Image

യുദ്ധത്തിന്‍റെ സാക്ഷികള്‍ (ലിറ്റററി ജേണലിസം-3: എസ് സുന്ദര്‍ദാസ്)

Published on 06 July, 2026
  യുദ്ധത്തിന്‍റെ സാക്ഷികള്‍ (ലിറ്റററി ജേണലിസം-3: എസ് സുന്ദര്‍ദാസ്)

ഉത്തമമായ സാഹിത്യാത്മകവാര്‍ത്താരചനകള്‍  ഉത്തമ സാഹിത്യത്തില്‍നിന്നും ഭിന്നമല്ലെന്ന്  സ്വെറ്റ്ലാന അലക്‌സ്യേവിച്ചിന്‍റെ നോബല്‍ പുരസ്കാരലബ്ധി വ്യക്തമാക്കുന്നു.

2015-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് പഴയ സോവിയറ്റ് യൂനിയന്‍റെ ഒരു ഘടകവും ഇപ്പോള്‍ ഒരു സ്വതന്ത്രരാഷ്ട്രവുമായ ബെലാറുസില്‍നിന്നുള്ള അന്വേഷണാത്മക പത്രപ്രവർത്തക സ്വെറ്റ്ലാന അലക്‌സ്യേവിച്ചിനാണ്. നോബല്‍ പുരസ്കാര നിര്‍ണസമിതി പ്രസ്താവിച്ചത്  “നമ്മുടെ കാലഘട്ടത്തിലെ യാതനയുടേയും ധീരതയുടേയും ലിഖിതസ്മാരകമായ  സ്വെറ്റ്‍ലാനയുടെ രചനകള്‍ക്കാണ്” പുരസ്കാരം നല്‍കുന്നത് എന്നാണ്.‍ ഉത്തമമായ സാഹിത്യാത്മകവാര്‍ത്താരചനകള്‍  ഉത്തമ സാഹിത്യത്തില്‍നിന്നും ഭിന്നമല്ലെന്ന്  സ്വെറ്റ്ലാന അലക്‌സ്യേവിച്ചിന്‍റെ നോബല്‍ പുരസ്കാരലബ്ധി വ്യക്തമാക്കുന്നു.  രണ്ടാം ലോകയുദ്ധം, അഫ്ഘാന്‍ യുദ്ധം, സോവിയറ്റ് യൂനിയന്റെ പതനം, ചെര്‍ണോബൈല്‍ ദുരന്തം എന്നിങ്ങനെയുള്ള ചരിത്രസന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിയുള്ളവയാണ് സ്വെറ്റ്ലാനയുടെ രചനകള്‍. ആ ചരിത്രസംഭവങ്ങളില്‍ ഭാഗഭാക്കായവരോ അവയ്ക്ക് സാക്ഷ്യം വഹിച്ചവരോ അവയുടെ ദുരന്തഫലം പില്‍ക്കാല ജീവിതത്തില്‍ പേറേണ്ടിവന്നവരോ ആയ ആളുകളുമായി നടത്തിയ ദീര്‍ഘങ്ങളായ അഭിമുഖങ്ങളെ അവലംബിച്ചാണ് സ്വെറ്റ്ലാനയുടെ രചനകള്‍. നാടകീയത കലര്‍ത്തിയ സവിശേഷമായ അവരുടെ ആഖ്യാനശൈലി വായനക്കാര്‍ക്ക് ആപൂര്‍വാനുഭവം തന്നെയാണ്. യുദ്ധത്തിന്‍റെ സ്ത്രീവിരുദ്ധ മുഖം: രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ ഒരു വാമൊഴി ചരിത്രം  (War’s Unwomanly Face : An Oral History of Women in World War II) എന്ന പുസ്തകം രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത റഷ്യന്‍ സ്ത്രീകളുടെ ഒരു ഓര്‍മപുസ്തകമാണെന്ന് പറയാം. ഇതില്‍ ഇരുനൂറോളം സ്ത്രീകള്‍ ഓര്‍മകള്‍ പങ്കിടുന്നുണ്ട്.  യുദ്ധങ്ങളുടെ ചരിത്രം എപ്പോഴും പുരുഷന്മാരുടെ വീരകഥകളോ ദുരന്താഖ്യാനങ്ങളോ ആയാണ് നമ്മുടെ മുന്നിലെത്താറുള്ളത്. എന്നാല്‍ രണ്ടാംലോകയുദ്ധത്തില്‍ ഏര്‍പ്പെട്ട റഷ്യന്‍ സേനയില്‍ സ്ത്രീകളും പുരുഷന്മാരോപ്പം യുദ്ധത്തിലെ മുന്നണിപ്പോരാളികളായി പങ്കെടുത്തിരുന്നു. പൈലറ്റുമാര്‍, ഡോക്ടര്‍മാര്‍, സ്നൈപ്പര്‍മാര്‍, ആന്‍റി-എയര്‍ക്രാഫ്റ്റ് ഗണ്ണര്‍മാര്‍ തുടങ്ങിയ ദൗത്യങ്ങളിലേര്‍പ്പെട്ട് യുദ്ധത്തിന്‍റെ മുന്നണിയില്‍തന്നെ പങ്കെടുത്ത സ്ത്രീകള്‍ നിരവധി. കൂടാതെ അലക്കുകാര്‍, പാചകക്കാര്‍, ടെലിഫോണ്‍ ഓപറേറ്റര്‍മാര്‍, എഞ്ചിന്‍ ഡ്രൈവര്‍മാര്‍ എന്നീ നിലകളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പിന്നണിയിലും പ്രവര്‍ത്തിച്ചു.  രണ്ടാം ലോകയുദ്ധത്തില്‍ റഷ്യയുടെ ചുവപ്പുസേനയില്‍ ഏതാണ്ട് പത്ത് ലക്ഷത്തോളം സ്ത്രീകള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

ഈ പുസ്തകത്തിനാധാരമായ സ്വെറ്റ്ലാനയുടെ അന്വേഷണത്തിന് പ്രേരണയായത് ഒരു പത്രലേഖനമാണ്. ജോലിയില്‍നിന്നും വിരമിക്കുന്ന ഒരു വനിതാ അക്കൗണ്ടന്‍റിന് നല്‍കപ്പെട്ട യാത്രയയപ്പ് സല്‍ക്കാരത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു ആ ലേഖനം. എന്നാല്‍ രണ്ടാം ലോകയുദ്ധത്തില്‍ ഒരു സ്നിപ്പറായി സേവനം അനുഷ്ടിച്ചിരുന്ന അവര്‍ 75 ശത്രുസൈനികരെ വധിക്കുകയും 11 സൈനിക ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന്‍റെ ചരിത്രം ഒരിക്കലും സ്ത്രീകളുടെ വീക്ഷണകോണില്‍ പറയപ്പെടുന്നില്ലെന്നായിരുന്നു ആ മുന്‍സൈനികയുടെ അഭിപ്രായം. വീരകഥകള്‍ പാടിപ്പുകഴ്ത്തപ്പെടുകയും ദുരന്താനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോകുകയും ചെയ്യുന്നു എന്ന് അവര്‍ പരിതപിച്ചു. സ്ത്രീകളുടെ യുദ്ധാനുഭവങ്ങള്‍ തേടിയുള്ള അന്വേഷണത്തിന് സ്വെറ്റ്ലാന ഒരുങ്ങിയപ്പോള്‍ അത് ചെന്നെത്തുന്നത് അത് ഇത്രയും അജ്ഞാതവും അമ്പരപ്പുളവാക്കുന്നതും പലപ്പോഴും നടുക്കുന്നതുമായ ഒരു അനുഭവലോകത്തിലായിരിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല. റഷ്യയില്‍ മാത്രമല്ല ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും സ്ത്രീകള്‍ തങ്ങളുടെ രാജ്യത്തിന്‍റെ സൈന്യത്തില്‍ ചേരുകയും രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സൈന്യത്തില്‍ പുരുഷന്മാര്‍ കുത്തകയാക്കിവെച്ചിരുന്ന എല്ലാ തൊഴിയുകളിലേക്കും സ്ത്രീകള്‍ ചെന്നെത്തി. അതുവരെ infantryman, tank driver, machine gunner  തുടങ്ങിയ പല പദവിസൂചകങ്ങളായ പദങ്ങള്‍ക്കും സ്ത്രീലിംഗപദങ്ങള്‍ ഇല്ലായിരുന്നു. സ്ത്രീകളുടെ ഈ കൂട്ടായ അധിനിവേശ ത്തോടെയാണ് സമാന സ്ത്രീലിംഗപദങ്ങള്‍ പ്രചാരത്തില്‍വന്നുതുടങ്ങിയത്.

പ്രധാനമായും ദേശസ്നേഹത്താല്‍ പ്രചോദിതരായാണ് റഷ്യന്‍ യുവതികളത്രയും ചുവപ്പുസേനയില്‍ പങ്കാളികളാകാന്‍ കുതിച്ചത്. പലരും സൈന്യത്തിലെടുക്കപ്പെടാന്‍ വയസ്സുപോലും കള്ളം പറഞ്ഞു. എന്നാല്‍ ഈ ധീരവനിതകളുടെ സൈനിക സേവനവും വിരമിച്ചശേഷമുള്ള ജീവിതാനുഭവങ്ങളും എങ്ങനെയുള്ളതായിരുന്നു? 1970 കളുടെ ഒടുവിലും  1980 കളുടെ തുടക്കത്തിലുമായി യുദ്ധത്തില്‍ പങ്കാളികളും യുദ്ധബാധിതരുമായ നിരവധിപേരുമായി സ്വെറ്റ്ലാന അഭിമുഖം നടത്തുകയുണ്ടായി. അതിന്‍റെ ആകത്തുകയാണ് ഈ പുസ്തകം. സ്ത്രീകള്‍ അവരുടെ ഭാഷയില്‍, ആത്മഭാഷണംപോലെ അയവിറക്കുന്ന ഓര്‍മകളായാണ് പുസ്തകത്തില്‍ അവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആ ഓര്‍മകളോരോന്നും അവരുടെ അവരുടെ അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ അനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കും ഇടയില്‍ എഴുത്തുകാരിയുടെ സാന്നിധ്യം വായനക്കാര്‍ക്ക് അനുഭ്വപ്പെടുകയില്ല. അത്ര അനൗപചാരികമായിരുന്നു ആ അഭിമുഖങ്ങള്‍. സ്ത്രീകളുടെ വീട്ടില്‍ അടുക്കളമേശക്ക് ഇരുപുറവുമിരുന്ന് സ്വെറ്റ്ലാന അവരുമായി സാധാരണമായ രീതിയില്‍ സംസാരിച്ചു. അതുകൊണ്ടുതന്നെ നാട്യങ്ങളോ മറച്ചുവെക്കലുകളോ ഇല്ലാതെ അവര്‍ മനസ്സുതുറന്നു. “ യുദ്ധത്തെപറ്റിയല്ല, യുദ്ധത്തില്‍ അകപ്പെട്ടുപോയ മനുഷ്യജീവികളെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്. അതുപോലെ യുദ്ധത്തിന്‍റെ ചരിത്രമല്ല, അതിനാല്‍ ബാധിക്കപ്പെട്ടവരുടെ വികാരങ്ങളുടെ ചരിത്രമാണ് ഞാന്‍ എഴുതുന്നത്. ആത്മാവിന്‍റെ ചരിത്രകാരിയാണ് ഞാന്‍” എന്ന് സ്വന്തം രചനയെപ്പറ്റി സ്വെറ്റ്ലാന.

വസ്തുതകള്‍ക്കായുള്ള അന്വേഷണവും  (അതിന് പലപ്പോഴും ഏറെ സമയം വേണ്ടിവരും) അവരുടെ നാടകീയമായ അവതരണവും ആണ് ലിറ്റററി ജേണലിസത്തിന്‍റെ കാതല്‍. ആ കാതലിന്‍റെ കരുത്ത് സ്വെറ്റ്ലാനയുടെ പുസ്തകത്തില്‍ കാണാം. സ്വെറ്റ്ലാനക്ക് കണ്ടെത്തേണ്ടിയിരുന്ന സ്ത്രീകള്‍ എല്ലാവരും സൈന്യത്തില്‍നിന്ന് വിരമിച്ചവരായിരുന്നുവെങ്കിലും അവര്‍ ഓരോരുത്തരുടേയും കുടുംബപ്രശ്നവും ഭൗതിക സാഹചര്യവും മാനസികാവസ്ഥയും വ്യത്യസ്തങ്ങളായിരുന്നു. ചിലര്‍ കൗമാരപ്രായം സൈനികജീവിതത്തില്‍ ഹോമിച്ചവര്‍; ചിലര്‍ കൊച്ചുകുട്ടികളെ വീട്ടില്‍ വിട്ട് സൈന്യത്തില്‍ ചേര്‍ന്നവരും തിരിച്ചുവന്നപ്പോള്‍ സ്വന്തം കുട്ടികള്‍ക്കുതന്നെ അപരിചിതരായിത്തീരുകയും ചെയ്തവര്‍; മറ്റുചിലര്‍ സൈനികസേവനം മൂലം യാസ്ഥിതിക സമൂഹത്തിന്‍റെ കണ്ണില്‍ സ്ത്രൈണത നഷ്ടപ്പെട്ടവര്‍; വേറെ ചിലര്‍ യുദ്ധവേളയിലും യുദ്ധാനന്തരജീവിതത്തിലും പുരുഷമേധാവിത്തത്തിന്‍റെ ഇരകളായിത്തീര്‍ന്നവര്‍. സൂക്ഷ്മനിരീക്ഷണത്തിലൂടേയും സവിശേഷമായ ഇടപെടലുകളിലൂടേയും സ്വെറ്റ്ലാന ഇവരുടെ മനസ്സും ജീവിതവും സ്കാന്‍ ചെയ്തെടുക്കുന്നത് കൗതുകമുള്ള വായനാനുഭവമാണ്.

സ്വെറ്റ്ലാന അലക്‌സ്യേവിച്ച് :ചിത്രം എ സാവിന്‍ 

തന്‍റെ അന്വേഷണത്തിലും  കണ്ടെത്തലിലും അനുഭവപ്പെട്ട സ്ത്രീവിവേചനത്തെപറ്റി (അവഗണനയെപറ്റി) സ്വെറ്റ്ലാന ഇങ്ങനെ എഴുതുന്നു: സൈന്യത്തില്‍ സ്നൈപ്പറായി സേവനമനുഷ്ഠിച്ച ഒരു സ്ത്രീയെ അന്വേഷിച്ചാണ് ഞാന്‍ മിന്‍സ്കിലെ ട്രാക്ടര്‍ ഫ്ക്ടറിയില്‍ എത്തുന്നത്. സൈന്യത്തിലുണ്ടായിരുന്നകാലത്ത് അവര്‍ ഏറെ പ്രശസ്തയായ ഒരു സ്നൈപ്പര്‍ ആയിരുന്നു. യുദ്ധമുന്നണിയിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന പത്രങ്ങള്‍ ഒന്നിലധികം തവണ അവരെപറ്റി എഴുതിയിരുന്നു. മോസ്കോയിലുള്ള അവരുടെ സിഹൃത്ത് എനിക്ക് അവരുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നിരുന്നു.എന്നാല്‍ അത് ഇപ്പോള്‍ നിലവിലില്ലാത്ത പഴയ നമ്പര്‍ ആയിരുന്നു. അവരുടെ പേരിന്‍റെ അവസാനഭാഗമായി ഞാന്‍ കുറിച്ചിരുന്നത് കുടുംബപ്പേരായിരുന്നു.ഫാക്ടറിയുടെ പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നു അവര്‍ ജോലിചെയ്തിരുന്നത് എന്ന് അറിയാമായിരുന്നതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു. അവരെപറ്റി അന്വേഷിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാര്‍ (ഫാക്ടറിയുടെ ഡയരക്ടറും പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലവനും) എന്നോട് ചോദിച്ചു: “ ആണുങ്ങള്‍തന്നെ വേണ്ടത്ര ഇല്ലേ? എന്തിനാണ് ഈ പെണ്ണുങ്ങളുടെ കഥകളൊക്കെ? പെണ്ണുങ്ങളുടെ ഭ്രമകല്‍പനകള്‍...” യുദ്ധത്തെക്കുറിച്ച് തെറ്റായതരത്തിലുള്ള എന്തെങ്കിലും സ്ത്രീകള്‍പറയുമോ എന്ന് പുരുഷന്മാര്‍ ഭയപ്പെട്ടിരുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബത്തെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി...ഭാര്യയും ഭര്‍ത്താവും സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരാണ്. യുദ്ധമുന്നണിയില്‍വെച്ച് കണ്ടുമുട്ടിയ അവര്‍ അവിടെവെച്ചുതന്നെ വിവാഹിതരാകുകയായിരുന്നു. “ കിടങ്ങിനുള്ളിലാണ് ഞങ്ങള്‍ വിവാഹം ആഘോഷിച്ചത്. യുദ്ധത്തിനുമുമ്പ് ഒരു ജര്‍മന്‍ പാരച്യൂട്ടുകൊണ്ട് ഞാന്‍ എനിക്കായി ഒരു വെള്ളവസ്ത്രം ഉണ്ടാക്കിയിരുന്നു.” അയാള്‍ ഒരു മെഷീന്‍ ഗണ്ണറും അവള്‍ ഒരു റേഡിയോ ഓപറേറ്ററുമായിരുന്നു. സംസാരിച്ചുകൊണ്ടിരുന്ന അവളെ അയാള്‍ ഉടനെ അടുക്കളയിലേക്ക് അയച്ചു: “ഞങ്ങള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും ഉണ്ടാക്കൂ.” കെറ്റില്‍ അപ്പോഴേ തിളയ്ക്കുന്നുണ്ടായിരുന്നു. സാന്‍ഡ്‍വിച്ചുകള്‍ വിളമ്പി. അതിനുശേഷം ഭാര്യ  ഞങ്ങളോടൊപ്പം വന്നിരുന്നു. എന്നാല്‍ അപ്പോ‍തന്നെ ഭര്‍ത്താവ് അവളെ എഴുനേല്‍പിച്ചു. “സ്ട്രോബറികള്‍ എവിടെ? നാട്ടില്‍നിന്നുകൊണ്ടുവനന് വിഭവങ്ങള്‍ എവിടെ?,” അയാള്‍ ചോദിച്ചു. എനിക്ക് ഭാര്യയോടായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. എന്‍റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അയാള്‍ വൈമനസ്യത്തോടെ അവിടെനിന്നും പോകാന്‍ തയാറായി. പോകുമ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു: “ ഞാന്‍ പഠിപ്പിച്ചുതന്നപോലെ പറയണം. കരച്ചിലോ പിഴിച്ചിലോ ഒന്നും പാടില്ല. നീ സുന്ദരിയാകാന്‍ എത്ര കൊതിച്ചിരുന്നുവെന്നും നിന്‍റെ ചുരുള്‍മുടി അവര്‍ വെട്ടിമാറ്റിയപ്പോള്‍ നീ എന്തുമാത്രം കരഞ്ഞുവെന്നും പറയൂ.” അയാള്‍ സ്ഥലം വിട്ടപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: “ഇന്നലെ രാത്രിമുഴുവന്‍ അദ്ദേഹം എന്നോടൊപ്പമിരുന്ന് യുദ്ധത്തിന്‍റെ ചരിത്രം പഠിക്കുകയായിരുന്നു. അദ്ദേഹത്തിന് എന്നെ ഭയമായിരുന്നു. ഞാന്‍ കാര്യങ്ങള്‍ ശരിയായി ഓര്‍മിക്കാതിരിക്കുമോ എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വേവലാതി.” ഇത്തരത്തില്‍ ഒന്നിലധികം തവണ ഒന്നിലധികം വീടുകളില്‍ സംഭവിച്ചു.”

 അന്വേഷണാത്മാകവും സാഹിത്യാത്മകവുമായ വാര്‍ത്താരചനയുടെ(ചരിത്രരചനയുടെ) മറ്റൊരു തിളങ്ങുന്ന ഉദാഹരണമാണ് സ്വെറ്റ്‍ലാനയുടെ ചെർണോബിൽ നിന്നുള്ള ശബ്ദങ്ങള്‍: ഒരു ആണവദുരന്തത്തിന്‍റെ വാമൊഴിചരിത്രം (Voices from Chernobyl: The Oral History of a Nuclear Disaster). മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചത് 1986 ഏപ്രിൽ 26നു രാത്രിയാണ്. അപ്രതീക്ഷിതവും ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതും നൂറ് ഹിരോഷിമകല്‍ക്ക് തുല്യമെന്ന് കരുതപ്പെടുന്നതുമായ  ആ വന്‍ദുരന്തത്തിന്‍റെ സത്യാവസ്ഥ സോവിയറ്റ് ഭരണകൂടം മറച്ചുവെച്ചു. അപകടമുണ്ടായതോടെ റേഡിയേഷൻ തോത് അതി ഭീകരമായ തോതിൽ വർദ്ധിച്ചതിനാൽ റിയാക്ടറിനു മുപ്പത് കിലോമീറ്റർ പരിധിയിലുള്ള എല്ലാവരേയും ഒഴിപ്പിച്ചു. എന്നാല്‍ അതിനെക്കാള്‍ എത്രയോ വ്യാപകമായ ഒരു പ്രദേശത്തെ ചെർണോബിൽ നിന്നുള്ള റേഡിയേഷന്‍ ബാധിച്ചു. എന്നാല്‍ സോവിയറ്റ് യൂനിയന്‍ ഈ വിപത്തില്‍ മരണപ്പെട്ടവരുടേയും ഗുരുതരരോഗങ്ങള്‍ ബാധിച്ചവരുടേയും യഥാര്‍ത്ഥകണക്ക് മറച്ചുവെച്ചു. എന്നാല്‍ സോവിയറ്റ്യൂനിയന്‍റെ പതനത്തിനുശേഷം  സ്വതന്ത്രരാഷ്ട്രമായിത്തീര്‍ന്ന  ഇന്ന് ചെർണോബിൽ സ്ഥിതിചെയ്യുന്ന ഉക്രൈൻ (ഇന്ന് ചെർണോബിൽ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്) പിന്നീട് അന്നത്തെ സ്ഫോടനത്തിൽ 8000 പേരും ചെർണോബിൽ നിന്ന് ബഹിർഗമിച്ച റേഡിയേഷന്‍റെ പാർശ്വഫലമായി പിന്നീട് 30,000 മുതൽ 60,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് എന്ന് വെളിപ്പെടുത്തുകയുണ്ടായി. ഉക്രൈനെപ്പോലെതന്നെ സോവിയറ്റ് യൂനിയന്‍റെ പതനശേഷം സ്വതന്ത്രമായ രാജ്യമാണ് സ്വറ്റ്ലാനയുടെ സ്വന്തം നാടുകൂടിയായ  ബെലാറുസ്. അവിടെയാണ് ചെര്‍ണോബില്‍ ദുരന്തഫലമായുണ്ടായ അണുവികിരണശേഷിയുള്ള കണങ്ങള്‍ വന്‍തോതില്‍ പതിച്ചത്. ഒരു കാര്‍ഷികരാജ്യമായ ബെലാറുസിന്‍റെ കാര്‍ഷികമേഖല വികിരണത്തിന് വിധേയമായി. സ്വെറ്റ്ലാനതന്നെ നല്‍കുന്ന കണക്കനുസരിച്ച് ബെലാറുസ് നിവാസികളില്‍ അഞ്ചില്‍ ഒരാള്‍ റേഡിയേഷന്‍റെ ദുരന്തഫലം പേറുന്നവരാണ്. അതായത് ഏകദേശം 2.1 ദശലക്ഷം ആളുകള്‍. അതില്‍ 700,000 പേര്‍ കുട്ടികളും. റേഡിയേഷന്‍ ചെറിയ ഡോസുകളില്‍ നിലനില്‍ക്കുന്നതിനാല്‍ കാന്‍സര്‍, നാഡീവ്യൂഹസംബന്ധമായ വൈകല്യങ്ങള്‍, ജനിതകവൈകല്യങ്ങള്‍ എന്നിവ വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണ്.ഏഴ് ദശലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് അതിന്‍റെ തിക്തഫലം അനുഭവിക്കേണ്ടിവന്നു; ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വന്തം നാടിന്‍റെ ഈ അനുഭവമായിരിക്കാം സ്വറ്റ്ലാനയെ ചെർണോബിൽ ദുരന്തത്തിന് ഇരയായവരെക്കുറിച്ചുള്ള ഒരന്വേഷണത്തിന് പ്രേരിപ്പിച്ചത്. ഈ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവര്‍, അതില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍, അത്യിന്‍റെ പ്രത്യാഘാതങ്ങളായ മാരക അസുഖങ്ങളും പേറി ജീവിക്കേണ്ടിവന്നവര്‍ എന്നിവരെയെല്ലാം നേരിക്കണ്ട് അവരുടെ സ്വന്തം വാക്കുകളില്‍ ചെര്‍ണോബിലിന്‍റെ ചരിത്രം രേഖപ്പെടുത്തുകയാണ് സ്വെറ്റ്ലാന ഈ പുസ്തകത്തില്‍ ചെയ്യുന്നത്. അവരുടെ ചെറു ആഖ്യാനങ്ങളിലൂടെ ഈ മഹാദുരന്തത്തിന്‍റെ ഒരു കൊളാഷ് സൃഷ്ടിക്കുകയാണ് സെറ്റ്ലാന. ജോണ്‍ ഹെര്‍സെയുടെ ഹിരോഷിമയെ അനുസ്മരിപ്പിക്കുന്നതാണെങ്കിലും വളരെ വ്യത്യസ്തമാംവിധം നിമ്നോന്നതങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു സ്വെറ്റ്‍ലാനയുടെ അന്വേഷണപഥം.

അവസാനത്തെ സാക്ഷികള്‍ (Last Witnesses) സ്വെററ്ലാനയുടെ മറ്റൊരു വാമൊഴിചരിത്രമാണ്. രണ്ടാംലോകയുദ്ധകാലത്ത് കുട്ടികളായിരുന്നവരുടെ ജീവിതസാക്ഷ്യങ്ങളാണ് ഈ പുസ്തകത്തില്‍. യുദ്ധത്തിന്‍റെ ആഘാതം യുദ്ധാനന്തരകാലത്തെ ഒരു തലമുറയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇവിടെ നാം ഞെട്ടലോടെ വായിക്കുന്നു. യുദ്ധചരിത്രം ഇതുവരെ സ്പര്‍ശിക്കാത്ത ഒരു അനുഭവമേഖലയാണ് സ്വെറ്റ്ലാന ഇവിടെ അനാവരണം ചെയ്യുന്നത്. സിങ്കി ബോയ്സ്:അഫ്ഘാന്‍ യുദ്ധത്തില്‍നിന്നുള്ള സോവിയറ്റ് ശബ്ദങ്ങള്‍  (Zinky Boys: Soviet Voices from the Afghanistan War).  ധീരമായ ഒരു സത്യാന്വേഷണത്തിന്‍റെ രേഖയാണ്. വിയറ്റ്നാമില്‍ അമേരിക്ക ചെയ്തതെന്തോ അതായിരുന്നു അഫ്ഘാനിസ്ഥാനില്‍ 1979 – 1989 കാലഘട്ടത്തില്‍ സോവിയറ്റ് യൂനിയന്‍ ചെയ്തത്. പത്ത് ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ അഫ്ഘാന്‍യുദ്ധത്തില്‍ പങ്കെടുത്തു. ആയിരക്കണക്കിന് സോവിയറ്റ് സൈനികരാണ് അവിടെ മരണപ്പെട്ടത്. മരണപ്പെട്ട സൈനികരെ സിങ്ക് പെട്ടികളിലാക്കി കപ്പലില്‍ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു പതിവ്. അതാണ് ’സിങ്കി ബോയ്സ്’ എന്ന പേരിനാധാരം. ആ യുദ്ധത്തില്‍ മരണപ്പെട്ടവര്‍, അവരുടെ കുടുംബാംഗങ്ങള്‍, തിരിച്ചെത്തിയവര്‍ എന്നിവരുടെ ദുരുതാനുഭവങ്ങളിലൂടെ വീണ്ടും മനുഷ്യരാശിക്കുമേല്‍ മനുഷ്യന്‍തന്നെ അടിച്ചേല്‍പ്പിച്ച യുദ്ധങ്ങളുടെ മനുഷ്യത്വരാഹിത്യം സ്വെറ്റ്ലാന കാണിച്ചുതരുന്നു.

ലിറ്റററി ജേണലിസത്തിന്‍റെ ശക്തിയും സൗന്ദര്യവും പ്രകടമാക്കുന്നവയാണ് സ്വറ്റ്ലാനയുടെ രചനകള്‍. അന്വേഷണത്തിലെ യുക്തിയും കണ്ടെത്തലുകളിലെ ചരിത്രസാന്നിധ്യവും അവതരണത്തിലെ സത്യസന്ധതയും ഈ പുസ്തകങ്ങളെ സാഹിത്യാത്മകവാര്‍ത്താരചനകളുടെ ഉത്തമമാതൃകകളാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക