
വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ പതിനാറാമത് കെ.സി.സി.എന്‍.എ നാഷണൽ കൺവെൻഷൻ ഇനി വെറും 30 ദിവസങ്ങൾ മാത്രം അകലെയാണ്. ആഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഈ മഹാസംഗമത്തിനായുള്ള എല്ലാ പ്രധാന ഒരുക്കങ്ങളും പൂർത്തിയായതായി കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. ഇനി ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കൺവെൻഷൻ ദിനങ്ങളിലേക്ക് കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുകയാണ്. KCASF (മയാമി), KCCCF (ടാമ്പാ) യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിൽ നടക്കുന്ന ഈ കൺവെൻഷനിൽ അമേരിക്കയിലെയും കാനഡയിലെയും 27 യൂണിറ്റുകളിൽ നിന്നായി 3,500-ലധികം ക്നാനായ സമുദായാംഗങ്ങൾ പങ്കെടുക്കും. വിശ്വാസവും പാരമ്പര്യവും കുടുംബബന്ധവും സമൂഹത്തിന്റെ ഐക്യവും ആഘോഷിക്കുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ കുടുംബസംഗമമായി ഇത്തവണത്തെ കൺവെൻഷൻ മാറുമെന്ന് സംഘാടകർ അറിയിച്ചു. കൺവെൻഷനിലേക്കുള്ള രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നായി ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കായുള്ള ഹോട്ടൽ താമസം, ഭക്ഷണക്രമീകരണം, ഗതാഗതം, സ്വീകരണം, രജിസ്ട്രേഷൻ സംവിധാനം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച 50-ലധികം സബ് കമ്മിറ്റികളുടെ മാസങ്ങളായുള്ള അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് സംഘാടകർ അറിയിച്ചു. സമുദായ സമ്മേളനങ്ങൾ, വിശുദ്ധ കുർബാന, സാംസ്കാരിക ഘോഷയാത്ര, സെമിനാറുകൾ യുവജന പരിപാടികൾ, കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകൾ, വനിതാ സമ്മേളനങ്ങൾ, കലാപരിപാടികൾ, കലാമത്സരങ്ങൾ, കായികമത്സരങ്ങൾ, കുടുംബസംഗമങ്ങൾ എന്നിവയ്ക്കൊപ്പം കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ സംഗീതസംഘത്തിന്റെ ലൈവ് മ്യൂസിക്കൽ ഷോയും കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന എന്റർടൈൻമെന്റ് പരിപാടികൾ കൺവെൻഷൻ രാവുകളെ വർണ്ണാഭവും അവിസ്മരണീയവുമാക്കും. ചിക്കാഗോയിലെ പ്രമുഖ DJ യായ iLLEST അവസാന ദിവസത്തെ ബാങ്ക്യുറ്റിൽ കൺവെൻഷനെ പ്രേത്യേകിച്ച് യുവജനങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുവാൻ പെർഫോംചെയ്യും.”വിശ്വാസം പാരമ്പര്യം, കുടുംബം” എന്ന ക്നാനായ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ ഒരു കുടുംബസംഗമമായിരിക്കും ഇത്തവണത്തേതെന്ന് KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ, കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ എന്നിവർ അറിയിച്ചു. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്കൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികളുടെയും സാന്നിധ്യം കൺവെൻഷന്റെ മാറ്റുകൂട്ടും.
KCCNAയുടെ പോഷകസംഘടനകളായ വിമൻസ് ഫോറം, KCYL, KYA, യുവജനവേദി എന്നിവയുടെ നേതൃത്വത്തിൽ എല്ലാ പ്രായവിഭാഗങ്ങൾക്കും അനുയോജ്യമായ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കൺവെൻഷൻ വേദിയും അനുബന്ധ സൗകര്യങ്ങളും പൂർണസജ്ജമായ സാഹചര്യത്തിൽ ഇനി ബാക്കിയുള്ളത് 30 ദിവസങ്ങളുടെ കൗണ്ട്ഡൗൺ മാത്രം. വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹം ഒന്നടങ്കം ഈ മഹാസംഗമത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലും ആവേശത്തിലുമാണ്.
KCCNAയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ) എന്നിവരാണ്. ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ വിജയത്തിനുള്ള ശക്തമായ അടിത്തറ. ഇനി വെറും 30 ദിവസങ്ങൾക്കകം വടക്കേ അമേരിക്കൻ ക്നാനായ സമൂഹംh ചരിത്രത്തിലെ മറ്റൊരു മഹത്തായ കുടുംബസംഗമത്തിന് സാക്ഷ്യം വഹിക്കും.