
48 ടീമുകളുമായി തുടങ്ങിയ ലോകകപ്പ് ഫുട്‌ബോളില്‍ ഇനി 16 ടീമുകള്‍ ബാക്കി. പ്രാഥമിക റൗണ്ടില്‍ 16 ടീമുകളും റൗണ്ട് ഓഫ് 32 ല്‍ 16 ടീമുകളും പുറത്തായി. ഇതുവരെ 88 മത്സരങ്ങള്‍ പൂര്‍ത്തിയായി. ആകെ 104 മത്സരങ്ങളാണ് . പ്രീക്വാര്‍ട്ടര്‍ അഥവാ റൗണ്ട് ഓഫ് 16 ഇന്നു തുടങ്ങുമ്പോള്‍ ആതിഥിയേരായ മൂന്നു രാജ്യങ്ങള്‍ക്കും ശക്തരായ എതിരാളികളാണുള്ളത്. കാനഡ മൊറോക്കോയെയും മെക്‌സിക്കോ ഇംഗ്ലണ്ടിനെയും യു.എസ്.എ. ബല്‍ജിയത്തെയും നേരിടണം.
പക്ഷേ, പ്രീക്വാര്‍ട്ടറില്‍ ലോകം കാത്തിരിക്കുന്നത് ബ്രസീല്‍-നോര്‍വേ, പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോരാട്ടങ്ങള്‍ക്കാണ്. ഫ്രാന്‍സിന് പാരഗ്വായ് ആണ് എതിരാളികള്‍, അര്‍ജന്റീനയ്ക്ക് ഈജിപ്തും ശേഷിക്കുന്ന മത്സരം സ്വിറ്റ്‌സര്‍ലന്‍ഡും കൊളംബിയയും തമ്മിലാണ്. ഏഷ്യയില്‍ നിന്ന് നോക്കൗട്ടിലെത്തിയ ജപ്പാനും ഓസ്‌ട്രേലിയയും പുറത്തായി. ആഫ്രിക്കയില്‍ നിന്ന് നോക്കൗട്ട് കളിച്ച ഒന്‍പതു രാജ്യങ്ങളില്‍ മൊറോക്കോയും ഈജിപ്തും മാത്രമാണ് അവശേഷിക്കുന്നത്.
കെയ്പ് വെര്‍ദെ അര്‍ജന്റീനയോടും(2-3) ഘാന കൊളംബിയയോടും (0-1) പരാജയപ്പെട്ടു. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ കെയ്പ് വെര്‍ദെയെന്ന അരങ്ങേറ്റക്കാരായ കുഞ്ഞന്‍ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ നടുക്കിക്കളഞ്ഞു. എക്‌സ്ട്രാ ടൈമില്‍, മെസിയുടെ കോര്‍ണര്‍ കിക്കിനെത്തുടര്‍ന്നുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ സംഭവിച്ച സെല്‍ഫ് ഗോളിലാണ് കെയ്പ് വെര്‍ദെ കീഴടങ്ങിയത്. അവരുടെ ഗോളി വസീഞ്ഞോ ആരാധക ഹൃദയങ്ങള്‍ കീഴടക്കിയാണ് കളിക്കളം വിട്ടത്.
ലിയണല്‍ മെസി തുടര്‍ച്ചയായ എട്ടാം ലോകകപ്പ് മത്സരത്തിലും ഗോള്‍ അടിച്ചു; ലോകകപ്പിലെ ഗോളുകള്‍ 20 ആക്കി. പക്ഷേ, എര്‍ലിങ് ഹാലന്‍ഡ്(നോര്‍വേ), കിലിയന്‍ എംബാപ്പെ(ഫ്രാൻസ്), ഹാരി കെയ്ന്‍(ഇംഗ്ലണ്ട്) എന്നിവരൊക്കെ ഗോള്‍ നേട്ടം തുടരുകയാണ്. നോക്കൗട്ടിന്റെ അടുത്ത ഘട്ടത്തില്‍ ഓരോ രാജ്യത്തിന്റെയും സൂപ്പര്‍ താരങ്ങളുടെ ഫോം നിര്‍ണ്ണായകമായിരിക്കും.
'സീ ഫൈവ്' ചാനലിന്റെ ഫുട്ബോൾ വിദഗ്ദ്ധന്‍ ടെറി ഹെലാന്റെ കാഴ്ചപ്പാടില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പ് ആയ ഫ്രാന്‍സാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ടീം. പ്രമുഖ ടീമുകളില്‍ മറ്റു രാജ്യക്കാര്‍ക്ക് കിട്ടിയ ശ്രദ്ധ ഫ്രാന്‍സിനു കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സത്യമാണ് .റൗണ്ട് ഓഫ് 32 ല്‍ പുറത്തായ ജര്‍മ്മനിക്കും നെതര്‍ലന്‍ഡ്‌സിനും കിട്ടിയ പ്രാധാന്യം ഫ്രാന്‍സിന് പൊതുവേ കിട്ടിയില്ല. എംബാപ്പെയും ഒസുമാനെ ഡെംബലെയും മികച്ച ഫോമിലാണ്. ഖത്തറില്‍ കലാശപ്പോരാട്ടത്തിൽ നഷ്ടപ്പെട്ട കപ്പ് അവര്‍ ഇക്കുറി സ്വന്തമാക്കിയാല്‍ അദ്ഭുതപ്പെടേണ്ട.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇനിയും കഴിയാത്ത പോര്‍ച്ചുഗലിന് സ്‌പെയിനിനെ കടന്ന് ക്വാര്‍ട്ടറില്‍ എത്തുക ദുഷ്‌കരമാണ്. ആദ്യ റൗണ്ടില്‍ സ്‌പെയിന്‍ ഒരു കളിയില്‍ സമനില പാലിച്ചെങ്കില്‍ രണ്ടു സമനില വഴങ്ങിയാണ് പോര്‍ച്ചുഗല്‍ നോക്കൗട്ട് ഘട്ടത്തില്‍ എത്തിയത്. തുടരെ ആറു ലോകകപ്പുകളില്‍ ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല്‍പത്തൊന്നാം വയസ്സില്‍ പഴയ ഫോമിലല്ല. മാത്രമല്ല, ടീമിന്റെ പരസ്പര ധാരണയും ചോദ്യം ചെയ്യപ്പെടുന്നു.
ഇംഗ്ലണ്ട് ടീം പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. 60 വര്‍ഷത്തിനുശേഷം രണ്ടാമതൊരു ലോകകപ്പ്, അതാണ് ഹാരി കെയ്‌നിന്റെ ടീം ലക്ഷ്യമിടുന്നത്. പക്ഷേ, ലോകകപ്പ് പൊതുവേ ഇംഗ്ലണ്ടിന് ദൗര്‍ഭാഗ്യത്തിന്റേതാണ്. മെക്‌സിക്കോ ആദ്യ നാലു കളിയും ജയിച്ച ടീമാണ്. ബെല്‍ജിയത്തിന്റെ കുതിപ്പു തടയാന്‍ യു.എസിനു കഴിയുമോ എന്ന ചോദ്യവും ബാക്കിയാണ്. കഴിഞ്ഞാല്‍ യു.എസില്‍ ഫുട്‌ബോള്‍ ആവേശം ഇരട്ടിക്കും.