Image

അധികാരഹുങ്കില്‍ ചവറ്റുകുട്ടയിലാകുന്ന യുവത്വം: കൊടിയ അഴിമതിയുടെ വ്യവസ്ഥാപിത കേന്ദ്രമായി പി.എസ്.സിയും (എ.എസ് ശ്രീകുമാര്‍)

Published on 05 July, 2026
അധികാരഹുങ്കില്‍ ചവറ്റുകുട്ടയിലാകുന്ന യുവത്വം: കൊടിയ അഴിമതിയുടെ വ്യവസ്ഥാപിത കേന്ദ്രമായി പി.എസ്.സിയും (എ.എസ് ശ്രീകുമാര്‍)

വാര്‍ത്ത
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുടെ ഉത്തരം മൂല്യനിര്‍ണയം ചെയ്യാതെ വിട്ടതിലുള്ള അന്വേഷണം സംസ്ഥാന പൊലീസ് ഏറ്റെടുത്തേക്കും. വിജിലന്‍സിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന. നിയമോപദേശം തേടാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതിന് നിയമ തടസ്സമുണ്ടോ എന്നതിലാണ് ഉപദേശം തേടുന്നത്. പി.എസ്.സിയുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്നാണ് ആരോപണം. ചെയര്‍മാന് കീഴിലുള്ള ഉദ്യോഗസ്ഥയ്ക്കാണ് ഇപ്പോള്‍ അന്വേഷണച്ചുമതല. അന്വേഷണം അട്ടിമറിക്കാനാണിതെന്നാണ് വിമര്‍ശം. ഈ സാഹചര്യത്തിലാണ് അന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ടു തസ്തികകളുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു പേര്‍ക്ക് നിയമനം നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതിയെത്തിയപ്പോഴാണ് പിഴവ് പിഎസ്സി സമ്മതിച്ചത്. മൂന്ന് തസ്തികകള്‍ക്കായി ഇരുനൂറിലേറെപ്പേര്‍ പരീക്ഷയെഴുതിയിരുന്നു. അവരുടെയെല്ലാം ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുമെന്നും പി.എസ്.സി അറിയിച്ചു. അതിനുള്ള നടപടികളൊന്നുമായിട്ടില്ല.

വിചാരം
ഏതൊരു ജനാധിപത്യ സമൂഹത്തിന്റെയും അടിത്തറ എന്നത് തുല്യനീതിയും സുതാര്യതയുമാണ്. എന്നാല്‍ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത് അധികാരത്തിന്റെ മത്തുപിടിച്ച ഒരു കൂട്ടം രാഷ്ട്രീയ യജമാനന്മാര്‍ ഭരണഘടനയെയും ജനഹിതത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന ലജ്ജാകരമായ കാഴ്ചയാണ്. 'ഞമ്മടെ ആള്‍ക്കാര്‍, ഞമ്മടെ പാര്‍ട്ടി' എന്ന സങ്കുചിത ചിന്താഗതിയിലേക്ക് ചുരുങ്ങിയ, വാക്കുകള്‍ കൊണ്ട് കോട്ടകെട്ടുന്ന പെറ്റിബൂര്‍ഷ്വാ ഭരണാധികാരികള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെ കളിപ്പാവകളും ചുമട്ടുകഴുതകളുമാക്കുകയാണ് ചെയ്യുന്നത്. യുവത്വത്തിന്റെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന ഈ വ്യവസ്ഥിതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഭാഷയില്‍, ശക്തമായ പ്രതിഷേധത്തോടെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ ആശ്രയകേന്ദ്രമായിരുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) ഇന്ന് കരിനിഴലിലാണ്. മെറിറ്റിനെ അട്ടിമറിച്ച് പാര്‍ട്ടി വിധേയത്വമുള്ളവരെ തിരുകിക്കയറ്റാനുള്ള ഒരു വെറും ഏജന്‍സി'യായി പി.എസ്.സി അധഃപതിച്ചിരിക്കുന്നു. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷയില്‍ വെറും 228 പേര്‍ എഴുതിയപ്പോഴേക്കും അവിടെയും ഇടതു സര്‍വീസ് സംഘടനകളുടെ സജീവ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പിന്‍വാതില്‍ ഒരുങ്ങി. ചോദ്യങ്ങള്‍ക്ക് മാര്‍ക്കിടുന്നതില്‍ വരുത്തിയ ബോധപൂര്‍വ്വമായ പിഴവുകള്‍ ഇതിന് തെളിവാണ്.

മാര്‍ക്ക് ലിസ്റ്റില്‍ സംശയം തോന്നി ഉത്തരക്കടലാസിന്റെ പകര്‍പ്പ് ചോദിച്ച ഉദ്യോഗാര്‍ത്ഥികളെ ആട്ടിയോടിക്കുകയും വിവരാവകാശ അപേക്ഷകള്‍ ചവറ്റുകൊട്ടയിലെറിയുകയും ചെയ്ത പി.എസ്.സിയുടെ നടപടി ക്രിമിനല്‍ കുറ്റമാണ്. കള്ളത്തരം വെളിച്ചത്തായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സ്വന്തം വകുപ്പിലെ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് കുറ്റവാളിയെത്തന്നെ കേസ് ഡയറി എഴുതാന്‍ ഏല്‍പ്പിക്കുന്നതിന് തുല്യമാണ്. പി.എസ്.സിയില്‍ നടക്കുന്ന ഈ വന്‍ അട്ടിമറികളും ക്രൂരമായ തൊഴില്‍ തട്ടിപ്പുകളും അന്വേഷിക്കാന്‍ വെറുമൊരു കേരള പോലീസ് മതിയോ..? ഇല്ല, വര്‍ഷങ്ങളായി നടക്കുന്ന ഈ കൊള്ളയുടെ ആഴമറിയാന്‍ കേന്ദ്ര ഏജന്‍സിയുടെ സമഗ്രമായ അന്വേഷണം തന്നെ വേണം.

ഒരുകാലത്ത് വിജ്ഞാനത്തിന്റെയും മാനവികതയുടെയും പ്രഭ ചൊരിഞ്ഞിരുന്ന കേരളത്തിലെ ക്യാമ്പസുകളെ ഇന്ന് രാഷ്ട്രീയ ക്രിമിനലുകളുടെ പ്രജനന കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. വൈജ്ഞാനിക വികാസത്തിനല്ല, മറിച്ച് വിദ്യാര്‍ത്ഥികളെ വെറും വോട്ട് ബാങ്കുകളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ കുട്ടികളില്‍ ചേരിതിരിവുണ്ടാക്കുന്നു. ക്ലാസില്‍ കയറാത്ത ക്രിമിനലുകള്‍ക്ക് പരീക്ഷ ജയിക്കാന്‍ അധ്യാപക സംഘടനകള്‍ തന്നെ ഒത്താശ ചെയ്യുന്നു. വിദ്യാലയങ്ങളില്‍ 'ഇടിമുറികള്‍' സംസ്‌കാരമായി മാറിയത് നാടിന് അപമാനമാണ്. മാന്യതയും അന്തസ്സുമുള്ള പെരുമാറ്റത്തിന് പകരം അക്രമവും മയക്കുമരുന്നും കഞ്ചാവുമാണ് ഇന്ന് ക്യാമ്പസുകളില്‍ സുലഭമായിരിക്കുന്നത്. കുട്ടികളെ നല്ല പൗരന്മാരാക്കാന്‍ ശ്രമിക്കേണ്ട ഒരു വിഭാഗം അധ്യാപകര്‍ ഇന്ന് ഭരണാധികാരികളുടെ രാഷ്ട്രീയ ദാസന്മാരായി മാറി, കുട്ടികളുടെ ഭാവി തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

പത്തും പന്ത്രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും പരീക്ഷ കഴിഞ്ഞയുടന്‍ ഈ നാടുവിട്ടു പോകാന്‍ വെമ്പല്‍ കൊള്ളുകയാണ്. അന്യനാടുകളിലേക്ക് നമ്മുടെ തലമുറ കൂട്ടത്തോടെ പലായനം ചെയ്യുന്നത് എന്തുകൊണ്ടാണ്..? അതിന് കാരണം ഇവിടുത്തെ ഭരണകൂടവും പി.എസ്.സിയും ചേര്‍ത്തൊരുക്കുന്ന അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷമാണ്. കഷ്ടപ്പെട്ട് രാത്രിയും പകലും പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചാലും ജോലി കിട്ടാന്‍ ഭരണകര്‍ത്താക്കളുടെ കാലുപിടിക്കേണ്ടി വരുന്നു. പോലീസ് വകുപ്പിലടക്കം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുമ്പോള്‍, യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ആത്മവിശ്വാസമാണ് തകരുന്നത്. ഈ കൊടും ചതി തിരിച്ചറിയാന്‍ കഴിയാത്ത വിധം നമ്മുടെ മാതാപിതാക്കളും രക്ഷിതാക്കളും നിസ്സംഗരായിരിക്കുന്നത് മറ്റൊരു വലിയ ദുരന്തമാണ്.

രാഷ്ട്രീയ നിയമനം മാത്രം യോഗ്യതയാക്കി പി.എസ്.സി അംഗങ്ങളാകുന്നവരുടെ യഥാര്‍ത്ഥ വിദ്യാഭ്യാസ യോഗ്യത എന്താണെന്നറിഞ്ഞാല്‍ ഞെട്ടും. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന ഈ കാപട്യത്തിന്റെ പുഞ്ചിരി നമുക്കിനി ആവശ്യമില്ല. കലാ-സാഹിത്യ മേഖലകള്‍ മുതല്‍ ഭരണത്തിന്റെ തലപ്പത്തുവരെ രാഷ്ട്രീയ അരാജകവാദികളെ തീറ്റിപ്പോറ്റുന്ന ഈ വ്യവസ്ഥിതി പൂര്‍ണ്ണമായും പൊളിച്ചെഴുതപ്പെടണം. ഭരണാധികാരികളേ ഓര്‍ക്കുക... കടം വാങ്ങിയും കഷ്ടപ്പെട്ടും പഠിക്കുന്ന പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനസികമായ മുറിവുകള്‍ നല്‍കി അവരെ മരണത്തിലേക്ക് തള്ളിവിടരുത്. അവരുടെ അസ്ഥികൂടങ്ങള്‍ക്ക് മുകളില്‍ ഇരുന്ന് അധികാരത്തിന്റെ ദീപം തെളിക്കാന്‍ ഈ നാട് നിങ്ങളെ അനുവദിക്കില്ല.

വിധി
പി.എസ്.സി പരീക്ഷകളും നിയമനങ്ങളും പൂര്‍ണ്ണമായും സുതാര്യമായി വെബ്  സൈറ്റില്‍ പ്രസിദ്ധീകരിക്കുക, രാഷ്ട്രീയ നിയമനങ്ങള്‍ നിരോധിക്കുക, സമഗ്രമായ കേന്ദ്ര അന്വേഷണം ഉറപ്പാക്കുക. ഈ വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍, ജനങ്ങള്‍ ഈ അധികാര കസേരകളെ വലിച്ചെറിയുന്ന കാലം വിദൂരമല്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക