
തൃശൂർ: സ്വകാര്യ ആശുപത്രികളായ അമല, ജൂബിലി മിഷൻ എന്നിവിടങ്ങളിൽ ശമ്പള വർദ്ധനവ് സംബന്ധിച്ച വാഗ്ദാനങ്ങൾ മാനേജ്മെന്റ് നടപ്പാക്കാത്തതിനെത്തുടർന്ന് തൃശൂർ ജില്ലയിലെ നഴ്സുമാർ സമ്പൂർണ്ണ പണിമുടക്കിലേക്ക് കടക്കുന്നു. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചു. പണിമുടക്ക് കാരണം രോഗികൾ ദുരിതത്തിലാകുന്നത് ഒഴിവാക്കാൻ, ആശുപത്രികളിൽ കഴിയുന്ന രോഗികളെ മാറ്റുന്നതിനായി 48 മണിക്കൂർ സമയം നൽകുമെന്നും യുഎൻഎ വ്യക്തമാക്കി.
സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് അമല, ജൂബിലി ആശുപത്രി മാനേജ്മെന്റുകൾ നൽകുന്നത്. നഴ്സുമാരുടെ സമരത്തെത്തുടർന്ന് ആശുപത്രികളിലുണ്ടായ മിക്ക ഒഴിവുകളും നികത്തിക്കഴിഞ്ഞുവെന്നും, നിലവിൽ സമരം ചെയ്യുന്നവർ തിരിച്ചുവന്നാലും ജോലിയിൽ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് തന്നെ കൃത്യമായി വേതന വർദ്ധനവ് നടപ്പാക്കിയതാണെന്നും, അത് ഇപ്പോൾ നടപ്പാക്കിയെന്നാണ് യുഎൻഎ പ്രചാരണം നടത്തുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ ആരോപിച്ചു.
അതേസമയം, ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം 52-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ശനിയാഴ്ച നഴ്സുമാരുമായി കരാർ ഒപ്പിടുമെന്ന് മാനേജ്മെന്റുകൾ സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം അതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സമരം കൂടുതൽ ശക്തമാക്കി കണ്ണൂർ കളക്ടറേറ്റിന് മുന്നിലേക്ക് വ്യാപിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് അമല ആശുപത്രി അധികൃതര്‍
തൃശൂര്‍: അമല ഹോസ്പിറ്റലിലെ നഴ്‌സിംഗ് സമരം അവസാനിച്ചെന്നും ശമ്പള വര്‍ധന നടപ്പിലാക്കാന്‍ തീരുമാനിച്ചെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്ന് അമല ആശുപത്രി അധികൃതര്‍.
സമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങളില്‍ യാതൊരു വിധ ചര്‍ച്ചകളോ തീരുമാനങ്ങളോ അമലയില്‍നിന്നു ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജൂബിലിയും അമലയും ഒന്നിച്ചുള്ള ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും മാത്രമേ തയാറുള്ളൂവെന്ന് ജില്ലാ ലേബര്‍ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന് അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ സിഎംഐ അറിയിച്ചു.
അമലയില്‍ ശമ്പളവര്‍ധന നടപ്പാക്കിയെന്നും അതിനാല്‍ സമരം അവസാനിപ്പിച്ചെന്നും യുഎന്‍എയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പേജുകളിലും ഗ്രപ്പുകളിലും അറിയിപ്പു വന്നിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.