Image

ലയനം (കവിത:രമാ പിഷാരടി)

Published on 07 July, 2026
ലയനം (കവിത:രമാ പിഷാരടി)

ജലത്തിൽ ലയിക്കുന്ന വർണ്ണമല്ലത്

ശൂന്യഹൃദയം പകർത്തുന്ന

രാസലായനീലയം

എരിഞ്ഞ കനലിട്ട് കരിഞ്ഞ-

നെരിപ്പോടതിരുളിൽ

വെട്ടം പോലെ തോന്നുന്ന

മഹാജാലം.

ഇരുണ്ട  ചായം കോരിയൊഴിച്ച-

കള്ളിക്കുള്ളിയിലകൾ-

മുള്ളിൻ കൂട്-

തുന്നുന്ന ശൂന്യാവേഗം..

ചായങ്ങൾ കോരിക്കോരി-

യൊഴിച്ച് പെരുപ്പിച്ച

മൂവന്തിയിരുട്ടിനെ

ചൂടുന്ന കൂടൊന്നിലായ്

ദൂരത്ത് നിഷാദൻ്റെ

അമ്പിൻ്റെ  ചിത്രം വര-

ച്ചോരിയിട്ടോടും

പുതുകാലത്തെ ജക്കാളുകൾ..

ലഹരിപ്പൂന്തോട്ടങ്ങളവർക്ക്

ചൂടാനായ കിരീടമതുമൊരു

ഭ്രമകാലത്തിന്നാർത്തി

ആർത്തിയിൽ പെരുപ്പിച്ച

ചായങ്ങളതിൽ രാസലായനി

ചേർത്തോതുന്ന

കരിമ്പൻ ഗന്ധങ്ങളിൽ

പിന്നെയും  കോറിക്കോറിയിടുന്ന

ചിത്രം അത് കണ്ട് കണ്ടെന്നേ

മുഷിഞ്ഞടർന്ന നീർപ്പോളകൾ

 

വരയ്ക്കൂ പ്രകൃതി നീ

ചിത്രമൊന്നനന്യമാം

സമത്വം നെഞ്ചിൽ തൊട്ട്

ചാലിച്ചു വരയ്ക്കു നീ

ഭൂമിയ്ക്ക് വേണ്ടി പലേ-

കാലമായ് സഹിക്കുന്ന

പാഴ്മരനിഴൽക്കുത്തും,

പിന്നിലെയൊളിപ്പോരും..

നോവതുണ്ടാവും  ഭൂമി,യെങ്കിലും

ഋതുക്കളിലാർദ്രതയിറ്റിച്ച്

നീ മുന്നിലായ് തിളങ്ങുന്നു.

ദൂരെയാ കുള്ളിക്കള്ളിമുൾച്ചെടി

വളരുന്നു

വേരുകൾക്കുള്ളിൽ വന്ന്

തിയിട്ട് പോയീടുന്നു.

പ്രാണൻ്റെ പ്രയാണത്തെ

തടയും മുള്ളിന്നഴി!

ജീവനെ ഗ്രസിക്കുന്നൊരഗ്നിപർവ്വതജ്വരം

ഉന്മത്തകാലത്തിൻ്റെ രാസജാലമാണത്

മണ്ണിനെ കുടുക്കുന്ന ചിത്രജാലമാണത്

 

ജലത്താൽ ഭൂമിയ്ക്കൊരു ചിത്രമുണ്ടാകാം

അത് പ്രളയം പോലെ, മഹാമായ പോലായിത്തീരാം

ജലജാലകത്തിൻ്റെ പാളികൾ തുറക്കുമ്പോൾ

പ്രപഞ്ചം കൈകൾ ചേർത്തു വരച്ചു സമുദ്രത്തെ...

 

ലയിക്കുന്നതതിൽ സർവ്വം, ലയിക്കുന്നതിൽ ലോകം

ലയിക്കുന്നതിൽ എല്ലാം , മായയോ,  യുഗാന്ത്യമോ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക