ദിവസങ്ങളായ ശക്തമായ മഴയെ തുടർന്നു ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനും തത്സമയ വിവരങ്ങൾ ശേഖരിക്കാനും പോയതായിരുന്നു സംഘം. കൊടുങ്കാറ്റിന്റെ കെടുതികൾ ചിത്രീകരിച്ച്  മടങ്ങുമ്പോൾ കനത്ത കാറ്റിൽ വേരോടെ പിഴുതുവീണ വൻമരം ഇവരുടെ വാഹനത്തിന് മുകളിലേക്ക് പതിക്കുകയും ഇരുവരും തൽക്ഷണം മരിക്കുകയുമായിരുന്നു.

കാഠ്മണ്ഡുവിലെ കനൽവഴികളിൽ എരിഞ്ഞൊടുങ്ങിയ ക്യാമറ

2025 മാർച്ച് 28 നു നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന വലിയ പ്രതിഷേധ പ്രകടനത്തിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ, പ്രതിഷേധക്കാർ കെട്ടിടത്തിന് തീയിട്ടപ്പോൾ മരണമടഞ്ഞ യുവ ഫോട്ടോ ജേർണലിസ്റ്റ് സുരേഷ് രജക് നേപ്പാളിലെ പ്രമുഖ വാർത്താചാനലായ 'അവന്യൂസ് ടെലിവിഷന്റെ' ക്യാമറ/വീഡിയോ വിഭാഗം മേധാവിയായിരുന്നു.

കശ്മീരിലെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട ഷഫാത് സിദ്ദിഖി (1974-2014)

പ്രതിഷേധ പ്രകടനങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പകർത്താനായി സുരേഷും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തിൻകുനെയിലെ ഒരു കെട്ടിടത്തിന്റെ മുകൾനിലയിലേക്കു കയറി. കെട്ടിടത്തിന്റെ മുകളിൽനിന്ന് പോലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. പ്രകോപിതരായ ജനക്കൂട്ടം താഴത്തെ നിലയ്ക്കു തീയിടുകയായിരുന്നു. തീ പടർന്നതോടെ മുകൾനിലയിലുണ്ടായിരുന്ന സുരേഷ് രജക്കിന് പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പരസ് ശ്രേഷ്ഠയും അനിൽ രായമാജിയും അത്ഭുതകരമായി രക്ഷപ്പെട്ടു.  കെട്ടിടത്തിനുള്ളിൽ ആരുമില്ലെന്ന നിഗമനത്തിൽ പോലീസ് തിരച്ചിൽ നടത്താൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ടായി. പ്രതിഷേധക്കാർ ഫയർഫോഴ്സ് വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. ഒടുവിൽ രജക്കിന്റെ കത്തിയമർന്ന മൃതദേഹം കെട്ടിടത്തിന്റെ നാലാം നിലയിൽ കണ്ടെത്തി.

പെൺ ചോരപ്പാടുകൾ

ധീരരായ വനിതകളുടെ ചോരയും ഫോട്ടോ ജേർണലിസത്തിന്റെ രക്തസാക്ഷിത്വ ചരിത്രത്തിൽ പതിഞ്ഞിട്ടുണ്ട്. യുദ്ധമുഖത്ത് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മരണപ്പെടുന്ന ലോകത്തിലെ ആദ്യ വനിതാ ഫോട്ടോ ജേർണലിസ്റ്റായ ജർമ്മൻകാരി ഗെർഡ ടാരോ(26). 1937 ജൂലൈ 26 നു സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലെ ക്രൂരതകൾ ക്യാമറയിലാക്കി മടങ്ങവെ നിയന്ത്രണംവിട്ട സൈനിക ടാങ്ക് ഇടിച്ചായിരുന്നു ഗെർഡയുടെ അന്ത്യം.

രണ്ടാം ലോകമഹായുദ്ധം മുതൽ മരണംവരെ താൻ പകർത്തിയ യുദ്ധചിത്രങ്ങളിലൂടെ അനശ്വരയായി മാറിയ അമേരിക്കൻ വനിതാ ഫോട്ടോഗ്രാഫർ ഡിക്കി ചാപ്പലിന്റെ (47) അന്ത്യം1965 നവംബർ 4  നു വിയറ്റ്നാം യുദ്ധമുഖത്ത് യുഎസ് മറൈൻ സൈന്യത്തോടൊപ്പം ദൃശ്യങ്ങൾ പകർത്തവേ ലാൻഡ് മൈൻ സ്ഫോടനത്തിലായിരുന്നു.

ദുരന്തങ്ങളുടെ നീളുന്ന പട്ടിക

കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിനിടയിൽ (1950-2025) കരിയറിന്റെയും യൗവ്വനത്തിന്റെയും തിളക്കത്തിൽ അകാലത്തിൽ ഇല്ലാതായ ആഗോള ഫോട്ടോഗ്രാഫർമാർ ഇനിയുമേറെ.  1954 മെയ് 25-ന് ഇൻഡോ-ചൈന യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടയിൽ ലാൻഡ് മൈൻ പൊട്ടിത്തെറിച്ച് കൈകളിൽ ക്യാമറയുമായി മരിച്ച ലോകപ്രശസ്ത യുദ്ധകാല ഫോട്ടോഗ്രാഫർ റോബർട്ട് കാപ്പ (40). 1970 ഒക്ടോബർ 28 നു കംബോഡിയൻ യുദ്ധമേഖലയിൽവെച്ച് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ട വിഖ്യാത വിയറ്റ്നാം യുദ്ധചിത്രങ്ങളിലൂടെ പുലിറ്റ്‌സർ സമ്മാനം നേടിയ ജാപ്പനീസ് ഫോട്ടോഗ്രാഫർ ക്യോച്ചി സവാദ (34). 1971 ഫെബ്രുവരി 10 നു വിയറ്റ്നാം യുദ്ധദൃശ്യങ്ങൾ പകർത്താൻ ഹെലികോപ്റ്ററിൽ പോകവേ ശത്രുസൈന്യത്തിന്റെ വെടിവെപ്പിൽ മരണമടഞ്ഞ 'ലൈഫ്' മാഗസിനിലെ ഫോട്ടോ ജേർണലിസ്റ്റായ ലാരി ബറോസ് (44).

താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി (1983-2021)

1976 ജൂൺ 16-ന് ദക്ഷിണാഫ്രിക്കയിലെ ചരിത്രപ്രസിദ്ധമായ 'സൊവേറ്റോ' കലാപത്തിൽ പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്ന ചിത്രങ്ങൾ പകർത്തുന്നതിനിടയിൽ കൊല്ലപ്പെട്ട കറുത്തവർഗ്ഗക്കാരനായ യുവ ഫോട്ടോഗ്രാഫർ ലൂക്കാസ് മബേല (26). റോയിട്ടേഴ്സിനുവേണ്ടി 1983 ഓഗസ്റ്റ് 11-ന് ഇറാൻ-ഇറാഖ് അതിർത്തിയിലെ കടുത്ത യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ലാൻഡ് മൈൻ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട  ഇന്ത്യൻ ഫോട്ടോഗ്രാഫർ നജ്മുൽ ഹസൻ (37). 1993 ഫെബ്രുവരി 4-ന് കാബൂളിൽ താലിബാൻ ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകൾ തമ്മിൽ നടന്ന കടുത്ത ബോംബാക്രമണങ്ങൾ ക്യാമറയിൽ പകർത്തവെ വാഹനം തകർന്ന് മരണമടഞ്ഞ ജപ്പാൻ ഫോട്ടോ ജേർണലിസ്റ്റ് യാസുഹീറോ ഇഷിമാരു (32). ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന ഭരണം അവസാനിക്കുന്ന ഘട്ടത്തിൽ ജോഹന്നാസ്ബർഗിൽ ഉണ്ടായ ക്രൂരമായ വംശീയ കലാപങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടയിൽ 1994 ഏപ്രിൽ 18 നു അബദ്ധത്തിൽ സമാധാനസേനയുടെ വെടിയേറ്റു മരിച്ച 'ബാങ്-ബാങ് ക്ലബ്ബിലെ' പ്രധാനി കെൻ ഓസ്റ്റർബ്രോക്ക് (32).

2001 സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ ആദ്യഗോപുരം തകരുന്ന ദൃശ്യങ്ങൾ പകർത്തി, രണ്ടാമത്തെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപെട്ട് മരിച്ച ബിൽ ബിഗ്ഗാർട്ട് (53).  2011 ഏപ്രിൽ 20-ന് ലിബിയൻ ആഭ്യന്തര യുദ്ധത്തിലെ കനത്ത ബോംബാക്രമണത്തിൽ മരിച്ച ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫറായ ക്രിസ് ഹോൺഡ്രോസ് (41). (ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ഡോക്യുമെന്ററി സംവിധായകൻ ടിം ഹെതറിംഗ്ടണും (40) ഇതേ അപകടത്തിൽ ഇതേദിവസം കൊല്ലപ്പെട്ടു). 2021 ജൂലൈ 16-ന് അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ട പുലിറ്റ്‌സർ സമ്മാന ജേതാവായ പ്രശസ്ത ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (38). പട്ടികയിലെ പേരുകൾ ഇങ്ങനെ നീളുന്നു.

ദുരന്തസ്മൃതിയിൽ ആദരവോടെ

വിക്ടർ ജോർജ്ജ് അടക്കം അകാലത്തിൽ പൊലിഞ്ഞ മാധ്യമപ്രവർത്തകരുടെ ജീവിതങ്ങൾ കേവലം ദുരന്തവാർത്തകളോ ഓർമ്മക്കുറിപ്പുകളോ അല്ല, പ്രകൃതിയുടെ പ്രകോപനങ്ങൾക്കു മുന്നിലെ അതിജീവന പോരാട്ടങ്ങളാണ്; ദൃശ്യമാധ്യമ ചരിത്രത്തിലെ ആത്മസമർപ്പണത്തിന്റെ ചോരപുരണ്ട അടയാളങ്ങളാണ്.  

കരിയറിന്റെയും ജീവിതത്തിന്റെയും മനോഹരമായ പ്രായത്തിലായിരുന്നു ഈ മാധ്യമപ്രവർത്തകരുടെയെല്ലാം ദാരുണമായ അന്ത്യം. മരണം സംഭവിക്കുമ്പോൾ അവരിൽ ബിൽ ബിഗാർട്ട് (53) ഒഴികെ മറ്റൊരാൾക്കും അൻപത് വയസ്സ് തികഞ്ഞിരുന്നില്ല!  

സുരക്ഷിതമായ മുറിയിലിരുന്ന് കണ്ടുരസിക്കുന്ന ചില പത്രചിത്രങ്ങൾക്കെങ്കിലും മരണനിമിഷത്തിലും സ്വന്തം സുരക്ഷപോലും മറന്ന് ക്യാമറ ഷട്ടറിൽ കണ്ണും കയ്യുമൊരുക്കി കാത്തിരുന്ന ചില മനുഷ്യരുടെ ചോരയുടെ നിറവും നനവുമുണ്ടെന്നു പലപ്പോഴും ഓർക്കാറില്ല. ഈ ഓർമ്മപുതുക്കൽ ധീരരായ എല്ലാ ഫോട്ടോ ജേണലിസ്റ്റുകൾക്കുമുള്ള ആദരവാണ്‌.

കുര്യൻ കെ തോമസ്
പബ്ലിക്കേഷൻ ഡയറക്ടർ (റിട്ട), എം ജി യൂണിവേഴ്സിറ്റി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക