
സ്വാതന്ത്ര്യത്തിന് ദേവത കൈയില്‍,
സ്വര്‍ണ്ണ വിളക്കേന്തി,
ലോകത്തെങ്ങും വാഴുന്നോര്‍ക്ക്,
സ്വാഗതമോതുന്ന,
കുടിയേറ്റക്കാര്‍ ജീവിതനാടക-
വേദിയൊരുക്കുന്ന,
സമ്പത്തിന്‍ ഭൂഖണ്ഡമത്രെ,
സ്വസ്തി, യമേരിക്ക.
ജാതിമതാദിവര്‍ണ്ണ വര്‍ഗ്ഗ-
വേഷഭൂഷകളില്‍,
ഭാഷകളില്‍, ഹാ നാനാത്വത്തില്‍-
ഒത്തൊരുമിക്കുന്നോര്‍,
ഇല്ലായ്മകളുടെ വല്ലായ്മകളില്‍,
നീണാള്‍ കരകയറാന്‍,
അത്ഭുതശക്തി കരംപിടിച്ച്,
എത്തിച്ചീ മണ്ണില്‍.
ധനവും വിദ്യയും സമ്മേളിക്കും,
പുത്തന്‍ സംസ്‌ക്കാരം,
ഐക്യനാടിന്‍ സവിശേഷതയായ്,
ഡോളര്‍ഹരമായി,
അദ്ധ്വാനത്തിന്‍ വീഥിയിലൂടെ-
സൗഭഗമാര്‍ജ്ജിക്കാന്‍,
പണ്ട് 'കൊളംബസ്സ്' പൂകിയ മണ്ണിന്‍-
സ്വന്തമായ് നമ്മള്‍.
സാന്ത്വനദായകജീവിതമാര്‍ക്കും-
സമ്മാനിതമാകാന്‍!
സ്വാതന്ത്ര്യത്തിന് മകുടമണിഞ്ഞ്,
രണ്ടരനൂറ്റാണ്ടായ്;
രണ്ടായിരത്തി, യിരുപത്താറ്-
ജൂലായ് നാലത്രെ!
വര്‍ണ്ണാഞ്ചിതാമാഘോഷത്താല്‍,
പുളകം കൊള്ളട്ടെ.
ദുഷ്‌ക്കര്‍മ്മങ്ങള്‍ക്കടിമകളായി,
അധ:പതിക്കാതെ,
അഹന്ത, യന്ധതയായി ഹൃദയം
കല്ലായ് മാറ്റാതെ,
സഹയാത്രികരില്‍ ദര്‍ശിച്ചിടാം
ഈശ്വരചൈതന്യം,
പ്രാര്‍ത്ഥനയോടെ മുന്നേറിടാം.
വിനയാന്വിതരായി.
സുഭിക്ഷതയില്‍ വിളങ്ങിടട്ടെ...
നിത്യ, മമേരിക്ക....