Image

ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് ബിരുദദാന സമ്മേളനം ഡാളസിൽ നടന്നു

മാർട്ടിൻ വിലങ്ങോലിൽ Published on 04 July, 2026
ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് ബിരുദദാന സമ്മേളനം ഡാളസിൽ നടന്നു

ഡാളസ്: തലശ്ശേരി ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസിന്റെ (ടെലി-ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് യുഎസ്എ) വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനം ടെക്സസിലെ ഡാളസിൽ നടന്നു.

തലശ്ശേരിയിലെ ടെലി-ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസസിന്റെ കീഴിൽ മാസ്റ്റർ ഓഫ് തിയോളജി (M.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.) പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് ടെക്സസിലെ ഡാളസിലുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിലാണ് നടന്നത്. അമേരിക്കയിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ബിരുദധാരികൾ അവരുടെ അക്കാദമിക്, ആത്മീയ നേട്ടങ്ങളുടെ ഗംഭീരവും സന്തോഷകരവുമായ ആഘോഷത്തിൽ ബിരുദങ്ങൾ സ്വീകരിക്കാൻ ഒത്തുകൂടി.

വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചടങ്ങിൽ ടെലി-ആൽഫ സെന്ററിന്റെ മുൻ ചാൻസലർ ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വവും ഷിക്കാഗോ സീറോ-മലബാർ രൂപതയുടെ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ-മലബാർ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ സഹകാർമികത്വവും വഹിച്ചു. അറിവ്, വിശ്വാസം, സേവനം എന്നിവയിലൂടെ ക്രിസ്തുവിന്റെ പ്രകാശം പകരുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമായി ബിരുദധാരികൾ മെഴുകുതിരികൾ വഹിച്ചുകൊണ്ട് പ്രാർത്ഥനാപൂർവ്വം ഘോഷയാത്രയായി പള്ളിയിൽ പ്രവേശിച്ചു.

സുവിശേഷ ശുശ്രൂഷയിൽ യേശുക്രിസ്തുവിന്റെ പാത പിന്തുടർന്ന് അധികാരത്തോടെ പഠിപ്പിക്കാനും, സത്യത്തെ പ്രഖ്യാപിക്കാനും യേശു നൽകിയ പ്രബോധനങ്ങളിലൂടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും അഭിവന്ദ്യ പിതാവ് മാർ ജോർജ് ഞരളക്കാട്ട് തന്റെ പ്രസംഗത്തിൽ ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു. വ്യക്തിപരവും ശുശ്രൂഷാപരവുമായ ജീവിതത്തിൽ വിശ്വാസം, അറിവ്, സേവനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ ആധികാരിക സാക്ഷികളാകാൻ അദ്ദേഹം നിർദ്ദേശിച്ചു. വിശുദ്ധ കുർബാനയ്ക്കും ലഘുഭക്ഷണത്തിനും ശേഷം, ബിരുദധാരികൾ ഔദ്യോഗികമായ അക്കാദമിക് ഘോഷയാത്രയായി പാരിഷ് ഹാളിലേക്ക് പ്രവേശിച്ചു. ശ്രീമതി ഗ്രേസ്ലിൻ മനോഹരമായി ആലപിച്ച പ്രാർത്ഥനാഗാനത്തോടെയാണ് ഔദ്യോഗിക ബിരുദദാന ചടങ്ങ് ആരംഭിച്ചത്. മാസ്റ്റർ ഓഫ് സെറിമണി ശ്രീമതി ക്രിസ്റ്റീന പരിപാടികൾക്ക് സമർത്ഥമായി നേതൃത്വം നൽകി.

ബാച്ചിലർ ബിരുദധാരികളിൽ ഒരാളായ ശ്രീമതി എലിസബത്ത് ബോസ് കളമ്പനയിൽ സ്വാഗതവും ഫാ. ജിമ്മി എടക്കുളത്തൂർ അധ്യക്ഷപ്രസംഗവും നടത്തി. തുടർന്ന് വിശിഷ്ടാതിഥികൾ വിളക്ക് കൊളുത്തി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗം നടത്തിയ ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, "നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ" (1 പത്രോസ് 3:15) എന്ന തിരുവചനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

പഠനത്തിലൂടെ നേടിയ ദൈവശാസ്ത്ര ബോധ്യങ്ങൾ വിശ്വാസ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഭയ്ക്കായി പ്രതിജ്ഞാബദ്ധരായ നേതാക്കളാകുന്നതിനും വിനിയോഗിക്കണമെന്നും, അത് കേവലം മറ്റൊരു വിദ്യാഭ്യാസ അനുഭവമായി പരിമിതപ്പെടുത്താതെ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധത്തിനും സഭയെയും സമൂഹത്തെയും കൂടുതൽ സേവിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പരിവർത്തനത്തിന്റെ പ്രതിനിധികളാകാൻ ബിരുദധാരികളോട് ആഹ്വാനം ചെയ്ത അദ്ദേഹം അമേരിക്കയിലും ലോകമെമ്പാടുമുള്ള സഭയ്ക്ക് കൂടുതൽ അല്മായ പ്രേക്ഷിതരെ ആവശ്യമുണ്ടെന്ന് ഊന്നിപ്പറഞ്ഞു. സൗമ്യതയോടും ആത്മവിശ്വാസത്തോടും കൂടി സ്വത്വബോധത്തോടെ മുന്നോട്ട് പോകാനും സുവിശേഷത്തിന്റെ പ്രകാശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വീഡിയോ സന്ദേശത്തിലൂടെ ബിരുദധാരികളെ അഭിനന്ദിക്കുകയും, ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുകയും ചെയ്തു.

പഠനം വിജയകരമായി പൂർത്തീകരിച്ചവരുടെ കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവശാസ്ത്ര പഠനത്തോടുള്ള പ്രതിബദ്ധത എന്നിവയെ അംഗീകരിച്ചുകൊണ്ട് സിസ്റ്റർ ഡോ. റോസ്‌ലെറ്റ് വള്ളിപറമ്പിൽ നടത്തിയ ബിരുദദാന പ്രസംഗത്തിനു ശേഷം, ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ബിരുദദാനം നിർവഹിച്ചു.

സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിലെ അഞ്ച് സന്യസ്തർ ഉൾപ്പെടെ ആകെ 29 ബിരുദധാരികൾ ബിരുദം നേടി. ഓരോ ബാച്ചിലെയും ഒന്നാം റാങ്ക് ജേതാക്കളായ ജഗൻ മാനുവൽ (മാസ്റ്റേഴ്സ് 2022-2024), എലിസബത്ത് ബോസ് കളമ്പനയിൽ (ബാച്ചിലേഴ്സ് 2022-2025), സ്മിതമോൾ തോമസ് (ബാച്ചിലേഴ്സ് 2023-2025) എന്നിവരുടെ അക്കാദമിക് മികവിനെ പ്രത്യേകം ആദരിച്ചു.

ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുഎസ്എ-യിലെ 2022-2025 ബാച്ചുകളുടെ കോർഡിനേറ്റർ ശ്രീമതി ജെ. ടി. ജസീന്തയെ അനുമോദിച്ചുകൊണ്ട്, വിദ്യാർത്ഥികളെ പഠനത്തിലേക്ക് കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ജസീന്ത പ്രകടിപ്പിച്ച സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും പ്രത്യേക അവാർഡ് നൽകി.

ബിരുദദാനത്തെ തുടർന്ന് സിസ്റ്റർ ഡോ. റോസ്‌ലെറ്റ് ചൊല്ലിക്കൊടുത്ത കോൺവൊക്കേഷൻ പ്രതിജ്ഞ ക്രിസ്തീയ മൂല്യങ്ങൾ, ശുശ്രൂഷ, ആജീവനാന്ത പഠനം എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് ബിരുദധാരികൾ ഏറ്റുചൊല്ലി.

സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ സുപ്പീരിയർ ജനറൽ മദർ ലിസ് ഗ്രേസ് എസ്.ഡി, ഷിക്കാഗോ സീറോ-മലബാർ രൂപതയുടെ എപ്പാർക്കിയൽ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, യുഎസ്എയിലെ 2022-2025 ബാച്ചുകളുടെ കോർഡിനേറ്ററും ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മുൻ M.Th. ബിരുദധാരിയുമായ ശ്രീമതി ജെ. ടി. ജസീന്ത എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ബിരുദധാരികളെ പ്രതിനിധീകരിച്ച്, ശ്രീമതി ലീല മറ്റത്തിൽ, ശ്രീ റോയ് മാത്യു, ശ്രീമതി സ്മിതമോൾ തോമസ്, ശ്രീ മാത്യു കുര്യൻ എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ യാത്രയെയും ദൈവശാസ്ത്ര രൂപീകരണം തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെയും പ്രതിഫലിപ്പിച്ചുകൊണ്ട് നന്ദിയും അഭിനന്ദനവും നിറഞ്ഞ സന്ദേശങ്ങൾ നൽകി. കുടുംബം, ഔദ്യോഗിക കൃത്യനിർവഹണം, സാമൂഹ്യ ഉത്തരവാദിത്തങ്ങൾ എന്നിവ സന്തുലിതമാക്കിക്കൊണ്ടു തന്നെ ഉന്നത ദൈവശാസ്ത്ര പഠനങ്ങൾ നടത്തുന്നതിൽ ബിരുദധാരികൾ തങ്ങളുടെ സ്ഥിരോത്സാഹവും സമർപ്പണവും പങ്കുവെച്ചു. സീറോ മലബാർ, സീറോ മലങ്കര, ക്നാനായ മുതലായ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

മാസ്റ്റേഴ്സ് ബിരുദധാരികളിൽ ഒരാളായ ശ്രീമതി അമ്പിളി ജഗൻ; വിശിഷ്ട വ്യക്തികൾ, അധ്യാപകർ, സംഘാടകർ, സന്നദ്ധപ്രവർത്തകർ, കുടുംബാംഗങ്ങൾ, പരിപാടിയുടെ വിജയത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു.

ജ്യോതിസ് സാജൻ ദേശീയഗാനവും, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് പാപ്പൽ ഗാനവും ആലപിച്ചുകൊണ്ട് അവസാനിച്ച ചടങ്ങിനു ശേഷം ബിരുദധാരികളും അതിഥികളും വിരുന്നിൽ പങ്കുകൊണ്ടു. ബിരുദധാരികൾക്ക് പ്രോത്സാഹനമായി ശ്രീമതി ജെ.ടി. ജസീന്ത തന്റെ തിയോളജി പഠനത്തിലൂടെ ലഭിച്ച അറിവിൽ രചിക്കപ്പെട്ട "വാങ്ങി ഭക്ഷിക്കുവിൻ: ദിവ്യബലി ഘടനയും അർത്ഥവും" എന്ന പുസ്തകം എല്ലാവർക്കും സമ്മാനിച്ചു.

കാലിഫോർണിയ, ഫ്ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാൻഡ്, മിനസോട്ട, ന്യൂജേഴ്സി, ന്യൂയോർക്ക്, പെൻസിൽവാനിയ, ടെക്സസ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിരുദധാരികൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒപ്പം വൈദികർ, സന്യാസിനികൾ, ഫാക്കൽറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ബിരുദധാരികളുടെ നേട്ടങ്ങൾ ആഘോഷിച്ചു.

മുൻ ഡയറക്ടർ റവ. ഡോ. മനു മാപ്പിളപ്പറമ്പിൽ, നിലവിലെ ഡയറക്ടർ റവ. ഡോ. അനീഷ് കൊട്ടുകാപ്പള്ളി, റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി എന്നിവരുടെ ശ്രമഫലമായി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ ആരംഭിച്ച ഡോക്ടറൽ പ്രോഗ്രാം, സ്ഥാപനത്തിന് മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. റവ. ഡോ. അനീഷ് കൊട്ടുകാപ്പള്ളിയുടെ ഗൈഡൻസിൽ, ഡാളസ്, യു.എസ്.എ.യിൽ നിന്നുള്ള റോയ് മാത്യു ഡോക്ടറൽ പ്രോഗ്രാമിൽ ചേർന്ന ആദ്യ വിദ്യാർത്ഥിയായി.

ഈ കോൺവൊക്കേഷൻ, ഉത്തര അമേരിക്കയിലെ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈവശാസ്ത്രപരമായ ദൗത്യത്തിന്റെ തുടർച്ചയായ വളർച്ചയിൽ മറ്റൊരു സുപ്രധാന അധ്യായത്തെ അടയാളപ്പെടുത്തി. വിശ്വാസികൾക്ക് ദൈവശാസ്ത്രത്തിലും സഭാചരിത്രത്തിലും ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം നൽകുന്ന ദൗത്യം ഇൻസ്റ്റിറ്റ്യൂട്ട് തുടർന്നു കൊണ്ടിരിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക