Image

ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല (ഭാഗം-3)

Published on 07 July, 2026
ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല (ഭാഗം-3)

''പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം
ധര്‍മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ''
(ഭഗവത്ഗീത)

ഈശ്വരസാക്ഷാല്‍ക്കാരത്തിലൂടെ മനുഷ്യനെ പൂര്‍ണതയിലേക്കു നയിക്കുന്ന അതിമഹത്തായ യോഗാശാസ്ത്രം! ലോകത്തിനു ഭാരതം സമ്മാനിച്ച അതുല്യമായ സമ്പൂര്‍ണ ആരോഗ്യശാസ്ത്രം! മഹത്തായ ഈ ശാസ്ത്രത്തിലൂടെയും നീതി നിഷേധിക്കപ്പെട്ടവര്‍ക്കായുള്ള സന്ധിയില്ലാത്ത പോരാട്ടത്തിലൂടെയും പൗരസ്ത്യ - പാശ്ചാത്യസംസ്‌കാരങ്ങളെ പരസ്പരംബന്ധിപ്പിക്കുന്ന ഒരു പ്രതിഭാശാലി: ഗുരു കൂവള്ളൂര്‍ എന്ന തോമസ് ജെ. കൂവള്ളൂര്‍!
യോഗ - ആദിയോഗിയായ ശിവനില്‍നിന്നും ആരംഭിച്ച്, പതഞ്ജലി മഹര്‍ഷിയെപ്പോലെയുള്ള ഗുരുവര്യരിലൂടെ മാനവരാശിയില്‍ കടന്നുവന്ന ഒരു അനുഗ്രഹം! ഭാരതീയമായ ഹൈന്ദവ, ബുദ്ധ, ജൈനമതസംസ്‌കാരങ്ങളിലൂടെ വളര്‍ന്നു പുഷ്‌കിലമായി സ്വാമി വിവേകാനന്ദനിലൂടെ ആധുനിക പാശ്ചാത്യക്രൈസ്തവലോകത്തും പ്രചരിപ്പിക്കപ്പെട്ട അതുല്യമായ യോഗ്യവിദ്യ! എങ്കിലും, ബി.സി ആറാംനൂറ്റാണ്ടില്‍ത്തന്നെ ഈജിപ്തിലെത്തിയ ബുദ്ധസന്യാസിമാരുടെ പിന്‍തലമുറയിലൂടെ യേശുക്രിസ്തുപോലും ബാല്യ - കൗമാരകാലത്ത് യോഗയെ അറിഞ്ഞിരുന്നുവത്രേ!
ഭഗവത്ഗീതയാണ് യോഗയുടെ പ്രാമാണികഗ്രന്ഥം. തേരാളിയായ ശ്രീകൃഷ്ണന്‍ അര്‍ജുനന് യോഗവിദ്യ ഉപദേശിച്ചു കൊടുത്തു.
ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം, രാജയോഗം എന്നിങ്ങനെ ചതുര്‍വിധമായ യോഗചര്യ! കര്‍മയോഗയിലൂടെയാണ് അര്‍ജുനന്‍ ഉണര്‍ന്നതും ഭാരതയുദ്ധത്തില്‍ ധര്‍മപക്ഷത്തിന് വിജയം ഉറപ്പാക്കിയതും...
ഇതാ ഇവിടെ, കര്‍മംകൊണ്ടും യോഗവിദ്യകൊണ്ടും കിഴക്കിനെയും പടിഞ്ഞാറിനെയും ഉണര്‍ത്താന്‍ സ്വയം നിയോഗം പേറിയ ഒരു മലയാളി! സ്വാമി വിവേകാനന്ദന്‍ യോഗയുടെ വിത്തു വിതച്ച, കര്‍മനിരതരാകാന്‍ ആഹ്വാനം നടത്തിയ ആമേരിക്കന്‍ ഐക്യനാടുകളില്‍ അനീതികള്‍ക്കും അധര്‍മത്തിനുമെതിരെയുള്ള നിയമപോരാട്ടവും യോഗാപ്രചാരണവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു കര്‍മയോഗി! ഇതാണ്, കോട്ടയം കടപ്ലാമറ്റത്ത് പൂഞ്ഞാര്‍ പടത്തലവന്മാരുടെ പരമ്പരയില്‍ പിറന്ന ഗുരു തോമസ് ജെ. കൂവള്ളൂര്‍!


ന്യൂ യോര്‍ക്ക് ആസ്ഥാനമായി ഇന്തോ - അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ജസ്റ്റിസ് ഫോര്‍ ഓള്‍ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും മേധാവിയുമായ അമേരിക്കന്‍ മലയാളി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബഹിരാകാശ വ്യവസായി ഇലോണ്‍ മസ്‌ക് തുടങ്ങിയവരുമായി സൗഹൃദം സ്ഥാപിച്ച മികച്ച സംഘാടകന്‍. പുരുഷായുസ്സിന്റെ പൂര്‍ണതയായ 120-ാം വയസ്സുവരെ ജീവിച്ച ലോകപ്രശസ്ത ഹഠയോഗി സ്വാമി ഭുവാജി മഹാരാജില്‍നിന്ന് പാരമ്പര്യം സ്വീകരിച്ച് ഈ 76-ാം വയസ്സിലും യുവാക്കളെ വെല്ലുന്ന ഊര്‍ജസ്വലത കാത്തുസൂക്ഷിക്കുന്ന അസാധാരണവ്യക്തിത്വം!
പ്രശസ്തഗായകന്‍ യേശുദാസിന്റെ അടുത്ത ബന്ധു ഉള്‍പ്പെടെ, ആയുഷ്‌കാലം അമേരിക്കന്‍ കാരാഗൃഹങ്ങളില്‍ അടയ്ക്കപ്പെട്ടു പോയേക്കുമായിരുന്ന നിരവധി ഇന്ത്യക്കാരെ സ്വാതന്ത്ര്യത്തിന്റെ ജീവവായുവിലേക്ക് മോചിപ്പിച്ച ഈ മുന്‍ ജൂറി അംഗം ഇപ്പോള്‍, ആ രാജ്യംകണ്ട ഏറ്റവും വലിയ നിയമ പോരാട്ടങ്ങളിലൊന്ന് നടത്തി വിജയത്തിലേക്ക് അടുക്കുകയാണ്. നൂറില്‍പ്പരം അമേരിക്കന്‍ പ്രവാസിഭാരതീയരെ വഞ്ചിച്ച ഒരു കപട പൗരോഹിത്യക്കൂട്ടത്തെ തകര്‍ത്ത്, പ്രവാസികള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതിയ ആയുഷ്‌കാല സമ്പാദ്യങ്ങള്‍ തിരിച്ചുപിടിക്കുന്ന പോരാട്ടം! ആ പോരാട്ടത്തിന് മുന്നില്‍ യുഎസ്സിലെ അറ്റോര്‍ണിമാര്‍ ന്യായത്തിന്റെ പക്ഷത്ത് നില്‍ക്കാത്ത ജഡ്ജിമാര്‍വരെ മുട്ടുകുത്തുന്നു.

നിരവധി മലയാളികളെ നരകയാതനകളിലേക്കും ആത്മഹത്യ കളിലേക്കുപോലും തള്ളിവിട്ട കരുവന്നൂര്‍, കട്ടപ്പന തുടങ്ങിയ പലപല സഹകരണ ബാങ്കുകളില്‍ പ്രബലരാഷ്ട്രീയകക്ഷികളുടെ തണലില്‍ പകല്‍ക്കൊള്ളകള്‍ നടക്കുമ്പോള്‍, അതിനെതിരെയുള്ള പ്രതികരണ ങ്ങള്‍ വെറും വാചകക്കസര്‍ത്തു മാത്രമായി അധഃപതിക്കുമ്പോള്‍ ഈ മനുഷ്യനെപ്പോലെയുള്ള നിസ്വാര്‍ത്ഥപോരാളികളുടെ പ്രസക്തി കേരളത്തിലും വര്‍ധിച്ചുവരികയാണ്.
ആനയും പുലിയും കാട്ടുപോത്തും കാട്ടുപന്നിയും കാടിറങ്ങി, നാടിന്റെ നട്ടെല്ലായ കര്‍ഷകന്റെ ജീവിതം തകര്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് നിയമം; ജനശക്തി ഉണര്‍ത്തിയാല്‍ നിയമം മാറ്റിയെഴുതാം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ ഗുരുവിന്റെ സാന്നിധ്യം ജന്മനാടും ആവശ്യപ്പെടുകയാണ്...
നിയമം, യോഗ, സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, കൃഷി തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സമാനതകളില്ലാത്ത അറിവും അനുഭവവും ഉള്‍ക്കാഴ്ചയുമുള്ള ഈ വ്യക്തിത്വം പാശ്ചാത്യ - പൗരസ്ത്യ ലോകങ്ങളുടെ സമന്വയത്തിന്റെ മാതൃകകൂടിയാണ്.
കേരളം ജന്മംകൊടുത്ത പലപ്രഗല്‍ഭരുടെയും ജീവചരിത്രങ്ങള്‍ എഴുതാനും ആത്മകഥകള്‍ക്ക് സഹരചന നിര്‍വഹിക്കാനും എനിക്ക് നിമിത്തമേകിയ അരുമായില്‍ ജോസഫ് ജെയിംസ് എന്ന, എനിക്ക് ജ്യേഷ്ഠതുല്യനായ എ.ജെ ജെയിംസാണ് തോമസ് കൂവള്ളൂരിനെ എനിക്ക് പരിചയപ്പെടുത്തുന്നത്. ഉത്തമനായ ഒരു വ്യക്തിത്വത്തിന്റെ ജീവചരിത്രം എഴുതാനുള്ള എന്റെ ദീര്‍ഘകാല അന്വേഷണത്തിന്റെ സാഫല്യമായിരുന്നു അത്.
ലോകമെമ്പാടും അധിവസിക്കുന്ന മലയാളികള്‍ ഇന്നെവരെ അറിയാത്ത പ്രഗല്‍ഭനായ ഒരു കോട്ടയംകാരന്‍ അമേരിക്കന്‍ മലയാളി ന്യൂയോര്‍ക്കില്‍ താമസിക്കുന്നുണ്ട്. അദ്ദേഹം കടപ്ലാമറ്റത്തുള്ള എന്റെ മാതാവിന്റെ ജ്യേഷ്ഠസഹോദരിയുടെ തൊട്ടയല്‍പക്കംക്കാരനും, കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസ്ഥാനം വഹിച്ച ശ്രീമാന്‍ കെ.എം. മാണിയുടെ സഹപാഠിയും വലംകൈയുമായിരുന്ന കെ.റ്റി ജോസഫ് കൂവള്ളൂര്‍ എന്ന എന്റെ സുഹൃത്തിന്റെ മൂത്തമകനും, കേരളത്തിലും അമേരിക്കയിലും സാമൂഹ്യരംഗത്തു പ്രവര്‍ത്തിച്ച് തന്റെ മികവുതെളിയിച്ച ഒരാളും, എനിക്ക് നന്നേ ചെറുപ്പം മുതല്‍ അറിയാവുന്ന ആളുമാണ് തോമസ് കൂവള്ളൂര്‍ എന്ന കഥാപാത്രം.


അടുത്തപ്രാവശ്യം തോമസ് കൂവള്ളൂര്‍ നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും കാണണം. ഇതേവരെ എഴുതിയതില്‍വച്ച് ഏറ്റവും മികച്ച ഒരു പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നു ലഭിക്കുമെന്ന് ഏ.ജെ ജയിംസ് പറഞ്ഞു. അത് വെറും പാഴ്‌വാക്കായിരുന്നില്ല എന്ന് വൈകാതെ എനിക്കു മനസ്സിലായി.
'കാതലുള്ള കഥകള്‍' എന്ന ബുക്കിന്റെ രചയിതാവും, ഒരു മാനേജ്‌മെന്റ് വിദഗ്ധനും, കടപ്ലാമറ്റംകാരനുമായ ഏ.ജെ ജയിംസ് അരുമായില്‍ കേരളത്തിലെ മുന്‍കൃഷി വകുപ്പ് മന്ത്രിയും, കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ കൃഷിഭവന്‍ എന്ന പദ്ധതി നടപ്പാക്കിയ പറതൂക്കിയേല്‍ സിറിയക് ജോണിന്റെ വളരെ അടുത്ത ബന്ധുകൂടി ആയിരുന്നു എന്നുള്ള കാര്യം കൂടി സൂചിപ്പിച്ചുകൊള്ളട്ടെ.
പി.സിറിയക് ജോണും, കെ.എം. മാണിയും തോമസ് കൂവള്ളൂരിന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂരിന്റെ സഹപാഠികളും സുഹൃത്തുക്കളും, ആയിരുന്നു എന്നുള്ള കാര്യം കടപ്ലാമറ്റത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. കെ.എം.മാണിയുടെ വീടും, കെ.റ്റി ജോസഫ് കൂവള്ളൂരിന്റെ വീടും, പറതൂക്കിയേല്‍ പി.സിറിയക് ജോണിന്റെ വീടും ഇലക്കാടു പഞ്ചായത്തില്‍ ആയിരുന്നു. കടപ്ലാമറ്റം പഞ്ചായത്ത് പില്‍ക്കാലത്ത് രൂപീകൃതമായതാണ്. കെ.എം.മാണി, പി. സിറിയക് ജോണ്‍, കെ.റ്റി ജോസഫ് കൂവള്ളൂര്‍, ഏ.ജെ. ജയിംസ് അരുമായില്‍, തോമസ് ജെ. കൂവള്ളൂര്‍ എല്ലാവരും പഠിച്ച സ്‌കൂള്‍ സെയിന്റ് ആന്റണീസ് ഹൈസ്‌കൂള്‍ കടപ്ലാമറ്റത്താണെന്നുള്ളത് ശ്രദ്ധേയമാണ്.
പാലാ രൂപതയില്‍പ്പെട്ട കടപ്ലാമറ്റം സെയിന്റ് മേരീസ് ഫൊറോനാ ചര്‍ച്ച്് 1009 എ.ഡി ല്‍ സ്ഥാപിതമായതാണെന്ന്് ചരിത്രപഠനത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിയും. കടപ്ലാമറ്റത്തെ സെയ്ന്റ് ആന്റണീസ് സ്‌കൂള്‍, സെയ്ന്റ് മേരീസ് ചര്‍ച്ചിന്റെ അധീനത്തിലുള്ളതാണ്. ചുരുക്കത്തില്‍ വളരെ പ്രധാന്യമുള്ള ഒന്നാണ് കടപ്ലാമറ്റം എന്ന് നിസ്സംശയം പറയാം.

തുടരും...

Read More: https://www.emalayalee.com/writer/114

 

Join WhatsApp News
Elcy Yohannan sankarathil 2026-07-07 01:56:01
Looking forward to read many adventures of Mr. Koovalloor. Good to have these types of beautiful articles in the emalayalee. Good luck !!
Thomas J. Koovalloor 2026-07-08 14:29:52
Thank you for reading my real life adventures. My life is not like the Novel The Adventures of Huckleberry Finn. Everything based on real life experiences written by a famous Writer and Investigative Journalist P. V. Alby , who wrote JIM COBERT’S MAN- EATERS OF KUMAON, MY INDIA and so many historical books, including Elon Musk. Still, I believe, the Readers of Malayalam, especially the Education Department of Kerala did not recognize Mr. P V Alby yet in the full sense. Thank you Writer, Poet Ms. ELCY Yohannan and many others for reading my Biography, ( not a Fake Story), and making comments. I really appreciate all of your support. This is part of my real life Experiences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക