Image

അമേരിക്കൻ നേർക്കാഴ്ചകൾ (ലേഖനം) എബ്രഹാം തോമസ് (പുസ്തക പരിചയം തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

Published on 05 July, 2026
അമേരിക്കൻ നേർക്കാഴ്ചകൾ (ലേഖനം) എബ്രഹാം തോമസ് (പുസ്തക പരിചയം  തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

നാലാര പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ മാധ്യമ രംഗത്ത് സജ്ജീവമായിയിക്കുന്ന എഴുത്തുകാരനാണ് എബ്രഹാം തോമസ്. അമേരിക്കയിലിരുന്ന് ലോകത്തിലെ സകല സംഭവ വികാസങ്ങളെയും നോക്കിക്കാണുകയും തൻ്റെ തൂലികയിലൂടെ അതിനോട് പ്രതികരിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഡാലസിലെ വസതിയിൽ വിശൃമ ജീവിതത്തിലാണ്.

അമേരിക്കയിലെ രാഷ്ട്രീയ - സാമൂഹിക - നിയമ - വംശീയ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. അമേരിക്കയിൽ ജീവിക്കുന്ന മലയാളി മാത്രമല്ല ഏതൊരാളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങൾ ലളിതമായി ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. 
ഭൂപടം ചുരുങ്ങി എന്ന് വിശ്വസിക്കാനാണ് ഏവർക്കും താല്പര്യം. എന്നാൽ ഓരോ വ്യക്തിയുടെയും അറിവും നിലപാടും പരിശോധിക്കുമ്പോൾ കേരളവും അമേരിക്കയും തമ്മിലുള്ള അകലം വലുതാണെന്ന് നാം തിരിച്ചറിയും. അറിവുകൾ എല്ലാം നേടിയല്ല ഒരു മനുഷ്യൻ ജനിക്കുന്നത് എന്നാൽ ശാരീരികമായി വളരുമ്പോൾ മനസിനെ വളർത്തേണ്ടതാണ് എന്ന അനിവാര്യത നാം മറക്കാറുണ്ട്. 

അമേരിക്കൻ മലയാളിയുടെ അവസ്ഥ ഇവിടെയും അവിടെയും ഇല്ല എന്നുള്ളതാണ്. മുഖ്യധാരയിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പലരും അജ്ഞരാണ്. താല്പര്യപൂർവ്വം അറിയാനും തർക്കിക്കാനും ശരാശരി മലയാളി ശ്രമിക്കുക കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ചാണ്. കൊച്ചു കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുവാൻ ഇപ്പോഴും അമേരിക്കൻ മലയാളിക്ക് നൂറു നാവാണ്. ഗൃഹാതുരത്വത്തിൽ നിന്ന് മുക്തിനേടാൻ പലർക്കും വലിയ മടിയാണ്.  
ലേഖനങ്ങളൊക്കെ ആനുകാലികങ്ങളിൽ എഴുതിയ സമകാലിക സംഭവങ്ങളുടെ വിശകലനം ആണ്. ഇന്ന് അതൊക്കെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളാണ്. ഒരു കാലഘട്ടത്തിലെ അമേരിക്കൻ ജീവിതം തിരയുന്ന ചരിത്രകാരന്മാർക്ക് ഈ പുസ്തകം വളരെ വിലപ്പെട്ടതാകും. സാധാരണ വായനക്കാർക്കും ധാരാളം പ്രായോഗിക ജ്ഞാനവും അറിവും ഈ ലേഖനങ്ങളിൽ നിന്നും ലഭിക്കും.

ആഘോഷങ്ങൾ മതപരമായാലും സാമൂഹ്യമായാലും കച്ചവടക്കാർക്ക് അത് എന്നും സന്തോഷകരമാണ്. അമേരിക്കൻ വിവിധ ആഘോഷങ്ങളുടെ വിശദാംശങ്ങളും ഇത് വിപണിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശദീകരിക്കുന്ന ലേഖനമാണ് ഹാലോവീനും, ഡേ ഓഫ് ദ ഡെഡും.  
അന്താരാഷ്ട്ര വ്യവസ്ഥകൾ മാനിച്ചു കൊണ്ട് ഉത്തരവാദിത്വത്തോടെ പെരുമാറുന്ന ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനായി അമേരിക്കൻ അധികാരികൾ നടത്തുന്ന നടപടികളേക്കുറിച്ചും അതിൻ്റെ ആവശ്യകതയേക്കുറിച്ചും പല ലേഖനങ്ങളിലും വിശദീകരിക്കുന്നുണ്ട്. അമേരിക്കയും ഇന്ത്യയും മാത്രമല്ല മറ്റ് ലോകരാജ്യങ്ങളെയും വ്യക്തയോടെ സമീപിക്കുന്നുണ്ട്.

അമേരിക്കയിൽ മുപത് ലക്ഷം പേർ എല്ലാ ദിവസവും പൂറത്തിറങ്ങുന്നത് നിറതോക്കുകളുമായിട്ടാണെന്ന് പറയുന്ന നാഷണൽ ഫയർ ആംസിൻ്റെ ഞെട്ടിക്കുന്ന സർവ്വേയിലെ വിശദാംശങ്ങൾ വിശദീകരിക്കുന്നു. സർവ്വേയിൽ പങ്കെടുത്ത അഞ്ചിൽ നാലുപേരും സ്വന്തം സുരക്ഷയാണ് നിറതോക്ക് കൈവശം വെയ്‌ക്കാൻ കാരണമെന്ന് പറഞ്ഞു. പെർമിറ്റില്ലാതെ രഹസ്യമായി കൈത്തോക്കുമായി സഞ്ചരിക്കാറുള്ളതായി അഞ്ചിൽ ഒരാൾ സമ്മതിക്കുമ്പോൾ പൊതു ഇടങ്ങളിലെ തോക്കുകളുടെ ബഹുലത ഏവരേയും ഭയപ്പെടുത്തും. ഇത് സുരക്ഷയാണോ അതോ ഭീക്ഷണിയാണോ എന്ന് ഭരണ കർത്താക്കൾക്കു പോലും ഉറപ്പിക്കാനാവുന്നില്ല.

അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിന് 44 വർഷം മുൻപാണ് ഓഫ തൻ്റെ 39  ആം വയസ്സിൽ മറൈൻകോറിൽ ചേർന്നത്. തൻ്റെ ആദ്യപേരായ ഓഫ മാത്രം ഉപയോഗിച്ചാൽ മതി എന്ന അവരുടെ നിർബന്ധം ലാസ്റ്റ് നെയിം മാത്രം ഉപയോഗിക്കുന്ന സംവിധാനത്തിൽ അസാധാരണമായി മാറി. അമേരിക്കയ്‌ക്കു വേണ്ടി സജീവ മറൈനായി യുദ്ധം ചെയ്യുമ്പോൾ പോലും ഓഫയ്‌ക്കു വോട്ടു ചെയ്യുവാനുള്ള അനുവാദം ഉണ്ടായിരുന്നിന്നെന്ന് മാത്രമല്ല അവർ മരിക്കുമ്പോഴും സ്ത്രീകൾക്ക് ഈ അവകാശം പൂർണ്ണമായി നേടിയിട്ടുണ്ടായിരുന്നില്ല. ആദ്യ വനിതാ മറൈനായ ഓഫയേക്കുറിച്ചുള്ള ലേഖനം ഓഫ് കേ ജോൺസനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും. 
പല പ്രകൃതി ദുരന്തങ്ങളെയും എങ്ങനെയാണ് നേരിട്ടതെന്ന് വിശദീകരിക്കുകയും അതിൻ്റെയൊക്കെ ബാക്കിപത്രം എന്തായിരുന്നെന്ന്  പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുവാനും സഹായകരമാണ്. 
പുതിയ നിയമങ്ങളും നിയമ ഭേദഗതികളും അവതരിപ്പിക്കുന്നത് സാധാരണക്കാരായ ഇടത്തരക്കാരുടെ ഭാരം ലഘൂകരിക്കാനാണെങ്കിലും അത് ആശ്വാസമാണോ അധിക ഭാരമാണോ നൽകുന്നതെന്ന് ചിന്തിക്കുന്നു. നാം അറിയേണ്ട, നമ്മെ ബാധിക്കുന്ന പലതും നിയമം ആകുന്നുണ്ട്. അത് സമയാ സമയങ്ങളിൽ സ്വയം അറിഞ്ഞ് അപ്റ്റുഡേറ്റാവേണ്ടതുണ്ട്. 

അമേരിക്കൻ മണ്ണിൽ കുടിയേറി ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധിക്കാതെ ജീവിക്കുന്ന മണ്ണിലെ രാഷ്ട്രീയം അറിയുകയും അതിൻ്റെ ഭാഗമാവുകയും ചെയ്യേണ്ടതുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിലെ ഉൾക്കളികളുടെ സൂക്ഷ്മ ചിത്രങ്ങൾ പലതും ലളിതമായി പങ്കുവെയ്‌ക്കുന്നുണ്ട്. 
പരമ്പരാഗതമായി വിവാഹങ്ങൾ നടന്നിരുന്ന ആരാധനാലയങ്ങൾ ഓഡിറ്റോറിയങ്ങൾ, ഗൃഹങ്ങൾ എന്നിവ ഒഴിവാക്കി ബീച്ചുകളിലും പാർക്കുകളിലും ഒഴിവുകാല സങ്കേതങ്ങളിലും ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലും വിവാഹങ്ങൾ നടത്തിയപ്പോഴാണ് അത് ഡെസ്റ്റിനേഷൻ വെഡിംഗായി മാറിയത്. 

ലാസ് വേഗാസ് രൂപകല്പന ചെയ്യുന്ന ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ വിശദവിവരങ്ങൾ ഉണ്ട്. വിവാഹം നടന്നത് ഭാര്യയും ഭർത്താവും മറന്നാലും അതിൽ സംബന്ധിച്ചവർ അത് വീണ്ടും ഓർക്കാൻ താത്പര്യപ്പെടുമെന്ന പരസ്യ വാചകത്തോടെയാണ് ഇത് വിപണനം ചെയ്യപ്പെടുന്നത്. അഞ്ഞൂറ് ഡോളറിൽ തുടങ്ങി ആവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും അനുസരിച്ച് ചാർജ് എത്രവേണമെങ്കിലും കൂട്ടാം. 'വാട്ട് ഹാപ്പൻസ് ഇൻ വേഗാസ് റിമൈൻസ് ഇൻ വേഗാസ് ' എന്ന ചൊല്ല് അന്വർത്ഥമാകാതിരുന്നാൽ മതി.

'ആ കുട്ടികൾ ദൈവത്തിൻ്റെ മടിയിലിരിക്കുന്നു' കൂട്ടക്കുരുതിയുടെ ബാക്കിപത്രം, പ്രാർത്ഥനാലയങ്ങളിലെ സുരക്ഷയ്ക്ക് പുതിയ നടപടി ക്രമങ്ങൾ, ഒരു ദുരന്തത്തിൻ്റെ ബാക്കി പത്രം, ശൂന്യാകാശത്ത് ഐസ്‌ക്രീം വിതരണം ചെയ്യാൻ ബ്ളൂബെൽ, ഹോളിവുഡിൻ്റെ സ്വന്തം പ്രേതകഥകൾ, ആ തോക്ക് ഇപ്പോൾ ആരുടെ കൈവശം ഉണ്ട്? തൂടങ്ങിയ തലക്കെട്ടിലുള്ള എഴുപത്തി അഞ്ച് ആനുകാലിക ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
ലേഖകൻ അമേരിക്കൻ ജീവിതത്തെക്കുറിച്ചെഴുതുന്ന നാലാമത്തെ പുസ്തകമാണിത്. ഓരോ ലേഖനത്തിലും കാര്യഗൗരവമായ ഗവേഷണം നടത്തി, നിഷ്പക്ഷമായ വിലയിരുത്തലുകൾ ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്നു. ഈ വിലയിരുത്തലുകളാണ് തികഞ്ഞൊരു പത്രപ്രവർത്തകനായി എബ്രഹാം തോമസിനെ വിശേഷിപ്പിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത്.

ഈ പുസ്തകത്തിലെ കുറിപ്പുകളിലൂടെ പ്രവാസിയായ അമേരിക്കൻ എഴുത്തുകാരൻ വായനക്കാർക്ക് ലോകം കാട്ടിത്തരുന്നു. നൂറനാട്, ആലപ്പൂഴ ഉൺമ പബ്ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 180 രൂപ.    

എബ്രഹാം തോമസ്

കൊല്ലം പട്ടണത്തിൽ ജനനം. നിയമത്തിൽ ബിരുദാനന്തര ബിരുദം, എൽ. എൽ. എം., ജേർണലിസം, ബാങ്കിംഗ് എന്നിവയിൽ അസോസിയേറ്റ് ബിരുദം എന്നിവ നേടിയിട്ടുണ്ട്. 
എണ്ണായിരത്തിലധികം ലേഖനങ്ങൾ, നിരൂപണങ്ങൾ, സിനിമാതാരങ്ങളും സാങ്കേതിക വിദഗ്ദ്ധരുമായുള്ള അഭിമുഖങ്ങൾ, സിനിമാ നിർമ്മാണത്തെക്കുറിച്ച് ആധികാരികമായ ഗവേഷണം നടത്തിയ ലേഖനങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ചലച്ചിത്ര നിരൂപണവും ചെറുകഥാ രചനയും നിർവ്വഹിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഇംഗ്ളീഷ് മലയാളം പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ളീഷിലുള്ള ലേഖനങ്ങൾ ഹിന്ദി, ഗുജറത്തി, മറത്തി, ബംഗാളി, അറബി, തമിഴ്, കന്നട, തെലുങ്ക്, തുടങ്ങിയ വിവിധ ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 
അമേരിക്കയിലെ വിവിധ സാമൂഹ്യ- സാസ്‌കാരിക- സാഹിത്യ സംഘടനകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറിയായും പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് മെരിലാൻ്റിൻ്റെ ബെസ്റ്റ് ഗ്ളോബൽ ജേർണലിസ്റ്റ്, ഫൊക്കാന, ഫോമ, ലാന, കേരള അസോസിയേഷൻ ഓഫ് ഡാലസ്, വേൾഡ് മലയാളി കൗൺസിൽ, വെസ്റ്റ് ചെസ്റ്റർ, മലയാളി അസോസിയേഷൻ തുടങ്ങിയവയുടെ അവാർഡുകൾ നേടിയിട്ടുണ്ട്. 
അബ് കി ബാർ ട്രംപ് സർക്കാർ, ഈ സ്വപ്ന ഭൂമിയിൽ, ഈ ലോകം ഈ ഗ്രാമം, അമേരിക്കൻ നേർക്കാഴ്ചകൾ, സർഗ്ഗ സാഗരം (സമ്പാദകൻ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിതാവ് : സി. തോമസ് പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. ഭാര്യ : സരള എബ്രഹാം. മക്കൾ : കവിത, ഷെറിൻ. email : raajthomas@hotmail.com
 

Join WhatsApp News
എഴുത്തുകാരൻ 2026-07-05 16:42:01
അമേരിക്കൻ മലയാള സാഹിത്യം വളരുന്നു. മുന്നേ പ്രസിദ്ധീകരിക്കുകയും നിരൂപണം ചെയ്യപ്പെടുകയും ചെയ്ത പുസ്തകങ്ങൾ വീണ്ടും വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ശ്രമം പ്രശംസനീയം. ശ്രീ ബാജി - അസൂയാലുക്കൾ നിങ്ങളുടെ ശ്രമങ്ങൾക്ക് ടോർപിഡോ വയ്ക്കാതിരിക്കട്ടെ.ഈ ശ്രമത്തിനു വേദിയൊരുക്കുന്ന ഇ മലയാളിക്ക്, ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വായനക്കാർക്കു എല്ലാ എഴുത്തുകാരുടെ പേരിലുള്ള കൃതജ്ഞത രേഖപെടുത്തുന്നു.
Sudhir Panikkaveetil 2026-07-06 14:50:57
ശ്രീ എബ്രഹാം തോമസിന്റെ ലേഖനങ്ങൾ വിഷയങ്ങളെ ആഴത്തിൽ പഠിച്ചു മനസ്സിലാക്കിയവയും തന്മൂലം വിജ്ഞാനപ്രദങ്ങളുമാണ്. ഞാൻ അവ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ശ്രീ എബ്രഹാം തോമസിനും ശ്രീ ഓടംവലിക്കും ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക