
വിജയ്യെ നായകനാക്കി ചിമ്പുദേവന്‍ ഒരുക്കിയ ചിത്രമാണ് പുലി. ഒരു ഫാന്റസി ആക്ഷന്‍ ചിത്രമായി ഒരുങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പരാജയകാരണത്തെക്കുറിച്ച് മനസുതുറക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനും നടനുമായ നാട്ടി സുബ്രഹ്മണ്യം. ചിത്രം തെറ്റായി ആണ് പബ്ലിസിറ്റി ചെയ്തതെന്നും കുട്ടികളുടെ ചിത്രമെന്ന തരത്തില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നു എങ്കില്‍ പുലി ഹിറ്റായേനെ എന്നും നാട്ടി പറഞ്ഞു.
'തെറ്റായ പബ്ലിസിറ്റി കാരണം ഫ്‌ലോപ്പായ സിനിമയാണ് പുലി. ആ സിനിമയുടെ സമയത്ത് വിജയ് സാര്‍ പറഞ്ഞത് 'എന്റെ ഫാന്‍സിന് വേണ്ടി ഞാന്‍ സിനിമ ചെയ്യുന്നുണ്ട്. അതില്‍ ഇന്‍ട്രോ സോങ്ങും ആക്ഷനും ഇമോഷനും എല്ലാമുണ്ട്. പക്ഷേ 8 മുതല്‍ 15 വയസ് വരെയുള്ള എന്റെ കുട്ടി ഫാന്‍സിന് വേണ്ടി ഞാനൊരു സിനിമയും ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെയാണ് ഈ കഥ ഇഷ്ടമായത് എന്നാണ് അദ്ദേഹം പറഞ്ഞത്. വില്ലോ എന്നൊരു ഹോളിവുഡ് സിനിമ പോലെ ഇത് വരണം എന്ന ആഗ്രഹത്തിലാണ് എല്ലാവരും കഷ്ടപ്പെട്ടത്. പക്ഷേ ആ സിനിമയെ എല്ലാവരും ഒരു ആക്ഷന്‍ സിനിമ ആയിട്ടാണ് പബ്ലിസിറ്റി ചെയ്തത്. അതിന് കാരണം ബിസിനസ് കൂടണം എന്നതുകൊണ്ടായിരുന്നു. അതേസമയം കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന സിനിമ എന്ന രീതിയില്‍ പ്രൊമോട്ട് ചെയ്തിരുന്നതെങ്കില്‍ ഒരു കുട്ടിക്ക് വേണ്ടി ഒരു കുടുംബം തന്നെ ആ സിനിമ കാണാന്‍ വന്നേനെ', നാട്ടിയുടെ വാക്കുകള്‍.
ശ്രീദേവി, പ്രഭു, സുദീപ്, ശ്രുതി ഹാസന്‍, ഹന്‍സിക മോട്വാനി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. തമീന്‍സ് ഫിലിംസിന്റെയും എസ്‌കെടി സ്റ്റുഡിയോസിന്റെയും ബാനറില്‍ ഷിബു തമീന്‍സും പി ടി സെല്‍വകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 130 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് 100 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്.