Image

പ്രതികാരമല്ല, ക്ഷമയാണ് യഥാര്‍ത്ഥ പ്രതിവിധി: ജൂലൈ 7 ആഗോള ക്ഷമ ദിനം (എ.എസ് ശ്രീകുമാര്‍)

Published on 06 July, 2026
പ്രതികാരമല്ല, ക്ഷമയാണ് യഥാര്‍ത്ഥ പ്രതിവിധി: ജൂലൈ 7 ആഗോള ക്ഷമ ദിനം (എ.എസ് ശ്രീകുമാര്‍)

മനസ്സില്‍ വിദ്വേഷത്തിന്റെ കനലുകള്‍ എരിയുമ്പോള്‍ അത് ആദ്യം പൊള്ളിക്കുന്നത് നമ്മളെത്തന്നെയാണ്. മറ്റുള്ളവരോടുള്ള ദേഷ്യവും പകയും ഉള്ളില്‍ കൊണ്ടുനടക്കുന്നത് കൈപ്പത്തിയില്‍ കനല്‍ക്കട്ട പിടിച്ചിരിക്കുന്നതു പോലെയാണെന്ന് ശ്രീബുദ്ധന്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ക്ക് ദോഷം വരണമെന്ന് കരുതി നമ്മള്‍ വിഷം കുടിക്കുന്നതിന് തുല്യമാണത്. ഈ തിരിച്ചറിവിലേക്ക് ലോകത്തെ നയിക്കാനാണ് എല്ലാ വര്‍ഷവും ജൂലൈ 7 ആഗോള ക്ഷമ ദിനമായി ആചരിക്കുന്നത്. ''ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം തരും...'' എന്നാണല്ലോ പറയുന്നത്.

ക്ഷമിക്കുക എന്നാല്‍ മറ്റൊരാള്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കലോ, അതിനെ അംഗീകരിക്കലോ അല്ല. മറിച്ച്, ആ തെറ്റ് നമ്മുടെ സമാധാനത്തെയും ഭാവിജീവിതത്തെയും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ തീരുമാനമാണ്. പ്രതികാര ചിന്തകള്‍ മനുഷ്യനെ ഭൂതകാലത്തിലേക്ക് കെട്ടിയിടുന്നു. എന്നാല്‍ ക്ഷമിക്കുന്നതിലൂടെ നമ്മള്‍ ആ കെട്ടഴിച്ചുമാറ്റി നാളെയുടെ  ദിനങ്ങളിലേയ്ക്ക് സ്വതന്ത്രരാവുകയാണ്. വിട്ടുമാറാത്ത ദേഷ്യം രക്തസമ്മര്‍ദ്ദം കൂട്ടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമാകുമെന്ന് മെഡിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ക്ഷമിക്കുന്നത് വഴി മാനസിക സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.

തെറ്റുകള്‍ മനുഷ്യസഹജമാണ്. പല ഉറ്റ ബന്ധങ്ങളും തകരാതിരിക്കാന്‍ 'ക്ഷമ' എന്ന രണ്ട് അക്ഷരങ്ങള്‍ക്ക് സാധിക്കും. ക്ഷമയുടെ മഹത്വം വാക്കുകളിലല്ല, പ്രവൃത്തിയിലാണ് തെളിയുന്നത്. അതിന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ മാതൃകയാണ് ഗ്ലാഡിസ് സ്റ്റെയിന്‍സ് എന്ന ഓസ്‌ട്രേലിയന്‍ വനിതയുടെ സമര്‍പ്പിത ജീവിതം. 27 വര്‍ഷം മുമ്പ് ഒറീസയില്‍ കൊല ചെയ്യപ്പെട്ട ഓസ്‌ട്രേലിയന്‍ മിഷിനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ വിധവയാണ് ഗ്ലാഡിസ് സ്റ്റെയിന്‍സ്. 1965 മുതല്‍ ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷന്‍ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സും ഗ്ലാഡിസും.

1999 ജനുവരി 22-നാണ് കുഷ്ഠരോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ10 വയസ്സുള്ള ഫിലിപ്പ്, 6 വയസ്സുള്ള തിമോത്തി എന്നിവരെ ഒരു കൂട്ടം അക്രമികള്‍, അവര്‍ ഉറങ്ങിക്കിടന്ന ജീപ്പിന് തീയിട്ട് ദാരുണമായി കൊലപ്പെടുത്തിയത്. രാജ്യം മുഴുവന്‍ ഞെട്ടിയ ആ കൊടും ക്രൂരതയ്ക്ക് ശേഷം എല്ലാവരും ഉറ്റുനോക്കിയത് അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിന്‍സിലേക്കായിരുന്നു. പ്രിയപ്പെട്ട ഭര്‍ത്താവിനെയും രണ്ട് പിഞ്ചുമക്കളെയും ഒന്നിച്ച് നഷ്ടപ്പെട്ട ഒരു സ്ത്രീയില്‍ നിന്ന് ലോകം പ്രതീക്ഷിച്ചത് വലിയ ആക്രോശങ്ങളും നിയമപോരാട്ടങ്ങളുമായിരുന്നു. എന്നാല്‍ കോടതിക്ക് മുന്നില്‍ അവര്‍ പറഞ്ഞ വാക്കുകള്‍ ലോകത്തെയാകെ നിശ്ശബ്ദമാക്കി.

പ്രധാന പ്രതികളിലൊരാളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ അയാളെ വധിക്കരുതെന്നാണ് ഗ്ലാഡിസ് ആവശ്യപ്പെട്ടത്. ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്. എന്റെ ഭര്‍ത്താവിന്റെ ജീവിതം എനിക്ക് നല്‍കിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കള്‍ വളര്‍ന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വര്‍ഗത്തില്‍ അവര്‍ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കര്‍ത്താവിന്റെ പീഡനങ്ങള്‍ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാല്‍ ഗ്രഹാമിന്റെ ഘാതകനോട് ഞാന്‍ ക്ഷമിക്കുന്നു...'' ഗ്ലാഡിസിന്റെ ഈ വാക്കുകള്‍ ആഗോള ക്ഷമാ ദിനത്തിലെ ഏറ്റവും ഉചിത സന്ദേശമായി അലയടിക്കുന്നു.

അത്രയും വലിയൊരു നഷ്ടം വന്നിട്ടും അവര്‍ മയൂര്‍ഭഞ്ച് വിട്ടുപോകാതെ ഇന്ത്യയില്‍ താമസിച്ചു. പകരം, ഭര്‍ത്താവ് ചെയ്തുകൊണ്ടിരുന്ന കുഷ്ഠരോഗി പരിചരണം അതേ ഗ്രാമത്തില്‍ തുടര്‍ന്നു. 2005-ല്‍ ഭാരത സര്‍ക്കാര്‍ അവരെ പത്മശ്രീ നല്‍കി ആദരിച്ചു.  2015 ല്‍ സ്റ്റെയിന്‍സിന് സാമൂഹ്യനീതിക്കായുള്ള മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചു. പ്രതികാരത്തിന് പകരം ക്ഷമയിലൂടെ എങ്ങനെ ലോകത്തെ ജയിക്കാമെന്ന് കാണിച്ചുതന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് ഗ്ലാഡിസ് സ്റ്റെയിന്‍സ്.

ദൈവത്തിന്റെ ക്ഷമയെക്കുറിച്ചും മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു സുപ്രധാന ബൈബിള്‍ വാക്യമിങ്ങനെ: ''അപ്പോള്‍ പത്രൊസ് അവന്റെ അടുക്കല്‍ വന്നു: കര്‍ത്താവേ, സഹോദരന്‍ എത്രവട്ടം എന്നോടു പിഴെച്ചാല്‍ ഞാന്‍ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ''ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാന്‍ നിന്നോടു പറയുന്നു'' എന്നു പറഞ്ഞു''- മത്തായി 18:21, 22

ക്ഷമിക്കുക എന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല. അതൊരു പ്രക്രിയയാണ്. നമുക്ക് വേദനിച്ചു എന്ന് ആദ്യം സമ്മതിക്കുക. ദേഷ്യം സ്വാഭാവികമാണ്, പക്ഷേ അത് സ്ഥിരമാക്കരുത്. തെറ്റ് ചെയ്ത വ്യക്തിയുടെ സാഹചര്യങ്ങളോ മാനസികാവസ്ഥയോ എന്തായിരിക്കാം എന്ന് ചിന്തിക്കാന്‍ ശ്രമിക്കുക. പലപ്പോഴും നമ്മള്‍ മറ്റുള്ളവരോട് മാത്രമല്ല, സ്വന്തം തെറ്റുകളോടും ക്ഷമിക്കാറില്ല. സ്വയം കുറ്റപ്പെടുത്തുന്നത് നിര്‍ത്തുക. ഈ ആഗോള ക്ഷമാ ദിനത്തില്‍, ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു ചെറിയ പിണക്കമെങ്കിലും, അല്ലെങ്കില്‍ വലിയൊരു പകയെങ്കിലും നമുക്ക് ഉപേക്ഷിക്കാം. അത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല, നമ്മുടെ സ്വന്തം മനസ്സമാധാനത്തിനും സന്തോഷമുള്ളൊരു ഭാവിക്കും വേണ്ടിയാണ്. ഈ ആഗോള ക്ഷമാ ദിനത്തില്‍, നമ്മെ വേദനിപ്പിച്ചവര്‍ക്ക് പൂര്‍ണ്ണമായി മാപ്പ് നല്‍കാനും, ഒപ്പം നമ്മള്‍ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചവരോട് മനസ്സ് തുറന്ന് മാപ്പ് ചോദിക്കാനും നമുക്ക് സാധിക്കട്ടെ.

ഏവര്‍ക്കും ആഗോള ക്ഷമ ദിന ആശംസകള്‍..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക