Image

തുരങ്കപാതയിലെ മണ്ണിടിച്ചിൽ: മുന്നറിയിപ്പ് അവഗണിച്ചെന്ന് വ്യക്തമാക്കുന്ന യോഗത്തിന്റെ മിനുട്സ് പുറത്ത്; നിർമാണം നിർത്തിവെപ്പിച്ചു

Published on 07 July, 2026
തുരങ്കപാതയിലെ മണ്ണിടിച്ചിൽ: മുന്നറിയിപ്പ് അവഗണിച്ചെന്ന് വ്യക്തമാക്കുന്ന യോഗത്തിന്റെ മിനുട്സ് പുറത്ത്; നിർമാണം നിർത്തിവെപ്പിച്ചു

കോഴിക്കോട്: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്നും, ഇക്കാര്യത്തിൽ നേരത്തെ തന്നെ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പൊതുമരാമത്ത് വകുപ്പ്. പദ്ധതി പ്രദേശത്ത് തുരങ്കം തുരന്ന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ്ങോ സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ മൂലമുള്ള അപകട സാധ്യതയുണ്ടെന്ന് ജൂൺ 25ന് ചേർന്ന അവലോകന യോഗത്തിൽ പി.ഡബ്ല്യു.ഡി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വ്യക്തമാക്കുന്ന ഔദ്യോഗിക യോഗത്തിന്റെ മിനുട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടു. ചെറിയ മഴ പെയ്താൽ പോലും അപകടമുണ്ടാകാം എന്ന് ചൂണ്ടിക്കാണിച്ചിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി പൊതുമരാമത്ത് മന്ത്രി ടി. സിദ്ദിഖ് പ്രതികരിച്ചു.

​അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ മണ്ണ് നീക്കം ചെയ്യുന്നതും സൂക്ഷിക്കുന്നതും. യോഗങ്ങളിലും അല്ലാതെയും തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര നടപടികൾ ഉണ്ടായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഔദ്യോഗിക നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാതിരുന്ന സാഹചര്യം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ഗുരുതര വീഴ്ചയെക്കുറിച്ച് കൊങ്കൺ റെയിൽവേ അധികൃതരെ മുൻപ് തന്നെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും മണ്ണ് അടിയന്തരമായി മാറ്റിസ്ഥാപിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമായി അന്വേഷിക്കുമെന്നും, പദ്ധതിയുടെ ടൗൺഷിപ്പ് ഭാഗത്തും സമാനമായ രീതിയിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​അപകടത്തെയും വ്യാപകമായ പ്രതിഷേധത്തെയും തുടർന്ന് കോഴിക്കോട്-വയനാട് അതിർത്തിയിലെ തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്തെ എല്ലാവിധ നിർമാണ പ്രവർത്തികളും നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അപകട സാധ്യതയുള്ള മണ്ണും അവശിഷ്ടങ്ങളും പൂർണ്ണമായും സുരക്ഷിതമായി നീക്കം ചെയ്ത ശേഷമേ ഇനി തുടർനടപടികൾ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന. വൻ ദുരന്ത സാധ്യത നിലനിന്നിരുന്ന മേഖലയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക